This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരാക്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരാക്കടല്‍

Kara Sea

ആര്‍ട്ടിക്‌ സമുദ്രത്തിന്റെ ഒരു ശാഖ. പശ്ചിമ സൈബീരിയാ സമതലത്തിനു വടക്കായി, കിഴക്കും പടിഞ്ഞാറും യഥാക്രമം സ്വെര്‍നയ സെമ്‌ല്യ, നോവയ സെമ്‌ല്യ എന്നീ ദ്വീപസമൂഹങ്ങള്‍ക്കും വടക്ക്‌ ഫ്രാന്‍സ്‌ ജോസഫ്‌ ലന്‍ഡ്‌ ദ്വീപസമൂഹത്തിനും ഇടയ്‌ക്കായി സ്ഥിതിചെയ്യുന്നു. യാമാല്‍ ഉപദ്വീപിനു പടിഞ്ഞാറായി ആര്‍ട്ടിക്‌ സമുദ്രത്തില്‍ പതിക്കുന്ന കാരാനദിയില്‍ നിന്നാണ്‌ ആ നദി പതിക്കുന്ന സമുദ്രഭാഗത്തിന്‌ കാരാക്കടല്‍ എന്ന പേരുണ്ടായത്‌; ഇന്ന്‌ ഈ പദം പശ്ചിമ സൈബീരിയയുടെ പടിഞ്ഞാറുള്ള കടലിനെ മൊത്തത്തില്‍ വ്യവഹരിക്കാനായി ഉപയോഗിച്ചുവരുന്നു. ആണ്ടില്‍ അധികകാലവും (710 മാസം) ഹിമപാളികള്‍ നിറഞ്ഞ്‌ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന കാരാക്കടലിന്‌ 8,80,600 ച.കി.മീ. വ്യാപ്‌തിയുണ്ട്‌. ഭൂമുഖത്തെ കടലുകളില്‍ ഏറ്റവും കൂടുതല്‍ ശുദ്ധജലമുള്‍ക്കൊള്ളുന്നത്‌ കാരാക്കടലാണ്‌. ഏഷ്യയിലെ ഏറ്റവും ബൃഹത്തായ അപവാഹവ്യൂഹമായ ഓബ്‌ഇര്‍തിഷ്‌ നദീവ്യൂഹത്തിനു പുറമേ യെനിസേ നദിയും പ്യാസിന, കാര തുടങ്ങിയ ചെറുനദികളും ഒഴുകി വീഴുന്നത്‌ ഈ സമുദ്രഭാഗത്താണ്‌. പൂര്‍വനോവായ സെമ്‌ല്യ ഗര്‍ത്തത്തെത്തുടര്‍ന്ന്‌ ഉദ്ദേശം 1,400 കി.മീ. പൂര്‍വദിശയില്‍ നീണ്ടുകിടക്കുന്ന ഈ കടലിന്റെ ശരാശരി ആഴം 127 മീ.ഉം കൂടിയ ആഴം 620 മീ.ഉം ആണ്‌. തെക്കു പടിഞ്ഞാറ്‌ വടക്കു കിഴക്കു ദിശകളിലായി കൂടിയ നീളം 1,500 കി.മീ.ഉം ശരാശരി വീതി 800 കി.മീ.ഉം ഉള്ള കാരാക്കടലില്‍ 1,13,000 ഘ. കി.മീ. ജലമുണ്ട്‌.

കാരാക്കടലിന്റെ തെക്കന്‍തീരം ഉള്‍ക്കടലുകളും ഫിയോഡുകളും നിറഞ്ഞു സങ്കീര്‍ണമാണ്‌. ഈ കടലില്‍ പതിക്കുന്ന എല്ലാ നദികളുടെ മുഖങ്ങളിലും ഫിയോഡുകള്‍ രൂപം കൊണ്ടിരിക്കുന്നു. നദികളിലൂടെ ഒഴുകിയെത്തുന്ന ജലൗഘത്തിന്റെ 80 ശതമാനവും വേനല്‍ക്കാലത്താണ്‌ കടലിലെത്തുന്നത്‌. തെക്ക്‌ യൂറേഷ്യാ വന്‍കരയാലും മറ്റു ഭാഗങ്ങളില്‍ ദ്വീപസഞ്ചയങ്ങളാലും ആവൃതമായ ഈ കടലിലുള്ള മറ്റു ചെറുദ്വീപുകള്‍ക്കെല്ലാം കൂടി മൊത്തം 10,000 ച.കി.മീ. വിസ്‌തൃതിയുണ്ട്‌, പൂര്‍വോത്തരഭാഗത്താണ്‌ ഇവ സാന്ദ്രമായിട്ടുള്ളത്‌. മധ്യഭാഗത്ത്‌ മണല്‍ക്കൂനകള്‍ ധാരാളമായി തുരുത്തുകള്‍ പോലെ ജലോപരിതലത്തില്‍ എഴുന്നു കാണുന്നു.

ഭൂവിജ്ഞാനപരമായി ഇത്‌ ഏറ്റവും പ്രായംകുറഞ്ഞ കടലുകളില്‍ ഒന്നാണ്‌. വന്‍കരച്ചെരുവില്‍ സ്ഥിതിചെയ്യുന്നതിനാല്‍ കാരാക്കടലിന്റെ 40 ശതമാനം വരുന്ന ദക്ഷിണഭാഗങ്ങളില്‍ ശരാശരി ആഴം 50 മീ.ല്‍ കുറവാകുന്നു. ഭൗമായുസ്സില്‍ ഏറ്റവും ഒടുവിലായി പ്ലീസ്റ്റോസീന്‍ യുഗത്തിലുണ്ടായ ഹിമയുഗത്തിന്റെ പിന്‍വാങ്ങലോടെ രൂപംകൊണ്ട കാരാക്കടലിന്റെ അടിത്തറയില്‍ പല ഭാഗങ്ങളിലും പ്രാക്കാലഹിമാനികളുടെ അവശിഷ്‌ടം കണ്ടെത്തിയിട്ടുണ്ട്‌. കടലിലെ ദ്വീപുകളുടെ തീരവും ചെങ്കുത്തായ പാറക്കെട്ടുകളും ഫിയോഡുകളും നിറഞ്ഞതാണ്‌; ഒട്ടേറെ ദ്വീപുകള്‍ ഹിമാവൃതവുമാണ്‌. കടലിലെ കൊടിയ തണുപ്പുള്ള ജലം വിവിധ താപനിലകളിലുള്ള തിരശ്ചീനസ്‌തരങ്ങളിലായി സ്ഥിതി ചെയ്യുന്നു. കടലില്‍ അന്തരീക്ഷ താപനില 710 മാസക്കാലം 00Cനു താഴെയാകുന്നു; ഏറ്റവും കുറഞ്ഞ താപനില 460 Cഉം ഏറ്റവും കൂടിയത്‌ 160 C ഉം ആണ്‌. കടലില്‍ 150200 മീ. ആഴത്തില്‍ ശരാശരി താപനില 2.50C ആണ്‌. കാരാക്കടലില്‍ ശീതക്കാറ്റും ഹിമക്കൊടുങ്കാറ്റും സാധാരണമാണ്‌.

അതിശൈത്യവും വേനല്‌ക്കാലത്ത്‌ വന്‍നദികളിലൂടെ ഒഴുകിയെത്തുന്ന ശുദ്ധജലവും കാരണം ഉപരിതലത്തിലെ 160 സെ.മീ. കനത്തിലുള്ള കടല്‍ജലം തികച്ചും ശുദ്ധമാണ്‌. കീഴ്‌ഭാഗങ്ങളില്‍ മറ്റു കടലുകളെ അപേക്ഷിച്ച്‌ ലവണത കുറവായിരിക്കുന്നു. ദിനംപ്രതി രണ്ടുപ്രാവശ്യം വേലിയേറ്റമനുഭവപ്പെടുന്നതിനു പുറമേ, കടലില്‍ രണ്ടു മേഖലകളില്‍ അപ്രദക്ഷിണമായുണ്ടാകുന്ന ജലപ്രവാഹങ്ങളുമുണ്ട്‌. കടല്‍ക്കാറ്റിന്റെ ഫലമായി തീരങ്ങളില്‍ 2 മീ. വരെ ജലനിരപ്പ്‌ ഉയരുക സാധാരണമാണ്‌. കോഡ്‌, സാല്‍മണ്‍, സ്റ്റര്‍ജിയന്‍ മുതലായ മത്സ്യങ്ങള്‍ ഇവിടെ സുലഭമാണ്‌. സീല്‍, കടല്‍മുയല്‍, വെള്ളത്തിമിംഗലം, വാല്‍റസ്‌, ധ്രുവക്കരടി എന്നീ സസ്‌തനികളുടെയും വാസസ്ഥലമാണ്‌ കാരാക്കടല്‍.

വന്‍കരയ്‌ക്കു സമീപംതന്നെ, കാരാക്കടല്‍ പടിഞ്ഞാറുള്ള ബാരന്റ്‌സ്‌ കടലുമായി കാരാക്കടലിടുക്കുവഴിയും കിഴക്കുളള ലാപ്‌റ്റെവ്‌ കടലുമായി ഏഷ്യാവന്‍കരയുടെ വടക്കറ്റത്തുള്ള ചെല്യൂസ്‌കിന്‍ മുനമ്പിനും ബോള്‍ഷെവിക്‌ ദ്വീപിനും ഇടയ്‌ക്കുള്ള കടലിടുക്കു വഴിയും ബന്ധപ്പെട്ടിരിക്കുന്നു. തന്മൂലം ഉത്തരസമുദ്രത്തിലെ ഗതാഗതത്തിന്റെ മുഖ്യകണ്ണിയാണ്‌ കാരാക്കടല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍