This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബോക്‌സിമീഥൈല്‍ സെലുലോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബോക്‌സിമീഥൈല്‍ സെലുലോസ്‌

Carboxymethyl Cellulose

ജലത്തില്‍ ലയിക്കുന്ന ഒരു പോളിമര്‍. സി.എം.സി. (CMC) എന്ന പേരില്‍ പൊതുവേ അറിയപ്പെടുന്നു. അയോണ്‍ വിനിമയ ക്രാമാറ്റോഗ്രാഫിയില്‍ കാറ്റയോണ്‍ വിനിമയകാരി (Cation exchanger) ആയി ഇത്‌ ഉപയോഗിക്കുന്നു; തന്മാത്രാഭാരം 21,000 മുതല്‍ 5,00,000 വരെ. സോഡിയം വ്യുത്‌പന്നമായ സോഡിയം കാര്‍ബോക്‌സിമീഥൈല്‍ സെലുലോസ്‌ ആണ്‌ സാധാരണയായി ഉപയോഗിക്കാറുള്ളത്‌. ആല്‍ക്കലൈന്‍ സെലുലോസും സോഡിയം ക്ലോറോ അസറ്റേറ്റും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഇതു നിര്‍മിക്കുന്നു, ഈ പ്രക്രിയയില്‍ കാര്‍ബോക്‌സിമീഥൈല്‍ ഗ്രൂപ്പ്‌ സെലുലോസില്‍ ചേര്‍ക്കുന്നു.

ഈ പദാര്‍ഥത്തിനു നിറമോ മണമോ ഇല്ല; വിഷകരവുമല്ല. ചെറിയ തരികളായി സ്ഥിതിചെയ്യുന്നു. ജലത്തില്‍ ലയിക്കും. ഒരു ശ. മാ. ലായനിയുടെ pH 6.5നും 8നും ഇടയ്‌ക്കാണ്‌.pH പരമാവധി പ്രവര്‍ത്തനക്ഷമത നാലിനും ആറിനും ഇടയ്‌ക്കാണ്‌.pH ന്റെ മൂല്യം മൂന്നില്‍ താഴെ ആയാല്‍ തികച്ചും പ്രവര്‍ത്തനക്ഷമമല്ല. ചെറിയ അളവില്‍ അമ്ലത ഈ പദാര്‍ഥം പ്രകടിപ്പിക്കുന്നുണ്ട്‌. ഭാരലോഹങ്ങളുടെ ലവണങ്ങളുമായി പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ജലലേയമല്ലാത്ത, സുതാര്യമായ, കടുപ്പമുള്ള ഫിലിമുകള്‍ ഉണ്ടാക്കുന്നു. ഒട്ടധികം കൊളോയിഡ്‌ ഗുണധര്‍മങ്ങള്‍ ഇതിനുണ്ട്‌.

ആദ്യകാലങ്ങളില്‍ പ്രാട്ടീന്‍ കൊളോയിഡ്‌ ആയും പദാര്‍ഥങ്ങള്‍ക്കു കട്ടിയുണ്ടാക്കാനുള്ള വസ്‌തുവായും ആണ്‌ കാര്‍ബോക്‌സിമീഥൈല്‍ സെലുലോസ്‌ ഉപയോഗിച്ചിരുന്നത്‌. കാറ്റയോണ്‍ വിനിമയകാരിയെന്ന നിലയ്‌ക്കാണ്‌ ഇപ്പോള്‍ മുഖ്യഉപയോഗം. അപമാര്‍ജകങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, നിലംബനകാരികള്‍, പെയിന്റുകള്‍, സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും പേപ്പര്‍ കോട്ടിങ്ങിനും സംരക്ഷണ കൊളോയിഡ്‌ എന്ന നിലയിലും കാര്‍ബോക്‌സിമീഥൈല്‍ സെലുലോസിന്‌ പ്രാധാന്യമുണ്ട്‌.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍