This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണ്‍ മോണോക്‌സൈഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബണ്‍ മോണോക്‌സൈഡ്‌

Carbon Monoxide

നിറവും മണവും രുചിയുമില്ലാത്ത ഒരു വിഷവാതകം. വായുവിനേക്കാള്‍ മൂന്നു ശതമാനം ഭാരക്കുറവ്‌. തന്മാത്രാ ഫോര്‍മുല: CO. ദ്രവണാങ്കം -205.1°C, ക്വഥനാങ്കം -190°C, ഘനത്വം 0.967. കല്‌ക്കരി വാതകത്തില്‍ 6 മുതല്‍ 12 ശതമാനം വരെ കാര്‍ബണ്‍ മോണോക്‌സൈഡ്‌ അടങ്ങിയിരിക്കുന്നു. അഗ്നിപര്‍വത വാതകങ്ങളിലെ പ്രധാന ഘടകമാണ്‌ ഇത്‌. മോട്ടോര്‍ വാഹനങ്ങളില്‍നിന്നു ബഹിര്‍ഗമിക്കുന്ന പുകയിലും ഈ വാതകം അടങ്ങിയിട്ടുണ്ട്‌.

കാര്‍ബണ്‍ മോണോക്‌സൈഡ്‌ ആദ്യം നിര്‍മിച്ചത്‌ ജെ.എം.എഫ്‌. ഡിലാസോണ്‍ എന്ന ശാസ്‌ത്രജ്ഞനാണ്‌ (1776). സിങ്ക്‌ ഓക്‌സൈഡും കാര്‍ബണും ചേര്‍ത്ത്‌ ചൂടാക്കി ഉത്‌പാദിപ്പിച്ച വാതകം ഹൈഡ്രജന്‍ ആണെന്നാണ്‌ ഇദ്ദേഹം ധരിച്ചത്‌. പിന്നീട്‌ ജെ. ഡാള്‍ട്ടണ്‍ ആണ്‌ ഈ വാതകത്തിലെ ഘടകങ്ങള്‍ കാര്‍ബണ്‍, ഓക്‌സിജന്‍ എന്നിവയാണെന്നു തെളിയിച്ചത്‌ (1803). കാര്‍ബണ്‍ ഡൈഓക്‌സൈഡില്‍ ഉള്ളതിന്റെ നേര്‍പകുതി ഓക്‌സിജനേ ഈ വാതകത്തില്‍ അടങ്ങിയിട്ടുള്ളുവെന്നും ഇദ്ദേഹം കണ്ടെത്തി.

ഉത്‌പാദനം. കാര്‍ബണോ കാര്‍ബണ്‍ അടങ്ങിയിട്ടുള്ള പദാര്‍ഥങ്ങളോ കുറഞ്ഞ അളവ്‌ ഓക്‌സിജനില്‍ ഉയര്‍ന്ന താപനിലയില്‍ കത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ഉണ്ടാകുന്നു. ഈ വാതകത്തിന്റെ നിര്‍മാണത്തിന്‌ പല ക്രിയാവിധികളും ഉപയോഗപ്പെടുത്തിവരുന്നു.

ചുട്ടുപഴുത്ത കോക്കിന്റെയോ ഇരുമ്പിന്റെയോ മീതേക്കൂടി CO2 കടത്തിവിട്ട്‌ കാര്‍ബണ്‍ മോണോക്‌സൈഡ്‌ നിര്‍മിക്കാം.

ലോഹ ഓക്‌സൈഡുകള്‍ കാര്‍ബണ്‍ ചേര്‍ത്തു ചൂടാക്കുമ്പോള്‍ കാര്‍ബണ്‍മോണോക്‌സൈഡ്‌ ലഭിക്കുന്നു.

ഫോര്‍മിക്ക്‌ അമ്ലം, അസറ്റിക്ക്‌ അമ്ലം (അല്ലെങ്കില്‍ അവയുടെ ലവണങ്ങള്‍) എന്നിവ സാന്ദ്ര സള്‍ഫ്യൂറിക്കമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും പൊട്ടാസ്യം ഫെറോസയനൈഡ്‌ സാന്ദ്ര സല്‍ഫ്യൂറിക്കമ്ലത്തില്‍ ചൂടാക്കിയും

വ്യാവസായികമായി വന്‍തോതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ നിര്‍മിക്കുന്നത്‌ ജലവാതക (water gas) പ്രതിപ്രവര്‍ത്തനം മുഖേനയാണ്‌. ചൂടാക്കിയ കോക്കിനു മുകളിലൂടെ നീരാവി കടത്തിവിടുകയെന്ന ലളിതമായ ഒരു പ്രക്രിയയാണിത്‌ (താപനില 600°C-1000°C).

കാര്‍ബണ്‍ മോണോക്‌സൈഡ്‌, ഹൈഡ്രജന്‍ എന്നീ വാതകങ്ങളുടെ മിശ്രിതമാണ്‌ ജലവാതകം (വാട്ടര്‍ ഗ്യാസ്‌). താപനില 600°C ല്‍ കുറഞ്ഞാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിനു പകരം കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ രൂപംകൊള്ളും.

ശുദ്ധമായ കാര്‍ബണ്‍ മോണോക്‌സൈഡ്‌, നിക്കല്‍ കാര്‍ബണൈലിന്റെ താപവിഘടനത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കാം.

ഭൗതികരാസഗുണധര്‍മങ്ങള്‍. കാര്‍ബണ്‍ മോണോക്‌സൈഡ്‌ അല്‌പാല്‌പമായി മാത്രമേ ജലത്തില്‍ ലയിക്കൂ. ജലവുമായി രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. ഇളം നീലജ്വാലയോടുകൂടി വായുവിലും ഓക്‌സിജനിലും കത്തുന്നു.

ഈര്‍പ്പമില്ലാത്ത വായുവിലും ഓക്‌സിജനിലും ഈ പ്രക്രിയ മന്ദഗതിയിലാകും. ഇതിനെ ദ്രാവകമാക്കാനും ബുദ്ധിമുട്ടാണ്‌. കാര്‍ബണ്‍ മോണോക്‌സൈഡ്‌ അന്തരീക്ഷ താപനിലയില്‍ സ്ഥിരമാണെങ്കിലും ഉയര്‍ന്ന താപനിലകളില്‍ വ്യാനുപാതീകരണത്തിന്‌ വിധേയമാവുന്നു.

ചില ലോഹങ്ങള്‍ ഈ പ്രക്രിയയെ ഉത്‌പ്രരിപ്പിക്കും. ഉയര്‍ന്ന താപനിലയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ഒരു നല്ല നിരോക്‌സീകാരകമാണ്‌.

ഇരുമ്പിന്റെ നിഷ്‌കര്‍ഷണത്തിലെ നിരോക്‌സീകാരകമായി കാര്‍ബണ്‍ മോണോക്‌സൈഡിനെ ഉപയോഗപ്പെടുത്തുന്നു. ഇതിനെ ഫോര്‍മിക്‌ അമ്ലത്തിന്റെ അണ്‍ഹൈഡ്രഡായി കരുതാം. ഭൗതിക ഗുണങ്ങളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ നൈട്രജനുമായി വളരെയധികം സാദൃശ്യം കാണിക്കുന്നു.


ഒരു അപൂരിത സംയുക്തമായ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ക്ലോറിന്‍, ഹൈഡ്രജന്‍, സള്‍ഫര്‍ എന്നിവയുമായി എളുപ്പത്തില്‍ സങ്കലന സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ്‌ ക്ലോറിനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണൈല്‍ ക്ലോറൈഡ്‌ അഥവാ ഫോസ്‌ജീന്‍ എന്ന അത്യന്തം വിഷകരമായ ഒരു പദാര്‍ഥം ലഭിക്കുന്നു.

300-600oCതാപനിലയിലും 100-200 അന്തരീക്ഷ മര്‍ദത്തിലും ലോഹ ഓക്‌സൈഡ്‌ ഉത്‌പ്രരകങ്ങളുടെ സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളും ബെന്‍സീനും ലഭിക്കുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ്‌ സള്‍ഫറുമായി പ്രതിപ്രവര്‍ത്തിച്ച്‌ കാര്‍ബണൈല്‍ സള്‍ഫൈഡ്‌ ഉണ്ടാകുന്നു.

അസറ്റിലിനുമായി പ്രതിപ്രവര്‍ത്തിച്ച്‌ അക്രിലിക്‌ അമ്ലവും ഉത്‌പാദിപ്പിക്കുന്നു.

നിക്കല്‍, ഇരുമ്പ്‌, കൊബാള്‍ട്ട്‌ തുടങ്ങിയ ലോഹങ്ങളുമായിച്ചേര്‍ന്ന്‌ ലോഹകാര്‍ബണൈലുകള്‍ (Ni (CO)4 , Fe(CO)5,Co(CO)4) ഉത്‌പാദിപ്പിക്കുന്നു. വ്യാവസായികപ്രാധാന്യമുള്ള ഉത്‌പന്നങ്ങളാണ്‌ ലോഹകാര്‍ബണൈലുകള്‍. അമോണിയാക്കല്‍ കുപ്രസ്‌ക്ലോറൈഡ്‌ കാര്‍ബണ്‍ മോണോക്‌സൈഡിനെ അവശോഷണം ചെയ്യുമ്പോള്‍ CuCl. CO. 2 H2O എന്ന സംയുക്തം ഉണ്ടാകുന്നു. വാതകവിശ്ലേഷണത്തില്‍ ഈ പ്രക്രിയ ഉപയോഗിച്ചുവരുന്നു. പലേഡിയം ക്ലോറൈഡ്‌ ലായനിയിലൂടെ കാര്‍ബണ്‍ മോണോക്‌സൈഡ്‌ നുരപ്പിക്കുമ്പോള്‍ പലേഡിയം ലോഹത്തിന്റെ കറുത്ത തരികള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. കാര്‍ബണ്‍ മോണോക്‌സൈഡിന്റെ ശോധനാപരീക്ഷണമായും ഈ പ്രക്രിയയെ കണക്കാക്കാം. കാര്‍ബണ്‍ മോണോക്‌സൈഡിന്‌ താഴെപ്പറയുന്ന ഘടനകളുടെ അനുനാദസങ്കരമാണുള്ളത്‌.

കാര്‍ബണ്‍ മോണോക്‌സൈഡ്‌ അതീവ വിഷകരമാണ്‌. ശ്വസനവായുവില്‍ 0.4 ശതമാനം പോലും ഇതുണ്ടായിരിക്കുന്നത്‌ മാരകമാണ്‌. കാര്‍ബണ്‍ മോണോക്‌സൈഡ്‌ രക്തത്തിലെ ഹീമോഗ്ലോബിനുമായിച്ചേര്‍ന്ന്‌ കാര്‍ബോക്‌സി ഹീമോഗ്ലോബിന്‍ ഉണ്ടാകുന്നു. ഇത്‌ രക്തത്തിലെ ഓക്‌സിജന്‍ വിതരണത്തെ താറുമാറാക്കി ശ്വാസതടസ്സവും വിമ്മിട്ടവും ഉണ്ടാക്കും. തലവേദന, ഛര്‍ദി, ബോധക്കേട്‌, നാഡീസ്‌പന്ദനം മന്ദീഭവിക്കല്‍ തുടങ്ങിയവയാണ്‌ കാര്‍ബണ്‍ മോണോക്‌സൈഡ്‌ വിഷബാധയുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍.

ലോഹനിഷ്‌കര്‍ഷണം, കാര്‍ബണിക സംയുക്തങ്ങളുടെയും പ്രാഡ്യൂസര്‍ വാതകം, ജലവാതകം തുടങ്ങിയവയുടെയും നിര്‍മാണം മുതലായവയാണ്‌ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ മുഖ്യ ഉപയോഗങ്ങള്‍.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍