This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരി

Stinging-Cat Fish

ക്ലാരിഡേ കുടുംബത്തില്‍പ്പെട്ട ഒരു ശുദ്ധജല അശല്‌ക്കമത്സ്യം ശാ.നാ. ഹെറ്ററോപ്‌നുസ്റ്റസ്‌ ഫോസിലിസ്‌ (Heteropneusteus fossils) സൊക്കോബ്രാങ്കസ്‌ ഫോസിലസ്‌ എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്‌. ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ശുദ്ധജലതടാകങ്ങളില്‍ കാരി സമൃദ്ധമായി കാണപ്പെടുന്നു. ആവശ്യം വന്നാല്‍ അന്തരീക്ഷവായു കൂടി ഉപയോഗപ്പെടുത്താനാകും വിധമുള്ള ഒരു പ്രത്യേക സഹായക ശ്വസനാംഗം (accessory breathing organ) ഈ മത്സ്യത്തിനുണ്ട്‌. ഗില്‍അറയില്‍ നിന്ന്‌ ഉദ്‌ഭവിക്കുന്ന ശ്വാസകോശം പോലെയുള്ള രണ്ട്‌ അറകളാണ്‌ സഹായക ശ്വസനാംഗമായി വര്‍ത്തിക്കുന്നത്‌. മത്സ്യത്തിന്റെ ശരീരപേശിയാല്‍ ആവൃതമായിട്ടാണ്‌ ഇത്‌ കാണപ്പെടുന്നത്‌.

കാരി മത്സ്യം

"കടു' എന്ന പേരിലും അറിയപ്പെടുന്ന കാരിമത്സ്യത്തിന്റെ തല പരന്നതാണ്‌. ശരീരം നീളം കൂടിയതും പാര്‍ശ്വസമമര്‍ദിതവും ആണ്‌. നേരിയ കറുപ്പോ, ചോക്ലേറ്റോ നിറമുള്ളതും മിനുസമേറിയതും ആയ ശരീരത്തില്‍ ശല്‌കങ്ങള്‍ കാണാറില്ല. പൃഷ്‌ഠപത്രം (dorsal fin) ചെറിയതും മുള്ള്‌ (spine) ഇല്ലാത്തതും ആണ്‌. ഗുദപത്രം (anal fin) നീളമുള്ളതാണ്‌. അംസപത്രം (Pectoral fin) ശക്തിയേറിയതും ഒരു വിഷമുള്ളോടു കൂടിയതും ആണ്‌. ഈ മുള്ളുകൊണ്ട്‌ ഇവ ശക്തിയോടെ കുത്താറുണ്ട്‌. ഈ മുള്ളില്‍ നിന്നും പുറപ്പെടുന്ന വിഷം അല്‌പനേരം അസഹ്യമായ വേദന ഉളവാക്കുമെങ്കിലും മാരകമല്ല. ഗുദപത്രവും പുച്ഛപത്രവും (caudal fin) ഒരു ചെറിയ വെട്ടുമൂലം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. തലയുടെ ഇരുഭാഗങ്ങളിലായി നാലു ജോഡി നീളമേറിയ സ്‌പര്‍ശപ്രവര്‍ധങ്ങള്‍ (barbels) കാണപ്പെടുന്നു. വായ്‌ അനുപ്രവസ്ഥ രീതിയിലുള്ളതും ചുണ്ടുകള്‍ മാംസളമായവയും ആണ്‌. ഹനുക്കളില്‍ ചെറിയ കൂര്‍ത്ത പല്ലുകള്‍ കാണാം. സീരികാസ്ഥി (vomer) യിലും പല്ലുകള്‍ കാണപ്പെടുന്നുണ്ട്‌. മുന്‍കശേരുകയുടെ അടിയില്‍ അനുപ്രസ്ഥ രീതിയില്‍ ഒരു വായുസഞ്ചി കാണപ്പെടുന്നു. ഒരു അസ്ഥിയാല്‍ പരിരക്ഷിതമായിരിക്കുന്ന ഇതില്‍ നിന്ന്‌ രണ്ടുനാളികള്‍ മുകളിലേക്കു വായുസഞ്ചിയുടെ ഇരുഭാഗത്തുകൂടി സഞ്ചരിച്ച്‌ ഒന്നായി യോജിക്കുകയും ഗ്രസനിയുടെ അടിയിലായി തുറക്കുകയും ചെയ്യുന്നു.

പൂര്‍ണ വളര്‍ച്ചയെത്തിയ കാരിക്ക്‌ 30 സെ.മീ.ഓളം നീളം വരും. മണ്‍സൂണ്‍ ആരംഭത്തോടെയാണ്‌ ഇതിന്റെ പുനരുത്‌പാദനം നടക്കുന്നത്‌. സ്വാദേറിയ മാംസമുള്ള കാരി വളര്‍ച്ച മുഴുമിപ്പിക്കും മുമ്പുതന്നെ ഭക്ഷണാവശ്യത്തിനായി പിടിക്കപ്പെടാറുണ്ട്‌. കാരിയുടെ മാംസത്തിന്‌ ഔഷധമൂല്യമുണ്ടെന്ന വിശ്വാസവും നിലവിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍