This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണ്‍ താരക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബണ്‍ താരക

Carbon Star

കാര്‍ബണ്‍ അംശം താരതമ്യേന കൂടുതലുള്ള ഒരു വിഭാഗം നക്ഷത്രം. സാധാരണയായി താരകളില്‍ കാര്‍ബണെക്കാള്‍ വളരെക്കൂടുതല്‍ ഓക്‌സിജനും ഏകദേശം കാര്‍ബണോളം തന്നെ നൈട്രജനും ഉണ്ടായിരിക്കും.എന്നാല്‍ കാര്‍ബണ്‍ താരകളില്‍ ഓക്‌സിജനെക്കാള്‍ കാര്‍ബണിന്റെ അംശമായിരിക്കും വളരെക്കൂടുതലായി കാണപ്പെടുന്നത്‌. മിക്ക കാര്‍ബണ്‍ താരകകളും നിമ്‌നതാപമുള്ള തരം "റെഡ്‌ ജയന്റുകള്‍' ആണ്‌. കാര്‍ബണ്‍ താരകളുടെ പ്രകാശ വര്‍ണരേഖകള്‍ (spectral lines) പരിശോധിച്ചാല്‍ കാര്‍ബണ്‍കാര്‍ബണ്‍, കാര്‍ബണ്‍നൈട്രജന്‍ എന്നിവയുടെ വര്‍ണപാളികള്‍ കാണാവുന്നതാണ്‌. നക്ഷത്രവര്‍ഗീകരണത്തില്‍ ഇവയെ 'C' വിഭാഗം നക്ഷത്രങ്ങളായാണ്‌ പരിഗണിക്കുന്നത്‌. താപനില വളരെ കൂടുതലുള്ള ചുരുക്കം ചില കാര്‍ബണ്‍ താരകകളെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. കാര്‍ബണിന്റെ അളവ്‌ ഓരോന്നിലും വ്യത്യസ്‌തമായിരിക്കും.

റെഡ്‌ ജയന്റുകളുടെയും താപനില കൂടുതലുള്ള മറ്റു കാര്‍ബണ്‍ താരകകളുടെയും വര്‍ണരാജികള്‍ തമ്മിലുള്ള വ്യത്യാസത്തിനു പ്രധാന കാരണം അവയിലെ കാര്‍ബണ്‍ മോണോക്‌സൈഡ്‌ യൗഗികത്തിന്റെ പ്രബലമായ ബന്ധനമാണ്‌. 5000K യ്‌ക്കു താഴെ താപനിലകളിലുള്ളതും ഓക്‌സിജന്‍ അംശം വളരെ കൂടുതലുള്ളതുമായ താരകകളില്‍ കാര്‍ബണ്‍ മുഴുവനും കാര്‍ബണ്‍ മോണോക്‌സൈഡ്‌ യൗഗികങ്ങളുടെ രൂപത്തില്‍ ബന്ധിപ്പിക്കപ്പെടുന്നു. തന്മൂലം ഇത്തരം താരകകളില്‍ മറ്റു കാര്‍ബണ്‍ യൗഗികങ്ങള്‍ രൂപപ്പെടുന്നില്ല. എന്നാല്‍ കാര്‍ബണ്‍ വളരെ കൂടുതലുള്ള താരകകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ യൗഗികം ഓക്‌സിജന്‍ മുഴുവനും സ്വീകരിക്കുകയും ശേഷിക്കുന്ന കുറച്ച്‌ സ്വതന്ത്ര കാര്‍ബണ്‍ അണുക്കള്‍ മറ്റു കാര്‍ബണ്‍ സംയുക്തങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍