This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ത്തവീര്യാര്‍ജുനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ത്തവീര്യാര്‍ജുനന്‍

പുരാണപ്രസിദ്ധനായ ഒരു ഹേഹയവംശരാജാവ്‌. അര്‍ജുനന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമധേയം. കൂടുതല്‍ പ്രസിദ്ധനായ പാണ്ഡവാര്‍ജുനനില്‍ നിന്ന്‌ തിരിച്ചറിയാനായിരിക്കാം ഇദ്ദേഹത്തെ അച്ഛന്റെ (കൃതവീര്യന്‍) പേരോടുചേര്‍ത്ത്‌ കാര്‍ത്തവീര്യാര്‍ജുനന്‍ എന്ന്‌ പുരാണേതിഹാസങ്ങള്‍ പരാമര്‍ശിക്കുന്നത്‌. പദ്‌മപുരാണം, അഗ്നിപുരാണം, ബ്രഹ്മാണ്ഡപുരാണം, അധ്യാത്മരാമായണം, ഉത്തരരാമായണം, മഹാഭാരതം, ഹരിവംശം തുടങ്ങിയ പല പുരാണേതിഹാസങ്ങളിലും ഇദ്ദേഹത്തെ സംബന്ധിക്കുന്ന നിരവധി വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. അനേകം ഭാര്യമാരും അവരിലെല്ലാംകൂടി നൂറുപുത്രന്മാരുമുള്ള മഹാശക്തനായ ഒരു രാജാവായിട്ടാണ്‌ ഇദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്‌. ഇദ്ദേഹം നടത്തിയ വിജയകരമായ ഭദ്രദീപപ്രതിഷ്‌ഠയാല്‍ സന്തുഷ്‌ഠനായ ദത്താത്രയമുനി ആവശ്യം വരുമ്പോള്‍ ആയിരം കൈകളുണ്ടാകട്ടെ എന്ന്‌ ഇദ്ദേഹത്തിന്‌ വരം കൊടുത്തിരുന്നു. കാര്‍ത്തവീര്യന്റെ നിര്‍ദേശപ്രകാരം അഗ്നി ഒരു വനം മുഴുവന്‍ ഭക്ഷിച്ചപ്പോള്‍ ആശ്രമം വെന്തുനഷ്‌ടപ്പെട്ട ഒരു മുനി ഇദ്ദേഹത്തിന്റെ ആയിരം കൈകളും പരശുരാമന്‍ വെട്ടി ഇദ്ദേഹത്തെ വധിക്കുമെന്ന്‌ ശപിച്ചു. ഒരിക്കല്‍ നര്‍മദാപുളിനത്തില്‍ രാവണന്‍ ശിവപൂജ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ നദിയുടെ താഴെ ഭാര്യമാരുമായി ജലക്രീഡ ചെയ്‌തുകൊണ്ടിരുന്ന കാര്‍ത്തവീര്യന്റെ ബാഹുസഹസ്രം കൊണ്ട്‌ അണകെട്ടിയപോലായ നദീജലം മേലോട്ടൊഴുകി രാവണന്‍ പൂജാസാമഗ്രികളോടൊപ്പം വെള്ളത്തില്‍ ഒലിച്ചുപോകാനിടയായി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ കാര്‍ത്തവീര്യന്‍ രാവണനെ തോല്‌പിച്ച്‌ ബന്ധിച്ചു തടവിലിട്ടു. ഒരുകൊല്ലം അങ്ങനെ ബന്ധനം അനുഭവിച്ച രാവണന്‍ വിമോചിതനായത്‌ സ്വപിതാവായ പുലസ്‌ത്യമുനി കാര്‍ത്തവീര്യനോട്‌ അപേക്ഷിച്ചതിനു ശേഷമാണ്‌. ഒരിക്കല്‍ ആശ്രമത്തിലേക്കു വെള്ളം കൊണ്ടുവരാന്‍ പുഴയില്‍ പോയ ജമദഗ്‌നി പത്‌നിയായ രേണുക കാര്‍ത്തവീര്യനും പത്‌നിമാരുമായുള്ള ജലക്രീഡ കണ്ടുരസിച്ചു നിന്ന്‌ സമയം വൈകിയതിനാല്‍ അവളില്‍ ചാരിത്രഭംഗശങ്ക തോന്നിയ മുനി പരശുരാമനോട്‌ പറഞ്ഞ്‌ അവളുടെ ശിരച്ഛേദം ചെയ്യിച്ചു. ജമദഗ്‌നിയുടെ ദിവ്യപശുവിനെ ഒരിക്കല്‍ കാര്‍ത്തവീര്യന്‍ മോഹിച്ച്‌ തനിക്കു തരണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ അത്‌ നിരസിച്ച മുനിയെ കാര്‍ത്തവീര്യന്‍ വധിച്ചു. അതിനു പ്രതികാരമായാണ്‌ പരശുരാമന്‍ യുദ്ധത്തില്‍ കാര്‍ത്തവീര്യന്റെ കരസഹസ്രങ്ങള്‍ മുറിച്ചു കളഞ്ഞ്‌ കണ്‌ഠച്ഛേദം ചെയ്‌തത്‌. നര്‍മദാ തീരത്തുള്ള മാഹിഷ്‌മതി ആയിരുന്നു കാര്‍ത്തവീര്യാര്‍ജുന സാമ്രാജ്യത്തിന്റെ തലസ്ഥാനം. നോ. പരശുരാമന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍