This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണ്‍14

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബണ്‍14

Carbon-14

കാര്‍ബണിന്റെ ഒരു റേഡിയോ ആക്‌റ്റീവ്‌ ഐസോടോപ്പ്‌ (C14). ഇതിന്റെ അര്‍ധായുസ്സ്‌ 5730±40 വര്‍ഷം ആണ്‌. 1940ല്‍ മാര്‍ട്ടിന്‍ കാമന്‍, സാം റൂബന്‍ എന്നീ രസതന്ത്രജ്ഞര്‍ ചേര്‍ന്നാണ്‌ കാര്‍ബണ്‍14 കണ്ടെത്തിയത്‌. ഒരു ട്രസര്‍ മൂലകം എന്ന നിലയില്‍ ഈ റേഡിയോ കാര്‍ബണ്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ജലവും സ്വീകരിച്ച്‌ സസ്യങ്ങള്‍ നടത്തുന്ന പ്രകാശസംശ്ലേഷണ(photo synthesis)ത്തിന്റെ സൂക്ഷ്‌മപഠനത്തിന്‌ റേഡിയോ കാര്‍ബണ്‍ ഉപയോഗിക്കുന്നു. പുരാവസ്‌തുക്കളുടെയും മറ്റും പ്രായം കണക്കാക്കുന്നതിന്‌ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്‌ എന്ന കാലനിര്‍ണയന സമ്പ്രദായം ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്‌. ഫോസിലുകളുടെ ഈ പഠനത്തില്‍നിന്ന്‌ സസ്യത്തിന്റെയോ ജന്തുവിന്റെയോ യഥാര്‍ഥ പ്രായം നിര്‍ണയിക്കാന്‍ കഴിയും.

1949ല്‍ വില്ലിയാര്‍ഡ്‌ എഫ്‌. ലിബി എന്ന ശാസ്‌ത്രജ്ഞനാണ്‌ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്‌ ആവിഷ്‌കരിച്ചത്‌. കോസ്‌മിക്‌ രശ്‌മികള്‍ ഉത്‌പാദിപ്പിക്കുന്ന ന്യൂട്രാണുകളും നൈട്രജനും തമ്മിലുള്ള പ്രതിപ്രവര്‍ത്തനഫലമായി, N14(n, p) C14 ഉപര്യന്തരീക്ഷത്തില്‍ C14 രൂപമെടുക്കുന്നു. ഈ കാര്‍ബണ്‍ പിന്നീട്‌ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ ആയി പരിവര്‍ത്തനം ചെയ്യും. സസ്യങ്ങള്‍ C14 അടങ്ങിയ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെയും പ്രകാശസംശ്ലേഷണത്തില്‍ ഉപയോഗപ്പെടുത്തുന്നു. അങ്ങനെ ഈ കാര്‍ബണ്‍ സസ്യങ്ങളിലും സസ്യഭുക്കുകളായ ജന്തുക്കളിലും എത്തിച്ചേരുന്നു. വളര്‍ച്ച നശിച്ച സസ്യജന്തുഭാഗങ്ങള്‍ ചീയാന്‍ തുടങ്ങുമ്പോള്‍ അതിലുള്ള റേഡിയോ കാര്‍ബണിന്‌ അപക്ഷയം സംഭവിക്കുന്നു. റേഡിയോ കാര്‍ബണിന്റെ അര്‍ധായുസ്സ്‌ തിട്ടപ്പെടുത്തിയിട്ടുള്ളതിനാലും റേഡിയോ കാര്‍ബണ്‍ കണ്ടെത്താന്‍ സംവിധാനം ഉള്ളതിനാലും അത്‌ ഉള്‍ക്കൊണ്ടിരിക്കുന്ന വസ്‌തുവിന്റെ ആയുസ്സ്‌ കണ്ടുപിടിക്കാന്‍ കഴിയും. 60,000 വര്‍ഷം വരെ പഴക്കമുള്ള പദാര്‍ഥങ്ങളുടെ ആയുസ്സ്‌ കണ്ടുപിടിക്കാന്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്‌ കൊണ്ടുസാധിക്കും. നരവംശപുരാവസ്‌തുഭൂഗര്‍ഭശാസ്‌ത്രങ്ങളില്‍ C14 വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്നു.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍