This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍തനാസ്‌, ലസറൊ (1895-1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍തനാസ്‌, ലസറൊ (1895-1970)

Cardenas, Lazaro

ലസറൊ കാര്‍തനാസ്‌

മെക്‌സിക്കന്‍ വിപ്ലവനേതാവ്‌. തരസ്‌കന്‍ ഇന്ത്യരുടെയും വെള്ളക്കാരുടെയും സങ്കരപാരമ്പര്യമുള്ള ഒരു ദരിദ്രകുടുംബത്തില്‍ മിച്ചേകനിലെ ജിക്വില്‍പന്‍ ദെ ജ്വാറസില്‍ 1895 മേയ്‌ 21ന്‌ ജനിച്ചു. തന്റെ കുടുംബത്തെ സഹായിക്കാനായി ആദ്യകാലത്ത്‌ ഇദ്ദേഹം ഒരു ജയിലില്‍ ജോലിചെയ്‌തിരുന്നു. പ്രസിഡന്റ്‌ മദേരൊയ്‌ക്കെതിരായി വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാര്‍തനാസ്‌ ജയില്‍പ്പുള്ളികളെ മോചിപ്പിച്ച്‌ അവരോടൊപ്പം വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നു. അശ്വാസ്‌ കലിന്തേ കണ്‍വെന്‍ഷനുശേഷം "പാഞ്ചോവില്ല'യിലെ സൈന്യത്തില്‍ ചേര്‍ന്ന്‌ അല്‌പകാലം പ്രവര്‍ത്തിച്ചു. പക്ഷേ 1915ല്‍ കോണ്‍സ്റ്റിറ്റ്യൂഷണലിസ്റ്റുകളുമായി ചേര്‍ന്നു. അശ്വാപ്രീറ്റാ കലാപകാലത്ത്‌ ഇദ്ദേഹം പ്രസിഡന്റ്‌ അല്‍വാരൊ ഒബ്രഗോണിന്റെ ഭാഗത്താണ്‌ നിലയുറപ്പിച്ചത്‌. 1923ല്‍ മിച്ചോകനില്‍ സൈന്യത്തെ നയിച്ച ഇദ്ദേഹത്തിന്‌ 1924ല്‍ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുകയും ഹ്വാസ്റ്റെകെ, മിച്ചോകന്‍, ഇസ്‌ത്‌മസ്‌ എന്നിവിടങ്ങളിലെ സൈനികനീക്കങ്ങളുടെ നേതൃത്വം നല്‍കുകയും ചെയ്‌തു. 1928ല്‍ മിച്ചോകന്‍ ഗവര്‍ണറായി നിയമിതനായ കാര്‍തനാസ്‌ 1932 വരെ ആ പദവി വഹിച്ചു. സര്‍ക്കാര്‍, കക്ഷിയുടെ അധ്യക്ഷന്‍, ആഭ്യന്തരവകുപ്പു മന്ത്രി, നാവികയുദ്ധകാര്യസെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്ന ഇദ്ദേഹം കായാസിന്റെ (1847-1945) യും മറ്റും ശ്രമഫലമായി 1934ല്‍ മെക്‌സിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കായാസ്‌ ഇദ്ദേഹത്തിനെതിരായി തിരിഞ്ഞപ്പോള്‍, കായാസിനെ മെക്‌സിക്കോയില്‍ നിന്ന്‌ നാടുകടത്തി. കാര്‍തനാസിന്റെ 6 വര്‍ഷക്കാലത്തെ ഭരണത്തിനിടയ്‌ക്ക്‌ പല പരിഷ്‌കാരങ്ങളും രാജ്യത്ത്‌ നടപ്പാക്കി. തൊഴില്‍രംഗം ശക്‌തമായി; റെയില്‍ റോഡുകള്‍ ദേശസാത്‌കരിച്ചതും ഇക്കാലത്തായിരുന്നു. സാമ്പത്തികസ്വാതന്ത്യ്രത്തിനുവേണ്ടി വിദേശ പെട്രാളിയം സ്ഥാപനങ്ങള്‍ ദേശസാത്‌കരിച്ചു. ഇന്ത്യരുടെ കാര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഡിപ്പാര്‍ട്ടുമെന്റ്‌ സ്ഥാപിച്ചു. ആദ്യത്തെ ഇന്റര്‍ അമേരിക്കന്‍ ഇന്‍ഡിജെനിസ്റ്റ്‌ കോണ്‍ഗ്രസ്‌ മെക്‌സിക്കോയില്‍ വച്ച്‌ നടത്തുകയും ചെയ്‌തു. 1938ല്‍ ഇദ്ദേഹം തനിക്കെതിരായുണ്ടായ ലഹള അടിച്ചമര്‍ത്തി. നിരവധി രാഷ്‌ട്രീയ അഭയാര്‍ഥികള്‍ക്ക്‌ മെക്‌സിക്കോ സ്വാഗതമരുളി. 1940ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മിതയാഥാസ്ഥിതിക കക്ഷിക്കാരനായിരുന്ന മാനുവല്‍ അവില കമാച്ചോയെ സഹായിച്ചു. 1943ല്‍ അദ്ദേഹത്തിന്റെ കീഴില്‍ രാജ്യരക്ഷാ സെക്രട്ടറിയായി സേവനം ചെയ്‌തു. കാല്‍ ശതാബ്‌ദത്തോളം മെക്‌സിക്കോയിലെ പ്രമുഖ രാഷ്‌ട്രീയ ശക്തികേന്ദ്രമായി കാര്‍തനാസ്‌ പ്രവര്‍ത്തിച്ചു. 1970 ഒ. 19ന്‌ മെക്‌സിക്കോ സിറ്റിയില്‍വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍