This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ത്തൂസിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ത്തൂസിയര്‍

Carthusian Order

ഒരു റോമന്‍ കത്തോലിക്കാ സന്ന്യാസിസംഘം. കൊളോണിലെ വിശുദ്ധ ബ്രൂണോ ആണ്‌ 1084ല്‍ ആദ്യത്തെ കാര്‍ത്തൂസിയന്‍ സംഘം സ്ഥാപിച്ചത്‌. ഫ്രാന്‍സിലെ ഗ്രീനോബിളിനു വടക്കുള്ള ഷാര്‍ത്രസ്‌ (Chartreuse) പര്‍വതനിരകള്‍ ആസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ്‌ ഈ സംഘത്തിന്‌ കാര്‍ത്തൂസിയര്‍ എന്ന പേരുസിദ്ധിച്ചത്‌. വിശുദ്ധ ബ്രൂണോയുടെ സഭ (order of St. Bruno) എന്നും അറിയപ്പെടുന്നു.

സ്‌പെയിനിലെ ഒരു കാത്തോലിക്കാ മതപഠനകേന്ദ്രം

ഈശ്വരസാക്ഷാത്‌കാരം ജീവിതലക്ഷ്യമാക്കിയിട്ടുള്ള കാര്‍ത്തൂസിയന്‍ സന്ന്യാസിമാര്‍ ചെറിയ മഠങ്ങളില്‍ താമസിക്കുന്നു. ധ്യാനത്തിലും പഠനത്തിലും കഴിഞ്ഞുകൂടുന്ന ഇവര്‍ മഠങ്ങളുടെ പരിസരങ്ങളിലുള്ള ചെറുകൃഷിത്തോട്ടങ്ങളില്‍ കൂട്ടപ്രാര്‍ഥനയ്‌ക്കു കൂടുന്നതൊഴിച്ചാല്‍ അധികസമയവും ഏകാന്തതയിലാണ്‌ കഴിയുന്നത്‌. ആഴ്‌ചയില്‍ ഒരു പ്രാവശ്യം മൂന്നോ നാലോ മണിക്കൂര്‍ സന്ന്യാസിമാര്‍ ഏകാന്തത ഭഞ്‌ജിക്കും. ഈ സമയം ഇവര്‍ ഒരുമിച്ചു നടക്കാറുണ്ട്‌.

1092ല്‍ ഇറ്റലിയില്‍ കലാബ്രിയയിലെ ലാടോറെയില്‍ രണ്ടാമത്തെ കാര്‍ത്തൂസിയന്‍ സംഘം സ്ഥാപിക്കപ്പെട്ടു. 12-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലും വന്‍കരയിലുമായി രണ്ടു സന്ന്യാസി മഠങ്ങളടക്കം 38 കാര്‍ത്തൂസിയന്‍ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു. നവോത്ഥാനകാലത്ത്‌ ഈ സംഘത്തിനു വലിയ പരാജയങ്ങളുണ്ടായി. ഇക്കാലത്ത്‌ ഇംഗ്ലണ്ട്‌, ഹോളണ്ട്‌, ഫ്രാന്‍സ്‌, ആസ്‌ട്രിയ, യുഗോസ്ലാവിയ എന്നിവിടങ്ങളില്‍ അമ്പതില്‍ അധികം പുരോഹിതന്മാര്‍ കൊല്ലപ്പെട്ടു. ആദ്യത്തെ കാര്‍ത്തൂസിയന്‍ സ്ഥാപനം പോലും നാശത്തിനിരയായി. 1676ല്‍ സംഘം നാശനഷ്‌ടങ്ങള്‍ പരിഹരിച്ച്‌ പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ സംഘത്തിന്റെ വകയായി 173 സന്ന്യാസി സമൂഹങ്ങളുണ്ടായിരുന്നു. 18-ാം ശതകത്തില്‍ ആസ്‌ട്രിയ, ടസ്‌കനി, വെനീസ്‌ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ കാര്‍ത്തൂസിയന്‍ സമൂഹങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. ഫ്രാന്‍സില്‍ വിപ്ലവകാലഘട്ടത്തിലും നെപ്പോളിയന്റെ ഭരണകാലത്തും 19-ാം ശതകത്തില്‍ സ്‌പെയിന്‍, പോര്‍ട്ടുഗല്‍, സ്വിറ്റ്‌സര്‍ലണ്ട്‌ എന്നിവിടങ്ങളിലും കാര്‍ത്തൂസിയന്‍ സ്ഥാപനങ്ങള്‍ പീഡനങ്ങള്‍ക്കു വിധേയമായി. 20-ാം ശതകത്തിന്റെ ആരംഭത്തില്‍ ഫ്രാന്‍സില്‍നിന്നു പുറത്താക്കപ്പെട്ട ആദ്യത്തെ സമൂഹം ഇറ്റലിയിലെ ഫാര്‍നെറ്റയില്‍ പുനഃസ്ഥാപിക്കപ്പെട്ടു.

കാര്‍ത്തൂസിയന്‍ സമൂഹങ്ങളുടെ നടത്തിപ്പിന്‌ വിശുദ്ധ ബ്രൂണോ നിയമങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. 1109 മുതല്‍ 1136 വരെ പ്രയോറായിരുന്ന ഡോം ഗുയിഗോയാണ്‌ കാര്‍ത്തൂസിയന്‍ സമൂഹത്തിനാവാശ്യമായ ചട്ടങ്ങള്‍ ക്രാഡീകരിച്ചത്‌. ഇതിന്‌ 1133ല്‍ ഇന്നസെന്റ്‌ 11 അംഗീകാരം നല്‌കി. 1924ല്‍ ഈ ചട്ടങ്ങള്‍ അവസാനമായി പരിഷ്‌കരിക്കപ്പെട്ടു. ഇന്ന്‌ മിക്ക ലോകരാഷ്‌ട്രങ്ങളിലും കാര്‍ത്തൂസിയന്‍ സംഘത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍