This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരമസോവ്‌ സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരമസോവ്‌ സഹോദരന്മാര്‍

The Brothers Karamazov

റഷ്യന്‍ സാഹിത്യകാരനായ ഫയദോര്‍ ദസ്‌തയേവ്‌സ്‌കിയുടെ മഹത്തരവും വിശ്വപ്രസിദ്ധവുമായ നോവല്‍. ഗ്രന്ഥകാരന്റെ ദീര്‍ഘകാലത്തെ ജീവിതാനുഭവങ്ങളുടെയും സന്ദേഹവിശ്വാസങ്ങളുടെയും ആകെത്തുകയാണിത്‌. നിര്‍ധാരണത്തിലും നിര്‍വഹണത്തിലും ഇതിഹാസോപമമായ ഈ നോവലിന്റെ ആദ്യഭാഗം 1879 ജനുവരിയില്‍ റഷ്യന്‍ മെസഞ്ചറില്‍ പ്രസിദ്ധീകരിച്ചു. 1880 നവംബറില്‍ അതായത്‌ ഗ്രന്ഥകാരന്റെ ചരമത്തിനു രണ്ടുമാസം മുമ്പ്‌ ഉത്തരഭാഗവും പുറത്തുവന്നു.

ഫയദോര്‍ ദസ്‌തയേവ്‌സ്‌കി

ദസ്‌തയേവ്‌സ്‌കിയുടെ ഇതര നോവലുകളെ അപേക്ഷിച്ചു കൂടുതല്‍ സങ്കീര്‍ണമാണ്‌ ഇതിലെ ഇതിവൃത്തം. പ്രധാനകഥയുമായി ബന്ധമില്ലാത്ത പല ഉപാഖ്യാനങ്ങളും സംവാദങ്ങളും ഇതില്‍ നിബന്ധിച്ചിട്ടുണ്ട്‌. പ്രത്യക്ഷത്തില്‍ അപ്രസക്തമെന്നു തോന്നാവുന്ന ഇത്തരം അംശങ്ങള്‍ ഒഴിവാക്കിയാല്‍ കഥാവസ്‌തു വളരെ നിസ്സാരമാണ്‌.

സ്‌കോട്ടോ പ്രിഗോണ്‍യെവ്‌സ്‌ക്‌ എന്നൊരു കൊച്ചു പട്ടണത്തിന്റെ പ്രാന്തത്തിലുള്ള കാരമസോവ്‌ കുടുംബത്തിന്റെ കഥയാണ്‌ കാരമസോവ്‌ സഹോദരന്മാര്‍. മദ്യപാനിയും വിഷയലമ്പടനും കോമാളിയുമായ ഫയദോര്‍ പാവ്‌ലോവിച്ച്‌ കാരമസോവ്‌ എന്ന കിഴവന്‍ജന്മിയാണ്‌ കുടുംബനാഥന്‍. അയാള്‍ക്ക്‌ ആദ്യഭാര്യയിലുള്ള മകന്‍ ദിമിത്രി, രണ്ടാം ഭാര്യയില്‍ ജനിച്ച ഇവാനും അല്യോഷായും, ഒരു അനാഥപ്പെണ്ണില്‍ പിറന്ന സ്‌പെര്‍ഡിയാക്കോവ്‌ എന്നിവരാണ്‌ ഗ്രന്ഥനാമത്താല്‍ സൂചിതരായ കാരമസോവ്‌ സഹോദരന്മാര്‍. ധൂര്‍ത്തനും സാഹസികനും വികാരഭരിതനും വിഷയാസക്തനുമാണ്‌ ദിമിത്രി. പരസ്‌പരവിരുദ്ധങ്ങളായ ആശയങ്ങള്‍ പുലര്‍ത്തുന്ന ചിന്തകനും യുക്തിവാദിയും അവിശ്വാസിയുമാണ്‌ ഇവാന്‍. ഉത്‌കൃഷ്‌ടമായ ആത്മീയബോധമുള്ള സാത്വികനാണ്‌ അല്യോഷാ. ഇവാന്റെ ചിന്താഗതികളെ പിന്താങ്ങുന്ന അതിമോഹിയും വക്രശീലനുമാണ്‌ സ്‌പെര്‍ഡിയാക്കോവ്‌. കുടുംബത്തിന്റെ മുഖമുദ്രയായ വിഷയാസക്തി എല്ലാവര്‍ക്കുമുണ്ട്‌. അല്യോഷാ ഒഴികെയുള്ള മൂന്നുപേരും അച്ഛനെ കഠിനമായി വെറുക്കുന്നവരാണ്‌. താന്‍ സ്‌നേഹിക്കുന്ന ഗ്രുഷങ്കാ എന്നൊരു സുന്ദരിയായ വേശ്യയെ അച്ഛനും വശീകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ദിമിത്രിക്കു അയാളോടുള്ള വിദ്വേഷം പരമകാഷ്‌ഠയില്‍ എത്തുന്നു. അധമനായ പിതാവിനെ കൊന്നുകളഞ്ഞാലോ എന്ന ചിന്ത അവനില്‍ കടന്നുകൂടുന്നു. അതേ ചിന്ത തന്നെ സ്വന്തം കാരണങ്ങളാല്‍ ഇവാനും സ്‌പെര്‍ഡിയാക്കോവിനും ഉണ്ട്‌. "എന്തും അനുവദനീയമാണ്‌' എന്ന ഇവാന്റെ സിദ്ധാന്തം സ്‌പെര്‍ഡിയാക്കോവിന്‌ ഈ വിഷയത്തില്‍ ധൈര്യം നല്‌കുന്നു. ഒരു നാള്‍ രാത്രി വൃദ്ധന്‍ സ്വഗൃഹത്തില്‍ വധിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. കൊല നടത്തിയതു സ്‌പെര്‍ഡിയാക്കോവാണെങ്കിലും സാഹചര്യത്തെളിവുകള്‍ കൊണ്ട്‌ കൊലപാതകി ദിമിത്രിയാണെന്നു വന്നു കൂടുന്നു. അവന്‍ ഇരുപതുകൊല്ലം സൈബീരിയയിലെ ഖനികളില്‍ പണിയെടുക്കുവാന്‍ വിധിക്കപ്പെടുന്നു. ഗ്രുഷങ്കാ അവനെ അനുഗമിക്കുന്നു. ഇങ്ങനെ ഒരു അപസര്‍പ്പക കഥയുടെ സ്വഭാവമാണ്‌ ഇതിലെ കഥയ്‌ക്കുള്ളത്‌. എന്നാല്‍ നോവല്‍കര്‍ത്താവിന്റെ പരിപക്വമായ ജീവിതദര്‍ശനങ്ങള്‍ പ്രകാശിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ്‌ കഥ.

കാരമോവ്‌ സഹോദരന്മാര്‍-പുറംചട്ട

സ്‌തോഭജനകമായ ഇതിലെ സംഭവങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അനുവാചകന്‍ കടന്നു ചെല്ലുന്നത്‌ മനുഷ്യമനസ്സിന്റെ ദൃഢതയും ചാപല്യവും ആര്‍ദ്രതയും കാഠിന്യവും മഹത്ത്വവും നികൃഷ്‌ടതയും ഒക്കെക്കൂടി ചേര്‍ത്തുണ്ടാക്കിയ ഒരു മഹാപ്രപഞ്ചത്തിലേക്കാണ്‌. അവിടെ ദസ്‌തയേവ്‌സ്‌കിയുടെ മനസ്സിനെ എക്കാലവും മഥിച്ചിരുന്ന ആധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ പ്രശ്‌നങ്ങള്‍ ഉന്നീതമായിരിക്കുന്നതു കാണാം. ദൈവം ഉണ്ടോ? അതോ ദൈവം മനുഷ്യന്റെ സൃഷ്‌ടിയോ? രണ്ടായാലും ധര്‍മമൂര്‍ത്തിയല്ല ആ ദൈവമെങ്കില്‍ ധര്‍മത്തിന്‌ എന്തു വില? ദൈവസൃഷ്‌ടമാണ്‌ ഈ ലോകമെങ്കില്‍ അനര്‍ഹങ്ങളായ യാതനകള്‍ അതില്‍ എങ്ങനെ വന്നു കൂടി? പുണ്യം, പാപം, നന്മ, തിന്മ എന്നീ വിവേചനത്തിനു അര്‍ഥമുണ്ടോ? ആത്മാവ്‌ അമര്‍ത്യമാണോ? ജീവിതം വെറുക്കപ്പെടേണ്ടതാണോ? ഇവയൊക്കെയും ദാര്‍ശനിക ലോകത്തിലെ പ്രശ്‌നങ്ങളായല്ല, ഇതിലെ കഥാപാത്രങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളായാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. വാസ്‌തവത്തില്‍ ഈ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരല്ല. ദസ്‌തയേവ്‌സ്‌കിയുടെ ഭാവന മൂര്‍ത്തിമദ്‌ഭാവം നല്‌കിയ ആശയങ്ങളാണ്‌.

ഈ നോവലില്‍ പാവ്‌ലോവിച്ച്‌ കാരമസോവിന്റെയും അയാളുടെ വിഭിന്ന സ്വഭാവക്കാരനായ പുത്രന്മാരുടെയും വിചിത്ര ജീവിത സംഭവങ്ങളെ ആധാരമാക്കി വിപ്ലവത്തിനു മുമ്പുള്ള ആശയസംഘട്ടനമുഖരിതമായ റഷ്യന്‍ സമുദായത്തിന്റെ ഒരു യഥാതഥ ചിത്രം വരച്ചു കാണിക്കുകയാണ്‌ ഗ്രന്ഥകാരന്‍ ചെയ്‌തിരിക്കുന്നത്‌. റഷ്യയില്‍ മാത്രമല്ല, യൂറോപ്പില്‍ പൊതുവേ തഴച്ചു വളരാന്‍ തുടങ്ങിയിരുന്ന ഭൗതിക സിദ്ധാന്തങ്ങളുടെയും മതവിരോധത്തിന്റെയും നേര്‍ക്കുള്ള തന്റെ ആശങ്ക അദ്ദേഹം വെളിപ്പെടുത്തിയിട്ടും ഉണ്ട്‌. മനുഷ്യനു യാതനകളിലൂടെയും ക്രിസ്‌തുവിലൂടെയും മാത്രമേ മോക്ഷം പ്രാപിക്കാന്‍ കഴിയൂ എന്നും ബുദ്ധിയല്ല ഹൃദയമാണ്‌ മുഖ്യമെന്നും സ്‌നേഹമാണ്‌ ജീവിതത്തിനു സര്‍വോത്‌കൃഷ്‌ടമായ അവലംബമെന്നും ഫാദര്‍ സോസിമായുടെ ഉപദേശങ്ങളിലൂടെ സ്വന്തം മൗലികവിശ്വാസ പ്രമാണങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കുന്നു.

ഉദാത്തമായ ചിന്തയും ഗംഭീരമായ ഭാവനാവിലാസവും അതിനിപുണമായ മാനസികാപഗ്രഥനവും കൊണ്ട്‌ വിശ്വസാഹിത്യത്തില്‍ ഏറ്റവും സമുന്നതമായ ഒരു സ്ഥാനം ലഭിച്ചിട്ടുള്ള കൃതിയാണ്‌ കാരമസോവ്‌ സഹോദരന്മാര്‍. ഗ്രന്ഥകാരന്റെ ഉള്‍ക്കാഴ്‌ചയും അപഗ്രഥനപാടവവും പരകോടിയില്‍ പ്രകാശിക്കുന്ന ഇതിലെ "മതദ്രാഹവിചാരകന്‍', "ഇവാന്റെ പേടിസ്വപ്‌നം' എന്നീ അധ്യായങ്ങള്‍ "മറ്റെങ്ങും അലഭ്യങ്ങളും മറ്റാര്‍ക്കും അപ്രാപ്യങ്ങളുമായ' സമുന്നത ശൃംഗങ്ങളാണ്‌. ലോകത്തിലെ പ്രമുഖ ഭാഷകളിലെല്ലാം ഈ മഹാഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കോണ്‍സ്റ്റന്‍സ്‌ ഗാര്‍ണറ്റിന്റെ ഇംഗ്ലീഷ്‌ പരിഭാഷയെ അവലംബമാക്കി എന്‍.കെ. ദാമോദരന്‍ ഇത്‌ മലയാളത്തിലേക്ക്‌ തര്‍ജുമ ചെയ്‌തിട്ടുണ്ട്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍