This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണഗി, ആന്‍ഡ്രൂ (1835-1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ണഗി, ആന്‍ഡ്രൂ (1835-1919)

Carnegie, Andrew

ആന്‍ഡ്രൂ കാര്‍ണഗി

അമേരിക്കന്‍ വ്യവസായി. ജീവകാരുണ്യ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധിയാര്‍ജിച്ചു. യു.എസ്സിന്‌ ഉരുക്കുനിര്‍മാണത്തില്‍ ലോകനേതൃത്വം ഉണ്ടാക്കിക്കൊടുത്ത ഇദ്ദേഹം 1835 ന. 25നു സ്‌കോട്ട്‌ലന്‍ഡിലുള്ള ഡണ്‍ഫേംലിനില്‍ വില്യം കാര്‍ണഗി എന്ന കൈത്തറി നെയ്‌ത്തുകാരന്റെ മകനായി ജനിച്ചു. 1848ല്‍ ബ്രിട്ടനിലുണ്ടായ സാമ്പത്തിക മാന്ദ്യവും കൈത്തറികളുടെ യന്ത്രവത്‌കരണവും കാരണം കാര്‍ണഗി കുടുംബം യു.എസ്സിലേക്കു താമസം മാറി. ആദ്യം ഒരു കോട്ടണ്‍ ഫാക്‌ടറിയിലും പിന്നീട്‌ ഒരു ആഫീസില്‍ ക്ലാര്‍ക്കായും ജോലിനോക്കിയ ആന്‍ഡ്രൂ ഇതോടൊപ്പം നിശാപാഠശാലയില്‍ ചേര്‍ന്ന്‌ ബുക്‌ കീപ്പിങ്‌ പഠിച്ചു. 1850ല്‍ പിറ്റ്‌സ്‌ബര്‍ഗിലെ ടെലിഗ്രാഫ്‌ ആഫീസില്‍ ആദ്യം വാര്‍ത്താ വാഹകനായും പിന്നീട്‌ ടെലിഗ്രാഫ്‌ ഓപ്പറേറ്ററായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1853ല്‍ പെന്‍സില്‍വേനിയന്‍ റെയില്‍ റോഡിന്റെ പിറ്റ്‌സ്‌ബര്‍ഗ്‌ ഡിവിഷന്‍ സൂപ്രണ്ട്‌ തോമസ്‌ എ. സ്‌കോട്ടിന്റെ പേഴ്‌സണല്‍ ക്ലാര്‍ക്കും ടെലിഗ്രാഫ്‌ ഓപ്പറേറ്ററും ആയ ആന്‍ഡ്രു 1859ല്‍ പിറ്റ്‌സ്‌ബര്‍ഗ്‌ ഡിവിഷന്‍ സൂപ്രണ്ടായി. 1854 മുതല്‌ക്കേ വാണിജ്യ വ്യവസായ രംഗങ്ങളില്‍ പ്രവേശിച്ച ഇദ്ദേഹം ആഭ്യന്തര സമരത്തിനുശേഷം ഇരുമ്പുരുക്ക്‌ വ്യവസായങ്ങളിലേര്‍പ്പെട്ടു. "കാര്‍ണഗ്‌ ഉരുക്കുകമ്പനി' യു.എസ്സിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായി ഉയര്‍ന്നു. മൂന്നു കൊല്ലത്തിനുള്ളില്‍ 50,000 ഡോളര്‍ വാര്‍ഷികവരുമാനം ഇദ്ദേഹത്തിനുണ്ടായി. 1900ല്‍ കാര്‍ണഗി സ്റ്റീല്‍ക്കമ്പനിയുടെ ലാഭം 4 കോടി ഡോളറായിരുന്നു. കാര്‍ണഗിക്ക്‌ അതില്‍ 2 കോടി 50 ലക്ഷം തന്റെ വിഹിതമായി ലഭിച്ചു. 1901ല്‍ ബിസിനസ്‌ രംഗത്തുനിന്ന്‌ വിരമിച്ച ഇദ്ദേഹം തന്റെ ഓഹരികളും വ്യവസായങ്ങളും യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ സ്റ്റീല്‍ കോര്‍പ്പറേഷനു വിറ്റു.

സമ്പന്നന്മാര്‍ തങ്ങളുടെ സമ്പത്ത്‌ സ്വജീവിതകാലത്തുതന്നെ നല്ല കാര്യങ്ങള്‍ക്കു വിനിയോഗിക്കണമെന്നായിരുന്നു കാര്‍ണഗിയുടെ തത്ത്വശാസ്‌ത്രം. അതനുസരിച്ച്‌ ഇദ്ദേഹം യു.എസ്‌., കാനഡ, ബ്രിട്ടന്‍ തുടങ്ങി ഇംഗ്ലീഷ്‌ ഭാഷകള്‍ സംസാരിക്കുന്ന രാജ്യങ്ങളിലെ 2,500 ഗ്രന്ഥശാലകളുടെ വികസനത്തിന്‌ 60,000 ഡോളറും അന്താരാഷ്‌ട്ര സമാധാനസംരംഭങ്ങള്‍ക്ക്‌ ഒരു കോടി ഡോളറും വിദ്യാഭ്യാസവികസനത്തിന്‌ 1 കോടി 50 ലക്ഷം ഡോളറും "കാര്‍ണഗി ഹീറോ ഫണ്ടി'നു 50 ലക്ഷം ഡോളറും പിറ്റ്‌സ്‌ബര്‍ഗിലെ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കാര്‍ണഗി ഇന്‍സ്റ്റിറ്റ്യൂട്ടിനു 40 ലക്ഷം ഡോളറും സംഭാവന ചെയ്‌തു. ഇവയ്‌ക്കുപുറമേ സ്‌കോട്ട്‌ലന്‍ഡിലെ സര്‍വകലാശാലകള്‍ക്കും ഹേഗിലെ സമാധാന സൗധത്തിന്റെ പണിക്കും മാഡം ക്യൂറിയുടെ റേഡിയം റിസര്‍ച്ച്‌ സ്ഥാപനത്തിനും ഉദാരമായ ധനസഹായം ചെയ്‌തിട്ടുണ്ട്‌.

അനേകം ഗ്രന്ഥങ്ങളുടെയും എണ്‍പതോളം ലേഖനങ്ങളുടെയും കര്‍ത്താവ്‌ കൂടിയാണ്‌ കാര്‍ണഗി. ട്രയംഫന്റ്‌ ഡെമോക്രസി (1886), ദ്‌ ഗോസ്‌പല്‍ ഒഫ്‌ വെല്‍ത്‌ (1900), ദി എംപയര്‍ ഒഫ്‌ ബിസിനെസ്സ്‌ (1902), ദി ആട്ടോബയോഗ്രഫി ഒഫ്‌ ആന്‍ഡ്രൂ കാര്‍ണഗി (1920) എന്നിവയാണ്‌ ഗ്രന്ഥങ്ങളില്‍ പ്രധാനം. വ്യവസായവത്‌കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ അവബോധം ഇവയില്‍ പ്രകടമാണ്‌. 1919 ആഗ. 11നു മാസച്ചുസെറ്റ്‌സില്‍ വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍