This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌

Carbon di Sulfide

കാര്‍ബണ്‍, സള്‍ഫര്‍ എന്നീ മൂലകങ്ങള്‍ അടങ്ങിയ ഒരു യൗഗികം (കാര്‍ബണ്‍ ബൈ സള്‍ഫൈഡ്‌; Yയോ കാര്‍ബോണിക്‌ അന്‍ഹൈഡ്രഡ്‌). തന്മാത്രാ ഫോര്‍മുല: CS2. 1796ല്‍ ഡബ്ല്യു. എ. ലംപാഡിയസ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഇതു കണ്ടുപിടിച്ചത്‌.

ഭൗതികഗുണങ്ങള്‍. കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ എളുപ്പത്തില്‍ ബാഷ്‌പീകൃതമാകുന്ന ഒരു ദ്രവവസ്‌തുവാകുന്നു. ക്വഥനാങ്കം 46ºC. സാധാരണ ഇതിനു രൂക്ഷഗന്ധമാണുള്ളത്‌. രൂക്ഷ ഗന്ധത്തോടുകൂടിയ കാര്‍ബണിക സള്‍ഫര്‍ യൗഗികങ്ങള്‍ ചെറിയ അളവില്‍ മാലിന്യങ്ങളായി ഇതിലടങ്ങിയിരിക്കുന്നതാണ്‌ ഇതിനു കാരണം. ഇത്തരം മാലിന്യങ്ങള്‍ നീക്കിയാല്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡിനു നല്ല മണമാണുള്ളത്‌. കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ -111ºC ല്‍ ഖരാവസ്ഥ പ്രാപിക്കുന്നു. ഇതിന്റെ തിളനില 46.3ºC ആണ്‌. ജലത്തില്‍ അല്‌പം മാത്രം ലയിക്കുന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ ആല്‍ക്കഹോള്‍, ഈഥര്‍, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്‌ എന്നിവയില്‍ പൂര്‍ണമായും ലയിക്കുന്നു. എണ്ണ, കൊഴുപ്പ്‌, മെഴുക്‌, റബ്ബര്‍, സള്‍ഫര്‍, അയഡിന്‍ എന്നിവയുടെ ഒരു നല്ല ലായകം കൂടിയാണിത്‌.

ഉത്‌പാദനം. രണ്ടു പ്രധാന രീതികളാണ്‌ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ നിര്‍മിക്കുവാനുപയോഗിക്കുന്നത്‌.

(i) സള്‍ഫര്‍ ബാഷ്‌പവും മരക്കരിയും കൂടിയുള്ള പ്രക്രിയ. 800-1000ºC താപത്തിലാണ്‌ ഇത്‌ നടക്കുന്നത്‌. കാസ്റ്റ്‌ അയണ്‍ കൊണ്ടോ, സ്റ്റീല്‍ കൊണ്ടോ ഉണ്ടാക്കിയ റിട്ടോര്‍ട്ടുകളില്‍ ചൂടാക്കുകയാണ്‌ ഒരു മാര്‍ഗം. ഫര്‍ണസില്‍ വൈദ്യുതി ഉപയോഗിച്ച്‌ ചൂടാക്കുകയാണ്‌ മറ്റൊരു മാര്‍ഗം.

(ii) മീഥേന്‍ (അല്ലെങ്കില്‍ മറ്റൊരു ഹൈഡ്രാ കാര്‍ബണ്‍), സള്‍ഫര്‍ എന്നിവയുടെ പ്രക്രിയയില്‍ 500-700ºC താപവും സിലിക്കാജെല്‍ മുതലായ ഉത്‌പ്രരകങ്ങളും ഉപയോഗിക്കുന്നു.

രാസപ്രക്രിയകള്‍. ജലീയ പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ കാര്‍ബണ്‍ ഡൈ സള്‍ഫൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പൊട്ടാസ്യം കാര്‍ബണേറ്റും ഥയോ കാര്‍ബണേറ്റും ഉണ്ടാകുന്നു.

ആല്‍ക്കഹോളിക പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ ഉപയോഗിച്ചാല്‍ പൊട്ടാസ്യം ക്‌സാന്‍തേറ്റ്‌ ഉണ്ടാകുന്നു.

സോഡിയം സെലുലോസും കാര്‍ബണ്‍ ഡൈ സള്‍ഫൈഡും ചേര്‍ന്ന്‌ സോഡിയം സെലുലോസ്‌ ക്‌സാന്‍തേറ്റ്‌ ഉണ്ടാകുന്നത്‌ ഒരു പ്രധാന പ്രതിപ്രവര്‍ത്തനമാകുന്നു.

ഈ പ്രതിപ്രവര്‍ത്തനമാണ്‌ വിസ്‌കോസ്‌ റയോണ്‍ വ്യവസായത്തിന്റെ അടിസ്ഥാനം. കാര്‍ബണ്‍ ഡൈ സള്‍ഫൈഡിന്റെ ക്ലോറിനീകരണം നടത്തി കാര്‍ബണ്‍ ടെട്രാക്ലോറൈഡ്‌ നിര്‍മിക്കാം.

കാര്‍ബണ്‍ ഡൈ സള്‍ഫൈഡില്‍ അനിലിനും സോഡിയം ഹൈഡ്രാക്‌സൈഡും ചേര്‍ത്തു ചൂടാക്കുമ്പോള്‍ ഥയോകാര്‍ബനിലൈഡ്‌ (N, N' ഡൈഫീനൈല്‍ ഥയോയൂറിയ) ഉണ്ടാകുന്നു.

ഉപയോഗങ്ങള്‍. വിസ്‌കോസ്‌, റയോണ്‍, സെല്ലോഫേന്‍ എന്നിവയുടെ നിര്‍മാണത്തില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ ധാരാളം ഉപയോഗിച്ചുവരുന്നു, ഇതുകൂടാതെ കാര്‍ബണ്‍ ടെട്രാക്ലോറൈഡ്‌, ഡൈഥയോകാര്‍ബണേറ്റ്‌, തയോസയനേറ്റ്‌, യൂറിയ എന്നിവ നിര്‍മിക്കുവാനും റബ്ബര്‍ വള്‍ക്കനൈസ്‌ ചെയ്യുവാനും ഇതുപയോഗിക്കുന്നു.

കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ വളരെ എളുപ്പത്തില്‍ തീപിടിക്കും. ലബോറട്ടറിയിലും വ്യവസായരംഗത്തുമുള്ള ഉപയോഗവേളയില്‍ ഇതുമൂലമുണ്ടാകുന്ന അഗ്നിബാധ തടയാന്‍ തക്ക മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്‌.

(ഡോ: പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍