This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഥജീന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഥജീന

Cartagena

1. സ്‌പെയിനിന്റെ തെക്കുകിഴക്കേ തീരത്ത്‌ മധ്യധരണ്യാഴിയിലെ ഒരിടുങ്ങിയ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ തുറമുഖനഗരം. മാഡ്രിഡിന്‌ 400 കിലോമീറ്ററോളം തെക്കു കിഴക്കായി മൂര്‍ഷ്യാ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഈ വന്‍തുറമുഖം രാജ്യത്തെ മെഡിറ്ററേനിയന്‍ തീരത്തുള്ള പ്രമുഖനാവികത്താവളവുമാണ്‌. ഉള്‍ക്കടലിന്റെ കവാടമധ്യത്തുള്ള എസ്‌കോംബ്രറ ദ്വീപ്‌ തുറമുഖത്തെ നൈസര്‍ഗികമായി പരിരക്ഷിച്ചുപോരുന്നു. ആഴക്കൂടുതലും ചുറ്റുമുള്ള പാറക്കുന്നുകളിന്മേല്‍ പണിതിട്ടുള്ള കോട്ടകളും പ്രവേശനദ്വാരത്തെ കാക്കുന്ന സായുധക്കപ്പലുകളും നാവികത്താവളത്തിന്റെ സവിശേഷതകളാണ്‌. ജനസംഖ്യ: 2,11,286 (2007).

കാര്‍ഥജീന തുറമുഖ നഗരം

ഐബീരിയാ ഉപദ്വീപിലെ സ്വര്‍ണം, വെള്ളി, കറുത്തീയം, നാകം തുടങ്ങിയവയുടെ സമൃദ്ധനിക്ഷേപങ്ങളാണ്‌ കാര്‍ഥജീനരെ ഇവിടേക്ക്‌ ആകര്‍ഷിച്ചത്‌. ഐബീരിയക്കാരുടേതായിരുന്ന നാവികപ്രമുഖനായ ഹാസ്‌ദ്രുബല്‍ ആണ്‌ ബി.സി. 3-ാം ശതകത്തില്‍ ഒരു നൗകാശയമാക്കി വികസിപ്പിച്ചത്‌. ഐബീരിയാ ഉപദ്വീപില്‍ കാര്‍ഥജീനരുടെ സാമ്രാജ്യത്തിലെ പ്രമുഖ തുറമുഖമായിത്തീര്‍ന്ന ഇതിനെ ഹാസ്‌ദ്രുബല്‍ കാര്‍ത്താഗോ നോവ (New Carthage) എന്നുവിളിച്ചു. ബി.സി. 209ല്‍ റോമാക്കാരുടെ അധീനതയിലായതോടെ ഇത്‌ കൂടുതല്‍ വികസിതമായി. പിന്നീട്‌ ഗോത്തുകള്‍, മൂറുകള്‍ എന്നിവരുടെ അധീനതയിലായി. എ.ഡി. 13-ാം ശതകത്തില്‍ അരഗോണിന്റെ ഭാഗമായിത്തീര്‍ന്നു. തുടര്‍ന്ന്‌ ക്ഷയോന്മുഖമായ നഗരത്തെ 1585ല്‍ ഇംഗ്ലണ്ടിലെ സര്‍ ഫ്രാന്‍സിസ്‌ ഡ്രക്‌ കൊള്ളയടിച്ചു; അതിനുശേഷം ഈ ഭാഗത്തെ ഒരു നാവികത്താവളമായി വികസിപ്പിച്ചത്‌ ഫിലിപ്പ്‌ കക ആണ്‌. 1706ല്‍ ഇംഗ്ലീഷുകാര്‍ ഇവിടം അധീനപ്പെടുത്തി, കാര്‍ഥജീന വാസികള്‍ നെപ്പോളിയനെതിരെ ആദ്യമായി (1808) യുദ്ധത്തിനൊരുങ്ങിയവരില്‍പ്പെടുന്നു. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധകാലത്ത്‌ തുറമുഖം തന്ത്രപ്രധാന കേന്ദ്രവും; നഗരം റിപ്പബ്ലിക്കന്‍ സേനയുടെ ആസ്ഥാനവുമായിരുന്നു.

2. തെക്കേഅമേരിക്കയില്‍ കൊളംബിയയുടെ കരീബിയന്‍ തീരത്തുള്ള തുറമുഖവും ബൊളിവര്‍ ഭരണഘടകത്തിന്റെ ആസ്ഥാനവുമായ നഗരം. വന്‍കരയിലെ ഹൃദയാവര്‍ജകങ്ങളായ നഗരങ്ങളിലൊന്നായ കാര്‍ഥജീനയുടെ ഏറിയപങ്കും ഗെട്‌സെമനി, മേന്‍ഗാ, മന്‍സാനില്ലൊ എന്നീ ദ്വീപുകളിലാണ്‌ വികസിച്ചിട്ടുള്ളത്‌; കുറേഭാഗം വന്‍കരയിലെ ഉപദ്വീപിലുള്ള ലാപോപ്പാ കുന്നിന്‍പുറത്തും. ജനസംഖ്യ: 10,90,000 (2005).

തെക്കേ അമേരിക്കയിലെത്തിയ സ്‌പെയിന്‍കാര്‍ സ്വന്തം രാജ്യത്തെ പട്ടണത്തിന്റെ പേര്‍തന്നെ നല്‌കി സ്ഥാപിച്ച ഈ തുറമുഖം തുടക്കംമുതല്‌ക്കേ പ്രസിദ്ധിപെറ്റതായിരുന്നു. ഇവിടെനിന്നാണ്‌ തെക്കേ അമേരിക്കയുടെ ഉത്തരഭാഗങ്ങളില്‍നിന്ന്‌ ശേഖരിച്ച്‌ നഗരത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്വര്‍ണം, വെള്ളി, രത്‌നക്കല്ലുകള്‍ മുതലായവ ആണ്ടുതോറും സ്‌പെയിനിലേക്കു കയറ്റി അയച്ചിരുന്നത്‌. പാഷണ്ഡികളെ ഭേദ്യം ചെയ്യാനും അടിമക്കച്ചവടം നടത്താനും ഉള്ള കേന്ദ്രമായി വികസിച്ച കാര്‍ഥജീന 1811ല്‍ സ്‌പെയിനില്‍നിന്ന്‌ സ്വാതന്ത്യ്രം പ്രഖ്യാപിച്ച ന്യൂ ഗ്രനഡയിലെ ആദ്യത്തെ നഗരമാണ്‌.

വലിയതോതില്‍ എക്കല്‍ അടിഞ്ഞതിന്റെ ഫലമായി ക്ഷയോന്മുഖമായ തുറമുഖവും ജനസംഖ്യയിലും, വ്യാപാരകാര്യങ്ങളിലും പിന്‍തള്ളപ്പെട്ട നഗരവും 20-ാം ശതകത്തോടെയാണ്‌ പുനരഭ്യുദയം ആര്‍ജിച്ചത്‌. സമീപസ്ഥമായ എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ്‌ തുറമുഖത്തിന്റെ പ്രാധാന്യം വീണ്ടുകിട്ടിയത്‌. പഞ്ചസാര, പുകയിലയില്‍നിന്നുള്ള ഉത്‌പന്നങ്ങള്‍, തുണി, തുകല്‍ സാമഗ്രികള്‍ മുതലായവ നഗരത്തില്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. റെയില്‍മാര്‍ഗവും വ്യോമമാര്‍ഗവും കടല്‍മാര്‍ഗവും ബന്ധപ്പെടാവുന്ന കാര്‍ഥജീന, രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നാണ്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍