This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരര്‍, പോള്‍ (1889-1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരര്‍, പോള്‍ (1889-1971)

Karrer, Paul

പോള്‍ കാരര്‍

നോബല്‍ സമ്മാനം നേടിയ സ്വിസ്‌ രസതന്ത്രജ്ഞന്‍. 1889 ഏ. 12നു സ്വിസ്‌ ദമ്പതികളുടെ പുത്രനായി മോസ്‌കോയില്‍ ജനിച്ചു. 1892ല്‍ മാതാപിതാക്കളോടൊപ്പം സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തി. സൂറിച്ച്‌ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ആ സര്‍വകലാശാലയില്‍ത്തന്നെ ആല്‍ഫ്രഡ്‌ വെര്‍ണറുടെ സഹായിയായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. 1911ല്‍ പിഎച്ച്‌.ഡി. ബിരുദം നേടിയ ശേഷം ഫ്രാങ്ക്‌ ഫുര്‍ട്ട്‌അംമൈനില്‍ എത്തി പോള്‍ ഏര്‍ലിഷി(Paul Ehrlich)നോടൊപ്പം രസതന്ത്രഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. 1918ല്‍ സൂറിച്ച്‌ സര്‍വകലാശാലയിലെ രസതന്ത്ര പ്രാഫസറായി; 1919ല്‍ വെര്‍ണറുടെ നിര്യാണത്തെത്തുടര്‍ന്ന്‌ രസതന്ത്രവിഭാഗത്തിന്റെ തലവനുമായി. 1959ല്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ കാരര്‍ തത്‌സ്ഥാനത്തു തുടര്‍ന്നു.

കാര്‍ബണിക രസതന്ത്രത്തിലെ വിവിധ മേഖലകളില്‍ ഉപരിപഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ജീവകങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിലൂടെയാണ്‌ ഇദ്ദേഹം ശ്രദ്ധേയനായത്‌. 1930കളുടെ ആരംഭത്തില്‍ കരോട്ടിനോയിഡുകളെ സംബന്ധിച്ച്‌ ആധികാരിക ഗവേഷണം നടത്തിയവരില്‍ പ്രമുഖന്‍ ഇദ്ദേഹമായിരുന്നു. ജീവകം എയുടെ മുന്നോടിയായ ബീറ്റാകരോട്ടിന്റെ ഘടന നിര്‍ണയിച്ചത്‌ ഇദ്ദേഹമാണ്‌. തുടര്‍ന്ന്‌, ഇദ്ദേഹം ജീവകം സിയുടെ ഘടന നിര്‍ണയിച്ചു. 1931ല്‍ ജീവകം B2(റൈബോഫ്‌ളേവിന്‍)വും 1938ല്‍ ജീവകം E(ടോകോഫെറോള്‍)യും ഇദ്ദേഹം സംശ്ലേഷണം ചെയ്യുകയുണ്ടായി. ജീവകങ്ങളെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്ക്‌ ഇദ്ദേഹത്തിനും ബ്രിട്ടീഷ്‌ രസതന്ത്രജ്ഞനായ സര്‍ വാള്‍ട്ടര്‍ ഹോര്‍മന്‍ ഹാവര്‍ത്തിനും 1937ലെ രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചു. 1971 ജൂണ്‍ 18നു സൂറിച്ചില്‍വച്ച്‌ ഇദ്ദേഹം അന്തരിച്ചു. നോ. ജീവകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍