This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ത്തികപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ത്തികപ്പള്ളി

ആലപ്പുഴ ജില്ലയിലെ ഒരു താലൂക്ക്‌. വിസ്‌തൃതി 224.66 ച.കി.മീ.; ജനസംഖ്യ: 4,07,281 (2001) ചെറുതന, ചിങ്ങോലി, ഹരിപ്പാട്‌, കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, പള്ളിപ്പാട്‌, വീയപുരം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ചേപ്പാട്‌, കണ്ടല്ലൂര്‍, മുതുകുളം, കീരിക്കാട്‌ (ഭാഗികം), പുതുപ്പള്ളി (ഭാഗികം), കൃഷ്‌ണപുരം (ഭാഗികം), പത്തിയൂര്‍ (ഭാഗികം) എന്നീ വില്ലേജുകള്‍ ഈ താലൂക്കില്‍പ്പെടുന്നു. ഹരിപ്പാടാണ്‌ താലൂക്കിന്റെ ആസ്ഥാനം.

കാര്‍ത്തികപ്പള്ളി കൊട്ടാരം

നാഷണല്‍ ഹൈവേ 47ഉം കൊല്ലം മുതല്‍ വടക്കോട്ടുള്ള ജലഗതാഗതമാര്‍ഗവും ഈ താലൂക്കില്‍ കൂടിയാണ്‌ കടന്നുപോകുന്നത്‌. വള്ളങ്ങളും ബോട്ടുകളും സഞ്ചരിക്കുന്ന തോടുകളും നദികളുടെ കൈവഴികളും താലൂക്കിന്റെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കുന്നു.

ഹരിപ്പാട്‌ സുബ്രഹ്മണ്യ ക്ഷേത്രം, മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം, നങ്യാര്‍കുളങ്ങര ദേവീക്ഷേത്രം, ഏവൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രം, ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി, താമല്ലാക്കല്‍ മുസ്ലീംപള്ളി തുടങ്ങിയ ആരാധനാലയങ്ങളും അപൂര്‍വങ്ങളായ പുരാവസ്‌തുശില്‌പങ്ങള്‍ നിറഞ്ഞ കൃഷ്‌ണപുരം കൊട്ടാരവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

പമ്പാനദിയും അച്ചന്‍കോവിലാറും ആണ്‌ യഥാക്രമം താലൂക്കിന്റെ വടക്കും കിഴക്കും അതിര്‍ത്തിയാവുന്നത്‌. പായിപ്പാട്ടു ജലോത്സവം അച്ചന്‍കോവിലാറിന്റെ ഒരു കൈവഴിയിലാണ്‌ നടത്തുന്നത്‌.

സെന്റ്‌ ജോര്‍ജ്‌ പള്ളി-ചേപ്പാട്‌

ചരിത്രം. മധ്യകാല കേരളത്തിലെ ഒരു ചെറു നാട്ടുരാജ്യവും ഇതേ പേരിലറിയപ്പെടുന്നു. "മാര്‍ത്ത' എന്ന പേരില്‍ ഡച്ചുകാര്‍ വിളിച്ചിരുന്ന കാര്‍ത്തികപ്പള്ളി രാജ്യം കൊല്ലത്തിനും പുറക്കാട്ടിനുമിടയ്‌ക്കായി കടലോരത്തോടു ചേര്‍ന്നാണ്‌ കിടന്നിരുന്നത്‌. ഡച്ച്‌ ക്യാപ്‌റ്റനായിരുന്ന ന്യൂഹോഫ്‌ ഈ രാജ്യത്തെ പരാമര്‍ശിക്കാന്‍ "മാര്‍ത്ത', "മാര്‍ത്തന്‍' (Pleiades) എന്നീ പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്‌. ഡച്ച്‌ ഗവര്‍ണറായിരുന്ന ഗൊള്ളെനെസിന്റെ അഭിപ്രായത്തില്‍ "മാര്‍ത്ത' രണ്ടുചെറുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു; കാര്‍നോപോളി (Carnopoly) യും കരിമ്പാലി (Carimbalie) യും. കരിമ്പാലിയെ വെട്ടിമന (Vetimana) എന്നും വിളിച്ചുപോരുന്നതായി ഗൊള്ളെനെസ്‌ രേഖപ്പെടുത്തുന്നു. കാര്‍നോപോളിയുടെ സ്ഥാനം കൊല്ലത്തിനും കായംകുളത്തിനുമിടയ്‌ക്കായിരുന്നു; കരിമ്പാലിയുടേതാകട്ടെ കായംകുളത്തിനും പുറക്കാടിനുമിടയ്‌ക്കും.

കൊച്ചിരാജ്യചരിത്രത്തിന്റെ കര്‍ത്താവായ കെ.പി. പദ്‌മനാഭമേനോന്‍ കാര്‍നോപോളിയെ കരുനാഗപ്പള്ളിയായും കരിമ്പാലിയെ കാര്‍ത്തികപ്പള്ളിയായും രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ കരുനാഗപ്പള്ളിയുടെ തലസ്ഥാനമായിരുന്നു "മാര്‍ത്ത' അഥവാ മരുതൂര്‍കുളങ്ങര എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ രാജ്യത്തിന്റെ പേരും തലസ്ഥാനവും "മാര്‍ത്ത' എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായിട്ടാണ്‌ ന്യൂഹോഫിന്റെ സൂചന.

ന്യൂഹോഫിന്റെ അഭിപ്രായത്തില്‍, മാര്‍ത്തയോടു തൊട്ടുകിടന്നിരുന്ന രാജ്യം "ബട്ടിമ' ആയിരുന്നു. തലസ്ഥാനം കാത്യാപേരി (Katiyapery)യും. ബട്ടിമ ഗൊള്ളെനെസ്‌ സൂചിപ്പിക്കുന്ന വെട്ടിമന അഥവാ കരിമ്പാലി ആണെന്ന്‌ അനുമാനിക്കാം; കാത്യാപേരി കാര്‍ത്തികപ്പള്ളിയും. ന്യൂഹോഫിന്റെ വിവരണപ്രകാരം മാര്‍ത്തയും ബട്ടിമയും സ്വതന്ത്ര രാജ്യങ്ങളാണ്‌.

ഡച്ചുകാര്‍ കാര്‍ത്തികപ്പള്ളിയില്‍ വാണിജ്യാര്‍ഥം ഒരു ഫാക്‌ടറി സ്ഥാപിച്ചിരുന്നു. 1664ല്‍ ന്യൂഹോഫ്‌ ഇവിടെ എത്തുകയും സിലോണിലെ ഡച്ച്‌ ഗവര്‍ണറായിരുന്ന ജെയിംസ്‌ ഹസ്റ്റാര്‍ട്ടില്‍നിന്നുള്ള ഒരു സന്ദേശം കാര്‍ത്തികപ്പള്ളി രാജാവിനു നല്‌കുകയും ചെയ്‌തു. ഡച്ചുകാരും കാര്‍ത്തികപ്പള്ളിയുമായുണ്ടായിരുന്ന സൗഹൃദത്തെ ഈ കത്തില്‍ പരാമര്‍ശിച്ചിരുന്നു.

മുസ്‌ലിം കച്ചവടക്കാര്‍ ഇക്കാലത്ത്‌ കാര്‍ത്തികപ്പള്ളിയില്‍ നിന്ന്‌ കുരുമുളകും മറ്റും കണ്ണൂരിലേക്കു കടത്തിക്കൊണ്ടു പോന്നിരുന്നതായി ന്യൂഹോഫ്‌ രേഖപ്പെടുത്തുന്നു. രാജാവിന്റെ നിര്‍ദേശാനുസരണം കൊട്ടാരത്തിലെത്തിയ ന്യൂഹോഫിന്‌ മറ്റാളുകളുടെ കൂട്ടത്തില്‍ ഈ മുസ്‌ലിം കച്ചവടക്കാരെയും കാണാന്‍ കഴിഞ്ഞു. ന്യൂഹോഫുമായി കച്ചവടസംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുവാന്‍ മൂന്നുപേരെ രാജാവ്‌ നിയോഗിച്ചതില്‍ രണ്ടുപേര്‍ ഈ മുസ്‌ലിങ്ങളായിരുന്നു. എന്നാല്‍ ന്യൂഹോഫ്‌ മുസ്‌ലിങ്ങളോട്‌ സംസാരിക്കുവാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ ന്യൂഹോഫിനു പറയുവാനുള്ളതെല്ലാം എഴുതി തനിക്കുസമര്‍പ്പിക്കുവാന്‍ രാജാവ്‌ അനുമതി നല്‌കി.

രാജാവിന്റെ നിര്‍ദേശപ്രകാരം തന്റെ കുറിപ്പ്‌ സദസ്സില്‍ വച്ചുതന്നെ ന്യൂഹോഫ്‌ വായിച്ചു കേള്‍പ്പിച്ചു. ഡച്ചുകാര്‍ക്കു വമ്പിച്ച വാണിജ്യാനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്ന ഇതിന്റെ ഉള്ളടക്കമറിഞ്ഞതോടെ മുസ്‌ലിം കച്ചവടക്കാര്‍ ശക്തമായി പ്രതിഷേധിച്ചു. കൂടാതെ പ്രസ്‌തുത നിര്‍ദേശങ്ങള്‍ രാജാവിന്റെയും രാജ്യത്തിന്റെയും താത്‌പര്യത്തിന്‌ വിരുദ്ധമായിരിക്കുമെന്ന കാര്യം പിറ്റേദിവസം രാജദൂതന്മാര്‍ ന്യൂഹോഫിനെ അറിയിക്കുകയും ചെയ്‌തു. ഇതുസംബന്‌ധിച്ച്‌ നിരവധി കത്തുകള്‍ രാജാവും ന്യൂഹോഫും തമ്മില്‍ കൈമാറി. ഡച്ചുകാര്‍ക്ക്‌ എത്രമാത്രം കുരുമുളക്‌ ആവശ്യമായി വരുമെന്ന രാജാവിന്റെ ചോദ്യത്തിന്‌, രാജ്യത്ത്‌ വിളയുന്ന കുരുമുളക്‌ മുഴുവന്‍ വാങ്ങാന്‍ തങ്ങള്‍ ഒരുക്കമാണെന്ന മറുപടിയാണ്‌ ന്യൂഹോഫ്‌ നല്‌കിയത്‌. മുസ്‌ലിങ്ങളുടെ ശക്തമായ എതിര്‍പ്പോടെ തന്നെ, ഡച്ചുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മിക്കവാറും രാജാവിനെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നതില്‍ വിജയിച്ചു.

ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രം

വലുപ്പത്തില്‍ കാര്‍ത്തികപ്പള്ളി (മാര്‍ത്ത) കായംകുളം രാജ്യത്തോളമുണ്ടായിരുന്നതായിട്ടാണ്‌ ന്യൂഹോഫ്‌ അനുമാനിക്കുന്നത്‌. പണ്ടാരത്തുരുത്തി(Pandaratorutte)ല്‍ ഡച്ചുകാര്‍ കുരുമുളകു വ്യാപാരാര്‍ഥം ഒരു കേന്ദ്രം തുറന്നിരുന്നു. പോര്‍ച്ചുഗീസുകാര്‍ "പെസ്‌സെ' (Pesse) എന്നു വിശേഷിപ്പിച്ചിരുന്നത്‌ ഈ പണ്ടാരത്തുരുത്തിനെയാണ്‌. മാവേലിക്കര പട്ടണം ഇക്കാലത്ത്‌ കാര്‍ത്തികപ്പള്ളി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കായംകുളം രാജ്യവുമായി ചേര്‍ന്നാണ്‌ ഉടമാവകാശം നിലനിര്‍ത്തിയിരുന്നതെന്നും ന്യൂഹോഫ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

സാമാന്യം ജനസാന്ദ്രതയുണ്ടായിരുന്ന കാര്‍ത്തികപ്പള്ളിയില്‍ കുരുമുളക്‌, പയര്‍വര്‍ഗങ്ങള്‍, നെല്ല്‌ എന്നിവ ധാരാളമായി കൃഷി ചെയ്‌തിരുന്നു. പരമാധികാരമുള്ള രാജാവായിരുന്നു ഭരണം നടത്തിയിരുന്നത്‌. 1,200 പേരടങ്ങുന്ന ഒരു "നീഗ്രാ സേന'യെ (നാട്ടുകാരായ കറുത്ത നിറമുള്ളവരായിരിക്കണം) ഇദ്ദേഹം സദാ സന്നദ്ധമാക്കി നിര്‍ത്തിയിരുന്നതായി ന്യൂഹോഫ്‌ പറയുന്നു. മണ്‍നിര്‍മിതമായ കൊട്ടാരമതിലിന്‌ ഇരുപതടി ഉയരമുണ്ടായിരുന്നത്ര.

ന്യൂഹോഫിന്റെ സന്ദര്‍ശനത്തിനുവളരെ മുമ്പുതന്നെ ക്രിസ്‌ത്യാനികള്‍ ഇവിടെ നിവസിച്ചിരുന്നു. 1581ല്‍ ഇവര്‍ക്ക്‌ ഒരു പള്ളി പണിയുവാന്‍ രാജാവ്‌ അനുമതി നല്‌കി. ഇതിന്റെ നിര്‍മിതിക്കുവേണ്ട തടി, വനത്തില്‍നിന്നു വെട്ടിയെടുക്കാനുള്ള അനുമതിയും അവര്‍ക്കു ലഭിച്ചിരുന്നു. ക്രിസ്‌തുമതത്തില്‍ ചേരുവാന്‍ താത്‌പര്യമുള്ള ഹിന്ദുക്കള്‍ക്ക്‌, രാജാവ്‌ അതിനുവേണ്ട അനുമതി നല്‌കിയിരുന്നു. ജസ്യൂട്ട്‌ പാതിരിമാര്‍ക്കു കീഴിലുള്ള വിശ്വാസികളുടെമേല്‍ പള്ളിയുടെ നിഷ്‌കൃഷ്‌ടമായ ചട്ടങ്ങള്‍ അനുസരിപ്പിക്കുവാനായി കര്‍ക്കശമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാനും സൗകര്യമുണ്ടായിരുന്നു. തന്റെ സന്ദര്‍ശനത്തിന്റെ അന്ത്യത്തില്‍ ന്യൂഹോഫ്‌ കാര്‍ത്തികപ്പള്ളി രാജാവുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കുകയുണ്ടായി. വമ്പിച്ച ഒരു ജനാവലിയുടെ സാന്നിധ്യത്തില്‍ കൊട്ടാരത്തിനു പുറത്തുവച്ചായിരുന്നു ചടങ്ങ്‌.

പില്‌ക്കാലത്ത്‌ തിരുവിതാംകൂര്‍ രാജാവിന്റെ പ്രരണയാല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന്‌ ഒരു രാജകുമാരിയെ മാര്‍ത്തയിലേക്കു ദത്തെടുത്തിരുന്നതായും 1740ല്‍ അവര്‍ അവിടെ അധികാരത്തിലിരുന്നതായും ഗൊള്ളെനെസ്‌ രേഖപ്പെടുത്തുന്നു. എന്നാല്‍ രാജ്യത്ത്‌ യഥാര്‍ഥഭരണം നടത്തിപ്പോരുന്നത്‌ തിരുവിതാംകൂര്‍ രാജാവ്‌ നിയോഗിച്ച ചിലരായിരുന്നു. എങ്കിലും ഇക്കാലത്ത്‌ തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ സമ്മര്‍ദംമൂലം രാജ്ഞി അധികാരം വിട്ടൊഴിയുകയും തെക്കുംകൂറിലുള്ള നെടുമ്പുറ (തിരുവല്ല)ത്തേക്കു പിന്‍വാങ്ങുകയും ചെയ്‌തു.

ഇക്കാലത്ത്‌ കൊല്ലവും ഡച്ചുകാരും തമ്മില്‍ മൈത്രിയിലായിരുന്നുമാര്‍ത്താണ്ഡവര്‍മയുടെ ആക്രമണത്തെയും രാജ്യവികസനത്തെയും പ്രതിരോധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 1740 മേയ്‌ 27ന്‌ ഡച്ചുക്യാപ്‌റ്റനായിരുന്ന ഹാക്കെര്‍ട്ട്‌ കൊല്ലം രാജാവുമൊത്ത്‌ മാര്‍ത്തയിലെത്തി. കൊല്ലം രാജാവ്‌ പടയാളികളുമായി കൊട്ടാരത്തിലേക്കു പുറപ്പെട്ടു. എന്നാല്‍ രാജ്ഞി ഇതിനകം തെക്കുംകൂറിലേക്കു പിന്‍വാങ്ങിയതായി ഹാക്കെര്‍ട്ട്‌ തന്റെ "ഡയറി'യില്‍ രേഖപ്പെടുത്തുന്നു.

1742ല്‍ മാര്‍ത്തയും പെരിത്താലി (കൊട്ടാരക്കര)യും മാര്‍ത്താണ്ഡവര്‍മ കൈവശപ്പെടുത്തി. ഈ രണ്ടു രാജ്യങ്ങളുടെയും മേല്‍ തനിക്കുള്ള അവകാശം നിഷ്‌പക്ഷരായ രണ്ടു രാജാക്കന്മാരെക്കൊണ്ട്‌ പരിശോധിപ്പിക്കുവാന്‍ മാര്‍ത്താണ്ഡവര്‍മ സമ്മതിച്ചിരുന്നതായി ഗൊള്ളെനെസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും 1742 മുതല്‍ മാര്‍ത്ത പൂര്‍ണമായും തിരുവിതാംകൂറിന്റെ ഭാഗമായിത്തീര്‍ന്നു.

(എന്‍.കെ. ദാമോദരന്‍; ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍