This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഗില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ഗില്‍

Kargil

ജമ്മുകാശ്‌മീര്‍ സംസ്ഥാനത്തുള്‍പ്പെട്ട ഒരു അതിര്‍ത്തി ജില്ല, ആസ്ഥാന പട്ടണം. പാകിസ്‌താനതിര്‍ത്തിയോട്‌ അടുത്ത്‌ സ്ഥിതിചെയ്യുന്നു. സംസ്ഥാനതലസ്ഥാനമായ ശ്രീനഗറില്‍ നിന്നും 205 കി.മീ. ദൂരെ മാറിയുള്ള കാര്‍ഗില്‍ പട്ടണവും ജില്ലയും 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തോടെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജില്ലാ വിസ്‌തീര്‍ണം: 14,036 ച.കി.മീ.; ജനസംഖ്യ: 1,19,307 (2001); ജനസാന്ദ്രത: 8 ച.കി.മീ. (2001); സാക്ഷരത: 58 ശ.മാ. (2001); സ്‌ത്രീ പുരുഷാനുപാതം: 953/1000 (2001).

ദ്രാസ്‌ താഴ്‌വര

സമുദ്രനിരപ്പില്‍ നിന്നും 26762740 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കാര്‍ഗില്‍ ജില്ലയുടെ മിക്കവാറും ഭാഗങ്ങള്‍ വരണ്ട മലമ്പ്രദേശങ്ങളാണ്‌; ചില പ്രദേശങ്ങള്‍ ഹിമാവൃതവും. മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ജില്ല ചുരങ്ങള്‍ വഴിയാണ്‌ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്‌. സോജിലാചുരം (3567 മീ.), ഫോട്ടലാചുരം (4192 മീ.) എന്നിവയാണ്‌ ഇതില്‍ പ്രധാനം. നമികാല (Namikala), പെന്‍സില (Penzila) എന്നിവ ജില്ലയിലെ പ്രധാന ഗിരിശൃംഗങ്ങളാണ്‌. സുരു (suru), ദ്രാസ്‌ (Drass), സിന്ധു (Sindhu), അപ്പര്‍ സിന്ധ്‌ (Upper Sindh) എന്നീ നാലു താഴ്‌വരകള്‍ കാര്‍ഗില്‍ ജില്ലയിലുള്‍പ്പെടുന്നുണ്ട്‌.

കടുത്ത ശൈത്യവും ചൂടുള്ള വേനലും ജില്ലയുടെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്‌. മഴയുടെ തോത്‌ പൊതുവേ കുറവായിരിക്കുന്നു; ശരാശരി വാര്‍ഷിക വര്‍ഷപാതം സു. 25 സെ.മീ. ശൈത്യമാസങ്ങളില്‍ മഞ്ഞുവീഴ്‌ച ഇവിടെ സാധാരണമാണ്‌. സൈബീരിയ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ താപനില (-48OC) രേഖപ്പെടുത്തിയിട്ടുള്ളത്‌ കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലാണ്‌. ദൈനികവാര്‍ഷിക താപവിന്യാസം വ്യക്തമായി ജില്ലയിലനുഭവപ്പെടുന്നു. ചില ഭാഗങ്ങള്‍ ഹിമാവൃതവും മറ്റു ചില പ്രദേശങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞതുമായ ഈ ജില്ലയിലെ സസ്യജാലം പൊതുവേ ശുഷ്‌കമാണ്‌. അവസാദശിലകളാണ്‌ ജില്ലയില്‍ പ്രധാനമായും കാണപ്പെടുന്നത്‌. ഇവ ശക്തമായ അപരദനത്തിനു വിധേയമാകുന്നു. പൊതുവേ മലമ്പ്രദേശമായതിനാല്‍ കൃഷിനിലങ്ങള്‍ ജില്ലയില്‍ പരിമിതമാണ്‌. ഹ്രസ്വമായ വേനല്‍ക്കാലം മാത്രമനുഭവപ്പെടുന്നതിനാല്‍ ഗോതമ്പാണ്‌ പ്രധാന വിള. മണല്‍ നിറഞ്ഞതും ഊഷരമായതുമായ മണ്ണും കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്‌. ഹിമാനികളില്‍ നിന്നും ഉരുകിയെത്തുന്ന ജലമാണ്‌ ജലസേചനത്തിന്റെ പ്രധാന സ്രാതസ്സ്‌.

ജില്ലയിലെ അധിവാസകേന്ദ്രങ്ങള്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന നിലയില്‍ സ്ഥിതിചെയ്യുന്നു. കൃഷിയിടങ്ങളും ജലസേചനസൗകര്യങ്ങളും ലഭ്യമായ പ്രദേശങ്ങളിലാണ്‌ ജനങ്ങള്‍ വാസമുറപ്പിച്ചിരിക്കുന്നത്‌. സിന്ധു, ദ്രാസ്‌ തുടങ്ങിയ നദികളുടെ കരകളിലുള്ള ഗ്രാമപ്രദേശങ്ങളില്‍ പൊതുവേ ഊഷ്‌മളമായ കാലാവസ്ഥയനുഭവപ്പെടുന്നു. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ജനവിഭാഗങ്ങളാണ്‌ ജില്ലയിലുള്ളത്‌. സാംസ്‌കാരികപരമായും ഏറെ വൈജാത്യം ഇവര്‍ പുലര്‍ത്തുന്നു. മംഗോളുകള്‍, മധ്യേഷ്യയിലെ ദര്‍ദുകള്‍, ഇന്തോആര്യന്‍ വംശജര്‍ എന്നീ നരവംശങ്ങളുടെ പിന്‍തലമുറക്കാരാണ്‌ ഇവര്‍.

ദേശീയ പാതയുള്‍പ്പെടെയുള്ള റോഡുകളാണ്‌ ജില്ലയുടെ ഗതാഗതമേഖലയില്‍ സുപ്രധാന പങ്കുവഹിക്കുന്നത്‌. ഇതില്‍ ലേകാര്‍ഗില്‍ പാതയൊഴികെ മറ്റു പ്രധാന റോഡുകളെല്ലാം ശൈത്യമാസങ്ങളില്‍ മഞ്ഞുമൂടി കിടക്കുന്നു. വിനോദസഞ്ചാര പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ കാര്‍ഗില്‍ ജില്ലയിലുണ്ട്‌. ബുദ്ധവിഹാരങ്ങളും പ്രകൃതി ഭംഗിയാര്‍ന്ന ഗിരിസങ്കേതങ്ങളുമാണ്‌ ഇതില്‍ പ്രധാനം. 2007 ജൂലായില്‍ കാര്‍ഗിലിലും സന്‍സ്‌കാറി (Zanskar) ലും വച്ച്‌ നടത്തിയ കാര്‍ഗില്‍ ഉത്സവം ഇവിടത്തെ പ്രാദേശിക സംസ്‌കാരം, പരമ്പരാഗത കായിക വിനോദങ്ങള്‍, നാടോടി സംസ്‌കാരം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രാദേശിക കരകൗശല വസ്‌തുക്കള്‍, കൈത്തറി ഇനങ്ങള്‍, ഭക്ഷണസാമഗ്രികള്‍, വിവിധതരം ഫലങ്ങള്‍ തുടങ്ങിയവയുടെ വിപണനമേളയും ഇതിനോടനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെട്ടിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മിഗ്‌ വിമാനങ്ങള്‍

കാര്‍ഗിലില്‍ മനുഷ്യാധിവാസമുണ്ടായത്‌ താരതമ്യേന അടുത്തകാലത്താണ്‌. പ്രതികൂലമായ കാലാവസ്ഥയും പ്രത്യേക സ്ഥാനവും ഇതിനു കാരണമായിരുന്നതെന്നു കരുതപ്പെടുന്നു. എ.ഡി. 8-ാം ശ. മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നതായാണ്‌ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌. താത്താഖാ(8-ാം ശ.)ന്റെ ഭരണകാലത്താണ്‌ ഇവിടേക്ക്‌ ജനങ്ങള്‍ കൂട്ടമായി കുടിയേറിയതെന്നു കരുതപ്പെടുന്നു. പുരാതനകാലത്ത്‌ കാര്‍ഗിലിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും തിബത്തന്‍ പണ്ഡിതര്‍ "പുരിഗ്‌' എന്ന പേരില്‍ വിളിച്ചിരുന്നു. ചാഹബ്‌സ (C 1060-90) (Chahabza) എന്ന ഭരണാധികാരിയുടെ കാലത്ത്‌ ബുദ്ധമതവും 15-ാം ശതകത്തില്‍ ഇവിടം ഭരിച്ചിരുന്ന മുറീദ്‌ഖാ(-C 1450-75)ന്റെ ഭരണകാലത്ത്‌ ഇസ്‌ലാം മതവും ഇവിടെ പ്രചരിച്ചു.

1979ല്‍ പ്രത്യേക ജില്ലയായി രൂപംകൊണ്ട കാര്‍ഗില്‍ ജില്ലയില്‍ ഏഴ്‌ ബ്ലോക്കുകളുണ്ട്‌കാര്‍ഗില്‍, ദ്രാസ്‌, സാന്‍കൂ (Sankoo), തയ്‌സുരു (Taisuru), ഷാര്‍ഗോലെ (Shargole), ഷാകര്‍ചിക്‌തന്‍ (Shakar-Chiktan), സന്‍സ്‌കര്‍ (Zanskar) ഏറ്റവും വലിയ ബ്ലോക്കായ കാര്‍ഗിലിലാണ്‌ ജില്ലാആസ്ഥാനം സ്ഥിതിചെയ്യുന്നത്‌. 2003ല്‍ രൂപംകൊണ്ട്‌ ലഡാക്ക്‌ സ്വയംഭരണ ഗിരിവികസന കൗണ്‍സില്‍ (Ladakh Autonomous Hill development Council) സ്ഥിതിചെയ്യുന്നതും കാര്‍ഗിലിലാണ്‌.

കാര്‍ഗില്‍ യുദ്ധം. ഇന്ത്യാപാകിസ്‌താന്‍ അതിര്‍ത്തിയിലെ അംഗീകൃത നിയന്ത്രണരേഖ ലംഘിച്ച്‌ ജമ്മുകാശ്‌മീരിലെ ഇന്ത്യന്‍ പ്രദേശമായ കാര്‍ഗിലിലേക്ക്‌ പാകിസ്‌താന്‍ നടത്തിയ നുഴഞ്ഞുകയറ്റത്തെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തി (1999). 1999 ഏപ്രിലിലാണ്‌ ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം ഉണ്ടായതെങ്കിലും ആ വര്‍ഷം ജനുവരിഫെബ്രുവരി മാസങ്ങളില്‍ത്തന്നെ പാകിസ്‌താന്‍ സേന വന്‍തോതില്‍ രഹസ്യമായി മഞ്ഞുമലകള്‍ക്കിടയിലൂടെ ഇന്ത്യന്‍ പ്രദേശത്തേക്ക്‌ നുഴഞ്ഞുകയറാന്‍ തുടങ്ങിയിരുന്നുവെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു. നിയന്ത്രണരേഖയുടെ ഭദ്രത തകര്‍ത്ത്‌ കാര്‍ഗിലില്‍ നിലയുറപ്പിച്ച്‌ കാശ്‌മീര്‍ പ്രശ്‌നം അന്താരാഷ്‌ട്രവത്‌കരിക്കുക, സിയാച്ചിന്‍ പര്‍വതശിഖരങ്ങളില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ഇന്ത്യയുടെ തന്ത്രപരമായ മേല്‍ക്കോയ്‌മ ഇല്ലാതാക്കാന്‍ കാര്‍ഗില്‍ കുന്നുകള്‍ പിടിച്ചെടുത്ത്‌ താവളമൊരുക്കുക എന്നിവയായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ശക്തമായ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സേന തന്ത്രപ്രാധാന്യമുള്ള ടൈഗര്‍ഹില്‍ ശത്രുസേനയില്‍ നിന്ന്‌ പിടിച്ചെടുത്തത്‌ പാകിസ്‌താന്‌ വമ്പിച്ച തിരിച്ചടിയായിരുന്നു. ക്രമേണ യുദ്ധം ഇരുശക്തികളും തമ്മിലുള്ള മുഖാമുഖസംഘട്ടനം ആവുകയും, ഇരുഭാഗത്തും ആള്‍നാശം കൂടുകയും ചെയ്‌തു.

"ഓപ്പറേഷന്‍ വിജയ്‌' സ്‌മാരകസ്‌തൂപം

കാര്‍ഗില്‍യുദ്ധം സൈന്യത്തിനും സര്‍ക്കാരിനും യുദ്ധതന്ത്ര വിദഗ്‌ധന്മാര്‍ക്കും പല വിലയേറിയ അനുഭവപാഠങ്ങള്‍ നല്‌കി. ഓര്‍ക്കാപ്പുറത്ത്‌ ഒരു യുദ്ധം ഇന്ത്യ നേരിടേണ്ടിവന്നത്‌ പ്രതിരോധ സംവിധാനത്തിലെ പല പാളിച്ചകളും പഴുതുകളും ശത്രുക്കള്‍ മുതലെടുത്തതുകൊണ്ടായിരുന്നു. അതിനാല്‍ ഇവയെക്കുറിച്ച്‌ പഠിച്ച്‌ ഭാവിയില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാകാതിരിക്കുന്നതിന്‌ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന്‌ നിര്‍ദേശിക്കുവാനായി പ്രതിരോധകാര്യ വിദഗ്‌ധനായ കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനും മാധ്യമവിദഗ്‌ധനായ ബി.ജി. വര്‍ഗീസും, മുന്‍ ലഫ്‌റ്റനന്റ്‌ ജനറല്‍ കെ.കെ. ഹസാരിയും അന്നത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെ സെക്രട്ടറി സതീഷ്‌ചന്ദ്രയും അംഗങ്ങളുമായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. 2000 ജനുവരിയില്‍ അവര്‍ നല്‌കിയ റിപ്പോര്‍ട്ടില്‍, കാര്‍ഗില്‍ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും ഏറെക്കാലമായി പാകിസ്‌താന്‍ ഇന്ത്യയില്‍ നടത്തിപ്പോരുന്ന ഒളിയുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും തുടര്‍ച്ചയാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍