This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരോഫൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരോഫൈറ്റ

Charophyta

അപുഷ്‌പിസസ്യങ്ങളായ ആല്‍ഗകളിലെ ഒരു വിഭാഗം. സ്റ്റോണ്‍ വര്‍ട്ടുകള്‍ (Stone worts)എന്നറിയപ്പെടുന്ന ഹരിത ആല്‍ഗകളാണ്‌ ഇവ. സ്റ്റോണ്‍ വര്‍ട്ടുകളുടെ ജൈവികവും ജൈവരസതന്ത്രപരവുമായ പല സ്വഭാവവിശേഷങ്ങളും മറ്റു ഹരിത ആല്‍ഗകളുടേതില്‍ നിന്നു വ്യത്യസ്‌തമല്ല എന്ന കാരണത്താല്‍ പല സസ്യവര്‍ഗീകരണ ശാസ്‌ത്രജ്ഞന്മാരും ഈ വിഭാഗത്തിന്‌ കാരോഫൈസീ എന്ന ഓര്‍ഡറിന്റെ സ്ഥാനം നല്‌കി ക്ലോറോഫൈസീയോടൊപ്പം ക്ലോറോഫൈറ്റ എന്ന ഡിവിഷനില്‍ സ്ഥാനം നല്‌കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ ഇക്വിസിറ്റത്തിന്റേതുപോലുള്ള കായികഘടന, പ്രത്യുത്‌പാദനാവയവങ്ങളുടെ സങ്കീര്‍ണ സ്വാഭാവം മുതലായവയെ അടിസ്ഥാനമാക്കി ആധുനിക സസ്യവര്‍ഗീകരണ ശാസ്‌ത്രജ്ഞന്മാര്‍ ഈ വിഭാഗം കാരോഫൈറ്റ എന്ന ഒരു പ്രത്യേക ഡിവിഷനായി അംഗീകരിക്കപ്പെടുവാന്‍ അര്‍ഹമാണെന്നും പരിണാമപരമായി ഉയര്‍ന്ന നിലയിലാണ്‌ അവ നില്‍ക്കുന്നതെന്നും കരുതുന്നു.

കാരോഫൈറ്റ-പ്രത്യുത്‌പാദന ഘടന

ഒഴുക്കില്ലാത്ത ശുദ്ധജല തടാകങ്ങളിലും കുളങ്ങളിലുമാണ്‌ സ്റ്റോണ്‍ വര്‍ട്ടുകള്‍ കാണപ്പെടുന്നത്‌. ഏതാനും സ്‌പീഷീസുകള്‍ ലവണജലത്തിലും വളരാറുണ്ടെങ്കിലും തെളിഞ്ഞ കഠിനജലമാണ്‌ വളര്‍ച്ചയ്‌ക്ക്‌ ഉത്തമം. അടിത്തട്ടിലെ ചെളിയിലോ മണലിലോ ഇവ ഉറച്ചു ജലത്തില്‍ മുങ്ങിനില്‍ക്കും. ഇവയുടെ വളര്‍ച്ചമൂലം വെള്ളത്തിനടിയില്‍ വിസ്‌തൃതമായ തകിടികള്‍ ഉണ്ടാകുന്നു. പ്രകാശം വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ആഗസ്റ്റ്‌ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ ഇപ്രകാരമുള്ള തകിടികള്‍ ധാരാളമായി കാണുക. ചൂടുകൂടിയ വേനലോടെ ഇവ അപ്രത്യക്ഷമാകുകയും ചെയ്യും. ശൈത്യകാലത്ത്‌ ഉത്തരേന്ത്യയില്‍ ഇവ ധാരാളമായിക്കാണാം. ക്യാര തുടങ്ങിയ സ്‌പീഷിസുകള്‍ ചുണ്ണാമ്പ്‌ ഉറഞ്ഞ്‌ കട്ടിയുള്ളതാവുന്നു. ഓരോ വര്‍ഷവും പ്രസ്‌തുത ആല്‍ഗകള്‍ തുടര്‍ച്ചയായി വളരുമ്പോള്‍ കുളത്തിന്റെയോ തടാകത്തിന്റെയോ അടിത്തട്ടില്‍ ധാരാളം "മാള്‍' (marl) മണ്ണ്‌ അടിയുകയും ചെയ്യുന്നു.

വര്‍ഗീകരണം. കാരോഫൈറ്റ ഡിവിഷനില്‍ കാരോഫൈസീ എന്ന ഒരേയൊരു ക്ലാസ്‌ (class) മാത്രമേയുള്ളൂ. ബഹുകോശ റൈസോയ്‌ഡുകള്‍ കൊണ്ട്‌ ഇവ ജലത്തിന്റെ അടിത്തട്ടില്‍ ഉറച്ചുനില്‌ക്കുന്നു. ഓരോ കോശത്തിലും പൈറിനോയ്‌ഡു (pyrenoid) കള്‍ ഇല്ലാത്ത വൃത്താകാരത്തിലുള്ള നിരവധി ക്ലോറോപ്ലാസ്റ്റുകളുടെ സാന്നിധ്യം, ലൈംഗികാവയവങ്ങള്‍ക്കുചുറ്റിനും വന്ധ്യകോശനിര്‍മിതമായ ജാക്കറ്റ്‌ കോശങ്ങള്‍, രണ്ടു ഫ്‌ളാജല്ലകളോടുകൂടിയ സര്‍പ്പിലാകൃതിയിലുള്ള സ്‌പോറുകള്‍, ജീവനചക്രത്തിലെ പ്രാട്ടോനീമാ (Protonema) ഘട്ടം എന്നിവയാണ്‌ ഈ ക്ലാസ്സിന്റെ പ്രത്യേകതകള്‍. കാരോഫൈസീയിലെ ഏകഗോത്രം ആണ്‌ കാരേല്‍സ്‌ (Charales). കാരേല്‍സിനെ നാലുകുടുംബങ്ങളായി തരംതിരിച്ചിരിക്കുന്നു. ലൈംഗികാവയവങ്ങളുടെ ആകൃതികവിജ്ഞാനം (morphology), ശാഖാരൂപീകരണത്തിന്റെ പ്രത്യേകത, ശാഖയുടെ ചുവട്ടിലെ സ്റ്റിപ്യൂളുകള്‍ എന്നിവയെ ആധാരമാക്കിയാണ്‌ കാരേല്‍സ്‌ ഗോത്രത്തിലെ ട്രബുകള്‍, ജീനസുകള്‍ എന്നിവ തരംതിരിച്ചിരിക്കുന്നത്‌. ഇന്നു ഭൂമുഖത്തുള്ള 7 ജീനസുകളും കാരേസീ എന്ന ഒറ്റക്കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോസിലുകളായി മാത്രം അറിയപ്പെടുന്ന കാരേസീകളുമുണ്ട്‌. കാരേസീ കുടുംബത്തില്‍ നൈറ്റലോയ്‌ഡീയെ, കാരോയ്‌ഡീയെ എന്നീ ഉപകുടുംബങ്ങളുണ്ട്‌. നൈറ്റലോയ്‌ഡീയെ ഉപകുടുംബത്തില്‍ ഊഗോണിയത്തെച്ചുറ്റി 10 കൊറോണോ കോശങ്ങള്‍ ഉണ്ട്‌. നൈറ്റല, ടോളിപെല എന്നീ രണ്ടു ജീനസുകള്‍ ഈ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഊഗോണീയത്തിന്‌ 5 കൊറോണോ കോശങ്ങള്‍ ഉള്ള ക്യാര, പ്രാട്ടോക്യാര, നൈറ്റലോപ്‌സിസ്‌, ലൈക്‌നോതാംനസ്‌, ലാംപ്രാതാംനിയം എന്നീ 5 ജീനസുകളാണ്‌ കാരോയ്‌ഡിയെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളവ. ഒരു സസ്യത്തിനുചുറ്റും സഞ്ചയിക്കപ്പെടുന്ന ചുണ്ണാമ്പുമയമായ വസ്‌തു പ്രസ്‌തുത സസ്യത്തിന്റെ നാശത്തിനും ജൈവാവശിഷ്‌ടങ്ങളുടെ അഴുകലിനും ശേഷം അതേപടിതന്നെയിരിക്കും. അങ്ങനെയുള്ള ചുണ്ണാമ്പുമയ ക്ലാസുകളില്‍ നിന്ന്‌ അനേകം ഫോസില്‍ സ്റ്റോണ്‍ വര്‍ട്ടുകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇപ്രകാരം ലഭിച്ചിട്ടുള്ള ഏകദേശം 1 മില്ലിമീറ്റര്‍ വ്യാസമുള്ളതും കാല്‍സീകൃത (calcified) മായിട്ടുളളതുമായ ഗൈറോഗൊണൈറ്റുകള്‍ എന്നറിയപ്പെടുന്ന ഊഗോണിയകളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഫോസിലുകളുടെ തരംതിരിക്കല്‍. ഡിവോണിയന്‍ മിസിസിപ്പിയന്‍ ഗൈറോഗൊണൈറ്റുകള്‍ ഇടംപിരിയുള്ളതോ (Paleoeharaceae) വലംപിരിയുള്ളതോ (Trochiliscales) നടുകേയുള്ള ഞരമ്പുകളോടുകൂടിയവയോ (Sycidiales) ആണ്‌.

പെന്‍സില്‍വേനിയന്‍ കാലഘട്ടം മുതല്‍ അടുത്ത കാലഘട്ടം വരെയുള്ള ഗൈറോഗൊണൈറ്റുകള്‍ 5 ഇടംപിരിമാത്രകള്‍ (Charales) ചേര്‍ന്നവയാണ്‌. മധ്യമീസോസോയിക്‌ ഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ഒരു സുപ്രധാന വിഭാഗത്തില്‍ (Clavatoraceae) കാല്‍സീകൃതമായ മുള്ളുകളുള്ള ആവരണത്തിനുള്ളിലാണ്‌ ഊഗോണിയം കണ്ടിരുന്നത്‌.

കായികഘടന. കാരോഫൈസീ വിഭാഗത്തില്‍ താലസ്‌, ബഹുകോശറൈസോയ്‌ഡുകള്‍ കൊണ്ടാണ്‌ തടാകത്തിന്റെയോ കുളത്തിന്റെയോ അടിത്തട്ടില്‍ ഉറച്ചുനില്‌കുന്നത്‌. മുഖ്യാക്ഷത്തിന്‌ ഇക്വിസിറ്റത്തിലെപ്പോലെ പര്‍വങ്ങളും പര്‍വസന്ധികളും ഉണ്ട്‌. ഓരോ പര്‍വസന്ധിയിലും വൃത്താകാരത്തില്‍ നിരവധി ശാഖകള്‍ (ഇലകള്‍) ക്രമീകരിച്ചിരിക്കും. ഒരു നിശ്ചിത ദൈര്‍ഘ്യം എത്തിക്കഴിയുമ്പോള്‍ അവയുടെ വളര്‍ച്ച നില്‌ക്കുന്നു. ഇത്തരം ശാഖകള്‍ പര്‍വങ്ങളും പര്‍വസന്ധികളുമായി വിഭേദനം ഉള്ളവയോ ഇല്ലാത്തവയോ ആകാം. താരതമ്യേന ഉരുണ്ട്‌ വലുപ്പമേറിയവയാണ്‌ കോശങ്ങള്‍. നിരവധി നൂക്ലിയസുകളും വൃത്താകൃതിയിലുള്ള ക്ലോറോപ്ലാസ്റ്റുകളുമുണ്ട്‌.

ക്യാരേലിസുകളിലൊന്നും തന്നെ സൂസ്‌പോറുകള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ അവയില്‍ പലതും കായിക പ്രത്യുത്‌പാദനസ്വഭാവമുള്ള അലൈംഗിക പ്രത്യുത്‌പാദന വസ്‌തുക്കളെ ക്രമമായി ഉത്‌പാദിപ്പിക്കും. ചുവട്ടിലുള്ള പര്‍വസന്ധികളില്‍നിന്നുണ്ടാകുന്ന ധാരാളം അന്നജം തിങ്ങിനിറഞ്ഞിട്ടുള്ള അമൈലം സ്റ്റാറുകള്‍ (amylam stars)എന്നറിയപ്പെടുന്ന നക്ഷത്രാകൃതിയിലുള്ള കോശസമുച്ചയങ്ങള്‍ വഴിയും റൈസോയ്‌ഡുകളിലുണ്ടാകുന്ന ബള്‍ബിലുകള്‍, പര്‍വസന്ധികളിലുണ്ടാകുന്ന പ്രാട്ടോനിമാ പോലുള്ള ഉദ്‌വര്‍ധങ്ങള്‍ എന്നിവകൊണ്ടും അലൈംഗിക പ്രത്യുത്‌പാദനം നടക്കാറുണ്ട്‌.

ലൈംഗിക പ്രത്യുത്‌പാദനം ഊഗാമികം (oogamous) ആണ്‌. മറ്റു ഹരിത ആല്‍ഗകളിലേതിനെ അപേക്ഷിച്ച്‌ വളരെ സങ്കീര്‍ണമാണ്‌ ലൈംഗികാവയവങ്ങള്‍. ആന്തറിഡിയങ്ങള്‍ ഗ്ലോബ്യൂളുകളെന്നും (globules) ആര്‍ക്കിഗോണിയങ്ങള്‍ നൂക്യൂളുകളെന്നും (nucules) അറിയപ്പെടുന്ന ഇവ പര്‍വസന്ധികളില്‍ കാണപ്പെടുന്നു. മിക്ക സ്‌പീഷിസുകളും ഏകലിംഗികളാണ്‌. ദ്വിലിംഗികളും അപൂര്‍വമായി ഉണ്ട്‌. ലൈംഗികാവയവങ്ങളുടെ ക്രമീകരണരീതി ഓരോ ജീനസിലും വ്യത്യസ്‌തമാണ്‌. നൈറ്റല, ക്യാര എന്നിവയില്‍ ഒരു പര്‍വസന്ധിയില്‍ ഒരു ഗ്ലോബ്യൂളും ഒരു ന്യൂക്യൂളും മാത്രമേ കാണുകയുള്ളൂ. ക്യാരായില്‍ നൂക്യൂള്‍ ഗ്ലോബ്യൂളിനുമുകളിലും നൈറ്റലയില്‍ ന്യൂക്യൂള്‍ ഗ്ലോബ്യൂളിനു താഴെയുമാണ്‌. ടോളീപെല്ലയില്‍ ഒരു ഗ്ലോബ്യൂളിന്റെ പാര്‍ശ്വങ്ങളിലായി അനേകം നൂക്യൂളുകളും ലൈക്‌നോതാംസില്‍ ഒരു നൂക്യൂളിന്റെ ഇരുപാര്‍ശ്വങ്ങളില്‍ രണ്ടു ഗ്ലോബ്യൂളുകളുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. നൂക്യൂള്‍ സംഭൃതാഹാരം കൊണ്ട്‌ നിറഞ്ഞിരിക്കും. ഇതിനെ പൊതിയുന്ന സര്‍പ്പിളാകൃതിയിലുള്ള കൊര്‍ട്ടെക്‌സ്‌ കോശങ്ങള്‍ അഗ്രത്ത്‌ ഒരു മകുടമായി അവസാനിക്കുന്നു. നൈറ്റലയില്‍ 5 കോശങ്ങള്‍ വീതമുള്ള രണ്ടു അടുക്കുകളിലായി 10 കോശങ്ങള്‍ ചേര്‍ന്നതാണ്‌ മകുടം. എന്നാല്‍ ക്യാരയില്‍ 5 കോശങ്ങള്‍ മാത്രമേയുള്ളു. നൂക്യൂളുകളുടേതിനേക്കാള്‍ സങ്കീര്‍ണമാണ്‌ ഗ്ലോബ്യൂളിന്റെ ഘടന. ശാഖയുടെ ചുവട്ടിലുള്ള ഒരു വിഭേദിത കോശത്തിന്റെ പ്രവര്‍ത്തനഫലമായാണ്‌ ഇത്‌ ഉടലെടുക്കുന്നത്‌. ഈ പ്രാഥമിക കോശം തുടരെത്തുടരെ വിഭജിച്ച്‌ എട്ടു ക്യാപ്പിറ്റുലം കോശങ്ങളെ വഹിക്കുന്ന ഒരു ചെറിയ വൃത്തം, മനുബ്രിയങ്ങള്‍ ആയിത്തീരുന്ന 8 കോശങ്ങള്‍, ഷീല്‍ഡുകളായിത്തീരുന്ന 8 കോശങ്ങള്‍ എന്നിവയ്‌ക്കു രൂപംകൊടുക്കുന്നു. ക്യാപിറ്റുലം കോശങ്ങള്‍ മുറിഞ്ഞ്‌ ദ്വിതീയ ക്യാപ്പിറ്റുലം മാത്രകളും ഇവയോരോന്നിലും നിന്ന്‌ നീണ്ട ബഹുകോശ തന്തുക്കളും ഉടലെടുക്കുന്നു. ഈ തന്തുക്കളുടെ ഓരോ കോശത്തില്‍ നിന്നും ചലനസ്വഭാവമുള്ള ഒരു സ്‌പേം അഥവാ ആന്തറോസുവോയിഡ്‌ ഉണ്ടാകുന്നു. ഗ്ലോബ്യൂള്‍ പൊട്ടി സ്‌പേമുകള്‍ പുറത്തുവരുന്നു. ബീജസങ്കലിത അണ്ഡം പുറമേ കട്ടിയുള്ള ഒരു പാടകൊണ്ട്‌ പൊതിയപ്പെടുകയും സുഷുപ്‌താവസ്ഥയിലുള്ള സൈഗോസ്‌പോര്‍ ഘട്ടത്തിലേക്കും കടക്കുകയും ചെയ്യുന്നു. ഒരു ന്യൂനകാരി വിഭജനത്തിന്‌ വിധേയമാകുന്ന സൈഗോസ്‌പോറിന്‌ ബീജാങ്കുരണം സംഭവിച്ച്‌ പുതിയ സസ്യമുണ്ടാകുന്നു.

സംഭൃതാഹാരമുള്‍ക്കൊണ്ടിട്ടുള്ള അമൈലം സ്റ്റാറുകള്‍, ഊഗോണിയങ്ങള്‍ എന്നിവ കുളക്കോഴി മുതലായവയ്‌ക്കും മറ്റു ജലജീവികള്‍ക്കും നല്ല ആഹാരമാണ്‌. വളത്തിനും കീടനിയന്ത്രണത്തിനും ജലശുദ്ധീകരണത്തിനും ഇവയെ ഉപയുക്തമാക്കാം. ക്യാര മുതലായ സസ്യങ്ങളെ അക്വേറിയങ്ങളില്‍ നട്ടുവളര്‍ത്താറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍