This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബനാറീസംഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബനാറീസംഘം

Carbonari Society

19-ാം ശതകത്തിന്റെ ആരംഭത്തില്‍ ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും പ്രവര്‍ത്തിച്ചിരുന്ന അഭിജാതദേശഭക്ത രഹസ്യസംഘം. "കാര്‍ബനാറി' എന്ന ഇറ്റാലിയന്‍ സംജ്ഞകൊണ്ട്‌ അര്‍ഥമാക്കുന്നത്‌ "കരി എരിക്കുന്നവര്‍', "കരി നിര്‍മാതാക്കള്‍' എന്നൊക്കെയാണ്‌; ശുദ്ധീകരണം എന്ന്‌ പ്രതീകാര്‍ഥം. ആത്മശുദ്ധീകരണം, സ്വാതന്ത്യ്രം, സദാചാരം, പുരോഗതി എന്നിവ ലക്ഷ്യമാക്കിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഈ രഹസ്യസംഘം "ഫ്രീ മേസന്‌റി' സംഘടനയുടെ ഭാഗമാണെന്നും കരുതപ്പെടുന്നു. ഈ രണ്ടുസംഘടനകളും തമ്മില്‍ സമ്പര്‍ക്കവും സാദൃശ്യവുമുണ്ടെങ്കിലും ഇവ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും ശത്രുതയും ഉണ്ടായിരുന്നു. ജോക്വിം മുറായുടെ ഭരണകാലത്താണ്‌ (1808-15) ദക്ഷിണ ഇറ്റലിയില്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔന്നത്യത്തിലെത്തിയത്‌. 1815 മാര്‍ച്ചില്‍ മുറാ, ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ചപ്പോള്‍ കാര്‍ബനാറീസംഘം അദ്ദേഹത്തിനു പിന്തുണ നല്‌കിയിരുന്നു. സാര്‍വത്രിക വോട്ടവകാശത്തിലൂടെ സ്ഥാപിതമാകുന്ന ഒരു വ്യവസ്ഥാപിത ഭരണകൂടത്തെയും ക്രിസ്‌തീയ ധര്‍മശാസ്‌ത്രത്തില്‍ അധിഷ്‌ഠിതമായ ഒരു സദാചാര സംഹിതയെയുമാണ്‌ ഈ സംഘം ഉന്നം വച്ചിരുന്നത്‌. 1815 ആയതോടെ പ്രഭുക്കന്മാര്‍, സൈനികര്‍, ഭൂവുടമകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, കൃഷിക്കാര്‍, പുരോഹിതന്മാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ സംഘത്തിന്റെ അംഗങ്ങളുണ്ടായി കഴിഞ്ഞിരുന്നു. "സ്വേച്ഛാധിപത്യത്തെ ചെറുക്കുക' എന്ന്‌ പ്രതീകാത്മക ധ്വനിയുള്ള വനത്തില്‍നിന്ന്‌ ചെന്നായ്‌ക്കളെ തുരത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യവാക്യം.

വിദേശമേധാവിത്വത്തില്‍നിന്ന്‌ രാജ്യത്തെ സ്വതന്ത്രമാക്കി വ്യവസ്ഥാപിത ഭരണകൂടം പ്രദാനം ചെയ്യാന്‍ ശ്രമിക്കുന്നവരെ കാര്‍ബനാറീസംഘം പിന്താങ്ങിയിരുന്നു.

പൗരോഹിത്യത്തെ നിശിതമായി എതിര്‍ത്തിരുന്നുവെങ്കിലും പ്രപഞ്ചത്തിന്റെ നിയന്താവ്‌ എന്ന നിലയില്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരായിരുന്നു ഈ സംഘാംഗങ്ങള്‍. നിഗൂഢത, കപടനാമം സ്വീകരിക്കല്‍, രഹസ്യസൂചകപദങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ പ്രത്യേകതകളായിരുന്ന ഈ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ ഒരു പൊതുനേതാവുണ്ടായിരുന്നില്ല. ഒന്‍പതു ശ്രണികളടങ്ങുന്ന സംഘടനാരീതിയുള്ള ഈ സംഘത്തില്‍ ഓരോ ശ്രണിയിലേക്കുമുള്ള ഔപചാരികമായ പ്രവേശനത്തോടൊപ്പം സങ്കീര്‍ണങ്ങളും പ്രതീകാത്മകങ്ങളുമായ അനുഷ്‌ഠാനങ്ങളുമുണ്ടായിരുന്നു. സംഘടനയുടെ ഏറ്റവും താഴത്തെ ശ്രണി 20 കാര്‍ബനാറീ അംഗങ്ങളടങ്ങിയ "വെന്‍ഡിറ്റാ' ആണ്‌.

ഇതിനു മുകളില്‍ "വെന്‍ഡിറ്റാ സെന്‍ട്രല്‍' (സെന്‍ട്രല്‍ യൂണിയന്‍), "വെന്‍ഡിറ്റെ മാദ്രി' (മദര്‍ യൂണിയന്‍) തുടങ്ങിയ ശ്രണികളുണ്ട്‌. ഏറ്റവും മുകളിലുള്ള ശ്രണിയാണ്‌ "അള്‍ട്രാ (ഗ്രാന്‍ഡ്‌) വെന്‍ഡിറ്റാ'. മാദ്രിയില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടങ്ങിയതാണ്‌ ഗ്രാന്‍ഡ്‌ വെന്‍ഡിറ്റാ. സംഘത്തില്‍പ്പെട്ട അംഗങ്ങള്‍ പരസ്‌പരം "ഗുഡ്‌ കസിന്‍സ്‌' (ബുവോനികുജിനി) എന്ന്‌ അഭിവാദ്യം ചെയ്‌തിരുന്നു. 1815നു ശേഷം ഈ സംഘത്തിന്റെ പ്രവര്‍ത്തനം ഇറ്റലിയൊട്ടാകെ വ്യാപകമായി. ക്രമേണ ഈ പ്രസ്ഥാനത്തിന്റെ സ്‌പന്ദനങ്ങള്‍ സ്‌പെയിനിലും അനുഭവപ്പെട്ടു. നേപ്പിള്‍സി(1820)ലെയും പീഡ്‌മണ്ടി(1821)ലെയും സ്‌പെയിനി(1823)ലെയും കലാപങ്ങള്‍ക്ക്‌ ഇവര്‍ നേതൃത്വം നല്‌കി. 1821ല്‍ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടതോടെ, കാര്‍ബനാറീ സംഘത്തെ ഇറ്റലിയില്‍ നിയമവിരുദ്ധമാക്കി. സ്‌പാനിഷ്‌, ഇറ്റാലിയന്‍ വിപ്ലവങ്ങളില്‍നിന്ന്‌ ആവേശംകൊണ്ട്‌ 1820ല്‍ ഫ്രാന്‍സിലും കാര്‍ബനാറീ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു. 1830ല്‍ ഫ്രാന്‍സില്‍ നടന്ന വിപ്ലവത്തില്‍ കാര്‍ബനാറീ സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. 1830ല്‍ പാരിസ്‌ ആസ്ഥാനമാക്കി "യൂണിവേഴ്‌സല്‍ ഡെമോക്രാറ്റിക്‌ കാര്‍ബനാറീ' സംഘടിപ്പിച്ചത്‌ ഇറ്റലിയിലെ വിപ്ലവകാരിയായ ഫിലിപ്പോ ബുവനാററ്റി ആയിരുന്നു. 1823ലെ പരാജയത്തിനുശേഷം സ്‌പാനിഷ്‌ ലിബറലുകള്‍ കാര്‍ബനാറിസ്‌മോ പ്രസ്ഥാനത്തില്‍ കൂടുതല്‍ ആകൃഷ്‌ടനായി. നേപ്പിള്‍സ്‌, പീഡ്‌മണ്ട്‌ വിപ്ലവത്തില്‍ പരാജയപ്പെട്ടതോടെ ഇറ്റലിയിലെ കാര്‍ബനാറീ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു. ശേഷിച്ച സംഘാംഗങ്ങള്‍ മസീനി (1805-72) രൂപവത്‌കരിച്ച "റിസോര്‍ജിമെന്റോ' പ്രസ്ഥാനത്തില്‍ അംഗങ്ങളായി.

1830കളുടെ മധ്യത്തോടെ കാര്‍ബനാറീ പ്രസ്ഥാനം ഇറ്റലിയിലും ഫ്രാന്‍സിലും സ്‌പെയിനിലും നിര്‍ജീവമായി. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെ കൂട്ടത്തില്‍ പ്രമുഖരാണ്‌ ബൈറണ്‍ പ്രഭു, ലൂയി നെപ്പോളിയന്‍ (നെപ്പോളിയന്‍III), ഗിയുസെപ്പെ മസീനി തുടങ്ങിയവര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍