This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ബണീകരണം

Carbonisation

താപമോ ക്ഷാരണകാരികളോ (corrosives) ഉപയോഗിച്ച്‌ ഒരു പദാര്‍ഥത്തെ കാര്‍ബണായോ അല്ലെങ്കില്‍ മുഖ്യഭാഗം കാര്‍ബണ്‍ അടങ്ങിയ ഖരാവശിഷ്‌ടമായോ മാറ്റിയെടുക്കുന്ന രാസപ്രക്രിയ. കല്‍ക്കരിയെ കോക്ക്‌ ആക്കിമാറ്റുന്ന പ്രവര്‍ത്തനത്തെയാണ്‌ സാധാരണയായി ഈ പദം കൊണ്ടു വിവക്ഷിക്കുന്നത്‌. ലോഹനിഷ്‌കര്‍ഷണത്തിനും മറ്റുമുള്ള കോക്കിന്റെ നിര്‍മിതിക്കാണ്‌ കാര്‍ബണീകരണരീതി ഉപയോഗിച്ചുവരുന്നത്‌. ആധുനിക രീതിയില്‍ കാര്‍ബണീകരണം, ഹൈഡ്രജനേഷന്‍ എന്നീ രണ്ടു പ്രക്രിയകള്‍ ഒരു സംവൃതവ്യൂഹത്തിനുള്ളില്‍ വച്ചു നടത്തി കാര്‍ബണീകരണം സാധ്യമാക്കുന്നു. അന്തരീക്ഷമലിനീകരണം കുറയ്‌ക്കാന്‍ കഴിയുന്നുവെന്നതും കോക്കിനെ സള്‍ഫര്‍ വിമുക്തമാക്കാന്‍ കഴിയുന്നുവെന്നുമുള്ളതാണ്‌ ഈ രീതിയുടെ മേന്മ. കാര്‍ബണീകരണത്തിന്റെ താപനില 600oCനു മുകളിലല്ല എങ്കില്‍ അതിന്‌ നിമ്‌നതമ കാര്‍ബണീകരണം എന്നു പറയുന്നു. താപനില ഇതിനു മുകളിലായാല്‍ ഉച്ചതമ കാര്‍ബണീകരണം എന്നു പറയാം. ആദ്യത്തെ പ്രക്രിയയില്‍ കല്‍ക്കരി പൂര്‍ണമായും കോക്ക്‌ ആകുന്നില്ല. ഇവിടെ ഉണ്ടാകുന്ന ഉത്‌പന്നം വേഗത്തില്‍ തീ പിടിക്കുന്നതാണ്‌; പുക കുറവും ആയിരിക്കും.

അണുശക്തിനിലയങ്ങളിലേക്കും ചെറുകിടവ്യവസായങ്ങള്‍ക്കും ആവശ്യമായ ഇന്ധനം ഈ രീതിയില്‍ നിര്‍മിക്കുന്നു. ടാര്‍ നിര്‍മാണത്തിനും ഈ രീതിതന്നെ അവലംബിക്കുന്നു. ലോഹനിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്ന വിശിഷ്‌ടഗുണമുള്ള കോക്ക്‌ ഉച്ചതമ കാര്‍ബണീകരണ പ്രക്രിയ മുഖാന്തിരം നിര്‍മിക്കുന്നു. കാര്‍ബണീകരണത്തിലെ ഉത്‌പന്നത്തിന്റെ അളവ്‌ താപനിലയെക്കൂടി ആശ്രയിച്ചിരിക്കും. കാരണം, കല്‍ക്കരിയുടെ വിഘടനത്തെ നിര്‍ണയിക്കുന്ന മുഖ്യശക്തി താപനിലയാണ്‌. താഴ്‌ന്ന താപനിലയില്‍ നിര്‍മിക്കുന്ന കോക്ക്‌ കൂടുതല്‍ പ്രതിപ്രവര്‍ത്തനക്ഷമവും വേഗം തീപിടിക്കുന്നതുമാണ്‌. ഇത്‌ ബ്‌ളാസ്റ്റ്‌ ഫര്‍ണസുകളിലും മറ്റും ഉപയോഗിക്കാന്‍ പറ്റിയതല്ല.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍