This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ത്തികേയന്‍, നാരായണ്‍ (1977 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ത്തികേയന്‍, നാരായണ്‍ (1977 - )

അന്താരാഷ്‌ട്രാ "ഫോര്‍മുലവണ്‍' കാറോട്ടമത്സരത്തില്‍ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യാക്കാരന്‍. പ്രശസ്‌ത കാര്‍റാലി താരമായിരുന്ന ജി.ആര്‍. കാര്‍ത്തികേയന്റെയും ഷീല കാര്‍ത്തികേയന്റെയും മകനായി 1977 ജനു. 14ന്‌ മദ്രാസില്‍ ജനിച്ചു.

നാരായണ്‍ കാര്‍ത്തികേയന്‍

കോയമ്പത്തൂരിലെ സ്റ്റെയിന്‍സ്‌ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു കാര്‍ത്തികേയന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പഠനകാലത്തുതന്നെ കാറോട്ടമത്സരങ്ങളില്‍ അതീവ താത്‌പര്യം കാണിച്ച കാര്‍ത്തികേയന്റെ ആദ്യത്തെ പരിശീലകന്‍ സ്വന്തം പിതാവ്‌ തന്നെയായിരുന്നു (ദക്ഷിണേന്ത്യന്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്‌ ഏഴു പ്രാവശ്യം നേടിയിട്ടുള്ളയാളാണ്‌ പിതാവ്‌ ജി.ആര്‍. കാര്‍ത്തികേയന്‍). ഇന്ത്യയിലെ പ്രസിദ്ധ ഓപ്പണ്‍വീല്‍ കാറോട്ടമത്സരമായ ഫോര്‍മുല മാരുതി മത്സരത്തില്‍ നാരായണ്‍ കാര്‍ത്തികേയന്‍ ചെറിയ പ്രായത്തില്‍ത്തന്നെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തി. പിന്നീട്‌ 16-ാമത്തെ വയസ്സില്‍ ഫ്രാന്‍സിലെ പ്രസിദ്ധ കാറോട്ട പരിശീലനകേന്ദ്രമായ എല്‍ഫ്‌ ഫീല്‍ഡ്‌ റേസിങ്‌ സ്‌കൂളില്‍ പരിശീലനത്തിനു ചേര്‍ന്നു.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനവും യൂറോപ്പിലെ മികച്ച മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ഇതുവഴി കാര്‍ത്തികേയന്‌ ലഭിച്ചു. ഫോര്‍മുല മാരുതി മത്സരത്തിലും ബ്രിട്ടനിലെ ഫോര്‍മുല വോക്‌സ്‌ ഹാള്‍ ജൂനിയര്‍ മത്സരത്തിലും മികച്ച പ്രകടനങ്ങള്‍ ഇക്കാലത്ത്‌ നടത്തി.

1994ല്‍ ബ്രിട്ടീഷ്‌ ഫോര്‍മുല ഫോര്‍ഡ്‌വിന്റെര്‍ സീരീസില്‍ വിജയിച്ചതാണ്‌ കാര്‍ത്തികേയന്റെ ആദ്യത്തെ മികച്ച വിജയം. 1996ല്‍ ഫോര്‍മുല ഏഷ്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്‌ നാരായണ്‍ കാര്‍ത്തികേയനെ കൂടുതല്‍ പ്രശസ്‌തനാക്കി. ഈ നേട്ടങ്ങളെല്ലാം കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായിരുന്നു കാര്‍ത്തികേയന്‍.

1998ല്‍ യൂറോപ്പിലെ പ്രമുഖ മത്സരമായ ബ്രിട്ടീഷ്‌ ഫോര്‍മുല ത്രീ മത്സരത്തില്‍ കാര്‍ലിന്‍ മോട്ടോര്‍ സ്‌പോര്‍ട്ട്‌സ്‌ ടീമിന്റെ ഡ്രവറായി മത്സരിച്ച കാര്‍ത്തികേയന്‍ 1998ലും 99ലും ഈ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി. 1999 സീസണില്‍ രണ്ട്‌ പോള്‍ പൊസിഷനുകള്‍, മൂന്നു പ്രാവശ്യം വേഗത കൂടിയ ലാപ്പുകള്‍ (fastest laps), രണ്ട്‌ ലാപ്‌ റെക്കോര്‍ഡുകള്‍ എന്നിവയോടെ 30 പേര്‍ മത്സരിച്ചതില്‍ 6-ാം സ്ഥാനം നേടി. അതേ വര്‍ഷം തന്നെ ഏറ്റവും കഠിനമായ കാറോട്ട മത്സരമായി വിശേഷിപ്പിക്കപ്പെടുന്ന ബ്രാന്‍ഡ്‌ ഹാച്ച്‌ റേസില്‍ കാര്‍ത്തികേയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2000ല്‍ ചൈനയില്‍ വച്ചുനടന്ന മാക്കു ഗ്രാന്‍പ്രീ, ബ്രിട്ടീഷ്‌ എഫ്‌ ത്രി, കൊറിയ സൂപ്പര്‍ പ്രീ എന്നീ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കാര്‍ത്തികേയനു കഴിഞ്ഞു. 2001ല്‍ ഫോര്‍മുല വണ്‍ ടീമായ ജാഗ്വര്‍ റേസിങ്‌ ടീമിന്റെ ടെസ്റ്റ്‌ ഡ്രവറായി നിയമിതനായി. 2002ല്‍ സ്‌പെയിനില്‍ വച്ചുനടന്ന ടെലിഫോണിക്ക ലോക സീരീസില്‍ ഏറ്റവും മികച്ച ഡ്രവര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കാര്‍ത്തികേയന്‍ ഇതേ ചാമ്പ്യന്‍ഷിപ്പില്‍ 2003ല്‍ 4-ാം സ്ഥാനവും 2004ല്‍ 6-ാം സ്ഥാനവും നേടി.

ലോകത്തെ ഏറ്റവും മികച്ച 20 ടീമുകള്‍ മത്സരിക്കുന്ന ഫോര്‍മുലവണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 2005ലാണ്‌ കാര്‍ത്തികേയന്‍ അരങ്ങേറിയത്‌. പ്രസിദ്ധമായ ജോര്‍ദാന്റെ ടീമിലെ പ്രധാന താരമായിരുന്നു കാര്‍ത്തികേയന്‍. വിഖ്യാതനായ മൈക്കേല്‍ ഷൂമാക്കര്‍ ഒന്നാംസ്ഥാനം നേടിയ ആ ചാമ്പ്യന്‍ഷിപ്പില്‍ 18-ാം സ്ഥാനമാണ്‌ കാര്‍ത്തികേയനു ലഭിച്ചത്‌.

2006-07 വര്‍ഷങ്ങളിലെ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വില്യംസ്‌ ടീമിന്റെ ടെസ്റ്റ്‌ ഡ്രവറായിരുന്നു കാര്‍ത്തികേയന്‍. 2006 മുതല്‍ എ വണ്‍ ഗ്രാന്‍പ്രീ മത്സരങ്ങളിലും ലീമാന്‍സ്‌ സീരീസ്‌ കാറോട്ടമത്സരങ്ങളിലും വിവിധ ടീമുകളില്‍ മത്സരിച്ച കാര്‍ത്തികേയന്‍ ബ്രിട്ടീഷ്‌ ചൈനീസ്‌ എ വണ്‍ ഗ്രാന്‍പ്രീകള്‍ യഥാക്രമം 2007, 08 വര്‍ഷങ്ങളില്‍ വിജയിച്ചു.

മാനേജ്‌മെന്റില്‍ ബിരുദധാരിയായ നാരായണ്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ എന്‍.കെ. റേസിങ്‌ അക്കാദമി എന്നൊരു പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്‌. കാറോട്ട മത്സരരംഗത്ത്‌ ഇന്ത്യന്‍ കായികരംഗത്തിന്‌ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്ത കാര്‍ത്തികേയനെ 2010ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ ബഹുമതി നല്‌കി ആദരിച്ചു.

(തോട്ടം രാജശേഖരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍