This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബമിക്‌ അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബമിക്‌ അമ്ലം

Carbamic Acid

കാര്‍ബോണിക്‌ അമ്ലത്തിന്റെ മോണോ അമൈഡ്‌. സ്വതന്ത്രാവസ്ഥയില്‍ ഈ അമ്ലം വേര്‍തിരിക്കപ്പെട്ടിട്ടില്ല. ലവണരൂപത്തിലും ലവണങ്ങളുടെ വ്യുത്‌പന്നങ്ങളായും (derivatives) മാത്രമാണ്‌ ഈ അമ്ലത്തിന്റെ നിലനില്‌പ്‌.

കാര്‍ബോണിക്‌ അമ്ലത്തില്‍ (HOCOOH) നിന്നാണ്‌ കാര്‍ബമിക്‌ അമ്ലം നിര്‍മിക്കപ്പെടുന്നത്‌. അമോണിയയും കാര്‍ബോണിക്‌ അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രണ്ട്‌ അമൈഡുകളില്‍ ആദ്യത്തേതാണ്‌ കാര്‍ബമിക്‌ അമ്ലം: രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുന്നത്‌ യൂറിയയും (NH2CONH2). കാര്‍ബമിക്‌ അമ്ലത്തിന്റെ ദ്രവണാങ്കം 54°C; ക്വഥനാങ്കം 177°C. തികച്ചും അസ്ഥിരമായ ഒരു സംയുക്തമാണ്‌ കാര്‍ബമിക്‌ അമ്ലം. എന്നാല്‍ പ്രധാനപ്പെട്ട പല ലവണങ്ങളെയും എസ്റ്ററുകളെയും ഈ അമ്ലം ഉത്‌പാദിപ്പിക്കുന്നുണ്ട്‌. കാര്‍ബമിക്‌ അമ്ലത്തിന്റെ എസ്റ്ററുകളെ യൂറിഥാന്‍സ്‌ (Urethans)എന്നു പറയുന്നു. കാര്‍ബമിക്‌ അമ്ലത്തിന്റെ പ്രധാനപ്പെട്ട ഒരു ലവണമാണ്‌ അമോണിയം കാര്‍ബമേറ്റ്‌. കാര്‍ബമിക്‌ അമ്ലത്തിന്റെ അമിഡീന്‍ സംയുക്തത്തെ ഗ്വാനിഡീന്‍ എന്നു പറയുന്നു. പ്രബലമായ ഒരു ക്ഷാരകമാണിത്‌. ഛഒ അയോണിന്റെ അത്രതന്നെ ശക്തി ഈ ക്ഷാരകം പ്രദാനം ചെയ്യുന്നു.

കാര്‍ബമേറ്റുകള്‍ കീടനാശിനികള്‍ നിര്‍മിക്കുന്നതിന്‌ ഉപയോഗപ്പെടുത്തുന്നു. ഉദാ. കാര്‍ബമൈല്‍, മീഥോമൈല്‍, കാര്‍ബോഫ്യൂറാന്‍ സംയുക്തങ്ങള്‍. ഈ കീടനാശിനികള്‍ ജന്തുക്കള്‍ക്ക്‌ ഒരു തരത്തിലും ഹാനികരമാകുന്നില്ല. ജന്തുശരീരത്തില്‍ പ്രവേശിച്ച്‌ കഴിയുമ്പോള്‍ അവയുടെ വിഷശക്തി ക്ഷയിക്കുകയും കലകളിലൂടെ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ രക്തത്തിലെ ഹീമോഗ്ലോബിനുമായി പ്രതിപ്രവര്‍ത്തിച്ച്‌ ഒരു കാര്‍ബമേറ്റ്‌ സംയുക്തം ഉണ്ടാകുന്നു. ഇത്‌ രക്തത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ സഞ്ചാരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍