This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ണേഷന്‍

Carnation

കാരിയോഫിലേസീ കുടുംബത്തില്‍പ്പെട്ട അലങ്കാരസസ്യം. ശാ.നാ. ഡയാന്തസ്‌ കാരിയോഫിലസ്‌ (Dianthus Caryophyllus). തിയോഫ്രസ്റ്റസ്‌ (ബി.സി. 300) ആണ്‌ ഈ ചെടിക്ക്‌ ഡയാന്തസ്‌ എന്ന പേര്‌ നല്‌കിയത്‌. "ദൈവത്തിന്റെ പുഷ്‌പം' എന്നര്‍ഥമുള്ള ഡയാന്തസ്‌ എന്ന പദം "ഡയോസ്‌' (God or divine), ആന്‍തോസ്‌ (flower) എന്നീ ഗ്രീക്‌ പദങ്ങളില്‍ നിന്നുമാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. കാരിയോഫിലസ്‌ എന്ന പദം ചെടിക്ക്‌ ഗ്രാമ്പൂവിന്റെ സുഗന്ധത്തോടുള്ള സാദൃശ്യത്തെ സൂചിപ്പിക്കുന്നു. വിവിധ നിറങ്ങളിലുള്ള നയനമനോഹരങ്ങളായ പുഷ്‌പങ്ങളാണ്‌ കാര്‍ണേഷനുകളെ വ്യത്യസ്‌തമാക്കുന്നത്‌. ആദിമ ഇനത്തിലെ പൂവിന്റെ മാംസലോഹിതനിറം (flesh colour) ഇതിന്‌ കാര്‍ണേഷന്‍ എന്ന പേര്‌ ലഭിക്കാന്‍ കാരണമായി. വന്യ ഇനത്തിനു പുറമേ നിരവധി സങ്കരയിനങ്ങളും ഇന്നു ലഭ്യമാണ്‌.

5075 സെ.മീ. ഉയരത്തില്‍ വളരുന്ന ബഹുവര്‍ഷ ഓഷധികളാണ്‌ കാര്‍ണേഷനുകള്‍. ശാഖകളോടുകൂടിയാണിവ വളരുന്നത്‌. വീതി കുറഞ്ഞ നീണ്ട ചാരനിറം കലര്‍ന്ന പച്ച ഇലകള്‍ വിപരീതദിശയില്‍ ക്രമീകരിച്ചിരിച്ചിരിക്കും. പൂക്കള്‍ സാധാരണയായി ശാഖാഗ്രങ്ങളില്‍ ഒറ്റയായി കാണപ്പെടുന്നു. വീതിയുള്ളതും ദന്തുരമായ അരികുകളോടുകൂടിയതുമായ 5 ദളങ്ങളുണ്ട്‌. വിദളപുടം സിലിണ്ടറാകൃതിയിലുള്ളതാണ്‌. ചുവട്ടില്‍ ശല്‌കസദൃശമായ സഹപത്രങ്ങള്‍ കാണാം.

കാര്‍ണേഷന്‍ ചെടി

തിയോഫ്രാസ്റ്റസ്‌ അദ്ദേഹത്തിന്റെ ഹിസ്റ്ററി ഒഫ്‌ പ്ലാന്റ്‌സ്‌ എന്ന ഗ്രന്ഥത്തില്‍ കാര്‍ണേഷനുകളെക്കുറിച്ച്‌ പരാമര്‍ശിച്ചുകാണുന്നു. 16-ാം നൂറ്റാണ്ടില്‍ത്തന്നെ ഇംഗ്ലണ്ടിലെ ഉദ്യാനങ്ങളില്‍ ഇത്‌ സര്‍വസാധാരണമായിത്തീര്‍ന്നു. ഇംഗ്ലണ്ട്‌, ഇറ്റലി, ഫ്രാന്‍സ്‌, ജര്‍മനി, ഹോളണ്ട്‌ എന്നിവിടങ്ങളില്‍ അസംഖ്യം ഇനങ്ങള്‍ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. 1856ലാണ്‌ യു.എസ്സില്‍ ആദ്യമായി കാര്‍ണേഷനുകള്‍ വേരൂന്നിയത്‌. കാര്‍ണേഷനുകളുടെ സ്വഭാവഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ നിരവധി പരിശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഫ്രഡറിക്‌ ഡോണര്‍ എന്ന സസ്യകാരന്‍ 22 വര്‍ഷക്കാലത്തെ പ്രയത്‌നഫലമായി അനുയോജ്യമായ സ്വഭാവവിശേഷങ്ങളോടുകൂടിയ നിരവധി കാര്‍ണേഷന്‍ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. പെട്ടെന്നു വളരുന്നതും തുടര്‍ച്ചയായി ധാരാളം പുഷ്‌പിക്കുന്നതും വൈവിധ്യമാര്‍ന്ന വര്‍ണങ്ങളുള്ളതും അനായാസമായി വാണിജ്യാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്താവുന്നതും ആയ നിരവധി ഇനങ്ങള്‍ക്ക്‌ ഇദ്ദേഹം രൂപംനല്‌കി. വികസിതരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇതിനുള്ള പ്രാധാന്യം റോസിനുതൊട്ടു താഴെയാണ്‌. യു.എസ്സില്‍ മാത്രം കാര്‍ണേഷന്റെ 1200 ഇനങ്ങള്‍ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. 1891ല്‍ യു.എസ്സില്‍ കാര്‍ണേഷന്‍ സൊസൈറ്റി രൂപമെടുത്തു.

ദളങ്ങളുടെ നിറം, ആകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ കാര്‍ണേഷനുകളെ നിരവധി ഇനങ്ങളായി തിരിച്ചിരിക്കുന്നു.

1. ബോര്‍ഡര്‍ കാര്‍ണേഷന്‍ (Border Carnation). വീതി കൂടിയതും ഞൊറികളോട്‌ കൂടിയതുമായ ദളങ്ങളാണ്‌ ഇവയുടേത്‌. ഇവയ്‌ക്ക്‌ താരതമ്യേന ഉയരം കുറവായിരിക്കും. ദളങ്ങളിലെ നിറവ്യത്യാസമനുസരിച്ച്‌ പല ഉപവിഭാഗങ്ങളുണ്ട്‌.

i. സെല്‍ഫ്‌ (self). ഒരൊറ്റ നിറം മാത്രമുള്ള ദളങ്ങളോട്‌ കൂടിയവ. ദളങ്ങളില്‍ യാതൊരുവിധ പൊട്ടുകളോ പുള്ളികളോ ഉണ്ടായിരിക്കില്ല.

ii. ബിസാര്‍സ്‌ (Bizarres). വെളുത്ത പശ്ചാത്തലനിറമുള്ള ദളത്തില്‍ രണ്ടോ അതിലധികമോ നിറങ്ങളിലുള്ള പൊട്ടുകളും പുള്ളികളും ഉള്ളവ.

iii. ഫ്‌ളേക്‌സ്‌ (Flakes). വെളുത്ത പശ്ചാത്തല നിറമുള്ള ദളത്തില്‍ മറ്റൊരു നിറത്തില്‍ മാത്രമുള്ള പൊട്ടുകളും പുള്ളികളും ഉള്ളവ.

iv. പീക്കോട്ടീസ്‌ (Picotees). ദളങ്ങളുടെ അരികുകളില്‍ മറ്റൊരു നിറത്തിലുള്ള പൊട്ടുകളോട്‌ കൂടിയവ.

2. പെര്‍പെച്വല്‍ കാര്‍ണേഷന്‍ (Perpetual Carnation). വര്‍ഷം മുഴുവന്‍ പുഷ്‌പിക്കുന്ന സങ്കരയിനം കാര്‍ണേഷനുകളാണിവ. ദളങ്ങള്‍ക്ക്‌ സാധാരണയായി ഒരു നിറം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ദന്തുരമായ അരികാണ്‌ ദളങ്ങളുടെ ഒരു പ്രത്യേകത. മുറിച്ച്‌ കഴിഞ്ഞ പുഷ്‌പങ്ങള്‍ ദിവസങ്ങളോളം വാടാതെ ഇരിക്കുമെന്നതിനാല്‍ കയറ്റുമതിക്കായി ഇവ വന്‍തോതില്‍ കൃഷിചെയ്‌തു പോരുന്നുണ്ട്‌.

3. മാഗ്യുറൈറ്റ്‌ കാര്‍ണേഷന്‍ (Maguerite Carnation). ഗ്രാമ്പൂവിന്റെ സുഗന്ധത്തോടുകൂടിയ പുഷ്‌പങ്ങളാണ്‌ ഇവയുടെ പ്രത്യേകത. ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്‌, മഹാരാഷ്‌ട്ര, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ്‌ കാര്‍ണേഷന്‍ കൃഷി വ്യാപകമായിട്ടുള്ളത്‌. "മഡോണ', "കിങ്കപ്പ്‌', "ക്രിംസണ്‍ മോഡല്‍' എന്നിവയാണ്‌ ഇന്ത്യയില്‍ കൃഷിചെയ്യുന്ന ചില ബോര്‍ഡര്‍ കാര്‍ണേഷനുകള്‍. "കനേഡിയന്‍ പിങ്ക്‌', "ആല്‍വുഡ്‌സ്‌ ക്രിംസണ്‍', "ഏന്‍ഷ്യന്റ്‌ റോസ്‌' എന്നിവ ഇന്ത്യയില്‍ കണ്ടുവരുന്ന ചില പെര്‍പെച്വല്‍ കാര്‍ണേഷനുകളാണ്‌.

കമ്പുകള്‍ മുറിച്ചു നട്ടാണ്‌ തൈകള്‍ ഉത്‌പാദിപ്പിക്കുന്നത്‌. ഒക്‌ടോബര്‍ഫെബ്രുവരി മാസങ്ങളാണ്‌ ഇതിന്‌ ഏറ്റവും അനുയോജ്യം. നടുന്നതിനുവേണ്ടി, പുഷ്‌പിച്ചുകഴിഞ്ഞ നല്ല ബലമുള്ളതും 45 ജോടി ഇലകളുള്ളതുമായ തണ്ട്‌ മധ്യഭാഗത്തുവച്ച്‌ മുറിച്ചെടുക്കണം. 3 ഭാഗം പശിമരാശി മണ്ണും 1 ഭാഗം മണലും പഴകിയ ജൈവവളവും ചേര്‍ന്ന മിശ്രിതം നിറച്ച ചട്ടികളില്‍ ഇതു നടാം. പാശ്ചാത്യരാജ്യങ്ങളില്‍ "ഗ്രീന്‍ ഹൗസു'കളില്‍ കാര്‍ണേഷനുകള്‍ നട്ടുവളര്‍ത്താറുണ്ട്‌. ശൈത്യകാലങ്ങളില്‍ പുഷ്‌പോത്‌പാദനത്തിനു കൃത്രിമമായി ചൂടുനല്‌കി കാലാവസ്ഥ ക്രമീകരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍