This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരീച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരീച്ച

Blackfly

സിമുലിഡെ (simulidae) കുടുംബത്തില്‍പ്പെട്ട ഒരു ഷഡ്‌പദം. മിതോഷ്‌ണമേഖലകളിലെ പാഞ്ഞൊഴുകുന്ന അരുവികളുടെ തീരങ്ങളിലാണ്‌ ഇവ ഏറ്റവും അധികമായിട്ടുള്ളത്‌. ഇക്കൂട്ടത്തിലെ പെണ്‍ഈച്ചകള്‍ക്ക്‌ കൊതുകുകളെപ്പോലെ അതിശക്തിയായി കടിക്കാനും ഇരയുടെ രക്തം ഊറ്റിയെടുക്കാനും കഴിവുണ്ട്‌. ആണ്‍വര്‍ഗത്തിന്‌, തുളച്ചുകയറുന്ന വദനഭാഗങ്ങളുടെ അഭാവം മൂലം പൂക്കളുടെ തേന്‍, പഴങ്ങളുടെ സത്ത്‌ എന്നിവ കുടിച്ചു തൃപ്‌തിയടയേണ്ടിവരുന്നു. കറുപ്പ്‌, ചാരം, മഞ്ഞ എന്നീ നിറങ്ങളിലാണ്‌ ഇവ സാധാരണയായി കാണപ്പെടുന്നത്‌. ഇവയുടെ കാലുകളും സ്‌പര്‍ശിനികളും താരതമ്യേന നീളം കുറഞ്ഞവയായിരിക്കും (15 മി.മീ.).

കാരീച്ച

ജലോപരിതലത്തിലോ അടുത്തായോ മുട്ടയിടുകയാണ്‌ ഇവയുടെ പതിവ്‌. മുട്ടകള്‍ ഒരു "ചങ്ങാട'ത്തിന്റെ രൂപത്തില്‍ വശങ്ങള്‍ തമ്മില്‍ തൊട്ടുതൊട്ട്‌ കാണപ്പെടുന്നു. ഒരു തവണ 150-300 മുട്ടകള്‍ ഉണ്ടായിരിക്കും. വലിയ തലയും വക്ഷസ്സും, നേരിയ ഉദരം, വായുടെ ഇരുപുറവും കാണുന്ന "ശിഖ' പോലെയുള്ള കട്ടിയേറിയ മുടി എന്നിവ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വയുടെ പ്രത്യേകതകളാണ്‌. ഏറ്റവും അവസാനത്തേതിനു തൊട്ടുമുമ്പുള്ള ഉദരഖണ്ഡത്തിലെ ശ്വസനനാളിയിലൂടെയാണ്‌ ഇതിന്റെ ശ്വാസോച്ഛ്വാസം. ഈ നാളിയുടെ അഗ്രം ജലോപരിതലത്തിലേക്കാക്കി, തലകീഴായിട്ടാണ്‌ ലാര്‍വ കാണപ്പെടുന്നത്‌. ലാര്‍വയില്‍ നിന്ന്‌ പ്യൂപ്പ (സമാധിസ്ഥജീവി) രൂപമെടുക്കുന്നു. മറ്റു ജീവികളുടേതില്‍ നിന്നു വ്യത്യസ്‌തമായി ഈ പ്യൂപ്പകള്‍ പൊതുവേ ചുറുചുറുക്കുള്ള ജീവിതം നയിക്കുന്നവയാണ്‌. എന്നാല്‍ ഇവ യാതൊന്നുംതന്നെ ഭക്ഷിക്കാറില്ല.

സാധാരണയായി 11 ദിവസമാണ്‌ കാരീച്ചയുടെ ജീവിതചക്രത്തിനാവശ്യം. ചുറ്റുപാടുകളുടെ താപനിലയിലുള്ള വ്യത്യാസം ഈ കാലദൈര്‍ഘ്യത്തിലും മാറ്റങ്ങള്‍ വരുത്താറുണ്ട്‌. കാരീച്ചകള്‍ പലപ്പോഴും മാരകരോഗങ്ങളുടെ വാഹകരായിരിക്കും. സിമ്യൂളിയം ഡാംനോസം എന്ന ആഫ്രിക്കന്‍ സ്‌പീഷീസ്‌ ഒരു പരാദവിരയായ ഓങ്കോസെര്‍കവോള്‍വ്യൂലസിന്റെ സംക്രമണത്തിനു കാരണമാകുന്നതായി അറിവായിട്ടുണ്ട്‌. ഓങ്കോസെഴ്‌സിയാസിസ്‌ എന്നറിയപ്പെടുന്ന ഈ രോഗം ബാധിച്ച ജീവിയുടെ ചോര കുടിക്കുന്നതിലൂടെയാണ്‌ കാരീച്ചകള്‍ "വാഹക'രായി മാറുന്നത്‌. ക്യൂലികോയ്‌ഡസ്‌ ജീനസിലെ ഈച്ചകളാണ്‌ ഇത്തരത്തില്‍പ്പെട്ടവ. സാധാരണ കൊതുകുനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ കാരീച്ചകളുടെ നിയന്ത്രണത്തിനും ഫലപ്രദം തന്നെ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍