This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണോ,നിക്കൊളാസ്‌ ലെനാര്‍ദ്‌ സാദി (1796-1832)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ണോ, നിക്കൊളാസ്‌ ലെനാര്‍ദ്‌ സാദി (1796-1832)

Carnot, Nicolas Leonard Sadi

ഫ്രഞ്ചുകാരനായ ഭൗതികശാസ്‌ത്രജ്ഞന്‍. താപഗതിക ശാഖയ്‌ക്കു വഴിതെളിച്ച ആദര്‍ശതാപ എന്‍ജിന്റെ പ്രവര്‍ത്തനതത്ത്വം ആവിഷ്‌കരിച്ച സാദി കാര്‍ണോ 1796 ജൂണ്‍ 1നു പാരിസില്‍ ജനിച്ചു. ഫ്രഞ്ച്‌ ജനറലും യുദ്ധകാര്യമന്ത്രിയുമായിരുന്ന ലാസറേ കാര്‍ണോ ആണ്‌ പിതാവ്‌. മധ്യകാലഘട്ടത്തിലെ പേര്‍ഷ്യന്‍ കവിയും ദാര്‍ശനികനുമായ സാദിയോട്‌ കാര്‍ണോയ്‌ക്കു അതിയായ ആദരവുണ്ടായിരുന്നു; തന്മൂലം അദ്ദേഹം തന്റെ പുത്രന്‌ സാദി എന്ന ഓമനപ്പേര്‌ നല്‌കി.

നിക്കൊളാസ്‌ ലെനാര്‍ദ്‌ സാദി കാര്‍ണോ

കരസേനാ എന്‍ജിനീയര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഇക്കോളെ പോളിടെക്‌നിക്കി(Ecole Polytechnic)ല്‍ സാദി കാര്‍ണോ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മെറ്റ്‌സിലെ മിലിറ്ററി വിദ്യാലയത്തില്‍ വച്ച്‌ ലംബവും തിരശ്ചീനവുമായ കോണങ്ങള്‍ അളക്കുന്ന തിയൊഡൊളൈറ്റ്‌ എന്ന ഉപകരണത്തിന്റെ പ്രയോജനങ്ങളെപ്പറ്റി സമര്‍ഥമായ ഒരു വിശകലനം സാദി കാര്‍ണോ നടത്തുകയുണ്ടായി. വാട്ടര്‍ലൂ യുദ്ധത്തിനുശേഷം എന്‍ജിനീയറിങ്‌ ജോലികള്‍ക്കായി ഓരോ പട്ടാളക്കോട്ടയിലേക്കും സാദി കാര്‍ണോ നിയോഗിക്കപ്പെട്ടു.

ഏറ്റവും സമര്‍ഥമായ രീതിയില്‍ ശക്തി പ്രയോജനപ്പെടുത്തുന്ന മാര്‍ഗങ്ങളെപ്പറ്റി നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഇദ്ദേഹം 1824ല്‍ അഗ്നിയുടെ ചാലകശക്തിയെപ്പറ്റിയും ആ ശക്തി പ്രയോജനപ്പെടുത്താന്‍ സജ്ജമാക്കിയ യന്ത്രങ്ങളെപ്പറ്റിയുമുള്ള ചിന്തകള്‍ (Reflexions Sur la puissance motrice du feu et Sur les machines propres a developper cette puissance) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. താപഗതികം എന്ന ശാസ്‌ത്രശാഖയുടെ നാന്ദി കുറിക്കുന്നതായിരുന്നു ഈ ഗ്രന്ഥം. ഗ്രന്ഥത്തില്‍ ചില അപാകതകള്‍ ഉണ്ടെങ്കിലും മൗലികമായ സമീപനം ഉള്‍ക്കൊള്ളുന്നതാകയാല്‍ അത്‌ ഭൗതികശാസ്‌ത്രത്തില്‍ നൂതനമായ പന്ഥാവുകള്‍ തുറന്നു. താപം ചാലകശക്തിയായി ഉപയോഗിക്കുന്ന എന്‍ജിന്റെ ക്ഷമതയ്‌ക്ക്‌ പരിമിതിയുണ്ടെന്ന്‌ ഇദ്ദേഹം സ്ഥാപിച്ചു.

1830ഓടുകൂടി ക്ലാപെയ്‌റോണ്‍, വിശകലനം ചെയ്‌തപ്പോഴാണ്‌ സാദി കാര്‍ണോയുടെ ആശയങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങിയത്‌. വളരെയധികം ചെത്തിമിനുക്കിയെടുക്കേണ്ടതായ ആശയങ്ങളാണ്‌ സാദി കാര്‍ണോ രേഖപ്പെടുത്തിയിട്ടുള്ളത്‌. ക്ലാപെയ്‌റോണ്‍ രചിച്ച മെമോയറിന്റെ ജര്‍മന്‍ പരിഭാഷ അനാലന്‍ ദെര്‍ ഫിസ്‌ക്‌ ഉണ്‌ഡ്‌ കെമി (Annalen der Physik und Chemie) എന്ന ജര്‍മന്‍ ആനുകാലികത്തില്‍ 1843ല്‍ പ്രസിദ്ധീകരിച്ചതോടെ സാദി കാര്‍ണോയുടെ ആശയങ്ങള്‍ക്ക്‌ കൂടുതല്‍ പ്രചാരം ലഭിച്ചു.

സാദി അവസാനകാലത്ത്‌ എട്ടു വര്‍ഷത്തോളം സാമ്പത്തിക ശാസ്‌ത്രത്തിലും നികുതി സമ്പ്രദായത്തിലും ശാസ്‌ത്രവിദ്യാഭ്യാസത്തിലും മെച്ചപ്പെട്ട സമ്പ്രദായങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള തീവ്രമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1828ല്‍ ഇദ്ദേഹം ഉദ്യോഗത്തില്‍ നിന്നു പിരിഞ്ഞു. 1830ല്‍ സാദി കാര്‍ണോ പോളിടെക്‌നിക്കുകളുടെ പ്രവര്‍ത്തനം പ്രയോജനകരമായ രീതിയില്‍ പുനഃസംഘടിപ്പിക്കുവാന്‍ പരിശ്രമിച്ചു. വിജ്ഞാനം പ്രചരിപ്പിക്കുന്നതില്‍ പൊതുവേ ഒരു സാമൂഹിക വീക്ഷണം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാമായിരുന്നു. സംഗീതം തുടങ്ങിയ കലകളിലും ഇദ്ദേഹം തത്‌പരനായിരുന്നു. കോളറ രോഗം പിടിപെട്ട്‌ 1832 ആഗ. 24ന്‌ സാദി കാര്‍ണോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍