This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരെയിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരെയിസം

Karaism

8-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ബാബിലോണിയയില്‍ ആരംഭിച്ച ഒരു യഹൂദപ്രസ്ഥാനം. ഹീബ്രു ദൈവശാസ്‌ത്രപണ്ഡിതനായ അനന്‍ബെന്‍ ഡേവിഡ്‌ ആണ്‌ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ഈ പ്രസ്ഥാനക്കാരെ ഹീബ്രുഭാഷയില്‍ "കാരേയിം' (Karaim) അഥവാ "വചനത്തിന്റെ പുത്രന്മാര്‍' (Sons of Writings)എന്നു വിളിക്കുന്നു. യഹൂദ സുവിശേഷ പ്രസംഗക്കാരുടെ പാരമ്പര്യത്തെയും അധികാരത്തെയും ചോദ്യം ചെയ്‌ത കാരെയിറ്റുകള്‍ ഹീബ്രു നിയമസംഹിതയുടെ അടിസ്ഥാനപ്രമാണമായി അംഗീകരിക്കപ്പെട്ടിരുന്ന, സുവിശേഷ നിയമങ്ങളായ "താല്‍മൂദ്‌' (Talmud)നെ നിരാകരിച്ചു. "താല്‍മൂദില്‍ നിന്ന്‌ വിശുദ്ധഗ്രന്ഥത്തിലേക്ക്‌' എന്നതായിരുന്നു ഇവരുടെ ആദര്‍ശവാക്യം. ബൈബിളിലെ പഴയനിയമങ്ങളെ മാത്രമേ ഇവര്‍ അംഗീകരിച്ചിരുന്നുള്ളൂ. കലണ്ടര്‍, സാബത്‌ (Sabbath), വിവാഹം എന്നിവയെ സംബന്ധിച്ച്‌ സുവിശേഷക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആചാരരീതിയെ ഇവര്‍ കഠിനമായി വിമര്‍ശിച്ചിരുന്നു.

640ല്‍ മുസ്‌ലിങ്ങളുടെ പേര്‍ഷ്യന്‍ ആക്രമണഫലമായി പ്രാദേശികതലത്തില്‍ ഉണ്ടായ പരിശുദ്ധ മശീഹാവിശ്വാസവും, 750ല്‍ ഉമയ്യാദ്‌ വംശത്തിനുണ്ടായ പതനവുമാണ്‌ ഈ പ്രസ്ഥാനത്തിനു രൂപം നല്‌കാന്‍ കാരണമായത്‌. പരിശുദ്ധ ക്രിസ്‌തീയ വിശ്വാസം, കഠിനവ്രതം, ഏകദൈവവാദം, നഷ്‌ടപ്പെട്ട രാജ്യത്തെ വീണ്ടെടുക്കുവാനുള്ള ആവേശം, വ്യക്തിസ്വാതന്ത്യ്രത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള കടുത്തപോരാട്ടം എന്നിവയും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിച്ച മറ്റു പ്രധാന ഘടകങ്ങളാണ്‌. കാരെയിറ്റുകളുടെ അഭിപ്രായത്തില്‍ ബൈബിള്‍ സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഒരു കൃതിയാണ്‌. ബൈബിള്‍ പഠിക്കുന്നതിനുവേണ്ടി സുവിശേഷ പ്രസംഗങ്ങളും സുവിശേഷ നിയമങ്ങളും ആവശ്യമില്ല. സുവിശേഷക്കാര്‍ ബൈബിള്‍ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതായും ദൈവം തെളിച്ചുതന്ന ദീപത്തെ മനുഷ്യനിര്‍മിതമായ നിയമങ്ങള്‍കൊണ്ട്‌ മൂടുന്നതായും ഇവര്‍ ആരോപിച്ചു. സുവിശേഷ നിയമങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതരീതിയെ പ്രതിപാദിച്ച്‌ 760ല്‍ അനന്‍ബെന്‍ ഡേവിഡ്‌ രചിച്ച പുസ്‌തകമാണ്‌ കാരെയിറ്റുകള്‍ മാര്‍ഗരേഖയായി അംഗീകരിച്ചത്‌. ഇസ്‌ലാം മതസിദ്ധാന്തങ്ങളും ഇവര്‍ ഉള്‍ക്കൊണ്ടിരുന്നു. അനന്‍ബെന്‍ ഡേവിഡിനെ അനുകരിച്ചിരുന്ന ഇവര്‍ "അനനൈറ്റ്‌സ്‌' (Ananites)എന്ന പേരിലാണ്‌ ആദ്യം അറിയപ്പെട്ടിരുന്നത്‌. 9-ാം നൂറ്റാണ്ടില്‍, ഈ പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‌കിയിരുന്ന ബഞ്ചമിന്‍ ബെന്‍ മോസസ്‌ അല്‍നഹവന്‍ഡി (Benjamin ben Moses al-Nahawandi) യാണ്‌ ഇവരെ "കാരെയിറ്റ്‌സ്‌' എന്നു നാമകരണം ചെയ്‌തത്‌.

കാരെയിസത്തിന്റെ ആദ്യത്തെ പ്രതിയോഗിയായ സദിയാബെന്‍ ജോസഫ്‌ തന്റെ കൃതികളില്‍ക്കൂടി കാരെയിസത്തെ എതിര്‍ക്കുകയും യഹൂദവംശത്തില്‍ നിന്ന്‌ അവരെ പുറംതള്ളണമെന്ന്‌ ശക്തിയായി വാദിക്കുകയും ചെയ്‌തു. സദിയായുടെയും അനുയായികളുടെയും എതിര്‍പ്പുകള്‍ ഫലത്തില്‍ കാരെയിറ്റ്‌ പ്രസ്ഥാനത്തിന്‌ അനുകൂലമായി ഭവിക്കുകയാണുണ്ടായത്‌. കാരെയിറ്റ്‌ പ്രസ്ഥാനത്തിലെ വിവിധ ഗ്രൂപ്പുകള്‍ യോജിക്കുകയും പ്രസ്ഥാനത്തിന്‌ പ്രാത്സാഹനം നല്‌കിക്കൊണ്ടുള്ള ധാരാളം സാഹിത്യസൃഷ്‌ടികള്‍ ഹീബ്രുവിലും അറബിയിലും ഉണ്ടാകുകയും ചെയ്‌തത്‌ ഈ എതിര്‍പ്പിനു ശേഷമാണ്‌.

കാരെയിറ്റുകളുടെ ഏറ്റവും വലിയ ന്യൂനതയായിരുന്നു അമിതമായ വ്യക്തിസ്വാതന്ത്യ്രവാഞ്‌ഛ. വിശുദ്ധബൈബിള്‍ നിയമങ്ങളെ ഇവര്‍ തങ്ങളുടെ അറിവിനും ഇംഗിതത്തിനും അനുസരണമായി വ്യാഖ്യാനിക്കുകയും അതിനനുസൃതമായി ജീവിക്കുകയും ചെയ്‌തു. ബുദ്ധിജീവികളുടെ അഭാവവും സുവിശേഷനിയമങ്ങളെക്കാള്‍ കഠിനമായ തപശ്ചര്യയും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. കാലക്രമത്തില്‍ ഇവര്‍ ചില സുവിശേഷനിയമങ്ങള്‍ (Talmud) സ്വീകരിക്കുകയും പ്രായോഗിക ജീവിതാനുഷ്‌ഠാനങ്ങള്‍ക്ക്‌ പ്രാമുഖ്യം കല്‌പിച്ചുകൊണ്ടുള്ള ഒരു നിയമാവലിക്ക്‌ രൂപം കൊടുക്കുകയും ചെയ്‌തു.

9-ാം നൂറ്റാണ്ടുമുതല്‍ 12-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമായിരുന്നു കാരെയിറ്റ്‌ പ്രസ്ഥാനത്തിന്റെ സുവര്‍ണകാലം. ഇക്കാലത്ത്‌ ഈ പ്രസ്ഥാനം ഈജിപ്‌ത്‌, സിറിയ, ക്രിമിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. 1783ല്‍ റഷ്യന്‍ സാമ്രാജ്യത്തോടു ചേര്‍ക്കപ്പെട്ട ക്രിമിയയിലെ കാരെയിറ്റുകള്‍ക്ക്‌ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പൗരസമത്വം നല്‌കപ്പെട്ടു. ഇസ്രായേല്‍ രാജ്യത്തിന്റെ ആവിര്‍ഭാവത്തോടു കൂടി കാരെയിറ്റുകളില്‍ നല്ലൊരു വിഭാഗം അവിടെ താമസമുറപ്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍