This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ട്ടൂം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ട്ടൂം

Khartoum

സുഡാന്റെ തലസ്ഥാന നഗരം. കാര്‍ട്ടൂം പ്രവിശ്യയുടെ ആസ്ഥാനം കൂടിയായ ഈ നഗരം നീല നൈല്‍, വെള്ളനൈല്‍ എന്നീ നദികളുടെ സംഗമത്തിനു തൊട്ടുതെക്കുഭാഗത്തായി സമുദ്രനിരപ്പില്‍ നിന്ന്‌ 382 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെയും പ്രവിശ്യയുടെയും ദേശീയ നാമധേയം അല്‍കാര്‍ട്ടൂം (Al-Khartoum) എന്നാണ്‌. അറബി ഭാഷയില്‍ "ആനയുടെ തുമ്പിക്കൈ' എന്നര്‍ഥം വരുന്ന കുര്‍ട്ടൂം എന്ന പേര്‍ 1821ല്‍ നദീ സംഗമത്തുള്ള ഇടുങ്ങിയ എക്കല്‍ തടത്തില്‍ സ്ഥാപിച്ച ഈജിപ്‌ഷ്യന്‍ സൈനികത്താവളത്തിനു നല്‌കപ്പെട്ടതാണ്‌. പില്‌ക്കാലത്ത്‌ സ്ഥലവും ഇതേ പേരില്‍ അറിയപ്പെട്ടു. ആഡിസ്‌ അബാബയ്‌ക്കു 1,000 കി.മീ. വടക്കു പടിഞ്ഞാറും മക്കയില്‍ നിന്ന്‌ അത്രയും തന്നെ ദൂരം തെക്കു പടിഞ്ഞാറും ആയി നഗരം സ്ഥിതി ചെയ്യുന്നു. നൈല്‍ സംഗമത്തിനു പടിഞ്ഞാറുള്ള ഓംഡൂര്‍മാന്‍ (Omdurman), തെക്കു കിഴക്കുള്ള വടക്കന്‍ കാര്‍ട്ടൂം (Al-Khartoum Bahri) എന്നിവ കൂടിച്ചേര്‍ന്നുള്ള നഗരത്രയം രാജ്യത്തെ സാംസ്‌കാരികഭരണകേന്ദ്രം എന്നതിനുപുറമേ വ്യാവസായികവാണിജ്യകേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്‌. നഗരത്തിലെ ജനസംഖ്യ: 9,47,483 (1993); മതിപ്പുകണക്ക്‌: 22,07,800 (2007).

നഗരത്തില്‍ കലാഭംഗിയാര്‍ന്ന വാസ്‌തുശില്‌പങ്ങള്‍ ഒട്ടേറെയുണ്ട്‌. നീല നൈലിനോടു ചേര്‍ന്നുള്ള നഗരഭാഗത്താണ്‌ ഭരണസഭാ മന്ദിരവും മറ്റ്‌ ഔദ്യോഗിക മന്ദിരങ്ങളും മ്യൂസിയവും മറ്റും സ്ഥിതിചെയ്യുന്നത്‌. കൊട്ടാരം, കാര്‍ട്ടൂം സര്‍വകലാശാലയുടെ ആസ്ഥാനം തുടങ്ങിയവയും ഈ ഭാഗത്തുതന്നെ. 1903ല്‍ സ്ഥാപിച്ച ഗോര്‍ഡണ്‍ മെമ്മോറിയല്‍ കോളജ്‌, 1924ലെ കിച്ചനര്‍ സ്‌കൂള്‍ ഒഫ്‌ മെഡിസിന്‍ എന്നിവ ഒന്നിച്ചു ചേര്‍ത്ത്‌ 1951ല്‍ യൂണിവേഴ്‌സിറ്റി കോളജ്‌ ഒഫ്‌ കാര്‍ട്ടൂം രൂപവത്‌കൃതമായി; തുടര്‍ന്ന്‌ 1956ല്‍ ഇതിനെ കാര്‍ട്ടൂം സര്‍വകലാശാലയായി വികസിപ്പിച്ചു.

സുഡാന്‍ നിവാസികളില്‍ വടക്കന്‍ മേഖലയില്‍ ഭൂരിഭാഗവും അറബിമുസ്‌ലിം വിഭാഗത്തില്‍പെട്ടവരും, ദക്ഷിണഭാഗത്ത്‌ പാര്‍ക്കുന്നവര്‍ കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കക്കാരുമാണ്‌. സ്വാതന്ത്യ്രാനന്തര സുഡാന്‍, ഇസ്‌ലാമിക്‌ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആഫ്രിക്കക്കാരായ ഗിരിവര്‍ഗക്കാരുള്‍പ്പെടുന്ന സമൂഹം ഭരണാധികാരികള്‍ക്ക്‌ അനഭിമതരായിത്തീര്‍ന്നു. അവരെ പുറത്താക്കി രാജ്യം ശുദ്ധീകരിക്കാന്‍ കാര്‍ട്ടൂമിലെ ഭരണവര്‍ഗം തീവ്രശ്രമം തുടങ്ങുകയും തെക്കന്‍ പ്രദേശത്തുകാര്‍ കടുത്ത ചെറുത്തുനില്‌പ്‌ ആരംഭിക്കുകയും ചെയ്‌തു. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഈ കലാപത്തിന്റെ രംഗമായിരുന്നു കാര്‍ട്ടൂം. 2005 ജനുവരി 9ന്‌ കാര്‍ട്ടൂമിലെ ഇസ്‌ലാമികഗവണ്‍മെന്റും, സുഡാന്‍ വിമോചനസേനയും തമ്മില്‍ കെനിയാ തലസ്ഥാനമായ നൈറോബിയില്‍ വച്ച്‌ ഒപ്പിട്ട സമാധാന ഉടമ്പടി, ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട ആഭ്യന്തര യുദ്ധത്തിന്‌ വിരാമംകുറിച്ചു.

കാര്‍ട്ടൂം സര്‍വകലാശാല

കാര്‍ട്ടൂം സംസ്ഥാനം. സുഡാനിലെ പ്രവിശ്യകളില്‍ ഏറ്റവും ചെറുതും ജനസംഖ്യാപരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നതുമായ കാര്‍ട്ടൂം ഭരണഘടകം നൈല്‍ നദിയുടെ ഇരുകരകളിലുമായി ത്രികോണാകൃതിയില്‍ 22,122 ച.കി.മീ. വ്യാപിച്ചുകിടക്കുന്നു. പ്രവിശ്യയുടെ ഉത്തരാതിര്‍ത്തി ആറാം പ്രപാത(Sabaluka)ത്തിലും ദക്ഷിണസീമ വെള്ള നൈല്‍ അണക്കെട്ടിലും നൈല്‍ നദിയെ മുറിച്ചു കടന്നുപോകുന്നു (നോ. സുഡാന്‍). സമുദ്രത്തില്‍ അകന്നു കിടക്കുന്ന ഈ മേഖലയിലെ കാലാവസ്ഥ ഒട്ടും സുഖകരമല്ലെങ്കിലും നൈല്‍ നദിയുടെ സാമീപ്യം കൊണ്ട്‌ ഇതല്‌പം സമീകൃതമാണ്‌. ഉപോഷ്‌ണമേഖലയിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും വേനല്‍ക്കാലത്തെ കടുത്തചൂടും മണല്‍ക്കൊടുങ്കാറ്റും കാലാവസ്ഥയുടെ പ്രതികൂലഘടകങ്ങളാണ്‌. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വര്‍ഷകാലത്ത്‌ നൈല്‍നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ താഴ്‌ന്ന പ്രദേശങ്ങളും കാര്‍ഷികസമൃദ്ധമായ തുരുത്തുകളും പ്രളയ ബാധിതമാവുന്നു. കരിമ്പ്‌, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ്‌ ഇവിടുത്തെ മുഖ്യകൃഷികള്‍. ആധുനികവും പ്രാകൃതവുമായ ജലസേചന സംവിധാനങ്ങള്‍ തുടര്‍ന്നു പോരുന്ന സംസ്ഥാനത്തെ മേച്ചില്‍പ്പുറങ്ങളില്‍ തീറ്റപ്പുല്ലും വ്യാപകമായി കൃഷി ചെയ്‌തുവരുന്നു.

ഓംഡുര്‍മാന്‍, വടക്കന്‍ കാര്‍ട്ടൂം എന്നീ നഗരങ്ങള്‍ യഥാക്രമം കാര്‍ട്ടൂം പ്രവിശ്യയില്‍ നൈല്‍നദിക്കു പടിഞ്ഞാറും കിഴക്കുമായി കിടക്കുന്ന രണ്ടുജില്ലകളുടെ ആസ്ഥാനങ്ങളാണ്‌. പ്രവിശ്യയിലെ ജനങ്ങളില്‍ പകുതിയോളം ഈ മൂന്നു നഗരങ്ങളിലും പ്രാന്തങ്ങളിലുമായി വസിക്കുന്നു. വടക്കന്‍ കാര്‍ട്ടൂം ആണ്‌ വ്യാവസായികമായി ഏറ്റവും മുന്നിട്ടു നില്‌ക്കുന്നത്‌; ഇവിടെ കപ്പല്‍, തീവണ്ടി എന്നിവയുടെ ഭാഗങ്ങള്‍ വന്‍തോതില്‍ നിര്‍മിച്ചുവരുന്നു. നഗരവത്‌കരണം വലുതായ കുടിയേറ്റത്തിനു പ്രരകമായിട്ടുണ്ട്‌. ജനങ്ങളില്‍ 95 ശതമാനവും അറബി സംസാരിക്കുന്നവരാണ്‌. റോഡ്‌, റെയില്‍പ്പാത എന്നിവയിലൂടെയും നൈല്‍ നദീമാര്‍ഗമായും വന്‍കരയിലെ മിക്ക പട്ടണങ്ങളുമായി ഈ മൂന്നു നഗരങ്ങള്‍ക്കും ഗതാഗതബന്ധമുണ്ട്‌.

ചരിത്രം. ഈജിപ്‌തിലെ സൈനിക നേതാവായ മുഹമ്മദ്‌ ആലി 1821ല്‍ നൈല്‍സംഗമസ്ഥാനത്ത്‌ ഒരു സൈനികത്താവളം സ്ഥാപിച്ചു. ഇതിനെ ചുറ്റിപ്പറ്റി അറബി കച്ചവടക്കാര്‍ വിപണനമാരംഭിച്ചതിനെത്തുടര്‍ന്നു ഇവിടം ക്രമേണ ഒരു വര്‍ത്തക കേന്ദ്രവും പിന്നീട്‌ ഒരു അടിമക്കച്ചവടകേന്ദ്രവും ആയിത്തീര്‍ന്നു. ഈജിപ്‌തിന്റെ അധീനതയിലായിരുന്ന കാര്‍ട്ടൂമിനെ 1885 ജനു. 16ന്‌ സുഡാനിലെ മിസൈയാ (Messaih) നേതാവായ മുഹമ്മദ്‌ അഹമ്മദ്‌ ആല്‍മാഡീ കീഴടക്കി. "കാര്‍ട്ടൂം യുദ്ധ'മെന്നറിയപ്പെടുന്ന ഈ ലഹളയില്‍ ഈജിപ്‌തിന്റെ സഹായത്തിനെത്തിയ ബ്രിട്ടീഷ്‌ ജനറല്‍ ചാള്‍സ്‌ ജോര്‍ജ്‌ ഗോര്‍ഡണ്‍ വധിക്കപ്പെട്ടു. തുടര്‍ന്ന്‌ ആ മേഖലയുടെ ആസ്ഥാനം ഓംഡുര്‍മാനിലേക്കു മാറ്റിയപ്പോള്‍ കാര്‍ട്ടൂം അനാഥമായി. 1898ല്‍ മേജര്‍ ജനറല്‍ ലോര്‍ഡ്‌ കിച്ച്‌നറുടെ നേതൃത്വത്തില്‍ ആംഗ്ലോഈജിപ്‌ഷ്യന്‍ സേന കാര്‍ട്ടൂം വീണ്ടെടുത്തതോടെ പഴയ ആസ്ഥാനപദവിയും അതിനു നല്‌കപ്പെട്ടു. പുനരുദ്ധരിക്കപ്പെട്ട കാര്‍ട്ടൂം നഗരം 1956ല്‍ സുഡാന്‍ സ്വാതന്ത്യ്രം നേടിയ ശേഷവും തലസ്ഥാനമായി വര്‍ത്തിച്ചുപോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍