This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ത്തേജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ത്തേജ്‌

Carthage

1. ഫിനീഷ്യര്‍ സ്ഥാപിച്ച അതീവ സമ്പന്നവും ലോകത്തിലെ ആദ്യത്തേതുമായ ഒരു നഗരസംസ്ഥാനം. ബി.സി. 814ല്‍ ആഫ്രിക്കയുടെ വടക്കേ തീരത്ത്‌ സ്ഥാപിതമായ കാര്‍ത്തേജ്‌ നഗരത്തെ കേന്ദ്രമാക്കിയാണ്‌ സംസ്ഥാനം അഥവാ കോളനി വികസിച്ചത്‌. പലപ്പോഴും അഴിവിനും ആക്രമണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരുന്ന നഗരം അവസാനമായി എ.ഡി. 698ല്‍ അറബികളാല്‍ സമൂലം നശിപ്പിക്കപ്പെട്ടു. ഫിനീഷ്യന്‍ നാവികര്‍ സിസിലിക്കു സമീപം, ആഫ്രിക്കയുടെ വടക്കേയറ്റത്ത്‌ മെഡിറ്ററേനിയന്‍ കടലിലേക്കുന്തി നില്‌ക്കുന്ന ഭാഗത്ത്‌ സ്ഥാപിച്ച നൗകാശയവും ബന്ധപ്പെട്ട വിപണനകേന്ദ്രവുമാണ്‌ കാര്‍ത്തേജ്‌ നഗരമായി വികസിച്ചത്‌. പില്‌ക്കാലത്ത്‌ ഈ നഗരത്തെ കേന്ദ്രീകരിച്ച്‌ വികസിച്ച കോളനി അഥവാ സംസ്ഥാനം ആഫ്രിക്കയുടെ വടക്കു മെഡിറ്ററേനിയന്‍ തീരത്ത്‌ 2,000 കി.മീ.ല്‍ അധികം ദൂരത്തിലും ഐബീരിയ ഉപദ്വീപിന്റെ പകുതിയോളവും സാര്‍ഡീനിയയിലും കോര്‍സിക്കയുടെ ദക്ഷിണാര്‍ധത്തിലും വ്യാപിക്കുകയുണ്ടായി. ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിന്റെ പശ്ചിമ പ്രാന്തത്തിലായി ഈ അനുപമ സംസ്‌കാരത്തിന്റെ (കാര്‍ത്തേജ്‌ നഗരം) ഭഗ്നാവശിഷ്‌ടങ്ങള്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്‌. നഗരത്തില്‍ നിലവിലിരുന്ന നാണയങ്ങളില്‍ സെമിറ്റിക്‌ ഭാഷയില്‍ ലേഖനം ചെയ്‌തിരുന്ന ഫിനീഷ്യന്‍ നാമം, നവീന നഗരം എന്ന അര്‍ഥം വരുന്ന കാര്‍ഥ്‌ഹദാഷ്‌ത്‌ (Karthadasht)എന്നാണ്‌. ഗ്രീക്കുകാര്‍ ഈ നഗരത്തെ കാര്‍ച്ചഡന്‍ എന്നും റോമാക്കാര്‍ കാര്‍ഥാഗോ എന്നുമാണ്‌ വിളിച്ചിരുന്നത്‌.

കാര്‍ത്തേജിലെ ഒരു റോമന്‍ തിയെറ്ററിന്റെ അവശിഷ്‌ടങ്ങള്‍

വെര്‍ജില്‍ രചിച്ച ഏനീഡ്‌ എന്ന കാവ്യത്തില്‍, ഈ നഗരം സ്ഥാപിച്ചത്‌ ഫിനീഷ്യയിലെ എലിസ അഥവാ ഡിഡോ ആണെന്നു പ്രതിപാദിച്ചിട്ടുണ്ട്‌. സഹോദരനായ പിഗ്‌മാലിയന്‍, തന്റെ ഭര്‍ത്താവായ സിക്കേയസി(Sychaes)നെ വധിച്ചതിനെത്തുടര്‍ന്ന്‌ ടൈര്‍ വിട്ടുപോയ ഡിഡോ ആഫ്രിക്കയുടെ വടക്കേയറ്റത്തു സ്ഥാപിച്ച ഈ ചെറു രാജ്യത്തിലെ പ്രജകള്‍ പിനി (Poeni) എന്നാണ്‌ ലാറ്റിന്‍ ഭാഷയില്‍ അറിയപ്പെട്ടിരുന്നത്‌. ഫിനീഷ്യയില്‍നിന്ന്‌ വ്യുത്‌പന്നമായ പിനി എന്ന പദത്തില്‍നിന്നാണ്‌ പ്യൂണിക്‌ എന്ന വിശേഷണശബ്‌ദം രൂപംകൊണ്ടത്‌. നോ. പ്യൂണിക്‌ യുദ്ധം

ഒരു രാജ്യത്തെ മുഴുവനും ഭരിച്ചുപോന്ന ലോകത്തിലെ ആദ്യത്തെ നഗര സംസ്ഥാനമാണ്‌ കാര്‍ത്തേജ്‌ എന്നു കരുതപ്പെടുന്നു. കാര്‍ത്തേജുകാര്‍ സാമ്രാജ്യമോഹികളോ യുദ്ധക്കൊതിയന്മാരോ ആയിരുന്നില്ല. വ്യാപാരകാര്യങ്ങളില്‍ അതീവ തത്‌പരരായിരുന്നതിനാല്‍ അവശ്യം വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ സൈനികശക്തി ഉപയോഗിക്കാനും അവര്‍ മടിച്ചിരുന്നില്ല. ടൂണിസ്‌ ഉള്‍ക്കടലിന്റെ തലപ്പത്ത്‌ ഭൂപ്രകൃതിപരമായി തികച്ചും സൗകര്യപ്രദമായ ഭാഗത്താണ്‌ ഈ തുറമുഖപട്ടണം സ്ഥാപിച്ചിരുന്നത്‌. കടലിലേക്ക്‌ ഉന്തിനില്‌ക്കുന്ന ഉപദ്വീപിന്റെ തുമ്പത്ത്‌ വികസിച്ച പട്ടണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ ടൂണിസ്‌ കായല്‍. മത്സ്യസമ്പന്നമായ കായലിനെ സുരക്ഷിതമായ ഒരു നൗകാശയമാക്കി വികസിപ്പിച്ചിരുന്നു. 9 മീ. വീതിയിലും 12 മീ. ഉയരത്തിലും ദീര്‍ഘചതുരാകൃതിയില്‍ കോട്ടകെട്ടി, ഉള്‍ക്കടലില്‍ കൃത്രിമമായി നിര്‍മിച്ചിരുന്ന നൗകാശയത്തില്‍ വ്യാപാരക്കപ്പലുകളും ഇതിന്റെ ഉള്ളിലായി വൃത്താകൃതിയില്‍ മറ്റൊരു കോട്ടയാല്‍ സംരക്ഷിതമായിരുന്ന രണ്ടാമത്തെ നൗകാശയത്തില്‍ (Tunis lake) യുദ്ധക്കപ്പലുകളും നങ്കൂരമടിച്ചിരുന്നു. കടല്‍ക്കരയിലെ ഒരു ചെറുകുന്നിന്‍മുകളില്‍, ഡിഡോ നിര്‍മിച്ചുവെന്നു കരുതപ്പെടുന്ന ബൈര്‍സ എന്ന അതിപ്രാചീനമായ കോട്ടയുടെ അവശിഷ്‌ടങ്ങളും ഈ കുന്നിന്റെ തെക്കുകിഴക്കായി, കാര്‍ത്തേജുകാരുടെ ഐശ്വര്യദേവതയായ താനിറ്റിന്റെ പ്രീതിക്കായി ബലികഴിക്കപ്പെട്ട കുട്ടികളുടെ ശവകുടീരങ്ങള്‍ മുതലായവയും കണ്ടെത്തിയിട്ടുണ്ട്‌. "താനിറ്റിന്റെ ഇടവക' എന്നറിയപ്പെട്ടിരുന്ന ഈ മേഖലയിലെ മണ്‍പടലങ്ങള്‍ പ്യൂണിക്‌ ചരിത്രത്തിന്റെ മിക്കവാറും പൂര്‍ണമായ രൂപം കാഴ്‌ചവക്കാന്‍ പര്യാപ്‌തമാണ്‌.

ഫിനീഷ്യന്‍ നഗരങ്ങളില്‍ കാര്‍ത്തേജ്‌ ഏറ്റവും പ്രശസ്‌തമായിരുന്നെങ്കിലും ഏറ്റവും പ്രാചീനമായിരുന്നില്ല. പില്‌ക്കാലത്ത്‌ ഈ നഗരം സംസ്ഥാനത്തില്‍ ലയിച്ചെങ്കിലും, ഇതിനു പടിഞ്ഞാറായുണ്ടായിരുന്ന യൂട്ടിക്ക ബി.സി. 1100ല്‍ ആണ്‌ സ്ഥാപിതമായത്‌. കാര്‍ത്തേജിന്റെ വടക്കുഭാഗം മെഡിറ്ററേനിയന്‍ കടലിലെ ഏറ്റവും ഇടുങ്ങിയ ഭാഗമായതിനാല്‍ ഇവിടെനിന്ന്‌ ഫിനീഷ്യര്‍ക്കു കടലില്‍ റോന്തു ചുറ്റുന്നതിനും, മറ്റു ശക്തികളുടെ നൗകകള്‍ ഇവിടം കടന്നുപോകുന്നതു തടയുന്നതിനും കഴിഞ്ഞിരുന്നു. പട്ടണത്തിന്റെ കാര്‍ഷിക പ്രധാനമായ പശ്ചപ്രദേശം ആധുനിക ടുണീഷ്യയോളം വിസ്‌തൃതമായിരുന്നു. യൂട്ടിക്ക, ഹ്രാദമതും, ലെപ്‌റ്റിസ്‌, ഹിപ്പോ, ലിക്‌സിയസ്‌ തുടങ്ങി ആഫ്രിക്കന്‍ തീരത്തെ പല പ്രാചീന നഗരങ്ങളും ഉള്‍ക്കൊണ്ടിരുന്നതാണ്‌ കാര്‍ത്തേജ്‌നഗരസംസ്ഥാനം. ഉത്തരാഫ്രിക്ക, സ്‌പെയിന്‍ (ഐബീരിയാ ഉപദ്വീപ്‌) എന്നിവിടങ്ങളിലുണ്ടായിരുന്ന വെള്ളിഖനികളായിരുന്നു കാര്‍ത്തേജിന്റെ പുരോഗതിക്കാധാരം.

കുട്ടികളുടെ ശവകുടീരങ്ങള്‍-കാര്‍ത്തേജ്‌

2. യു.എസ്സില്‍ ഘടകസംസ്ഥാനമായ മിസൗറിയുടെ തെക്കു പടിഞ്ഞാറേയറ്റത്തായി, സ്‌പ്രിങ്‌ നദിക്കരയിലുള്ള ഒരു പട്ടണം. 1842ല്‍ ജാസ്‌പര്‍ കൗണ്ടിയുടെ ആസ്ഥാനപദവി ലഭിച്ചതോടെയാണ്‌ പ്രാചീന ഫിനീഷ്യന്‍ സംസ്‌കാരത്തെ അനുസ്‌മരിച്ച്‌ നഗരത്തിന്‌ കാര്‍ത്തേജ്‌ എന്നു പേര്‍ നല്‌കപ്പെട്ടത്‌. അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്‌ (1863) തന്നെ വികലമാക്കപ്പെട്ട നഗരം 1866ല്‍ പുനരുദ്ധരിക്കപ്പെട്ടു. കാര്‍ഷിക, ഗവ്യോത്‌പന്നങ്ങള്‍ക്കു പുറമേ പാദരക്ഷ, വസ്‌ത്രം, സ്‌ഫോടകപദാര്‍ഥങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തിലും നഗരം പുരോഗതി ആര്‍ജിച്ചുവരുന്നു. ജനസംഖ്യ: 12,668 (2000).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍