This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌

Carbon dioxide

വായുവിന്റെ ഒന്നരമടങ്ങ്‌ ഘനത്വമുള്ള നിറമില്ലാത്ത ഒരു വാതകം. കാര്‍ബണിന്റെ ഏറ്റവും സാധാരണമായ സ്ഥിരതകൂടിയ ഓക്‌സൈഡാണിത്‌. ചെറിയ തരിപ്പ്‌ ഉളവാക്കുന്ന മണവും അമ്ലരുചിയുമുള്ള ഈ വാതകത്തിന്‌ കാര്‍ബോണിക്‌ അമ്ലവാതകമെന്നും പേരുണ്ട്‌. ഈ സംയുക്തത്തിന്റെ ഒരു തന്മാത്രയില്‍ ഒരു കാര്‍ബണ്‍ ആറ്റം രണ്ട്‌ ഓക്‌സിജന്‍ ആറ്റങ്ങളുമായി സഹസംയോജകബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നു. തന്മാത്രാ ഫോര്‍മുല CO2. തന്മാത്രാഭാരം 44.01 ഗ്രാം/മോള്‍. അന്തരീക്ഷവായുവില്‍ 0.03 ശതമാനം മാത്രമാണ്‌ കാര്‍ബണ്‍ഡൈഓക്‌സൈഡ്‌ ഉള്ളത്‌. പൊതുവേ വിഷകരമല്ലെങ്കിലും 10 ശതമാനത്തില്‍ കൂടിയ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ സാന്നിധ്യം അബോധാവസ്ഥയ്‌ക്കു കാരണമാകും. ജന്തുക്കളുടെ ഉച്ഛ്വാസവായുവിലെ ഒരു പ്രധാന ഘടകമാണ്‌ ഈ വാതകം. സസ്യജന്തുഭാഗങ്ങള്‍ ചീഞ്ഞ്‌ അഴുകുമ്പോള്‍ ഇത്‌ പുറത്തുവരുന്നു. പഞ്ചസാരയുടെയും മറ്റും കിണ്വനപ്രക്രിയയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ ഉണ്ടാകുന്നുണ്ട്‌. വാന്‍ ഹെല്‍മണ്ട്‌ (1577-1644) എന്ന ശാസ്‌ത്രജ്ഞനാണ്‌ അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ തിരിച്ചറിഞ്ഞത്‌. ഇദ്ദേഹം ഇതിനെ "സില്‍വിസ്‌ട്രീ' വാതകം എന്നാണ്‌ വിളിച്ചത്‌. പിന്നീട്‌ ജോസഫ്‌ ബ്ലാക്ക്‌ എന്ന ശാസ്‌ത്രജ്ഞന്‍ കാല്‍സ്യം കാര്‍ബണേറ്റിനെ തപിപ്പിച്ച്‌ ഇത്‌ നിര്‍മിച്ചു. പക്ഷേ വാതകത്തിന്‌ ഇദ്ദേഹം നല്‌കിയ പേര്‌ "ഫിക്‌സഡ്‌ എയര്‍' എന്നായിരുന്നു. ഈ വാതകം കാര്‍ബണിന്റെ ഒരു ഓക്‌സൈഡാണെന്നു കണ്ടുപിടിച്ചത്‌ ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞനായ എ.എല്‍. ലവോസിയേ ആണ്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ രാസഘടന കണ്ടുപിടിച്ചതും ലവോസിയേ തന്നെയാണ്‌.

കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ വാതകത്തെ തണുപ്പിച്ച്‌ ദ്രാവകമാക്കാം (O°C ലും 35 അന്തരീക്ഷമര്‍ദത്തിലും). അന്തരീക്ഷ മര്‍ദത്തില്‍ ദ്രാവകം അസ്ഥിരമാണ്‌. 56.6°Cലും അന്തരീക്ഷമര്‍ദത്തിലും കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ ഖരമാകുന്നു. "ഡ്ര ഐസ്‌' (വരണ്ട ഐസ്‌) എന്നാണ്‌ ഖര കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ അറിയപ്പെടുന്നത്‌. ഇത്‌ 78.5°Cല്‍ ഉത്‌പതിക്കുന്നു. ക്രാന്തിക താപനില 31.35°C. ക്രാന്തികമര്‍ദം 73 മില്ലിമീറ്റര്‍.

ഉത്‌പാദനം. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സസ്യങ്ങളിലെ ക്ലോറോഫില്‍ അന്തരീക്ഷത്തില്‍നിന്ന്‌ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ സ്വീകരിച്ച്‌ കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മിക്കുന്നു.

പ്രകൃതിയില്‍ ജീവന്‍ നിലനിര്‍ത്തുന്ന മര്‍മപ്രധാനമായ ഒരു പ്രക്രിയയിലെ സുപ്രധാന ഘടകമായി CO2 പെരുമാറുന്നു. കാര്‍ബണ്‍ അടങ്ങിയ വസ്‌തുക്കളുടെ ജ്വലനം, കാര്‍ബണേറ്റുകളുടെ വിഘടനം, പഞ്ചസാരയുടെ കിണ്വനം, ലോഹഓക്‌സൈഡുകളുടെ നിരോക്‌സീകരണം എന്നീ പ്രക്രിയകളിലൂടെ CO2 നിര്‍മിക്കാം. മാര്‍ബിളും നേര്‍ത്ത ഹൈഡ്രാക്ലോറിക്‌ അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ പരീക്ഷണശാലയില്‍ CO2 നിര്‍മിക്കുന്നു. കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌, ആല്‍ക്കലി കാര്‍ബണേറ്റിന്റെ സാന്ദ്രലായനിയിലോ എഥനോള്‍ അമീനിലോ ലയിപ്പിച്ച്‌, പ്രസ്‌തുത ലായനി നീരാവിയില്‍ ചൂടാക്കി ശുദ്ധമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ ഉത്‌പാദിപ്പിക്കാം. മര്‍ദം ഉപയോഗിച്ച്‌ CO2 വാതകം കട്ടിയുള്ള സിലിണ്ടറുകളില്‍ നിറയ്‌ക്കുന്നു. രാസഗുണങ്ങള്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ സ്വയം ജ്വലിക്കുന്നതോ ജ്വലനസഹായിയോ അല്ല. ഏതാനും ലോഹങ്ങള്‍ (ഉദാ. മഗ്നീഷ്യം) കത്തിച്ചു CO2ല്‍ താഴ്‌ത്തിയാല്‍ അത്‌ തുടര്‍ന്നു കത്തുന്നു.

കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ ജലത്തില്‍ ലയിക്കും. 0°Cല്‍ ഒരു വ്യാപ്‌തം ജലം 1.79 വ്യാപ്‌തം കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ ലയിപ്പിക്കും. മര്‍ദം വര്‍ധിക്കുമ്പോള്‍ ലേയത്വം കൂടുന്നു. കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ജലലായനി ഒരു ദുര്‍ബല അമ്ലമായ കാര്‍ബോണിക്‌ അമ്ലമാണ്‌. ചൂടാക്കുമ്പോള്‍ ഈ അമ്ലം വിഘടിക്കുന്നു.

H2CO3 → H2O + CO2

ക്ഷാരങ്ങളില്‍ CO2 അവശോഷണം ചെയ്യുമ്പോള്‍ കാര്‍ബണേറ്റുകളും ബൈ കാര്‍ബണേറ്റുകളും ഉണ്ടാകുന്നു.

ചുണ്ണാമ്പുവെള്ളത്തിനെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പാല്‍നിറമാക്കുന്നു.

കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ശോധനാപരീക്ഷണമാണിത്‌. അമോണിയ (ഉത്‌പന്നം അമോണിയം കാര്‍ബമേറ്റ്‌), ഉരുകിയ സോഡിയം (ഉത്‌പന്നം സോഡിയം ഓക്‌സലേറ്റ്‌) എന്നിവയുമായി കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ പ്രതിപ്രവര്‍ത്തിക്കും. ഉയര്‍ന്ന താപനിലയില്‍ ക്രമേണ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ വിഘടിക്കുന്നു.

അന്തരീക്ഷമര്‍ദത്തിലും 1300°Cലും വിഘടനം കഷ്‌ടിച്ച്‌ ഒരു ശതമാനം മാത്രമാണ്‌. 3000°Cല്‍ 40 ശതമാനം വരെ വിഘടിക്കും.

ഉപയോഗങ്ങള്‍. ഖര കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ ഐസിനെക്കാള്‍ നല്ല പ്രശീതകമാണ്‌. സോഡിയം കാര്‍ബണേറ്റ്‌, സോഡിയം ബൈകാര്‍ബണേറ്റ്‌ (അപ്പക്കാരം) തുടങ്ങിയ പ്രധാനപ്പെട്ട രാസയൗഗികങ്ങളുടെയും; പെയിന്റ്‌, സോഡാവെള്ളം എന്നിവയുടെയും നിര്‍മാണത്തിന്‌ CO2 ഉപയോഗിക്കുന്നു. CO2 ഒരു അഗ്നിശമന വാതകവുമാണ്‌. CO2 തന്മാത്ര രേഖീയമാണ്‌. അനുനാദഘടനകള്‍ താഴെക്കൊടുക്കുന്നു.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍