This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍പ്പ്‌ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍പ്പ്‌ മത്സ്യം

Carp fish

വലിയ ഒരിനം ശുദ്ധജല ഭക്ഷ്യമത്സ്യം. സൈപ്രിനിഡേ മത്സ്യകുടുംബത്തിലെ അംഗങ്ങളാണ്‌ ഇവ. സൈപ്രിനിഡെ പൊതുവേ കാര്‍പ്പ്‌ കുടുംബം എന്നാണ്‌ അറിയപ്പെടുന്നതെങ്കിലും താരതമ്യേന വലുപ്പം കൂടിയ ഇനങ്ങളെ മാത്രമാണ്‌ കാര്‍പ്പ്‌ മത്സ്യം എന്നു വിളിച്ചുപോരുന്നത്‌. 12 ജീനസ്സുകളിലായി നിരവധി സ്‌പീഷീസ്‌ കാര്‍പ്പ്‌ മത്സ്യങ്ങളുണ്ട്‌. കോമണ്‍ കാര്‍പ്പ്‌, ക്രൂഷ്യന്‍ കാര്‍പ്പ്‌, സില്‍വര്‍ കാര്‍പ്പ്‌, യൂറോപ്യന്‍ കാര്‍പ്പ്‌ തുടങ്ങിയവയാണ്‌ ചില പ്രധാനയിനങ്ങള്‍. ഏതാണ്ട്‌ നേര്‍ത്ത ശരീരം, വെള്ളിപോലെ തിളങ്ങുന്ന ശല്‌കങ്ങള്‍, ശരീരത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ഒരേയൊരു പൃഷ്‌ഠപത്രം, രണ്ടായിപിരിഞ്ഞ വാല്‍ച്ചിറക്‌, വായുടെ ഇരുകോണുകളിലായി കാണപ്പെടുന്ന ഒന്നോ രണ്ടോ ജോടി ചെറു "ബാര്‍ബലു'കള്‍ എന്നിവയാണ്‌ കാര്‍പ്പുകളുടെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍. ഹനുക്കള്‍ പല്ലുകളില്ലാത്തവയാണെങ്കിലും മൂര്‍ച്ചയുള്ള അരികുകളോടുകൂടിയവയാണ്‌. തൊണ്ടയില്‍ കാണപ്പെടുന്ന പല നിരയിലുള്ള പല്ലുകള്‍ ഭക്ഷണം ചവച്ചിറക്കാന്‍ സഹായിക്കുന്നു. "ഫാരിന്‍ജല്‍ റ്റീത്ത്‌' എന്നാണ്‌ ഈ പല്ലുകള്‍ അറിയപ്പെടുന്നത്‌. പലപ്പോഴും ചുണ്ടുകള്‍ക്ക്‌ ഡിസ്‌കിന്റെ ആകൃതിയായിരിക്കും. ഇവ ചൂഷകാംഗങ്ങള്‍ (suckers) ആയി പ്രവര്‍ത്തിക്കുന്നു. കുത്തിയൊഴുകുന്ന നദികളിലെ പാറകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിന്‌ ഇവ സഹായകമാണ്‌.

സില്‍വര്‍ കാര്‍പ്പ്‌ മത്സ്യം

ഏഷ്യയും യൂറോപ്പുമാണ്‌ കാര്‍പ്പിന്റെ ജന്മദേശം. സൈപ്രിനസ്‌ കാര്‍പ്പിയോ (Cyprinus carpio) എന്ന്‌ ശാസ്‌ത്രനാമമുള്ള കോമണ്‍ കാര്‍പ്പ്‌ എഷ്യയിലാണ്‌ ജന്മമെടുത്തത്‌. 12-ാം ശതകത്തില്‍ ഏഷ്യയിലെത്തിച്ചേര്‍ന്ന യൂറോപ്യന്‍ സന്ന്യാസിമാര്‍ മഠങ്ങളിലെ ടാങ്കുകളില്‍ ഈയിനം മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇവരാണ്‌ യൂറോപ്പുവഴി ഇംഗ്ലണ്ടുവരെ ഇതിനെ എത്തിച്ചത്‌. കുറുകേ പരന്ന്‌ സാമാന്യം വലുപ്പമുള്ള ശരീരം, വലിയ ഒരു പൃഷ്‌ഠപത്രം, ചെറിയ ഒരു ഗുദപത്രം, വായുടെ കോണുകളിലെ രണ്ടു ജോടി ബാര്‍ബലുകള്‍, താരതമ്യേന വലിയ ശല്‌കങ്ങള്‍, "പാര്‍ശ്വരേഖ'യില്‍ സാധാരണയായി 3537 ശല്‌കങ്ങള്‍ എന്നിവയാണ്‌ കോമണ്‍ കാര്‍പ്പിന്റെ പൊതുസ്വഭാവങ്ങള്‍. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്നയിനങ്ങളില്‍ ഒന്നുകില്‍ അവിടവിടെയായി വലുപ്പമേറിയ കുറച്ചു ശല്‌കങ്ങള്‍ മാത്രമേ കാണൂ (ഉദാ: മിറര്‍ കാര്‍പ്പ്‌); അല്ലെങ്കില്‍ ശല്‌കങ്ങളേ ഉണ്ടാവില്ല (ഉദാ: ലെതര്‍ കാര്‍പ്പ്‌). വളരെ വലുപ്പം വയ്‌ക്കുന്ന ഇവയ്‌ക്ക്‌ ശരാശരി 1 മീറ്റര്‍ നീളവും 10 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും. ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ ലഭിച്ച ഒരു കാര്‍പ്പിന്‌ 40 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു.

ക്രൂഷ്യന്‍ കാര്‍പ്പ്‌ മത്സ്യം

പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനില്‌ക്കാന്‍ കഴിവുള്ളവയാണ്‌ കാര്‍പ്പുകള്‍. ശൈത്യകാലത്തില്‍ 50ഓ അധികമോ എണ്ണമുള്ള പറ്റങ്ങളായി ഇവ കൂട്ടം കൂടുന്നു. ഈ സമയത്ത്‌ ഇവയുടെ ഉപാപചയനിരക്ക്‌ വളരെ കുറയുന്നതിനാല്‍ ഈ അവസ്ഥയെ "ശിശിരനിദ്ര' (hibernation) എന്നു വിശേഷിപ്പിക്കാം; ഇതിനെ "വിന്റര്‍ ടോര്‍പ്പിഡിറ്റി' എന്നും വ്യവഹരിക്കാറുണ്ട്‌.

തീരെ മലിനമായ ജലത്തില്‍പ്പോലും ജീവിക്കാന്‍ ഇവയ്‌ക്കു പ്രയാസമില്ല. എങ്കിലും വളരെ ചെറിയ ഒഴുക്കുള്ളതും ചെളിക്കെട്ടുള്ള തടത്തോടുകൂടിയതുമായ ജലാശയങ്ങളാണ്‌ ഇവയ്‌ക്കു പ്രിയങ്കരം. ഈ ചെളിയില്‍ ജീവിക്കുന്ന പുഴുക്കളെയും മറ്റു ചെറുജീവികളെയും പുല്ല്‌, പായല്‍ എന്നിവയെയും കാര്‍പ്പ്‌ ഭക്ഷണമാക്കുന്നു. പലപ്പോഴും ഇത്‌ നദികളുടെയും തടാകങ്ങളുടെയും അടിത്തട്ടിലെ ചെടികളും ചെളിയും ഇളക്കി ശല്യം ചെയ്യാറുണ്ട്‌.

അത്യുത്‌പാദനശേഷിയുള്ളവയാണ്‌ കാര്‍പ്പുകള്‍. വേനല്‌ക്കാലാരംഭത്തില്‍ ഒരു പെണ്‍മത്സ്യം പത്തുലക്ഷം മുട്ടവരെ ഇടുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മറ്റു മത്സ്യങ്ങളും ജലജന്തുക്കളും ഈ മുട്ടകളെ ആഹാരമാക്കുന്നതിനാല്‍ പുതിയ തലമുറയിലെ അംഗങ്ങളുടെ എണ്ണം കുറവായിരിക്കും.

നൂറ്റാണ്ടുകളായി ജപ്പാനില്‍ കോമണ്‍ കാര്‍പ്പ്‌ സമൃദ്ധിയുടെ ചിഹ്നമായി കരുതപ്പെടുന്നു. ചൈനയില്‍ നിന്നു ലഭിച്ച വളരെ പുരാതനമായ (500 ബി.സി) ചില രേഖകളില്‍ നിന്നും അക്കാലത്ത്‌ കോമണ്‍ കാര്‍പ്പ്‌ അവിടെ സുലഭമായിരുന്നു എന്നു മനസ്സിലാക്കാം. യൂറോപ്യന്‍ രേഖകളില്‍ ആദ്യമായി കാര്‍പ്പിനെക്കുറിച്ച്‌ കാണുന്നത്‌ ഓസ്റ്റ്രഗോത്ത്‌ രാജാവായ തിയഡോറിക്കിനെക്കുറിച്ചുള്ള കുറിപ്പുകളിലാണ്‌ (എ.ഡി. 475-526). രാജാവിന്റെ നിര്‍ബന്ധത്താല്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായ കാസിഡേറസ്‌ സാമന്തന്മാര്‍ക്ക്‌, കൊട്ടാരത്തിലെ തീന്‍മേശയില്‍ കാര്‍പ്പുകളുടെ എണ്ണം സുലഭമാക്കണമെന്നു നിര്‍ദേശിച്ചുകൊണ്ട്‌ ഒരുത്തരവ്‌ അയച്ചിരുന്നത്ര.

ഇംഗ്ലണ്ടില്‍മാത്രം കാര്‍പ്പിന്റെ 14 സ്‌പീഷീസുകളുണ്ട്‌. ഏഷ്യയിലാണ്‌ ഇവയുടെ എണ്ണം ഏറ്റവും കൂടുതല്‍. യൂറോപ്യന്‍ ഇനങ്ങള്‍ അതിശയകരമായ പല അനുകൂലനവിശേഷങ്ങളും ഉള്ളവയാണ്‌. റാപ്‌ഫെന്‍ എന്നയിനത്തിന്‌ എന്തും തിന്നുന്ന സ്വഭാവവും, അതിനു പറ്റിയതരം കീഴ്‌ത്താടിയുമാണുള്ളത്‌. ബ്രീം, വൈറ്റ്‌ ബ്രീം, വിംബ എന്നിവയുടെ ശരീരം കുറുകേ പരന്നതാണ്‌. ഇത്‌ കൂടുതല്‍ ചടുലവും കാര്യക്ഷമവുമായ ചലനത്തിന്‌ സഹായിക്കുന്നു. ഒഴുക്കുള്ളതും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങളില്‍ കഴിയുന്നതിനു പറ്റിയ അനുകൂലനങ്ങളുള്ളവയും നിരവധിയാണ്‌. ഫോക്‌സിനസ്‌ ഫോക്‌സിനസ്‌ പോലെ സാമാന്യവത്‌കൃതയിനങ്ങളും വളരെയുണ്ട്‌.

ആഫ്രിക്കയിലും ഏഷ്യയുടെ ദക്ഷിണഭാഗങ്ങളിലും സാധാരണമായ കാര്‍പ്പിനങ്ങളാണ്‌ ബാര്‍ബസ്‌, ലേബിയോ, ഗാരാ എന്നീ ജീനസുകളിലെ അംഗങ്ങള്‍. ഇവയെല്ലാം വിവിധതരത്തിലുള്ള അനുകൂലനങ്ങള്‍ പ്രകടമാക്കുന്നു. ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്‌, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രത്യേകയിനമാണ്‌ "ഫ്‌ളയിങ്‌ ബാര്‍ബ്‌' (Esomus danrica). ഇതിന്റെ ശോഷിച്ചതും വെള്ളിപോലെ തിളങ്ങുന്നതുമായ ശരീരത്തില്‍ തിളങ്ങുന്ന ചുവപ്പും വയലറ്റും നിറങ്ങള്‍ കാണാം. ചിറകുപോലെ വലുപ്പമേറിയ ഭുജപത്രങ്ങളാണ്‌ ഫ്‌ളയിങ്‌ ബാര്‍ബ്‌ എന്ന പേരിനു കാരണം. ഈ പത്രങ്ങള്‍ കുറേ ദൂരത്തേക്കു ചാടിവീഴാന്‍ മത്സ്യത്തെ സഹായിക്കുന്നു.

കാര്‍പ്പുകളെ അലങ്കാരമത്സ്യമായും വളര്‍ത്തപ്പെടുന്നുണ്ട്‌. ലേബിയോ ജീനസിലെ അംഗങ്ങളാണ്‌ പ്രധാനമായും അക്വേറിയങ്ങളില്‍ വളര്‍ത്തപ്പെടുന്നത്‌. "റെഡ്‌റ്റെയ്‌ല്‍ഡ്‌ ബ്ലാക്‌ ഷാര്‍ക്‌' എന്നയിനം (Labeo bicolor) കറുത്തു പട്ടുപോലുള്ള ശരീരവും പത്രങ്ങളുംകൊണ്ടു മനോഹരമായ ഒരു മത്സ്യമാണ്‌. ഇതിന്റെ വാല്‍ നല്ല ചുവപ്പായിരിക്കും. 15 സെ.മീ. വരെ നീളം വയ്‌ക്കുന്ന ഈ മീനിന്‌ കീരയില വളരെ ഇഷ്‌ടമാണ്‌. തവിട്ടുനിറമുള്ള ശരീരവും വിളറിയ ചുവന്ന നിറമുള്ള ചിറകുകളുമുള്ള ലേ. ഫ്രനേറ്റസ്‌ (L.frenatus) ഭംഗിയുള്ള മറ്റൊരു അക്വേറിയമത്സ്യമാകുന്നു. ഗോള്‍ഡ്‌ ഫിഷ്‌ അഥവാ സുവര്‍ണ മത്സ്യം (Carassius auratus) മറ്റൊരു പ്രധാന അലങ്കാര കാര്‍പ്പ്‌ മത്സ്യമാണ്‌.

"സ്റ്റോണ്‍ കാര്‍പ്പ്‌' എന്ന്‌ സാധാരണ അറിയപ്പെടുന്ന ഹോമലോപ്‌റ്റെറ ബ്രൂസി (Homaloptera brucei) ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കാണപ്പെടുന്ന ഒരിനമാണ്‌. ഇരുണ്ട തവിട്ടുനിറമുള്ള ഇതിന്റെ ശരീരം മുഴുവന്‍ കൂടുതല്‍ ഇരുണ്ട പാടുകളുണ്ടായിരിക്കും; വാലില്‍ കുറുകേ വീതികൂടിയ "പട്ട'കളും. വക്ഷസ്സു തുടങ്ങി അധരപത്രങ്ങളുടെ പിന്നരികുവരെയും ശല്‌കങ്ങള്‍ ഉണ്ടാവില്ല. വയനാട്‌, തമിഴ്‌നാട്ടിലെ ഭവാനി നദി, ഡാര്‍ജലിങ്‌, ഭൂട്ടാന്‍, അസം, ഖാസിയ കുന്നുകള്‍ എന്നിവിടങ്ങളില്‍ ഈ ഇനം സുലഭമാണ്‌. ഹോമലോപ്‌റ്റെറ മാക്യുലേറ്റ, ഹോമലോപ്‌റ്റെറ ബൈലീനിയേറ്റ എന്നിവയും ഇന്ത്യയില്‍ കണ്ടുവരുന്ന ചില പ്രധാന കാര്‍പ്പ്‌ മത്സ്യങ്ങളാണ്‌.

കോമണ്‍ കാര്‍പ്പിനു പുറമേ കേരളത്തില്‍ സുലഭമായി കാണപ്പെടുന്ന കാര്‍പ്പ്‌ ഇനങ്ങളാണ്‌ കട്ട്‌ല (Catla catla), രോഹു (Labeo rohu), മൃഗാല്‍ (Cirrhana mrigala) എന്നിവ. ഇവ കൂടാതെ സില്‍വര്‍ കാര്‍പ്പ്‌ (Hypophthalmichthys molitrix), ഗ്രാസ്സ്‌ കാര്‍പ്പ്‌ (Ctenopharyngodon idella) എന്നിവയും കേരളത്തില്‍ കാണപ്പെടുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍