This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണോ, ലാസറേ നിക്കൊളാസ്‌ മാര്‍ഗെറൈറ്റ്‌ (1753-1823)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ണോ, ലാസറേ നിക്കൊളാസ്‌ മാര്‍ഗെറൈറ്റ്‌ (1753-1823)

Carnot, Lazare Nicolas Marguerite

ലാസറേ നിക്കൊളാസ്‌ മാര്‍ഗെറൈറ്റ്‌ കാര്‍ണോ

ഫ്രഞ്ച്‌ രാജ്യതന്ത്രജ്ഞനും യുദ്ധകാര്യ വിദഗ്‌ധനും. ഒരു അഭിഭാഷകന്റെ പുത്രനായി 1753 മേയ്‌ 13നു ബര്‍ഗണ്ടിയിലെ നോലെ (Nolay) യില്‍ ജനിച്ചു. ഓട്ടന്‍, എക്കോള്‍ ദെ മേസ്സിയേഴ്‌സ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാര്‍ണോ 1774ല്‍ ആര്‍മി എന്‍ജിനീയറിങ്‌ കോറില്‍ ഫസ്റ്റ്‌ ലഫ്‌റ്റനന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സൈനിക കോട്ടകൊത്തളങ്ങള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച കാര്‍ണോയ്‌ക്ക്‌ ഇതുസംബന്ധിച്ചുണ്ടായ ഒരു വിവാദം മൂലം കുറച്ചുകാലം ജയിലില്‍ കഴിയേണ്ടതായി വന്നു. മേരി ജാക്വിലിന്‍ ദു പോണ്ടിനെ വിവാഹം ചെയ്‌ത(1791)തിനുശേഷം കാര്‍ണോ ഉത്തര ഫ്രാന്‍സിലെ അറാസ്‌ നഗരത്തില്‍ വാസമുറപ്പിച്ചു. അറാസ്‌ ലോക്കല്‍ അക്കാദമി അംഗമായ കാര്‍ണോ പില്‌ക്കാലത്ത്‌ ഒരു വിപ്ലവചിന്താഗതിക്കാരനെന്ന നിലയില്‍ പ്രശസ്‌തനായി. ലൂയി XVI ന്റെ പലായനം, സ്ഥാനത്യാഗമായി പരിഗണിച്ച്‌ ഒരു റിപ്പബ്ലിക്ക്‌ നിലവില്‍ വരുത്താന്‍ ഇദ്ദേഹം യത്‌നിച്ചു. പാസ്‌ദെ കലെയില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഇദ്ദേഹം സൈനിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. വിപ്ലവം ബലവത്താക്കാന്‍ 1792ല്‍ ഉണ്ടായ യുദ്ധപ്രഖ്യാപനത്തെ ഇദ്ദേഹം അനുകൂലിച്ചു. 1793ല്‍ പൊതുരക്ഷാസമിതി (Committee of Public Safety) യില്‍ സൈനികച്ചുമതല വഹിക്കുന്ന അംഗമായിത്തീര്‍ന്ന ഇദ്ദേഹം പൗരസൈന്യത്തെ യുദ്ധപ്രവര്‍ത്തനക്ഷമമാക്കി. പൊതുരക്ഷാസമിതിയില്‍ ഇദ്ദേഹത്തിനു നേരിടേണ്ടിവന്ന എതിര്‍പ്പുകളെത്തുടര്‍ന്ന്‌ 1797ല്‍ രാജ്യഭ്രഷ്‌ടനാക്കപ്പെട്ടു. നെപ്പോളിയന്‍ അധികാരത്തില്‍ വന്നതോടെ 1800ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയ കാര്‍ണോ അല്‌പകാലം യുദ്ധകാര്യമന്ത്രിയായും 1807വരെ ട്രിബ്യൂണേറ്റ്‌ അംഗമായും സേവനമനുഷ്‌ഠിച്ചു. അവിടെ നെപ്പോളിയനും സാമ്രാജ്യത്തിനും എതിരായി വോട്ടുചെയ്യുന്നതിനുള്ള ധൈര്യം പ്രകടിപ്പിച്ചു. ദുര്‍ഗാവൃത സ്ഥലങ്ങളുടെ സംരക്ഷണം (De la defense de place fortes)എന്ന കൃതി 1810ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. രാജാധിപത്യത്തെ എതിര്‍ത്ത ഇദ്ദേഹം നെപ്പോളിയന്‍ തിരിച്ചു വന്നപ്പോള്‍ വീണ്ടും കുറച്ചുദിവസത്തേക്ക്‌ ആഭ്യന്തരമന്ത്രിയായി. വാട്ടര്‍ലൂവില്‍ വച്ച്‌ നെപ്പോളിയന്‍ എന്നന്നേക്കുമായി പരാജയപ്പെട്ടതോടെ അധികാരത്തില്‍ വന്ന ലൂയി തഢകകക കാര്‍ണോയെ ആജീവനാന്തം നാടുകടത്തി. 1823 ആഗ. 2നു പ്രഷ്യന്‍ സാകസണിയിലെ മഗ്‌ദബെര്‍ഗില്‍ വച്ച്‌ കാര്‍ണോ അന്തരിച്ചു. "വിജയസംഘാടകന്‍' എന്ന പേരു സിദ്ധിച്ച ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലേക്കു കൊണ്ടുവരികയും ദേശീയ സ്‌മാരകമന്ദിരത്തില്‍ സ്ഥാപിക്കുകയും ചെയ്‌തു. രാജ്യതന്ത്രജ്ഞനായ ഹിപ്പൊലൈറ്റ്‌ കാര്‍ണോയും ഭൗതികശാസ്‌ത്രജ്ഞനായ സാദി കാര്‍ണോയും ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്‌. 1887 മുതല്‍ 94 വരെ ഫ്രഞ്ച്‌ പ്രസിഡന്റായിരുന്ന സാദി കാര്‍ണോ ഇദ്ദേഹത്തിന്റെ പൗത്രനാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍