This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ക്കോടകന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ക്കോടകന്മാര്‍

എ.ഡി. 7 മുതല്‍ 9 വരെ ശതകങ്ങളില്‍ കാശ്‌മീര്‍ ഭരിച്ചിരുന്ന രാജാക്കന്മാര്‍. കാശ്‌മീരിന്റെ ചരിത്രം ഐതിഹ്യങ്ങളില്‍ നിന്ന്‌ രേഖാധിഷ്‌ഠിതമായി മാറുന്നത്‌ കാര്‍ക്കോടക രാജവംശത്തോടു കൂടിയാണ്‌. ഈ വംശത്തിലെ പ്രഥമ രാജാവ്‌ ദുര്‍ലഭ വര്‍ധനനായിരുന്നു. ചൈനയുടെ ചരിത്രാഖ്യാനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്ന തുലോപ(Tulopa)നും ദുര്‍ലഭനും ഒരാള്‍ തന്നെയായിരിക്കാമെന്നു കരുതുന്നു. ദുര്‍ലഭന്റെ പ്രജകളില്‍ ബഹുഭൂരിഭാഗവും ഹിന്ദുക്കള്‍ ആയിരുന്നുവെങ്കിലും ബുദ്ധമതക്കാരോടു ദുര്‍ലഭന്‍ അനുഭാവപൂര്‍വം പെരുമാറിയിരുന്നതായി 631-33 കാലത്ത്‌ കാശ്‌മീര്‍ സന്ദര്‍ശിച്ച ചീനസഞ്ചാരിയായ ഹുയാന്‍ ത്‌സാങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇക്കാലത്ത്‌ തക്ഷശില, ഹസാര സാള്‍ട്ട്‌ റേഞ്ച്‌, രാജൈറി, പൂഞ്ച്‌ എന്നീ ഗ്രാമങ്ങള്‍ കാശ്‌മീര്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

കാര്‍ക്കോടക രാജവംശത്തിലെ ശ്രദ്ധേയനായ മറ്റൊരു ഭരണാധിപനായിരുന്നു ചന്ദ്രാപീഡന്‍. ചെന്‍തൊലൊപിലി (Tchentolopili) എന്നാണ്‌ ചൈനീസ്‌ രേഖകളില്‍ ഇദ്ദേഹം പരാമര്‍ശിക്കപ്പെട്ടിരുന്നത്‌. ചീന ചക്രവര്‍ത്തിയായിരുന്ന ഹുയാന്‍സുങിന്റെ ഭരണകാലത്ത്‌ (713-55) ചന്ദ്രാപീഡന്‍, ചൈനയുമായി നയതന്ത്രവാണിജ്യബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. സ്വസഹോദരനായ താരാപീഡന്റെ ക്ഷുദ്രവൃത്തിക്ക്‌ ഇദ്ദേഹം ഇരയായിത്തീര്‍ന്നു. തുടര്‍ന്ന്‌ രാജാവായിത്തീര്‍ന്ന താരാപീഡന്‍ ബ്രാഹ്മണരാല്‍ വധിക്കപ്പെട്ടു. പിന്നീട്‌ ലളിതാദിത്യന്‍ രാജാവായി.

കാശ്‌മീരിലെ ഏറ്റവും കീര്‍ത്തിമാനായ ഹിന്ദുരാജാവായി ചില ചരിത്രകാരന്മാര്‍ ലളിതാദിത്യനെ ചിത്രീകരിച്ചിട്ടുണ്ട്‌. ആക്രമണകാരി ആയിരുന്ന ഇദ്ദേഹം കാശ്‌മീരിനു പുറത്തും തന്റെ സ്വാധീനത ഉറപ്പിച്ചു. കന്യാകുബ്‌ജത്തിലെ രാജാവായ യശോവര്‍മനെ തോല്‌പിച്ചശേഷം പ്രസിദ്ധ കവിയായ ഭവഭൂതിയെ അവിടെ നിന്ന്‌ അദ്ദേഹം തന്റെ കൊട്ടാരത്തിലേക്ക്‌ കൊണ്ടുപോവുകയുണ്ടായി. ഇക്കാലത്ത്‌ കാശ്‌മീര്‍ സമ്പത്‌സമൃദ്ധമായിരുന്നു. മാര്‍ത്താണ്ടിലെ ക്ഷേത്രാവശിഷ്‌ടങ്ങളില്‍ നിന്ന്‌ രാജ്യത്തിന്റെ ശ്രയസ്സും അഭിവൃദ്ധിയും മനസ്സിലാക്കാന്‍ കഴിയും.

ലളിതാദിത്യന്റെ സീമന്തപുത്രന്‍ പിന്നീട്‌ രാജാവായി. അശക്തനായിരുന്ന ഇദ്ദേഹം ഒരു വര്‍ഷത്തെ ഭരണത്തിനുശേഷം സ്വയം സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന്‌ കനിഷ്‌ഠപുത്രന്‍ അധികാരമേറ്റു. ദുര്‍മാര്‍ഗിയായ ഇദ്ദേഹം രാജ്യത്തിന്റെയും പ്രജകളുടെയും ക്ഷേമത്തില്‍ തത്‌പരനായിരുന്നില്ല. എന്നാല്‍ ലളിതാദിത്യന്റെ ചെറുമകനായ ജയാപീഡന്‍ തന്റെ പിതാമഹന്റെ പാരമ്പര്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു ഭരണാധിപനായിരുന്നു. മനോഹരമായ ഇന്ദര്‍കോട്ട്‌ നഗരം ഇദ്ദേഹമാണ്‌ പണി കഴിപ്പിച്ചത്‌. കലകളെയും വിജ്ഞാനസമ്പാദനത്തെയും ഇദ്ദേഹം പരിപോഷിപ്പിച്ചു. ദാമോദരഗുപ്‌തന്‍, കാശിരപണ്ഡിതന്‍, മനോരതന്‍, ഭട്ട ഉദാഭട്ടന്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. ഇവരുടെ കൃതികളില്‍നിന്ന്‌ അക്കാലത്തെ ജനജീവിതവും സാമൂഹിക വ്യവസ്ഥിതികളും ഗ്രഹിക്കുവാന്‍ കഴിയുന്നു. എന്നാല്‍ തന്റെ ഭരണകാലാന്ത്യത്തില്‍ ഇദ്ദേഹം പ്രജകളോട്‌ അസാധാരണമായ ക്രൂരതയോടെ വര്‍ത്തിച്ചു. ബ്രാഹ്മണര്‍ക്ക്‌ നല്‌കിയ ഭൂമി ഇദ്ദേഹം പിടിച്ചെടുത്തു. ഇദ്ദേഹത്തിനുശേഷം അശക്തന്മാരായ ആറ്‌ കാര്‍ക്കോടക രാജാക്കന്മാര്‍ കാശ്‌മീര്‍ ഭരിച്ചു. 855ല്‍ അവസാനത്തെ കാര്‍ക്കോടക രാജാവായിരുന്ന ഉതപാലപീഡനെ അദ്ദേഹത്തിന്റെ തന്നെ മന്ത്രിയായിരുന്ന സുരന്‍ അധികാരഭ്രഷ്‌ടനാക്കി. ഇതോടെ കാര്‍ക്കോടക ഭരണം കാശ്‌മീരില്‍ അവസാനിച്ചു. നോ. കാശ്‌മീര്‍ചരിത്രം

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍