This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബാര്‍സോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബാര്‍സോണ്‍

Carbarsone

ഒരു ആര്‍സെനിക്‌ സംയുക്തം. അമീബിക്‌ സിസ്റ്റിനെതിരായും അമീബികാതിസാരത്തിനെതിരായും ഔഷധമായി ഉപയോഗിക്കുന്നു. പാരാ യൂറിഡോ ബെന്‍സീന്‍ ആര്‍സോണിക്‌ അമ്ലം, ചകാര്‍ബാമൈല്‍ ആര്‍സാനിലിക്‌ അമ്ലം, പാരാ കാര്‍ബാമിഡോ ബെന്‍സീന്‍ ആര്‍സോണിക്‌ അമ്ലം, 4യുറിഡോ1ഫിനൈല്‍ ആര്‍സോണിക്‌ അമ്ലം, 4കാര്‍ബാമൈല്‍ അമിനോ ഫിനൈല്‍ ആര്‍സോണിക്‌ അമ്ലം, അമീബാന്‍, ആര്‍സാംബൈഡ്‌, ഫിനാര്‍സോണ്‍, ല്യൂക്കാര്‍സോണ്‍, അമിനാര്‍സോണ്‍, അമീബാര്‍സോണ്‍ എന്നീ പേരുകളിലും കാര്‍ബാര്‍സോണ്‍ അറിയപ്പെടുന്നു. തന്മാത്രാ ഫോര്‍മുല C7H9AsN2O4. തന്മാത്രാ ഭാരം 260.

ആര്‍സാനിലിക്‌ അമ്ലത്തിന്റെ സോഡിയം ലവണം പൊട്ടാസ്യം സയനേറ്റുമായോ സയനജന്‍ ബ്രാമൈഡുമായോ പ്രതിപ്രവര്‍ത്തിപ്പിച്ചാണ്‌ ഇത്‌ ഉണ്ടാക്കുന്നത്‌. കാര്‍ബാര്‍സോണ്‍ വെളുത്ത പൊടിയാണ്‌. ദ്രവണാങ്കം 174°C. ജലത്തിലും ആല്‍ക്കഹോളിലും കുറേശ്ശെ ലയിക്കുന്നു. ജലത്തില്‍ ലയിച്ചുകിട്ടുന്ന ലായനി അമ്ലസ്വഭാവത്തോടുകൂടിയതാണ്‌. ഈഥറിലും ക്ലോറോഫോമിലും ലയിക്കുന്നില്ല. ആല്‍ക്കലി ലോഹങ്ങളുടെ ഹൈഡ്രാക്‌സൈഡുകളിലും കാര്‍ബണേറ്റുകളിലും ലയിക്കുന്നു. ഇതിനു വിഷമയം കുറവാണ്‌; വയറിളക്കം, മനംപുരട്ടല്‍, വയറുവേദന, തൊലിവിള്ളല്‍ തുടങ്ങിയവ അപൂര്‍വമായി ഉണ്ടാവാം. ചില അവസരങ്ങളില്‍ ആര്‍സെനിക്‌ വിഷബാധയുമുണ്ടാവാറുണ്ട്‌. 0.25 ഗ്രാം തൂക്കമുള്ള ഗുളികകളായി നേരിട്ടു കഴിക്കാം. 2 ശതമാനം ബൈകാര്‍ബണേറ്റ്‌ ലായനിയില്‍ കാര്‍ബാര്‍സോണ്‍ ലയിപ്പിച്ച്‌ 200 മില്ലിലിറ്റര്‍ അളവില്‍ മലദ്വാരത്തില്‍ കൂടി കടത്തുകയും ആവാം.

(എ. സലാഹുദ്ദീന്‍ കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍