This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍പോവ്‌, അനാത്തോളി (1951 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍പോവ്‌, അനാത്തോളി (1951 )

Karpov, Anatoli

അനാത്തോളി കാര്‍പോവ്‌

ലോകചാമ്പ്യനായിരുന്ന റഷ്യന്‍ ചെസ്‌ കളിക്കാരന്‍. ലെനിന്‍ഗ്രാഡില്‍ ഒരു എന്‍ജിനീയറുടെ മകനായി 1951 മേയ്‌ 5നു ജനിച്ചു. നാലാമത്തെ വയസ്സില്‍ത്തന്നെ പിതാവില്‍നിന്നു ചെസ്‌ കളിയുടെ പ്രാഥമിക തത്ത്വങ്ങള്‍ മനസ്സിലാക്കിയ കാര്‍പോവ്‌ ഏഴാം ക്ലാസ്സിലായതുമുതല്‍ സ്‌കൂളിലെ മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്‌തു. ചെസ്‌ കളിയില്‍ പ്രാവീണ്യം നേടുന്നതിനുവേണ്ടി പിന്നീട്‌ ഇദ്ദേഹം യങ്‌ പയനിയര്‍ ക്ലബ്ബില്‍ അംഗമായി ചേര്‍ന്നു.

ക്യൂബയിലെ ചെസ്‌ വിദഗ്‌ധനായ ബ്‌ളാങ്കയുടെ സെലക്‌ടഡ്‌ ഗെയിംസ്‌ എന്ന പുസ്‌തകത്തില്‍ നിന്നാണ്‌ ചെസ്‌ കളിയില്‍ സ്വന്തം ഭാവന വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രചോദനം ഇദ്ദേഹത്തിന്‌ ലഭിച്ചത്‌. പിതാവിന്റെയും ബോട്ട്‌ വിനിക്ക്‌, ഫെര്‍മന്‍ എന്നിവരുടെയും ശിക്ഷണം ഇദ്ദേഹത്തിന്‌ കൂടുതല്‍ സഹായകമായി.

ഒന്‍പതാമത്തെ വയസ്സില്‍ റഷ്യയിലെ ഒന്നാംകിട ചെസ്‌ കളിക്കാരില്‍ ഒരാളായ കാര്‍പോവ്‌ 11-ാമത്തെ വയസ്സില്‍ "കാര്‍ഡിഡേറ്റ്‌ മാസ്റ്ററാ'യി തിരഞ്ഞെടുക്കപ്പെട്ടു. 15-ാമത്തെ വയസ്സില്‍ ചെക്കോസ്ലോവാക്യയില്‍ വച്ച്‌ നടന്ന പുരുഷന്മാര്‍ക്കായുള്ള ടെസ്റ്റ്‌ ടൂര്‍ണമെന്റില്‍ കാര്‍പോവ്‌ ഒന്നാംസ്ഥാനം നേടുകയും "സോവിയറ്റ്‌ മാസ്റ്റര്‍' സ്ഥാനം നേടുകയും ചെയ്‌തു.

സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാര്‍പോവ്‌ മോസ്‌കോ സര്‍വകലാശാലയില്‍ ഗണിതശാസ്‌ത്രത്തില്‍ അധ്യയനം തുടര്‍ന്നു. എന്നാല്‍ ചെസ്‌ കളിയും ഗണിതശാസ്‌ത്രവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന്‌ കാര്‍പോവ്‌ ഗണിതശാസ്‌ത്രപഠനം മതിയാക്കി ലെനിന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന്‌ സാമ്പത്തികശാസ്‌ത്രം ഐച്ഛികമായെടുത്ത്‌ ഉന്നതബിരുദം കരസ്ഥമാക്കി. ഇതോടൊപ്പം ക്ലാസ്സിക്കല്‍ സാഹിത്യത്തില്‍ അറിവ്‌ നേടുകയും ചെയ്‌തു.

1969ല്‍ ചെസ്സില്‍ കാര്‍പോവ്‌ ലോകജൂനിയര്‍ ചാമ്പ്യന്‍ പദവി നേടി. 1970ലാണ്‌ ഇദ്ദേഹം ഗ്രാന്‍ഡ്‌മാസ്റ്ററായത്‌. 1973 മുതല്‍ മികച്ച ചെസ്‌ കളിക്കാരനുള്ള "ചെസ്‌ ഓസ്‌കാര്‍' അവാര്‍ഡ്‌ കാര്‍പോവിന്‌ ലഭിച്ചിരുന്നു. പോളോ ഗാവസ്‌കി, ബോറിസ്‌ സ്‌പാസ്‌കി, കോര്‍ച്ച്‌നോയി എന്നീ ഒന്നാംകിട കളിക്കാരെയെല്ലാം ഇദ്ദേഹം തോല്‌പിച്ചിട്ടുണ്ട്‌. 1995നു ശേഷം മത്സരങ്ങളില്‍ നിന്നു ഭാഗികമായി പിന്മാറി രാഷ്‌ട്രീയത്തില്‍ സജീവമായ കാര്‍പോവ്‌ 2005 മുതല്‍ റഷ്യന്‍ പൊതുസഭയില്‍ അംഗമാണ്‌. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 1960ല്‍ ലോക ചാമ്പ്യന്‍പദവി നേടിയ മിഖായേല്‍ ടോളി (Mikhail Tal)ന്റെ റെക്കോര്‍ഡ്‌ ഭേദിച്ച്‌ 1974ല്‍ തന്റെ 24-ാമത്തെ വയസ്സില്‍ ഇദ്ദേഹം ലോകചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍