This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ട്ടര്‍, ജെയിംസ്‌ ഏള്‍ (ജിമ്മി) (1924 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ട്ടര്‍, ജെയിംസ്‌ ഏള്‍ (ജിമ്മി) (1924 )

Carter, James Earl, Jr. (Jimmy)

യു.എസ്സിലെ 39-ാമത്തെ പ്രസിഡന്റ്‌. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം നേടുമ്പോള്‍ കാര്‍ട്ടര്‍ ഏറെ പ്രസിദ്ധനായിരുന്നില്ല. 1976ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും സ്ഥാനമൊഴിയുന്ന പ്രസിഡന്റുമായിരുന്ന ജെറാള്‍ഡ്‌ ഫോര്‍ഡി(ജൂനിയര്‍)നെ പരാജയപ്പെടുത്തി. 1971-75 കാലത്ത്‌ കാര്‍ട്ടര്‍ ജോര്‍ജിയയിലെ ഗവര്‍ണര്‍ ആയിരുന്നു. പ്രസിഡന്റാകുന്നതിനുമുമ്പ്‌ ഇദ്ദേഹം വഹിച്ചിരുന്ന ഒരേയൊരു പ്രധാന ഔദ്യോഗികപദവി ഇതാണ്‌.

ജെയിംസ്‌ ഏള്‍ കാര്‍ട്ടര്‍

1924 ഒ. 1നു ദക്ഷിണപശ്ചിമ ജോര്‍ജിയയില്‍ ജിമ്മി കാര്‍ട്ടര്‍ ജനിച്ചു. പിതാവ്‌ ഏള്‍ കാര്‍ട്ടര്‍ വ്യാപാരിയും കൃഷിക്കാരനുമായിരുന്നു. മാതാവ്‌ ലിലിയന്‍ ഇന്ത്യയില്‍ സാമൂഹികരംഗത്ത്‌ അല്‌പകാലം പ്രവര്‍ത്തിച്ചിരുന്നു. 1941ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാര്‍ട്ടര്‍ 1941-42 ല്‍ ജോര്‍ജിയ സൗത്ത്‌ വെസ്റ്റേണ്‍ കോളജിലും 1942-43 ല്‍ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിലും പഠിച്ചു. 1943ല്‍ യു.എസ്‌. നേവല്‍ അക്കാദമിയില്‍ നിയമനം ലഭിച്ചു. 1947ല്‍ അവിടെനിന്ന്‌ ബിരുദം നേടി. 1946 ജൂല. 7ന്‌ ഹൈസ്‌കൂളിലെ സഹപാഠിയായിരുന്ന റോസിലിന്‍ സ്‌മിത്തിനെ വിവാഹം കഴിച്ചു. കാര്‍ട്ടര്‍ ദമ്പതികള്‍ക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ട്‌. യു.എസ്‌. നാവികസേനയുടെ യുദ്ധക്കപ്പലില്‍ രണ്ടുവര്‍ഷം ജോലിനോക്കിയശേഷം ഇദ്ദേഹം മുങ്ങിക്കപ്പല്‍ വിഭാഗത്തിലേക്കു മാറ്റപ്പെട്ടു.

1950ല്‍, സംടര്‍ കൗണ്ടി വിദ്യാഭ്യാസബോര്‍ഡ്‌ അംഗമെന്ന നിലയില്‍ ഇദ്ദേഹം നീഗ്രാ അധ്യാപകരുടെ നില മെച്ചപ്പെടുത്തുന്നതിനും, നീഗ്രാ കുട്ടികള്‍ക്ക്‌ പഠിക്കുവാന്‍ സൗകര്യത്തിന്‌ സ്‌കൂള്‍സമയം മാറ്റുന്നതിനും, കറുത്തവര്‍ഗക്കാരുടെ സ്‌കൂള്‍ ഉയര്‍ത്തുന്നതിനും ശ്രമിച്ചു. 1953ല്‍ പിതാവിന്റെ മരണത്തെ ത്തുടര്‍ന്ന്‌ ഇദ്ദേഹം മുങ്ങിക്കപ്പല്‍ വിഭാഗത്തിലെ ഉദ്യോഗം രാജിവച്ച്‌ കുടുംബസ്വത്തിന്റെ ഭരണം ഏറ്റെടുത്തു. 1962ലും 64ലും കാര്‍ട്ടര്‍ ജോര്‍ജിയ സംസ്ഥാന സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ ജോര്‍ജിയയിലെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ട്ടര്‍ 1973ല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ദേശീയ പ്രചാരണസമിതി അധ്യക്ഷനായി.

1976ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച കാര്‍ട്ടര്‍ പ്രസിഡന്റെന്ന നിലയിലുള്ള തന്റെ സമീപനം ജനകീയമായിരിക്കുന്നതിന്‌ ശ്രദ്ധിച്ചു. ഇദ്ദേഹം വൈറ്റ്‌ഹൗസിലെയും ഗവണ്‍മെന്റിലെയും ഉന്നതോദ്യോഗസ്ഥന്മാരുടെ ഭാരിച്ച ചെലവുകള്‍ വെട്ടിക്കുറയ്‌ക്കുകയും പ്രസിഡന്റ്‌ സ്ഥാനത്തോടു ബന്ധപ്പെട്ടിരുന്ന ആര്‍ഭാടങ്ങളും മറ്റും നിര്‍ത്തലാക്കുകയും ചെയ്‌തു. "ആസ്‌ക്‌ പ്രസിഡന്റ്‌ കാര്‍ട്ടര്‍' (Ask President Carter) എന്ന റേഡിയോ പരിപാടിയിലൂടെ ഇദ്ദേഹം ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‌കി. ഒരു ലിബറല്‍ എന്ന്‌ പേരുനേടിയിരുന്നുവെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ യാഥാസ്ഥിതിക നിലപാടെടുത്ത കാര്‍ട്ടര്‍ 1981 ആവുമ്പോഴേക്കും ബജറ്റുകമ്മി ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ നടപടികള്‍ നീഗ്രാകളുടെയും വനിതാ പ്രസ്ഥാനത്തിന്റെയും തൊഴിലാളികളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിമര്‍ശനങ്ങള്‍ക്കുവിധേയമായി. കാര്‍ട്ടറും, ഡെമോക്രാറ്റിക്‌ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സുമായുള്ള ബന്ധവും എപ്പോഴും സുഖകരമായിരുന്നില്ല; ജലപദ്ധതികള്‍ റദ്ദാക്കുന്നതിനുള്ള ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും മറ്റും കോണ്‍ഗ്രസ്‌ നിരാകരിച്ചിട്ടുണ്ട്‌. വിദേശ ബന്ധങ്ങളില്‍ കാര്‍ട്ടര്‍ ഒരു പുതിയ പന്ഥാവ്‌ സ്വീകരിച്ചു. മനുഷ്യാവകാശം ലംഘിക്കുന്ന രാജ്യങ്ങള്‍ക്ക്‌ അമേരിക്ക ധനസഹായം നല്‌കില്ലെന്ന കാര്‍ട്ടറുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ പനാമത്തോടിന്റെ നിയന്ത്രണം പനാമയ്‌ക്കു നല്‌കാനുള്ള അമേരിക്കയുടെ തീരുമാനം ആഭ്യന്തരമായ എതിര്‍പ്പിന്‌ വഴിവച്ചു. ഇറാനില്‍ നിന്ന്‌ ബഹിഷ്‌കൃതനായ ഷായെ ചികിത്സയ്‌ക്കായി അമേരിക്കയില്‍ പ്രവേശിപ്പിച്ച നടപടിയില്‍ പ്രകോപിതരായ ഇറാനിയന്‍ വിദ്യാര്‍ഥികള്‍ 1979 നവംബറില്‍ ടെഹറാനിലെ അമേരിക്കന്‍ എംബസി കൈയേറി, 52 അമേരിക്കന്‍ പൗരന്മാരെ 444 ദിവസം ബന്ദികളാക്കി പീഡിപ്പിച്ച സംഭവം കാര്‍ട്ടര്‍ ഗവണ്‍മെന്റിന്‌ വമ്പിച്ച തിരിച്ചടിയായി. ഈ സംഭവവികാസങ്ങളുടെ ഫലമായി അടുത്ത തെരഞ്ഞെടുപ്പില്‍ റൊനാള്‍ഡ്‌ റീഗന്‍ കാര്‍ട്ടറെ തോല്‌പിച്ച്‌ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 1981ല്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞെങ്കിലും തുടര്‍ന്ന്‌ പല അവികസിത രാജ്യങ്ങളിലെയും മനുഷ്യാവകാശ സംരക്ഷണപരിപാടികളിലും വികസന പ്രസ്ഥാനങ്ങളിലും, രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ അയവ്‌ വരുത്തുന്നതിലുള്ള നയതന്ത്രയജ്ഞങ്ങളിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. "ഹോര്‍നെറ്റ്‌സ്‌ നെസ്റ്റ്‌' എന്ന പേരില്‍ 2003ല്‍ ഒരു നോവല്‍ ഉള്‍പ്പെടെ 23 പുസ്‌തകങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1997ല്‍ ഇന്ദിരാഗാന്ധി പുരസ്‌കാരം, 1998ല്‍ യു.എന്നിന്റെ മനുഷ്യാവകാശ പുരസ്‌കാരം, 2002ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കാര്‍ട്ടര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍