This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരിയോഫിലേല്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരിയോഫിലേല്‍സ്‌

Caryophyllales

ദ്വിബീജപത്ര സസ്യവിഭാഗത്തിലെ ഒരു ഗോത്രം. ഫൈറ്റാലാക്കേസീ, ഐസോയേസീ, നിക്‌റ്റാജിനേസീ, പോളിഗൊണേസീ, ചീനോപോഡിയേസീ, അമരാന്തേസീ, പോര്‍ട്ടുലാക്കേസീ, ബാസെലേസീ, കാരിയോഫിലേസീ, ഡൈഡീറിയേസീ എന്നീ സസ്യകുടുംബങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. കമനീയ വര്‍ണങ്ങളിലുള്ള പൂക്കളുദ്‌പാദിപ്പിക്കുന്ന ഉദ്യാനസസ്യങ്ങള്‍, പച്ചക്കറിവിളകള്‍ എന്നിവ മുതല്‍ കല്ലുകളോടു രൂപസാദൃശ്യമുള്ള രസഭരസസ്യങ്ങള്‍വരെ ഈ ഗോത്രത്തിലുണ്ട്‌.

ഐസോയേസീ സസ്യകുടുംബത്തില്‍പ്പെട്ട ചെടിയുടെ ഇലയും പൂവും

ഏകദേശം 7,000 സ്‌പീഷീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗോത്രത്തിലെ സസ്യങ്ങള്‍ മുഖ്യമായും ഓഷധികളാണെങ്കിലും കുറ്റിച്ചെടികള്‍, വൃക്ഷങ്ങള്‍, ലതകള്‍ എന്നിവയും വിരളമല്ല. സാധാരണയായി മിക്ക സസ്യങ്ങളും ഉഷ്‌ണമേഖലയിലെയും മിതോഷ്‌ണമേഖലയിലെയും ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌. മാംസളസസ്യങ്ങളുള്‍ക്കൊള്ളുന്ന ഐസോയേസീ സസ്യകുടുംബത്തിലെ ചെടികള്‍ ആഫ്രിക്കന്‍ മണലാരണ്യങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. ചീനോപോഡിയേസീ കുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ ഉപ്പുരസം കലര്‍ന്ന ക്ഷാരമണ്ണാണ്‌ ഏറ്റവും അനുയോജ്യം. ഫൈറ്റോലാക്കേസീ, ബാസെലേസീ എന്നീ കുടുംബങ്ങളിലെ ചെടികള്‍ അമേരിക്കയിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും അമരാന്തേസീ കുടുംബത്തിലെ സസ്യങ്ങള്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും ആണ്‌ മുഖ്യമായും കാണപ്പെടുന്നത്‌. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലുടനീളം കാണപ്പെടുന്ന നിക്‌റ്റാജിനേസീ കുടുംബത്തിലെ സസ്യങ്ങള്‍ മിതോഷ്‌ണമേഖലയിലെ ചൂടുള്ള പ്രദേശങ്ങളിലും ദൃശ്യമാണ്‌. കാരിയോഫിലേസീ, പോര്‍ട്ടുലാക്കേസീ, പോളിഗൊണേസീ എന്നീ കുടുംബങ്ങളിലെ ചെടികളുടെ വളര്‍ച്ചയ്‌ക്കു മിതോഷ്‌ണമേഖലാ പ്രദേശങ്ങളാണ്‌ ഏറ്റവും അനുകൂലമായിട്ടുള്ളത്‌.

ഈ ഗോത്രത്തിലെ ചെടികള്‍ക്കു തമ്മില്‍ ബാഹ്യരൂപത്തില്‍ നിരവധി വൈജാത്യങ്ങളുണ്ട്‌. ചെടികള്‍ക്കു അനുപര്‍ണങ്ങള്‍ ഇല്ല. ഐസോയേസീ, ഡൈഡീറിയേസീ എന്നീ കുടുംബങ്ങളിലെ പല സസ്യങ്ങളും പോര്‍ട്ടുലാക്കേസീ, ചീനോപോഡിയേസീ, ബാസെലേസീ, ഫൈറ്റോലാക്കേസീ എന്നീ കുടുംബങ്ങളിലെ ചിലതും രസഭരങ്ങളാണ്‌. ഈ ഗോത്രത്തിലെ സസ്യങ്ങളെല്ലാം പൊതുവായി രണ്ട്‌ ആന്തരിക സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നു. എട്ട്‌ കുടുംബങ്ങളിലെ ചില ചെടികളില്‍ വേരിലും കാണ്ഡത്തിലും സംവഹന കലകള്‍ (സൈലവും ഫ്‌ളോയവും) പല തലങ്ങളിലായി കാമ്പിയത്തില്‍നിന്ന്‌ രൂപീകൃതമായിരിക്കുന്നു. തന്നിമിത്തം ബീറ്റ്‌റൂട്ടിന്റെ അനുപ്രസ്ഥച്ഛേദത്തില്‍ കാണുന്നതുപോലെ സാധാരണയില്‍ കൂടുതല്‍ കാമ്പിയപാളികള്‍ കാണപ്പെടുന്നു.

കാരിയോഫിലേല്‍സ്‌ ഗോത്രത്തിലെ പല ചെടികളിലെയും വര്‍ണകങ്ങളുടെ പ്രത്യേകതയാണ്‌ മറ്റൊരു ആന്തരിക സവിശേഷത. മിക്ക സപുഷ്‌പിസസ്യങ്ങളിലും ഏകദേശം ചുവപ്പുമുതല്‍ നീലവരെയുള്ള നിറങ്ങള്‍ ആന്‍ഥോസയാനിനുകള്‍ എന്ന രാസവസ്‌തുക്കളുടെയും മഞ്ഞ മുതല്‍ ചുവപ്പു കലര്‍ന്ന ഓറഞ്ച്‌ വരെയുള്ള നിറങ്ങള്‍ ആന്‍ഥോസാന്തിനുകള്‍ എന്ന രാസവസ്‌തുക്കളുടെയും സാന്നിധ്യത്തെ ആശ്രയിച്ചാണ്‌ രൂപംകൊള്ളുന്നത്‌. ഇതില്‍നിന്നു വ്യത്യസ്‌തമായതും എന്നാല്‍ ഇതിനോടു വളരെയധികം ബന്ധമുള്ളതുമായ വര്‍ണകങ്ങളുടെ സാന്നിധ്യം കാരിയോഫിലേല്‍സ്‌ ഗോത്രത്തിന്റെയും കാക്‌റ്റസുകളുടെയും മാത്രം പ്രത്യേകതയാണ്‌. ബീറ്റാസയാനിനുകളും ബീറ്റാസാന്തിനുകളും ഉള്‍ക്കൊള്ളുന്ന ഈ പദാര്‍ഥങ്ങള്‍ ബീറ്റാലൈനുകള്‍ എന്നറിയപ്പെടുന്നു. ബീറ്റാസയാനിനുകളുടെ സാന്നിധ്യം സസ്യവര്‍ഗീകരണത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. കാക്‌റ്റസുകളില്‍ ബീറ്റാസയാനിന്റെ സാന്നിധ്യം ഈ ചെടികള്‍ക്കു കാരിയോഫിലേല്‍സ്‌ ഗോത്രത്തോടുള്ള ബന്ധത്തെ കാണിക്കുന്നു. ഇതുമൂലമാണ്‌ ചില സസ്യശാസ്‌ത്രകാരന്മാര്‍ കാക്‌റ്റസുകളെയും ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്രധാനമായും ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ പെരിസ്‌മില്‍ സംഭൃതമായിരിക്കുന്നു. ബീജാണ്ഡം, ഭ്രൂണം, വിത്ത്‌ എന്നിവയ്‌ക്ക്‌ കാക്‌റ്റസുകളിലേതിനോടുള്ള ബന്ധത്തെ കാണിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍