This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍കോകില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍കോകില്‍

Babchi

ഔഷധസസ്യം. ശാ.നാ. സൊറാലിയ കൊറീലിഫോളിയ (Psoralea Corylifolia). പാപ്പിലിയോണേസീ (papillioaceae) സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഹിന്ദിയില്‍ ബെംചി, ബവ്‌ചിയെന്നും അറിയപ്പെടുന്ന കാര്‍കോകിലിന്റെ ആംഗലേയനാമം ബബ്‌ച്ചിയെന്നാണ്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഔഷധസസ്യമായി വളര്‍ത്തപ്പെടുന്ന ഇത്‌ തരിശുഭൂമിയിലും പാതവക്കുകളിലും വ്യാപകമായി കാണപ്പെടുന്നു. ഏകദേശം 0.6 1.2 മീ. ഉയരമുള്ള ഈ വാര്‍ഷിക സസ്യത്തിന്റെ ദീര്‍ഘവൃത്താകൃതിയായ സരളപത്രങ്ങളില്‍ ഗ്രന്ഥികളുണ്ട്‌. പത്രവൃന്തം ലോമിലമാണ്‌. റെസീം പുഷ്‌മപഞ്‌ജരി(Raceme inflorescence)യില്‍ നീലനിറമുള്ള 1030 പുഷ്‌പങ്ങളുണ്ടാകാറുണ്ട്‌. ദളപുടത്തിന്‌ ചുവപ്പ്‌ കലര്‍ന്ന നീലനിറമാണ്‌. കറുത്തനിറമുള്ള ഉരുണ്ടഫലങ്ങളുടെ ഉപരിതലത്തില്‍ കുഴികള്‍ കാണപ്പെടുന്നു. പൊതുവേ ഒരു ഫലത്തില്‍ ഒരു വിത്തേ ഉണ്ടാകാറുള്ളൂ. ആഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെയാണ്‌ പുഷ്‌പകാലം.

കാര്‍കോകില്‍

വളരെയധികം ഔഷധയോഗ്യമായ കാര്‍കോകിലിന്റെ വിത്തില്‍ ബാഷ്‌പശീലതൈലം, ആല്‍ബുമിന്‍, റെസിന്‍, പഞ്ചസാര തുടങ്ങിയ ഘടകങ്ങളടങ്ങിയിട്ടുണ്ട്‌. വിത്തില്‍ നിന്നു ലഭിക്കുന്ന ഒലിയോറെസിന്‍ (Oleoresin) അടങ്ങിയ സത്ത്‌ ത്വക്‌ രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന ബാക്‌ടീരിയകളെ നശിപ്പിക്കുന്നു. ല്യൂക്കോ ഡേര്‍മാ, കുഷ്‌ഠം എന്നീ രോഗങ്ങള്‍ ബാധിച്ച ശരീരഭാഗങ്ങളില്‍ പുരട്ടുന്നതിനും ഈ ഔഷധം ഉപയോഗിച്ചുവരാറുണ്ട്‌. വിത്തുകള്‍ രക്തശുദ്ധീകരണത്തിനും അതിലുപരി മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കുന്നതിനും വിരകളെ നശിപ്പിക്കുന്നതിനും അത്യുത്തമമാണ്‌. വിരകള്‍ക്കും ബാക്‌റ്റീരിയകള്‍ക്കുമെതിരായുള്ള ഇതിന്റെ പ്രവര്‍ത്തനം പരീക്ഷണങ്ങള്‍മൂലം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഛര്‍ദി, വിളര്‍ച്ച, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്‌ക്കും മുടി വളരുന്നതിനും ഈ സസ്യത്തിന്റെ ഫലങ്ങള്‍ ഉപയോഗിക്കുന്നു. കഫം, വിഷം, ചൊറി, ചിരങ്ങ്‌, രക്തദോഷം, ശ്വാസംമുട്ടല്‍, പ്രമേഹം, ജ്വരം എന്നിവയ്‌ക്കും കാര്‍കോകിലരി ഔഷധമാണ്‌. കുഷ്‌ഠരോഗചികിത്സയില്‍ ഇതിനുള്ള ഉപയോഗം മുന്‍നിര്‍ത്തി ഈ ഔഷധത്തെ "കുഷ്‌ഠനാശിനി' എന്നും പറയാറുണ്ട്‌. നെല്ലിക്കത്തോട്‌, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച്‌ കാര്‍കോകിലരിയുടെ പൊടി മേമ്പൊടി ചേര്‍ത്ത്‌ നിത്യവും ശീലിച്ചാല്‍ ശ്വിത്രം (പാണ്ട്‌) ഇല്ലാതാകും എന്ന്‌ ഒരു ആയുര്‍വേദവിധി ശാര്‍ങ്‌ധരസംഹിത (വ്യാഖ്യാതാവ്‌: ചേപ്പാട്ട്‌ അച്യുതവാരിയര്‍) യില്‍ കാണുന്നു. ഇത്‌ ഒരു ഹൃദയപരിപോഷക ഔഷധമാണ്‌. വാതത്തിനും ഉത്തമമത്ര. സസ്യത്തിന്റെ വേര്‌ ദന്തക്ഷയം തടയുന്നതിനും ഇലകള്‍ അതിസാരത്തിനും ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍