This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ട്ടൂണ്‍ ചലച്ചിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ട്ടൂണ്‍ ചലച്ചിത്രം

Cartoon Film

കഥാതന്തുവിനനുസൃതമായി തുടര്‍ച്ചയായി വരയ്‌ക്കുന്ന നിരവധി കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിക്കുന്ന ചലച്ചിത്രം. പ്രതിപാദ്യത്തിന്റെ ആഖ്യാനനൈരന്തര്യം പാലിച്ച്‌, കടലാസ്‌, ഫിലിം തുടങ്ങിയവയില്‍ ആലേഖനം ചെയ്‌തോ കംപ്യൂട്ടര്‍ സങ്കേതം ഉപയോഗിച്ച്‌ രൂപപ്പെടുത്തിയോ, തയ്യാറാക്കുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ്‌ ഇതിനായുപയോഗിക്കുന്നത്‌. അചേതനമായ വസ്‌തുക്കള്‍ക്ക്‌ അഥവാ നിശ്ചലചിത്രങ്ങള്‍ക്ക്‌ സചേതനത്വം നല്‌കുന്ന ഈ സങ്കേതം ആനിമേഷന്‍ (animation) എന്ന പേരില്‍ അറിയപ്പെടുന്നു. അനുസ്യൂതദര്‍ശനം (persistance of vision) എന്ന ചലച്ചിത്രതത്ത്വം തന്നെയാണ്‌ കാര്‍ട്ടൂണ്‍ ചലച്ചിത്രത്തിന്റെ പിന്നിലും ഉള്ളത്‌.

നിശ്ചലചിത്രങ്ങള്‍ ഫിലിമിലേക്കു പകര്‍ത്തുന്ന പ്രക്രിയ ആയതുകൊണ്ട്‌ മനുഷ്യഭാവനയില്‍ ഉദയം ചെയ്യുന്ന ഏതു വിചിത്രരംഗവും അവതരിപ്പിക്കുവാന്‍ കാര്‍ട്ടൂണ്‍ ചലച്ചിത്ര സങ്കേതത്തിനു കഴിയുന്നു. യഥാതഥകഥനം തുടങ്ങി കാല്‌പനികതയും സാങ്കല്‌പികതയും നിറഞ്ഞു നില്‌ക്കുന്ന അസംഭാവ്യ കഥാതന്തു വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പല പല ശൈലിയിലും കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നു. അദ്‌ഭുതവും ആഹ്‌ളാദവും പ്രക്ഷകരില്‍ ജനിപ്പിക്കത്തക്കവണ്ണം മേല്‌പറഞ്ഞ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നിരക്കുന്ന കഥകളായിരിക്കും കാര്‍ട്ടൂണ്‍ ചലച്ചിത്രത്തിനായി തിരഞ്ഞെടുക്കുന്നത്‌.

വിനോദവിഷയങ്ങളേക്കാളപ്പുറം വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അത്യധികം പ്രയോജനപ്രദമായ ഒരു സാങ്കേതികത്വമാണ്‌ കാര്‍ട്ടൂണ്‍ ചലച്ചിത്രത്തിന്റെ പിന്നിലുള്ളത്‌. ശാസ്‌ത്രസാങ്കേതിക തത്ത്വങ്ങള്‍ വിശദീകരിക്കുവാനും വ്യാവസായിക തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചുകാണിക്കാനും ഈ മാര്‍ഗം പ്രയോജനപ്പെടുന്നു. ചിത്രകലയുടെ പ്രദര്‍ശനത്തിനും ഈ മാധ്യമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. പിക്കാസോ 1956ല്‍ നിര്‍മിച്ച "മിസ്റ്ററി പിക്കാസോ' എന്ന കാര്‍ട്ടൂണ്‍ ചലച്ചിത്രം ഇതിനുദാഹരണമാണ്‌. 1888ലാണ്‌ കൈകൊണ്ട്‌ വരച്ച രേഖാചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു ചലനചിത്ര പ്രദര്‍ശനം ആദ്യമായി നടന്നത്‌. അതിനുശേഷം ഈ രംഗത്ത്‌ വമ്പിച്ച വളര്‍ച്ചയുണ്ടായി. ആനിമേഷന്‍ ചിത്രനിര്‍മാണത്തിന്‌ അനേകം സാങ്കേതികവിദ്യകള്‍ ഇന്ന്‌നിലവിലുണ്ട്‌. തുടക്കത്തില്‍ മള്‍ട്ടിപ്പിള്‍ പ്ലെയിന്‍ ക്യാമറ ടെക്‌നിക്കായിരുന്നു പ്രയോഗിച്ചിരുന്നത്‌. ഒരു രംഗത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സെല്‍സില്‍ (cels) വരച്ചശേഷം അവ അടുക്കായി പകര്‍ത്തുന്നതിന്‌ പകരം ഇടവിട്ട്‌ ഓരോന്നായി പകര്‍ത്തുക എന്ന സമ്പ്രദായം അന്ന്‌ സ്വീകരിച്ചിരുന്നു. ത്രിമാനമിഥ്യ സൃഷ്‌ടിക്കുന്നതിന്‌ ഈ രീതി ആവശ്യമായിരുന്നു. പാവകള്‍, തീപ്പെട്ടി, ബട്ടണ്‍ മുതലായവ ഉപയോഗിച്ച്‌ രസകരമായ ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌.

പിക്‌സീലേഷന്‍ ആണ്‌ മറ്റൊരു വിദ്യ. മനുഷ്യരെയും ലൊക്കേഷനുകളെയും ഉപയോഗിച്ച്‌ ഒരുക്കിയെടുക്കുന്ന ഇത്തരം ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ ചായുകയും ചരിയുകയും വികൃതമായി ചലിക്കുകയും ചെയ്യുന്നതുകാണാം. സാധാരണ ചിത്രങ്ങളിലെപ്പോലെ ഷൂട്ടിങ്‌ നടത്തിയശേഷം അതില്‍ നിന്ന്‌ സിംഗിള്‍ ഷോട്ടുകള്‍ മുറിച്ചെടുത്ത്‌ കൃത്രിമ ചലനത്തിന്റെ ഇഫക്‌റ്റ്‌ വരുത്തുക എന്നതാണ്‌ മറ്റൊരു രീതി. ഒരു നിമിഷനേരത്തേക്ക്‌ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു കാര്‍ട്ടൂണ്‍ ചലച്ചിത്രത്തിന്റെ ഭാഗത്തിനായി തുടര്‍ച്ചയായ 24 ചിത്രങ്ങളാണ്‌ ഉപയോഗപ്പെടുത്തുന്നതെന്നു പറയുമ്പോള്‍ സാമാന്യം വലിയൊരു ചലച്ചിത്രത്തിനായി കോടിക്കണക്കിനു ചിത്രങ്ങള്‍ വരയ്‌ക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാം. സുതാര്യമായ സെല്ലുലോയിഡ്‌ ഷീറ്റുകളിലാണ്‌ ചിത്രങ്ങള്‍ വരയ്‌ക്കുക പതിവ്‌. സെല്ലുലോയിഡ്‌ ഫിലിം റീലിലേക്ക്‌ നേരിട്ടു ചിത്രങ്ങള്‍ പെയിന്റ്‌ ചെയ്‌തു ചേര്‍ക്കുന്ന രീതിയും സ്വീകരിച്ചിരുന്നു.

1880ല്‍ ഷീന്‍മേറി, എമിലി റെയ്‌നാഡ്‌ എന്നീ ഫ്രഞ്ച്‌ ചലച്ചിത്രനിര്‍മാതാക്കളാണ്‌ കാര്‍ട്ടൂണ്‍ ചലച്ചിത്രം എന്ന ആശയത്തിന്‌ ബീജാവാപം ചെയ്‌തത്‌. പക്ഷികളുടെ ചിറകടിയുടെ ഓരോ സൂക്ഷ്‌മചലനവും പ്രത്യേകം പ്രത്യേകം ചിത്രീകരിക്കുന്ന തരത്തില്‍ ഫോട്ടോ എടുക്കാന്‍ കഴിയുന്ന ഒരു പ്രത്യേക ഉപകരണം മേറി ഉപയോഗിച്ചു. തുടര്‍ന്ന്‌, റെയ്‌നാഡ്‌ പ്രാക്‌സിനോസ്‌കോപ്പ്‌ എന്ന ഒരു ഉപകരണം സംവിധാനം ചെയ്‌തു; കൈകൊണ്ടു വരച്ച നൂറുകണക്കിനു ചിത്രങ്ങള്‍ സ്‌ക്രീനിലേക്കു പ്രക്ഷേപിച്ചു ചലനം ദ്യോതിപ്പിക്കാന്‍ ഈ ഉപകരണം കൊണ്ടുസാധിച്ചു.

19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ത്തന്നെ ചലച്ചിത്രം പ്രചരിച്ചുവെങ്കിലും പിന്നെയും 10 വര്‍ഷത്തോളം കഴിഞ്ഞു മാത്രമാണ്‌ ശരിയായ രീതിയിലുള്ള കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്‌. 1908ല്‍ ഫ്രാന്‍സിലെ എമിലി കോള്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ടുനിര്‍മിച്ച രൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച ചിത്രവും 1909ല്‍ യു.എസ്സിലെ വിന്‍സര്‍ മക്‌കേ നിര്‍മിച്ച "ഗെര്‍ട്ടി ദ്‌ ഡിനോസര്‍' എന്ന ലഘുചിത്രവും ആദ്യകാല കാര്‍ട്ടൂണ്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനകളില്‍പ്പെടുന്നു. 1913ഓടു കൂടി കാര്‍ട്ടൂണ്‍ ചലച്ചിത്രകല സാമാന്യം പുരോഗതി നേടി. 1920കളില്‍ യു.എസ്സിലെ പ്രശസ്‌തരായ ചിത്രകാരന്മാര്‍ പലരും ഈ രംഗത്തേക്കു വന്നു. മാക്‌സ്‌ ഫ്‌ളെയ്‌ഷര്‍ (പ്രശസ്‌തമായ പോപെയെ കാര്‍ട്ടൂണുകളുടെ സ്രഷ്‌ടാവ്‌), "കൊകൊ എന്ന കോമാളി'(Koko the Clown)യെയും പാറ്റ്‌ സല്ലിവന്‍ "ഫെലിക്‌സ്‌ എന്ന പൂച്ച'(Felix the Cat)യെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പ്രശസ്‌തങ്ങളായ കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങള്‍ നിര്‍മിച്ചു. ലളിതമായ രേഖകളും ഷെയ്‌ഡുകളും ഉപയോഗിച്ചുള്ള ചിത്രീകരണമായിരുന്നു ഇവയിലേത്‌. മനുഷ്യരുടേതുപോലെയുള്ള പെരുമാറ്റങ്ങളും ഫലിതപ്രയോഗങ്ങളുമാണ്‌ ഈ ചലച്ചിത്രത്തിലെ മൃഗരൂപങ്ങളും പ്രകടിപ്പിച്ചിരുന്നത്‌. തന്മൂലം ഈ ചിത്രങ്ങള്‍ അത്യധികം ജനപ്രീതി നേടിയിരുന്നു. കാര്‍ട്ടൂണ്‍ ചലച്ചിത്രമണ്ഡലം വികസ്വരമായതോടുകൂടി അതിന്റെ അടിസ്ഥാനസാങ്കേതികത്വത്തിലും വളരെ പുരോഗതിയുണ്ടായി. ഫിലിമിലേക്കു നേരിട്ട്‌ ചിത്രങ്ങള്‍ പെയിന്റ്‌ ചെയ്‌തു ചേര്‍ക്കുന്ന രീതി ആദ്യമായി ആവിഷ്‌കരിച്ചത്‌ കാനഡക്കാരനായ ലെന്‍ ല്യെ ആണ്‌. 1935ല്‍ ഇദ്ദേഹം നിര്‍മിച്ച "കളര്‍ബോക്‌സ്‌' എന്ന ചിത്രം ഈ പുതുരീതിയിലാണ്‌ പുറത്തുവന്നത്‌. പാവകളെ ഉപയോഗിച്ചുകൊണ്ട്‌ കാര്‍ട്ടൂണ്‍ ചിത്രം ആദ്യമായി നിര്‍മിച്ചത്‌ ഹംഗറിക്കാരനായ ജോര്‍ജ്‌പോള്‍ ആണ്‌. ഇതൊരു ലഘുചിത്രമായിരുന്നു. എന്നാല്‍ റഷ്യക്കാരനായ അലക്‌സാണ്ടര്‍ തുഷ്‌കോ 1935ല്‍ നിര്‍മിച്ച "ദ്‌ ന്യൂഗള്ളിവര്‍' എന്ന പാവച്ചിത്രം പൂര്‍ണദൈര്‍ഘ്യമുള്ള ഒരു കാര്‍ട്ടൂണ്‍ ചലച്ചിത്രമാണ്‌. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ത്തന്നെ അമേരിക്കയില്‍ കാര്‍ട്ടൂണ്‍ ചിത്രനിര്‍മാണയൂണിറ്റുകള്‍ തുടങ്ങിയെങ്കിലും ഇതിന്റെ കലാപരവും സാങ്കേതികവും ആയ സാധ്യതകള്‍ പരമാവധി വികസിപ്പിച്ച്‌ അവിസ്‌മരണീയമായ നിരവധി ക്ലാസ്സിക്കുകള്‍ നിര്‍മിച്ചത്‌ അമേരിക്കന്‍ ഫിലിം നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും ആനിമേറ്ററും ആയ വാള്‍ട്ട്‌ ഡിസ്‌നിയായിരുന്നു (1901-66). 1922ല്‍ ഇദ്ദേഹം കാന്‍സസ്‌ സിറ്റിയില്‍ ഒരു ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ചു. തുടര്‍ന്ന്‌ അമേരിക്കയിലെ പല ചിത്രകാരന്മാരും കാര്‍ട്ടൂണ്‍ ഫിലിം രംഗത്തേക്കുവന്നു.

1930ഓടുകൂടിയാണ്‌ കാര്‍ട്ടൂണ്‍ ചലച്ചിത്രത്തില്‍ ശബ്‌ദലേഖനം സാധ്യമായത്‌. പ്രത്യേക രീതിയില്‍ ഫലപ്രദമായ ശബ്‌ദലേഖനം ഉള്‍ക്കൊള്ളിച്ചത്‌ അമേരിക്കക്കാരനായ വാള്‍ട്ട്‌ ഡിസ്‌നി ആണ്‌. കാര്‍ട്ടൂണ്‍ ചലച്ചിത്ര സങ്കേതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്‌. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഫലിതങ്ങളും വികാരവായ്‌പും ലോകമെമ്പാടുമുള്ള പ്രക്ഷകരെ ഹഠാദാകര്‍ഷിച്ചു. 1930-40 കളില്‍ പുറത്തു വന്ന "മിക്കി മൗസ്‌', "ഡൊനാള്‍ഡ്‌ ഡക്ക്‌', "സില്ലി സിംഫണി' തുടങ്ങിയ ഡിസ്‌നി ചിത്രങ്ങള്‍ ലോകപ്രശസ്‌തങ്ങളാണ്‌. തുടര്‍ന്ന്‌ ഫീച്ചര്‍ ചിത്രങ്ങളോളം വരുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഡിസ്‌നി നിര്‍മിച്ചു തുടങ്ങി. 1938ല്‍ പുറത്തിറക്കിയ സ്‌നോ വൈറ്റ്‌ ആന്‍ഡ്‌ ദ്‌ സെവന്‍ ഡ്വാര്‍ഫ്‌സ്‌ ഇത്തരത്തിലുള്ള ഒരു പൂര്‍ണചിത്രമാണ്‌. യാഥാസ്ഥിതിക ശൈലിയാണ്‌ ഡിസ്‌നി ഇവയിലൊക്കെയും പിന്‍തുടര്‍ന്നത്‌. ഡിസ്‌നിക്കും വളരെ മുമ്പുതന്നെ അമൂര്‍ത്ത കലാശൈലിയില്‍ കാര്‍ട്ടൂണ്‍ ചലച്ചിത്രം നിര്‍മിച്ചിരുന്നുവെങ്കിലും 1940ല്‍ ഡിസ്‌നി നിര്‍മിച്ച ഫന്റാസിയയില്‍ മാത്രമാണ്‌ അദ്ദേഹം ഈ ശൈലി ഉപയോഗിച്ചത്‌. ബീഥോവന്‍, സ്‌ട്രാവിന്‍സ്‌കി തുടങ്ങിയ ഉന്നതരുടെ സംഗീതം ഇതില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഡിസ്‌നിയുടെ യാഥാസ്ഥിതിക ശൈലി തന്നെ അനുകരിച്ചു കാര്‍ട്ടൂണ്‍ ചലച്ചിത്രം നിര്‍മിക്കുന്ന രീതിക്ക്‌ ഒരു വ്യതിയാനം ഉണ്ടായത്‌ 1940കളില്‍ യു.പി.എ. കമ്പനി ഈ രംഗത്തു വന്നതോടെയാണ്‌. ഇതിലെ പല കലാകാരന്മാരും ഡിസ്‌നിയുടെ സ്റ്റുഡിയോയില്‍ നിന്ന്‌ പിരിഞ്ഞുപോന്നവരായിരുന്നു. മാഗു ചിത്രങ്ങള്‍, റൂട്ടിടൂട്ട്‌ടൂട്ട്‌ എന്നിവയുടെ നിര്‍മാതാവായ ജോണ്‍ ഹ്യൂബ്‌ളി, പീറ്റെ ബര്‍ണെസ്‌, ബോബ്‌ കാനണ്‍ (ജെറാള്‍ഡ്‌ മക്‌ബോയിങ്‌ ബോയിങ്‌ പരമ്പരയുടെ സൃഷ്‌ടാവ്‌) എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ബെമില്‍മാന്റെ മാഡെലിന്‍ (1952) കാര്‍ട്ടൂണ്‍ ചലച്ചിത്രമാക്കിയതും ബോബ്‌ കാനണ്‍ ആണ്‌.

1950കളില്‍ ഡിസ്‌നി സാധാരണ ചലച്ചിത്രമേഖലയിലേക്കു ശ്രദ്ധിച്ചതോടെ അമേരിക്കന്‍ കാര്‍ട്ടൂണ്‍ ചലച്ചിത്രശൈലി രണ്ടു പ്രധാന മാര്‍ഗങ്ങളിലേക്കു തിരിഞ്ഞു. ഒരു വിഭാഗക്കാര്‍ സംഭ്രമജനകങ്ങളായ വിഷയങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഭാവനാസുന്ദരങ്ങളായ കഥകളാണ്‌ തിരഞ്ഞെടുത്തത്‌. ടെക്‌സ്‌ അവെറി, ചക്ക്‌ ജോണ്‍സ്‌ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ബഗ്‌സ്‌ ബണ്ണി, ഫ്രിറ്റ്‌സ്‌ ഫേലങ്‌ സംവിധാനം ചെയ്‌ത ട്വീറ്റി പൈ ആന്‍ഡ്‌ സില്‍വസ്റ്റര്‍, വില്യം ഹന്നയും ജോസഫ്‌ ബാര്‍ബെറയും ചേര്‍ന്നു നിര്‍മിച്ച "ടോം ആന്‍ഡ്‌ ജെറി', "ഹക്കിള്‍ ബെറി ഹൗണ്ട്‌' എന്നീ ചിത്രങ്ങളും സംഭ്രമാത്മക ചിത്രങ്ങളില്‍ മികച്ചവയാണ്‌. കലാമേന്മ മുന്തിനില്‍ക്കുന്ന ഭാവനാസുന്ദരങ്ങളായ ചിത്രങ്ങളുടെ കൂട്ടത്തില്‍ എടുത്തു പറയത്തക്ക ഒന്നാണ്‌ ഹ്യൂബ്‌ളി, ഏണസ്റ്റ്‌ പിന്റോഫ്‌ എന്നിവര്‍ നിര്‍മിച്ച "ഫ്‌ളിബസ്‌ ദ്‌ വയലിനിസ്റ്റ്‌'.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ധാരാളം കലാകാരന്മാര്‍ കാര്‍ട്ടൂണ്‍ ചലച്ചിത്രരംഗത്തേക്കു വന്നു. കാനഡക്കാരനായ നോര്‍മന്‍ മക്‌ലാറെന്‍ 1951ല്‍ നിര്‍മിച്ച ത്രിവിമീയ കാര്‍ട്ടൂണ്‍ ചലച്ചിത്രമാണ്‌ എറൗണ്ട്‌ ഈസ്‌ എറൗണ്ട്‌. ഗൗരവമേറിയ വിഷയം ഉപയോഗിച്ച്‌ ആദ്യമായി ഒരു പൂര്‍ണദൈര്‍ഘ്യ കാര്‍ട്ടൂണ്‍ ചലച്ചിത്രം നിര്‍മിച്ചത്‌ ഹാലസും ബാച്ചിലറും ചേര്‍ന്നാണ്‌ (ആനിമല്‍ ഫാം, 1954). മറ്റു പ്രശസ്‌തരായ ഫ്രഞ്ച്‌ കാര്‍ട്ടൂണ്‍ ചലച്ചിത്രകാരന്മാരാണ്‌ പാള്‍ ഗ്രിമാള്‍, ഷീന്‍ഇമേഷ്‌. ഹെന്‌റി ഗ്രൂയെ എന്നിവര്‍. 1955ല്‍ സിനിമാസ്‌കോപ്പില്‍ നിര്‍മിച്ച ലേഡി ആന്‍ഡ്‌ ദ്‌ ട്രാംപ്‌ (lady and the tramp) ഈ രംഗത്തെ പുതിയ കാല്‍വയ്‌പായിരുന്നു. "101ഡാല്‍മേഷന്‍സ്‌' (1961), "സ്ലീപിങ്‌ ബ്യൂട്ടി' (Sleeping Beauty) (70 mm-1959), "സ്വാര്‍ഡ്‌ ഇന്‍ ദ്‌ സ്റ്റോണ്‍' (Sword in the stone) (1963) തുടങ്ങിയ ചിത്രങ്ങളില്‍ മനുഷ്യരുടെ മുഖം അതേപടി പകര്‍ത്താനുള്ള അനിമാട്രാണിക്‌ സങ്കേതം ഉപയോഗിച്ചു. "മേരി പോപ്പിന്‍സ്‌'ല്‍ യഥാര്‍ഥ നടീനടന്മാരുടെ അഭിനയവും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചലനങ്ങളും ഇടകലര്‍ത്തി കഥാഖ്യാനം നിര്‍വഹിച്ചിരുന്നു (1964). "സ്റ്റോപ്പ്‌ മോഷന്‍' ആനിമേഷന്‍ ടെക്‌നിക്ക്‌ ഉപയോഗിച്ച്‌ 1933ല്‍ നിര്‍മിച്ച "കിങ്‌ കോംങ്‌' സഹൃദയരെ ഏറെ ആഹ്‌ളാദിപ്പിച്ചു. 1940ലാണ്‌ സൂപ്പര്‍മാന്‍ ആദ്യമായി കാര്‍ട്ടൂണ്‍ കഥാപാത്രമായത്‌. മാക്‌സ്‌ഫ്‌ളെയ്‌ഷറുടെ "പൊപ്പയേ' യെ 1929ല്‍ എല്‍സിക്രിസ്‌ലര്‍ ജനപ്രിയ താരമാക്കി. പൊപ്പോയേയും സംഘത്തേയും സിന്‍ബാദ്‌കഥകളിലും ആലിബാബ കഥയിലും അലാവുദ്ദീന്റെ പുരാവൃത്തത്തിലും കൂട്ടിയിണക്കി ഫ്‌ളെയ്‌ഷര്‍ കാര്‍ട്ടൂണ്‍ സിനിമകള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ദേവഫ്‌ളെയ്‌ഷറുടെ "ഗള്ളിവേഴ്‌സ്‌ ട്രാവല്‍സ്‌' മറ്റൊരു ക്ലാസ്സിക്കാണ്‌. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ "ബഗ്‌സ്‌ ബണ്ണിബെയറും' (Bugs Bunny Bear) എം.ജി. എമ്മിന്റെ "ടോം ആന്‍ഡ്‌ ജെറി'യും പ്രസിദ്ധമായ മറ്റ്‌ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്‌. ഫ്രഞ്ച്‌ ആനിമേഷന്‍ ചിത്രനിര്‍മാതാക്കളാണ്‌ പുതിയ സങ്കേതങ്ങളായ മോര്‍ഫിങ്‌, പാവ ആനിമേഷന്‍, പിക്‌സിലേഷന്‍ എന്നിവ വികസിപ്പിച്ചത്‌.

ഹോളിവുഡുമായി കാര്‍ട്ടൂണ്‍ സിനിമാ നിര്‍മാണത്തില്‍ ആദ്യകാലം മുതല്‌ക്കേ മത്സരിച്ചിട്ടുള്ള കാനഡയില്‍ 1939ല്‍ ജോണ്‍ ഗ്രിയേഴ്‌സന്റെ നേതൃത്വത്തില്‍ നാഷണല്‍ ഫിലിം ബോര്‍ഡ്‌ രൂപീകരിച്ചശേഷം കാര്‍ട്ടൂണ്‍ ഫിലിം നിര്‍മാണത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. ഗ്രിയേഴ്‌സനെത്തുടര്‍ന്ന്‌ ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്ത നോര്‍മന്‍ മക്‌ലാറന്‍ ആനിമേഷനില്‍ പുതിയ മേഖലകള്‍ വെട്ടിത്തുറന്ന ആളാണ്‌. പശ്ചാത്തലത്തിന്റെ ചലനവും തുടര്‍ച്ചയായ ട്രാക്കിങ്ങും ഡിസ്സോള്‍വിങ്ങും കൊണ്ട്‌ രൂപങ്ങളുടെ ചലനം സാധ്യമാക്കിത്തീര്‍ക്കാമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ വിശ്രുതമായ അയല്‍ക്കാര്‍ (Neighbour) എന്ന ആനിമേറ്റഡ്‌ ചിത്രത്തില്‍ ആളുകളെ വച്ച്‌ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയശേഷം എഡിറ്റിങ്ങിലൂടെ സാധാരണ ചലനം നിയന്ത്രിച്ച്‌ പാവക്കൂത്തിന്റെ പ്രതീതി വരുത്തി. 1951ല്‍ അദ്ദേഹം നിര്‍മിച്ച "എറൗണ്ട്‌ ഈസ്‌ എറൗണ്ട്‌' (Around is around) സാങ്കേതികത്തികവുള്ള മറ്റൊരു സൃഷ്‌ടിയാണ്‌.

തുടക്കം മുതല്‌ക്കേ ബ്രിട്ടനില്‍ മികച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ജോര്‍ജ്‌ ഓര്‍വെല്ലിന്റെ "ആനിമല്‍ഫാമി'നെ ആസ്‌പദമാക്കി ഹലാസും ബാച്ചലറും സജ്ജമാക്കിയ മുഴുനീളന്‍ കാര്‍ട്ടൂണ്‍ ചിത്രവും, സിനിമയുടെ ചരിത്രം വിവരിക്കുന്ന "ആട്ടോമാനിയ2000' എന്ന ചിത്രവും ബ്രിട്ടീഷ്‌ സംഭാവനയാണ്‌. പോളണ്ടുകാരനായ ജാന്‍ ലെനിക്കയുടെ "മോണ്‍സ്യൂര്‍റ്റെറ്റേ' മറ്റൊരു കാര്‍ട്ടൂണ്‍ ഫിലിം ക്ലാസ്സിക്കായി കണക്കാക്കപ്പെടുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന അദ്ദേഹത്തിന്റെ "അ" എന്ന ചിത്രവും പ്രസിദ്ധമാണ്‌. ചെക്ക്‌, സ്ലോവാക്യ, ഹംഗറി, ബള്‍ഗേറിയ, റുമേനിയ എന്നീ രാജ്യങ്ങളും ഈ രംഗത്ത്‌ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ചെക്കോസ്ലാവാക്യയിലെ ജിറിത്രുക നിര്‍മിച്ച പപ്പറ്റ്‌ (പാവ) ഫിലിമുകള്‍ സാര്‍വത്രികമായ ബഹുജനപ്രീതി നേടി. 1959ല്‍ അദ്ദേഹം നിര്‍മിച്ച "ദ്‌ മിഡ്‌ സമ്മര്‍ നൈറ്റ്‌സ്‌ഡ്രീം' എന്ന കാര്‍ട്ടൂണ്‍ ഫിലിം അപൂര്‍വ ചാരുത വഹിക്കുന്നതാണെന്ന്‌ ആസ്വാദകര്‍ വിലയിരുത്തിയിട്ടുണ്ട്‌. സ്‌പൈഡര്‍മാന്‍, ക്രാക്‌ (Crac-1981), ഫ്രഡറിക്‌ ബാക്‌ നിര്‍മിച്ച ഷറാഡ്‌ (charade) എന്നീ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഓസ്‌കാര്‍ സമ്മാനം നേടിയിട്ടുണ്ട്‌.

ടെലിവിഷന്‍ മാധ്യമം ലോകമൊട്ടാകെ അഭൂതപൂര്‍വമായ വേഗതയില്‍ വ്യാപിച്ചതോടെ വിനോദപ്രധാനമായ കാര്‍ട്ടൂണ്‍ കഥാചിത്രങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ പെരുകി. 1990കളില്‍ ആനിമേഷന്‍ ജോലി പൂര്‍ണമായും കമ്പ്യൂട്ടര്‍ ഏറ്റെടുത്തു. 1997ല്‍ കാനഡയില്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്ക്‌ മാത്രമായി "ടെലിടൂണ്‍' (Teletoon) ചാനല്‍ തുടങ്ങി. 1926മുതല്‍ ചൈനയിലെ ഫിലിം നിര്‍മാതാക്കളായ വോണ്‍ബ്രദേഴ്‌സ്‌ ഈ രംഗത്തുണ്ട്‌. ജപ്പാന്റെ "മോമോട്ടോറസ്‌ സീ വാറിയേഴ്‌സ്‌' (Momotorus Sea Warriors) ജാപ്പാനീസ്‌ ശൈലിയുടെ പ്രത്യേകതകള്‍ കാണിച്ചുതരുന്നു.

ഇന്ത്യയില്‍ ആദ്യമായി ഒരു കാര്‍ട്ടൂണ്‍ ചലച്ചിത്രം നിര്‍മിച്ചത്‌ തോമസ്‌ സാമുവല്‍ എന്ന പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റാണ്‌ (നോ. കാരിക്കേച്ചറും കാര്‍ട്ടൂണും). 24 മീ. നീളമുണ്ടായിരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ പേര്‌ വുഡ്‌ കട്ടര്‍ എന്നായിരുന്നു. വാള്‍ട്ട്‌ ഡിസ്‌നിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്ക്‌ ജീവന്‍ (Animation) കൊടുക്കാറുള്ള വാള്‍ഡ്ഡ്‌ കെല്ലി ഈ ചിത്രത്തെ അനുമോദിക്കുകയുണ്ടായി. ഇന്ത്യയിലെ ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റിയും ഫിലിംസ്‌ ഡിവിഷനും ഏതാനും കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ 1966ല്‍ ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി നിര്‍മിച്ച "ജൈസേ കൊ തൈസാ' എന്ന കാര്‍ട്ടൂണ്‍ ചലച്ചിത്രം എടുത്തുപറയത്തക്കതാണ്‌.

ഇന്ത്യയില്‍ ഫീച്ചര്‍, ഡോക്യുമെന്ററി, വിദ്യാഭ്യാസ വിഭാഗങ്ങളില്‍ മാത്രമല്ല പരസ്യചിത്രങ്ങളുടെ മണ്ഡലത്തിലും രാഷ്‌ട്രീയ പ്രചാരണത്തിന്റെ രംഗത്തും ഇന്ന്‌ ആനിമേഷന്‍ ചിത്രങ്ങള്‍ നല്ല പ്രചാരം നേടിയിട്ടുണ്ട്‌. ജംഗിള്‍ ബുക്കി(Jungle Book)ലെ മൗഗ്ലി എന്ന വനബാലന്റെ സാഹസങ്ങള്‍ വിവരിക്കുന്ന കാര്‍ട്ടൂണ്‍ കഥ എല്ലാ ഭാഷയിലും മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. മഹാഭാരതം, രാമായണം, പുരാണകഥകള്‍, ബൈബിള്‍ കഥകള്‍, പഞ്ചതന്ത്രം, ബുദ്ധജാതക കഥകള്‍, നാടോടിക്കഥകള്‍, ഐതിഹ്യങ്ങള്‍, അറേബ്യന്‍ രാവുകള്‍ തുടങ്ങിയവ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫിലിമുകള്‍ ഇന്ന്‌ കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്നു. ഇതിന്‌ പുറമേ ലോകക്ലാസ്സിക്കുകളായി അംഗീകരിക്കപ്പെട്ടിട്ടുള്ള മികച്ച കാര്‍ട്ടൂണ്‍ സിനിമകള്‍ മലയാളത്തിലേക്ക്‌ ഡബ്ബ്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. പുതിയ ആനിമേഷന്‍ തന്ത്രങ്ങളില്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക്‌ പരിശീലനം നല്‌കാനും, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ നിര്‍മിക്കാനുമുള്ള സ്ഥാപനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

(തോട്ടം രാജശേഖരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍