This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബോണിഫെറസ്‌ മഹായുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബോണിഫെറസ്‌ മഹായുഗം

Carboniferous Period

പാലിയോസോയിക്‌ കല്‌പത്തിന്റെ ഒരു പ്രധാന വിഭാഗം. "കരി വഹിക്കുന്നത്‌' (carbon - bearing) എന്നാണ്‌ കാര്‍ബോണിഫെറസ്‌ എന്ന പദത്തിനര്‍ഥം. ഏകദേശം ആറരക്കോടി വര്‍ഷങ്ങളാണ്‌ ഇതിന്റെ കാലദൈര്‍ഘ്യമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഭൗമകാലചരിത്രത്തില്‍ 354 ദശലക്ഷം വര്‍ഷം മുമ്പു തുടങ്ങുന്ന ഈ കല്‌പം 290 ദശലക്ഷം വര്‍ഷത്തില്‍ അവസാനിക്കുന്നു.

കാര്‍ബോണിഫെറസ്‌ മഹായുഗത്തിലെ ശിലാസ്‌തരങ്ങളുടെ അമിതമായ പ്രാധാന്യത്തിനുകാരണം ഇതുള്‍ക്കൊണ്ടിട്ടുള്ള സമൃദ്ധമായ കല്‍ക്കരിനിക്ഷേപങ്ങളാണ്‌. ഇംഗ്ലണ്ടില്‍ 1822ല്‍ കണ്ടെത്തിയ "കല്‍ക്കരിപ്പാറ'കള്‍ക്കാണ്‌ ആദ്യമായി ഈ പേരു നല്‌കിയതുതന്നെ.

പഠനസൗകര്യാര്‍ഥം കാര്‍ബോണിഫെറസ്‌ മഹായുഗത്തെ രണ്ടായി വിഭജിച്ചു വിവരിക്കാറുണ്ട്‌: പുരാതനമായ മിസിസിപ്പിയന്‍ കാലം, ആധുനിക പെന്‍സില്‍വേനിയന്‍ കാലം. പൂര്‍വ (lower) കാര്‍ബോണിഫെറസാണ്‌ മിസിസിപ്പിയന്‍ കാലഘട്ടമായി അറിയപ്പെടുന്നത്‌, സമുദ്രത്തില്‍ കാണപ്പെടുന്ന ജൈവാശ്‌മ സമൃദ്ധമായ ചുണ്ണാമ്പുകല്ലുകളാണ്‌ ഈ കാലഘട്ടത്തിന്റെ സവിശേഷത. ഇതിന്റെ മൊത്തം കനം, ഗ്രറ്റ്‌ ബ്രിട്ടനില്‍ 6701,200 മീറ്ററും കിഴക്കന്‍ റഷ്യയില്‍ 1,500 മീറ്ററും ആണ്‌. മുന്‍ചെക്കോസ്ലവാക്യയില്‍ കാണപ്പെടുന്ന "കം' (Culm) ടൈപ്പ്‌ പാറകള്‍ക്ക്‌ 13,000 മീറ്ററിലേറെ കനമുള്ളതായി ശാസ്‌ത്രജ്ഞന്മാര്‍ കണക്കാക്കിയിരിക്കുന്നു.

പെന്‍സില്‍വേനിയന്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഉത്തര (upper) കാര്‍ബോണിഫെറസ്‌ ഘടനകള്‍ ശിലാസ്‌തരങ്ങളുടെയും മറ്റു ധാതുക്കളുടെയും കാര്യത്തില്‍ പൂര്‍വകാര്‍ബോണിഫെറസിനെക്കാള്‍ ഏറെ വൈവിധ്യം നിറഞ്ഞതാണ്‌. സമുദ്രത്തിലേതല്ലാത്ത നിക്ഷേപങ്ങള്‍ ഇതില്‍ കൂടുതലായി കാണാം. ഭൗമചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കല്‍ക്കരിരൂപവത്‌കരണം ഉത്തര കാര്‍ബോണിഫെറസിനെ മറ്റെല്ലാ മഹായുഗങ്ങളില്‍നിന്നും വ്യാവര്‍ത്തിപ്പിച്ചുനിര്‍ത്തുന്നു. മറ്റു ചിലയിടങ്ങളില്‍ മരുപ്രദേശകാലാവസ്ഥ അനുഭവപ്പെട്ടിരുന്നു.

ജീവജാലം. കരയില്‍ സമൃദ്ധമായ സസ്യജാലവും വൈവിധ്യമേറിയ ജന്തുജാലവും ഉണ്ടായിരുന്നത്‌ കാര്‍ബോണിഫെറസ്‌ മഹായുഗത്തിന്റെ സവിശേഷതയായിരുന്നു. വിവിധതരത്തിലുള്ള ചിലന്തികളും പ്രാകൃതഇന്‍സെക്‌റ്റുകളും പലതരത്തില്‍പ്പെടുന്ന ഉഭയജീവികള്‍, അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പുരാതന ഇഴജന്തുക്കള്‍, ശുദ്ധജല മത്സ്യങ്ങള്‍ എന്നിവയും ഈ കാലഘട്ടത്തിന്റെ തനതു വകകളാണ്‌.

പന്നച്ചെടിയുടെ ഫോസില്‍

പൂര്‍വകാര്‍ബോണിഫെറസില്‍ പൊതുവേ മിതശീതോഷ്‌ണകാലാവസ്ഥ അനുഭവപ്പെട്ടിരുന്നതിനാല്‍ ധാരാളം മഴയും തത്‌ഫലമായി അതിസമൃദ്ധമായ സസ്യസമ്പത്തുമുണ്ടായിരുന്നു. ഉത്തരാര്‍ധഗോളത്തിന്റെ കാലാവസ്ഥാപരമായ സവിശേഷത പൊതുവേ ഇതായിരുന്നു. സസ്യജാലത്തില്‍ അതിസമൃദ്ധമായി വളര്‍ന്നിരുന്നത്‌ പന്നച്ചെടികള്‍ (ferns) ആയിരുന്നു. ദുര്‍ബലങ്ങളായ ചെറുചെടികള്‍ മുതല്‍ 30 മീറ്ററിലേറെ ഉയരമുള്ള ഉഷ്‌ണമേഖലാവൃക്ഷങ്ങള്‍വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ കാലഘട്ടത്തിലെ 6,000ലധികം സ്‌പീഷീസുകളെക്കുറിച്ചു പഠനങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. "സ്‌കെയ്‌ല്‍' വൃക്ഷങ്ങള്‍ എന്നറിയപ്പെടുന്ന ഭീമന്‍ ലൈക്കപ്പോഡുകളും കാര്‍ബോണിഫെറസിന്റെ കല്‌ക്കരിചതുപ്പുവനങ്ങളില്‍ സമൃദ്ധമായിരുന്നു. ആധുനിക "ക്ലബ്‌മോസു'കളുടെ വര്‍ഗത്തില്‍പ്പെടുന്ന ഇവയില്‍ പലതിനും 30 മീറ്ററിലേറെ ഉയരമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ലെപിഡോ ഡെന്‍ഡ്രല്‍, കോര്‍ഡൈറ്റ്‌സ്‌, സിഗിലയെര്‍ എന്നിവ ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌. ഇവയോടു ബന്ധപ്പെട്ടു മുളപോലെയുള്ള "ഹോഴ്‌സ്‌റ്റെയ്‌ലു'കളും (Equisetum) ഏതാണ്ട്‌ അത്രതന്നെ പൊക്കത്തില്‍ വളര്‍ന്നിരുന്നു. ഇവയുടെ തണലില്‍ വിവിധയിനങ്ങളില്‍പ്പെട്ട പന്നകളും തഴച്ചുവളര്‍ന്നിരുന്നതായി കാണാം. ആധുനികകോണിഫറുകളോടുബന്ധമുള്ള പുരാതനജിംനോസ്‌ പേമുകളും ഈ കല്‌പത്തിന്റെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഇവ വളര്‍ന്നിരുന്നത്‌ മുന്‍പറഞ്ഞവയ്‌ക്കുവേണ്ടിയിരുന്നതിനെ അപേക്ഷിച്ച്‌ ഊഷരസ്വഭാവം കുറഞ്ഞ ചതുപ്പുനിലങ്ങളിലും, കൂടുതല്‍ വരണ്ട കാലാവസ്ഥയിലുമായിരുന്നു എന്നുമാത്രം. കാര്‍ബോണിഫെറസിന്റെ മധ്യഘട്ടമായപ്പോഴേക്ക്‌ ആദ്യത്തെ ബീജവാഹികളായ ചെടികള്‍ (pteridosperms) പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഉത്തര കാര്‍ബോണിഫെറസ്‌ ഘട്ടത്തില്‍, കടുത്ത ഹിമരൂപവത്‌കരണത്തിന്റെ ഫലമായി, പന്നച്ചെടികളുടെ വളര്‍ച്ചയ്‌ക്കു വിഘാതമായ പ്രതികൂലസാഹചര്യങ്ങളുളവായി. എന്നാല്‍ ചില പന്നകള്‍ (ഉദാ. ഗ്‌ളോസോപ്‌റ്റെറിസ്‌) ഈ അതിശൈത്യവുമായി പൊരുത്തപ്പെട്ടുപോകാനുള്ള അനുകൂലനങ്ങള്‍ നേടിയെടുത്ത്‌ വിസ്‌തൃത ഭൂഭാഗങ്ങളിലേക്കു വ്യാപിച്ചു. ഗോണ്ട്‌വാനാലാന്‍ഡ്‌ ഈ ഭൂഭാഗങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്നു.

ഹോഴ്‌സ്റ്റെയ്‌ല്‍ ഫോസില്‍

കാര്‍ബോണിഫെറസ്‌ ഘട്ടത്തിലെ സമുദ്രജീവിതവും വൈവിധ്യം നിറഞ്ഞതായിരുന്നു. അറിയപ്പെട്ടിട്ടുള്ള മിക്ക അകശേരുകികളും പലതരത്തിലുള്ള സ്രാവുകളും മറ്റു മത്സ്യങ്ങളും ഇതില്‍പ്പെടുന്നു. പൂര്‍വകാര്‍ബോണിഫെറസ്‌ ഫോസിലുകളിലെ പലതരത്തിലുള്ള അസാധാരണങ്ങളായ കടല്‍ലില്ലി (crinoids) കളുടെ സാന്നിധ്യം, ഇവയുടെ വികാസപരിണാമങ്ങള്‍ പാരമ്യദശയിലെത്തിയതായി വ്യക്തമാക്കാന്‍ പോരുന്നതാണ്‌. ബ്രാക്കിയൊപോഡുകള്‍, സെഫാലൊപോഡുകള്‍, പെലസിപോഡുകള്‍, ഗ്രാസ്റ്റ്രപോഡുകള്‍, കോറലുകള്‍, ബ്രയോസോവകള്‍ എന്നിവയുടേയെല്ലാം പ്രാതിനിധ്യസ്വഭാവമുള്ള മാതൃകകള്‍ ഇവിടെ ലഭ്യമായിരുന്നു. തോടുള്ള (shelled) അകശേരുകികളില്‍ ഏറ്റവും കൂടുതല്‍ ബ്രാക്കിയോപോഡുകളാണ്‌. ഇക്കൂട്ടത്തില്‍ സര്‍വസാധാരണമായി അധികം കാണപ്പെടുന്ന മാതൃകകള്‍ നതമധ്യോന്മധ്യഷെല്ലുകളുള്ള കോണറ്റിഡുകളും പ്രാഡക്‌റ്റിഡുകളുമായിരുന്നു. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഇവയെ കണ്ടെത്താം. നീണ്ടുമെലിഞ്ഞതാണെങ്കിലും താരതമ്യേന വന്‍രൂപം പൂണ്ടുള്ള പ്രാട്ടസോവകള്‍ (ഫ്യൂസിലിനിഡുകള്‍ എന്ന നാമത്തിലാണ്‌ ഇവ അറിയപ്പെടുന്നത്‌) ഉത്തരകാര്‍ബോണിഫെറസ്‌ സമുദ്രഫോസിലുകളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌. ചിറകുകള്‍ക്ക്‌ ഉദ്ദേശം ഒരു മീറ്ററോളം വിസ്‌തൃതിയുള്ള ഭീമന്‍പാറ്റകളും തുമ്പികളും ഈ കാലഘട്ടത്തിലെ ഇന്‍സെക്‌റ്റുകളെ പ്രതിനിധീകരിക്കുന്നു. കശേരുകികളില്‍ പ്രാധാന്യം സ്രാവുകള്‍ക്കാണ്‌. ഇവയ്‌ക്ക്‌ ശുദ്ധജലത്തിലും ലവണജലത്തിലും ഒരുപോലെ ജീവിക്കാന്‍ കഴിയുമായിരുന്നു. ഈ കാലഘട്ടത്തിലെ ആംഫിബിയകള്‍ പൊതുവേ ചെറുജീവികളായിരുന്നെങ്കിലും അപൂര്‍വം ചിലത്‌ മുതലയോളം വലുപ്പമുള്ളവയായിരുന്നു. കശേരുകികളുടെ "കരകീഴടക്കല്‍' ആദ്യമായി അരങ്ങേറിയത്‌ കാര്‍ബോണിഫെറസ്‌ ഘട്ടത്തിലാണ്‌. ജലത്തില്‍ ജീവിതമാരംഭിക്കുക എന്നതിനെ അതിജീവിച്ച ഇഴജന്തുക്കള്‍ കരയെ കീഴടക്കി.

പര്‍വത രൂപവത്‌കരണം. കാര്‍ബോണിഫെറസ്‌ മഹായുഗത്തില്‍ ശിലാസ്‌തരങ്ങളിലുണ്ടായ മടക്കുകളും വിള്ളലുകളും പര്‍വതശൃംഖലകളുടെ രൂപവത്‌കരണത്തിനുകാരണമായി. ആഗോളവ്യാപകമായ ഈ പ്രതിഭാസം "ഹെഴ്‌സീനിയന്‍ ഓറോജനി' എന്നാണ്‌ അറിയപ്പെടുന്നത്‌. നിക്ഷേപതടങ്ങളിലെ ഊറലടിയലിന്‌ (sedimentation) തടസ്സം നേരിടുകയും, അതോടൊപ്പംതന്നെ കരയിലെയും കടലിലെയും ഭൂഭാഗങ്ങള്‍ പുനര്‍വിതരണത്തിനു വിധേയമാകുകയും ചെയ്‌തു. തത്‌ഫലമായി ടെഥീസ്‌ ഉള്‍പ്പെടെയുള്ള സമുദ്രതടങ്ങള്‍ ചുരുങ്ങുവാനിടയായി. കാര്‍ബോണിഫെറസിന്റെ ഏതാണ്ടവസാനമാകുമ്പോഴേക്കും കാലാവസ്ഥയില്‍ പ്രകടമായ വ്യതിയാനങ്ങള്‍ ദൃശ്യമായിത്തുടങ്ങി. അന്തരീക്ഷതാപം വര്‍ധിച്ച്‌ ഹിമാനികള്‍ ഉരുകിയിറങ്ങി സമുദ്രനിരപ്പുയരാന്‍ ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ കാരണമായി.

ഗ്രാസ്റ്റ്രപോഡ്‌ ഫോസില്‍

ഉത്തര ഫ്രാന്‍സ്‌, ബെല്‍ജിയം, വടക്കു പടിഞ്ഞാറന്‍ സ്‌പെയിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍, കിഴക്കുനിന്ന്‌ പടിഞ്ഞാറേക്ക്‌ ചായ്‌വു പ്രദര്‍ശിപ്പിക്കുന്നതും ദ്രവിച്ചുനശിച്ചുതുടങ്ങിയതുമായ പര്‍വതഭാഗങ്ങള്‍ ഹെഴ്‌സീനിയന്‍ സിസ്റ്റത്തില്‍പ്പെടുന്നവയാണ്‌. ഡെവോണിയന്‍ കാലഘട്ടം അവസാനിക്കുകയും കാര്‍ബോണിഫെറസ്‌ ആരംഭിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ പര്‍വതരൂപവത്‌കരണത്തിന്റെ തുടക്കം കാണുന്നത്‌. മധ്യദക്ഷിണ യൂറോപ്പുകളെയും ഉത്തരേഷ്യയെയും ബാധിച്ചിരുന്ന സുഡേഷ്യന്‍ പര്‍വതരൂപവത്‌കരണം കാര്‍ബോണിഫെറസിന്റെ പ്രാരംഭാവസാന ഘട്ടങ്ങള്‍ക്കിടയിലുള്ള അതിര്‍രേഖയായി കരുതപ്പെടുന്നു. വടക്കേ അമേരിക്കയില്‍ അപ്പലേച്ചിയന്‍ഔവാച്ചിതഭാഗങ്ങളില്‍, കാര്‍ബോണിഫെറസിന്റെ ആദ്യഘട്ടങ്ങളില്‍ പര്‍വതരൂപവത്‌കരണം നടന്നതിനു തെളിവുകളുണ്ട്‌. തെക്കന്‍ ഓക്‌ലഹോമയിലെ ആര്‍ബക്കിള്‍ പ്രദേശങ്ങളില്‍ പെന്‍സില്‍വേനിയന്റെ അവസാനഘട്ടത്തോടടുത്തും, പടിഞ്ഞാറന്‍ ടെക്‌സാസില്‍ ഏറ്റവും അവസാനവും ആയിരുന്നു ഈ പ്രതിഭാസം പ്രകടമായത്‌.

തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, അന്റാര്‍ട്ടിക്ക, ആസ്റ്റ്രലിയ എന്നിവയുള്‍ക്കൊള്ളുന്ന ഗോണ്ട്‌വാനാലാന്‍ഡില്‍ അതിവിസ്‌തൃതമായ കാര്‍ബോണിഫെറസ്‌ ശിലാസ്‌തരങ്ങള്‍ കണ്ടെത്താന്‍ കഴിയും. കാര്‍ബോണിഫെറസ്‌പൂര്‍വപെര്‍മിയന്‍ കാലങ്ങളില്‍ ഗോണ്ട്‌വാനാലാന്‍ഡ്‌ ദക്ഷിണധ്രുവത്തിലായിരുന്നു എന്നാണ്‌ ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്‌. കാര്‍ബോണിഫെറസ്‌ മഹായുഗത്തിലെ ഹിമനദീയശിലാസ്‌തരങ്ങളുടെ വിതരണം, ശിലകളുടെ പാലിയോമാഗ്‌നറ്റിക്‌ പഠനങ്ങള്‍ എന്നിവ ഈ വിശ്വാസത്തിനുപോദ്‌ബലകങ്ങളായി ഭവിച്ചിരിക്കുന്നു. ഗോണ്ട്‌വാനാ പ്രദേശങ്ങളിലെ ഇത്തരത്തില്‍പ്പെട്ട ശിലകള്‍ക്ക്‌ ഒന്നാന്തരം ഉദാഹരണമാണ്‌ കിഴക്കേ ആസ്റ്റ്രലിയയിലെ റ്റാസ്‌മന്‍ ജിയോസിന്‍ക്ലൈന്‍. ഇതിന്റെ കനം 9,000 മീറ്ററിലേറെയാണ്‌. വടക്കേ അമേരിക്ക, യൂറോപ്പ്‌, ഉത്തര റഷ്യ, ഉത്തര ചൈന എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഉത്തര കാര്‍ബോണിഫെറസ്‌ശിലാസമൂഹങ്ങള്‍ ലോകത്ത്‌ ഒന്നാന്തരവും രണ്ടാന്തരവുമായി കരുതപ്പെടുന്ന കല്‍ക്കരിയുടെ പ്രഥമ പ്രഭവസ്ഥാനമാകുന്നു. മധ്യപശ്ചിമ അമേരിക്കകള്‍, പശ്ചിമ യൂറോപ്പ്‌, പശ്ചിമ കാനഡ, നോര്‍ത്ത്‌ സീ എന്നിവിടങ്ങളിലുള്ള കാര്‍ബോണിഫെറസ്‌ ശിലകളില്‍ നിന്ന്‌ പെട്രാളിയം ഉത്‌പാദിപ്പിക്കുന്നുണ്ട്‌. എണ്ണ ഷേയ്‌ലുകള്‍ സ്‌കോട്ട്‌ലന്‍ഡിലെ കാര്‍ബോണിഫെറസ്‌ ശിലകളില്‍ സുലഭമാണ്‌. അഗ്‌നിസഹമായ നല്ലയിനം കളിമണ്ണും (fire clay) റിഫ്രാക്‌ടറി കളിമണ്ണും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാണപ്പെടുന്ന കാര്‍ബോണിഫെറസ്‌ ശിലകളില്‍ ധാരാളമായുള്ളവതന്നെ.

ഇന്ത്യ. പൂര്‍വഗോണ്ട്‌വാനയിലെ ഏറ്റവും താഴത്തെ തടമായി കരുതപ്പെടുന്ന ടാല്‍ച്ചിര്‍ ശ്രണികള്‍ കാര്‍ബോണിഫെറസിന്റെ ഉത്തരഘട്ടത്തിലുള്ള ശിലകളാണ്‌. ബിഹാര്‍, ഒഡിഷ (ഒറീസ), മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും ഇതു കണ്ടെത്താം. ഹിമയുഗത്തിലെ ഉരുളന്‍പാറകളുടെ തടത്തോടുകൂടിയ ഇതില്‍ ആ തടത്തിനുമുകളിലായി ഷെയ്‌ലുകളും മണല്‍ക്കല്ലുകളും അടുക്കായിക്കിടക്കുന്നു. ഇതിനെക്കുറിച്ച്‌ ഏറ്റവുമധികം പഠനങ്ങള്‍ നടന്നിട്ടുള്ളത്‌ ടാല്‍ച്ചിര്‍ ശ്രണികളിലാണ്‌. ഗങ്‌ഗാമോപ്‌റ്റെറിസ്‌, ഗ്‌ളോസോപ്‌റ്റെറിസ്‌ എന്നീ സസ്യഫോസിലുകളിലും ടാല്‍ച്ചിര്‍ ശ്രണികളില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്‌. ടാല്‍ച്ചിര്‍ ബൌള്‍ഡര്‍ ബെഡ്ഡും സമാനങ്ങളായ മറ്റു പാറത്തടങ്ങളും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന വൈവിധ്യമേറിയ പലതരം ശിലകളെ പരസ്‌പരം ബന്ധിപ്പിക്കുന്ന ആധാരരേഖയായി കരുതപ്പെടുന്നു. മിക്ക ഭൂഭാഗങ്ങളിലും ഈ പാറത്തടം അതിവിസ്‌തൃതവും ഇതിന്റെ സ്റ്റ്രാറ്റിഗ്രാഫിക്‌ സ്ഥാനം വളരെ കൃത്യവുമാണ്‌. ഇക്കാരണത്താല്‍ "ഭൂഖണ്ഡവിസ്ഥാപന' (continental drift) സിദ്ധാന്തത്തിന്‌ സഹായകമായ ഒരു സുപ്രധാന തെളിവായി ഇത്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പാറത്തടം ഹിമയുഗജാതമാണെന്നാണ്‌ വിശ്വാസം.

ഹിമാലയന്‍ പ്രദേശങ്ങളിലെ പൂര്‍വ കാര്‍ബോണിഫെറസ്‌ പാറകള്‍ പ്രധാനമായും ഷെയ്‌ലുകളും ചുണ്ണാമ്പുകല്ലുകളും കൊണ്ടു രൂപമെടുത്തതാണ്‌. ഇതില്‍ ഒരു സൂചകഫോസിലായ സിറിങ്‌ ഗോഥൈറിസ്‌ കസ്‌പിഡേറ്റ (Syringothyris cuspidatta) മുഥ്‌ ക്വാര്‍ട്ട്‌സൈറ്റിനു മുകളില്‍ അടുക്കായിക്കിടക്കുന്നു. സ്‌പിറ്റി താഴ്‌വരയില്‍ ഇത്‌ ലിപ്പാക്‌ ശ്രണി എന്നും കാശ്‌മീരില്‍ സിറിങ്‌ ഗോഥൈറിസ്‌ ചുണ്ണാമ്പുകല്ല്‌ എന്നുമാണ്‌ അറിയപ്പെടുന്നത്‌. മധ്യകാര്‍ബോണിഫെറസ്‌ വരെ സ്‌പിറ്റിയില്‍ പോശ്രണി എന്നും, കാശ്‌മീരില്‍ ഫെനസ്റ്റെലശ്രണി എന്നും ഇത്‌ ശ്രണീകരിക്കപ്പെട്ടിട്ടുമുണ്ട്‌. ബ്രയോസോവകളിലെ ഒരു പ്രധാന ജീനസിനായി നാമകരണം ചെയ്യപ്പെട്ട ഫെനസ്റ്റെലഷെയ്‌ലുകള്‍ ഈ ശ്രണിയിലാണ്‌ കാണുന്നത്‌. പ്രാഡക്‌റ്റസ്‌ (Productus), സ്പൈറിഫര്‍ (Spirifer) എന്നീ ബ്രാക്കിയപോഡുകളും ഈ ശിലകളില്‍ കാണപ്പെടുന്ന സാധാരണ ഫോസിലുകള്‍ തന്നെയാണ്‌.

തുമ്പിയുടെ ഫോസില്‍

ഉത്തരകാര്‍ബോണിഫെറസിലെ ചരല്‍ക്കല്ലുകള്‍ ദൃഢമായി ഒട്ടിച്ചേര്‍ന്നുണ്ടായ ശിലകളും, അതിനനുബന്ധമായി കാണപ്പെടുന്ന ശിലകളും, ഹിമാലയത്തിന്റെ ഉത്തരതിബത്തന്‍ മേഖലകളില്‍ ക്രമേണ സുവികസിതമായിത്തീര്‍ന്നു. കാശ്‌മീര്‍ മുതല്‍ എവറസ്റ്റിന്റെ ഭാഗം വരെ ഇത്‌ കണ്ടെത്താവുന്നതാണ്‌. സ്‌പിറ്റി താഴ്‌വരയില്‍ മുന്‍പറഞ്ഞതരത്തിലുള്ള ചരല്‍പ്പാറക്കല്ലുകള്‍ മണല്‍ക്കല്ലുകളുമായി ചേര്‍ന്ന സ്ഥിതി മധ്യകാര്‍ബോണിക്‌ഫെറസ്‌ ഘട്ടത്തില്‍ കാണപ്പെടുന്നു. കാത്സ്യമയവും കാര്‍ബണികവും അശ്‌മവാഹിയുമായ (fossiliferous) ഷെയ്‌ലുകളാല്‍ ഇത്‌ മൂടപ്പെട്ടാണിരിക്കുന്നത്‌. ഇതിന്‌ പ്രാഡക്‌റ്റസ്‌ ഷെയ്‌ലുകള്‍ എന്നുപേര്‍ പറയുന്നു. ഉത്തരകാര്‍ബോണിഫെറസിലെ ചുണ്ണാമ്പുകല്ലുകള്‍ രൂപംകൊടുത്തിട്ടുള്ളതാണ്‌ എവറസ്റ്റ്‌ കൊടുമുടി. മധ്യ കാര്‍ബോണിഫെറസിലെ ഭൗമചലനങ്ങള്‍ കാശ്‌മീരിലും പൂര്‍വഹിമാലയ പ്രദേശങ്ങളിലും അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായി. ഇതിന്റെ ഫലമായുണ്ടായ ലാവയും അഗ്ലോമെറേറ്റുകളും ഉദ്ദേശം 210 മീ. വരെ കനത്തിലാണ്‌ കാശ്‌മീരിന്റെ ചില ഭാഗങ്ങളില്‍ രൂപവത്‌കൃതമായത്‌. "പഞ്ചാല്‍ വള്‍കേനിക്‌സ്‌' എന്ന പേരില്‍ ഇതറിയപ്പെടുന്നു.

സാമ്പത്തിക വിഭവങ്ങള്‍. കാര്‍ബോണിഫെറസ്‌ ഘടനകളില്‍ മനുഷ്യന്‌ ഏറ്റവും ഉപകാരപ്രദമായ വസ്‌തുക്കള്‍ ഇന്ധനങ്ങളാണ്‌. ഖരരൂപത്തിലുള്ളവ (വിവിധ ഗ്രഡിലുള്ള കല്‍ക്കരി), ദ്രവരൂപത്തിലുള്ളവ (പെട്രാളിയം), വാതകരൂപത്തിലുള്ളവ (പ്രകൃതിവാതകങ്ങള്‍) ഇവ മൂന്നും ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്‌. ഇവയുടെ വാര്‍ഷികോത്‌പാദനനിരക്ക്‌ നൂറുകോടി ഡോളറിലേറെ വരും. മറ്റു പ്രധാന വിഭവങ്ങളില്‍ കളിമണ്ണ്‌, കല്ല്‌, ലെഡ്‌, സിങ്ക്‌, ഉപ്പ്‌, ജിപ്‌സം എന്നിവ ഉള്‍പ്പെടുന്നു. നോ. കല്‍ക്കരി; പാലിയന്റോളജി; പാലിയോബോട്ടണി

(ഡോ. എന്‍.ജി.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍