This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരബൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരബൂ

Caribou

കാരബൂ

വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കാട്ടുമാന്‍. "റേയ്‌ന്‍ഡീര്‍' എന്നറിയപ്പെടുന്ന മാനും കാരബൂവും ഒരേ സ്‌പീഷിസില്‍പ്പെടുന്നവയാണെങ്കിലും ഇവ തമ്മില്‍ വളരെയേറെ വ്യത്യാസങ്ങള്‍ ദൃശ്യമാണ്‌. സ്‌കാന്‍ഡിനേവിയയിലും ഗ്രീന്‍ലന്‍ഡിലും കാണപ്പെടുന്ന അര്‍ധ വളര്‍ത്തുമൃഗങ്ങളായി റേയ്‌ന്‍ഡീറുകള്‍ കരുതപ്പെടുമ്പോള്‍, വടക്കേ അമേരിക്കയിലും സൈബീരിയയിലും അവയ്‌ക്ക്‌ വന്യമൃഗങ്ങളുടെ സ്ഥിതിയാണുള്ളത്‌. ശാ.നാ. റേഞ്ചിഫര്‍ തരാന്‍ഡസ്‌ (Rangifer tarandus). കുടുംബം സെര്‍വിഡെ. ആണിനും പെണ്ണിനും കൊമ്പുള്ള ഒരേയൊരു മാന്‍വര്‍ഗമാണ്‌ റേഞ്ചിഫര്‍.

റേയ്‌ന്‍ഡീറുകളെക്കാള്‍ നീളമേറിയ കാലുകളാണ്‌ കാരബൂവിനുള്ളത്‌. തോള്‍ഭാഗത്ത്‌ സു. 1.20 മുതല്‍ 1.75 മീ. വരെ ഉയരമുള്ള ഈ മാനിന്‌ ഉദ്ദേശം 320 കിലോഗ്രാം ഭാരമുണ്ട്‌. രോമത്തിന്‌ കറുപ്പുനിറവും ഏതാണ്ട്‌ വെള്ളനിറവും കണ്ടുവരുന്നു. എന്നാല്‍ കൂടുതല്‍ എണ്ണത്തിനും തവിട്ടുനിറമോ ചാരനിറമോ ആയിരിക്കും; അടിഭാഗം പൊതുവേ വിളറിയതും. ശീതകാലമാകുന്നതോടെ നിറം കുറച്ചുകൂടി കുറയുന്നതായി തോന്നുന്നു. ശരീരം കൂടുതല്‍ വണ്ണിക്കുന്നതോടൊപ്പം കമ്പിളിപോലെയുള്ള രോമങ്ങള്‍ക്കു നീളവും വര്‍ധിക്കുന്നതായി കാണാം. കാരബൂവിന്റെ ചെവികളും വാലും താരതമ്യേന നീളം കുറഞ്ഞവയാണ്‌. രോമസമൃദ്ധമായ മുഖാഗ്രം (muzzle) ഇതിന്റെ മാത്രം പ്രത്യേകതയാണ്‌. ശീതകാലത്തെ തണുപ്പില്‍ നഷ്‌ടപ്പെടുന്ന ശരീരതാപത്തിന്റെ അളവ്‌ കഴിയുന്നിടത്തോളം കുറയ്‌ക്കുന്നതിനുള്ള അനുകൂലനങ്ങളാണ്‌ മേല്‌പറഞ്ഞവയെല്ലാം.

5100 അംഗങ്ങളുള്ള ചെറുസംഘങ്ങളായാണ്‌ കാരബൂ സാധാരണ കഴിയുന്നത്‌. എന്നാല്‍ ദേശാടനസമയമാകുമ്പോള്‍ അംഗസംഖ്യ 3,000 വരെ ഉയരാറുണ്ട്‌. ഇവയ്‌ക്ക്‌ സംഘടിതമായ സംവിധാനമോ അംഗീകൃത നേതാവോ ഇല്ല. ഭയന്നുകഴിഞ്ഞാല്‍ മുമ്പേ പോകുന്നതിന്റെ പിന്നാലെ മറ്റുള്ളവയും നീങ്ങുകയാണ്‌ പതിവ്‌.

ഏപ്രില്‍ മേയ്‌ മാസത്തോടെ വടക്ക്‌, തുറസ്സായ തുന്ദ്രാ പ്രദേശങ്ങളിലേക്ക്‌ നീങ്ങിത്തുടങ്ങുന്ന ഇവ വേനല്‍ക്കാലം അവസാനിക്കുന്നതവുരെ അവിടെത്തന്നെ കഴിയുന്നു. ജൂലൈ അവസാനത്തോടെ തെക്കുഭാഗത്തെ കാടുകളിലേക്കുള്ള മടക്കയാത്ര തുടങ്ങുകയായി. ഈ ദേശാടനം കൃത്യമായ പാതകളിലൂടെയാണ്‌. സെപ്‌തംബര്‍ മാസത്തില്‍ വീണ്ടും തുന്ദ്രകളിലേക്കൊരു യാത്രയുണ്ട്‌. ഇണചേരലിനായുള്ള ഈ യാത്രയ്‌ക്കു ശേഷം കൂടുതല്‍ അംഗങ്ങളും തിരിച്ചുപോരുമെങ്കിലും അപൂര്‍വം ചില സംഘങ്ങള്‍ ശീതകാലം മുഴുവന്‍ തുന്ദ്രാപ്രദേശത്തുതന്നെ കഴിഞ്ഞുകൂടുന്നു.

ദേശാടനസമയത്ത്‌, പരന്നുകിടക്കുന്ന മഞ്ഞിന്റെയും വഴുതുന്ന ഐസ്‌കഷണങ്ങളുടെയും മുകളിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന്‌ കാരബൂവിന്റെ പരന്നുവിസ്‌തൃതമായ കാലുകള്‍ സഹായകമാണ്‌. ഇതിന്റെ രണ്ടായി പകുത്തുവച്ചതുപോലെയുള്ള പരന്ന കുളമ്പുകള്‍, തറയില്‍ ഏല്‌പിക്കുന്ന മര്‍ദം ലഘുവാക്കാന്‍ ഉതകുന്നു. ഇവ ഏതാണ്ട്‌ "സ്‌നോ ഷൂസു'കളെപ്പോലെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കുളമ്പുകളുടെ നതമധ്യാകൃതിയും, അടിഭാഗത്തായുള്ള രോമവും ഏതു വഴുതുന്ന ഉപരിതലത്തിലും പിടിച്ചുനില്‍ക്കാന്‍ കാരബൂവിനെ സഹായിക്കുന്നു.

കാരബൂ സംഘങ്ങളുടെ ദേശാടന സമയത്തെ ശരാശരി വേഗത ദിവസത്തില്‍ 3032 കി.മീ. ആയിരിക്കും. എന്നാല്‍ ആവശ്യമെന്നു കണ്ടാല്‍ 65 കി.മീ.ലേറെ വേഗതയില്‍ ചെറിയ ദൂരങ്ങള്‍ ഓടിയെത്താന്‍ ഇവയ്‌ക്ക്‌ പ്രയാസമില്ല.

ശീതകാലത്ത്‌ മഞ്ഞിനിടയില്‍ കാണുന്ന ഉണങ്ങിയ പുല്ലുകള്‍, ലൈക്കന്‍ (ഒരുതരം പായല്‍ച്ചെടി) എന്നിവയാണ്‌ കാരബൂവിന്റെ ഭക്ഷണം. വേനലാകുന്നതോടെ പലതരം ചെടികളുടെ ഇലകളും തണ്ടുകളും ഇവ ആഹാരമാക്കുന്നു. വീണുപോയ മാന്‍കൊമ്പുകളും കാരബൂ ചവച്ചിറക്കാറുണ്ട്‌. ഇത്‌ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

ഒക്‌ടോബറിന്റെ അവസാനം മുതല്‍ നവംബര്‍ പകുതി വരെയുള്ള കാലത്താണ്‌ ഇണചേരല്‍ നടക്കുന്നത്‌. ജൂണ്‍മാസാരംഭത്തോടെ കുഞ്ഞുങ്ങളുടെ ജനനമായി. വസന്തകാലദേശാടനത്തിനിടയില്‍ ആണ്‌ ശിശുജനനം. ജനനസമയത്ത്‌ കുഞ്ഞുങ്ങള്‍ക്ക്‌ 4 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. ജനിച്ച്‌ അരമണിക്കൂറിനുള്ളില്‍ ഓടാന്‍ ഇവയ്‌ക്കു കഴിയുന്നു. 4 മണിക്കൂര്‍ പ്രായമാകുമ്പോഴേക്കും മനുഷ്യനെക്കാള്‍ വേഗത്തില്‍ ഓടാനുള്ള പ്രാപ്‌തി ഇവയ്‌ക്കുണ്ടാകുന്നു. ഏതാണ്ട്‌ ഒരേ പ്രായത്തിലുള്ള കുഞ്ഞുങ്ങളും അവയുടെ അമ്മമാരും ചേര്‍ന്ന്‌ ചെറുസംഘങ്ങളായി പ്രധാനസംഘത്തോടൊപ്പം ഒരേ വേഗത്തില്‍ നീങ്ങുകയാണ്‌ പതിവ്‌.

തീരെ കുഞ്ഞായിരിക്കുമ്പോള്‍ അനങ്ങുന്ന എന്തിനെയും പിന്തുടരാനുള്ള കൗതുകം കുട്ടി കാട്ടുന്നു. സംഘത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കുട്ടികള്‍ പ്രത്യേക ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്‌ പതിവ്‌. അപകടം തരണം ചെയ്‌തു കഴിഞ്ഞാലുടന്‍ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മണംകൊണ്ട്‌ തിരിച്ചറിഞ്ഞ്‌ രക്ഷാഭാരം ഏറ്റെടുക്കുന്നു. ഒരു മാസം പ്രായം തികയുന്നതോടെ കുഞ്ഞുങ്ങള്‍ മേയാനാരംഭിക്കുമെങ്കിലും, ശീതകാലാവസാനം വരെയും അവ മുലപ്പാല്‍ കുടിച്ചുകൊണ്ടിരിക്കുന്നു. കാരബൂവിന്റെ ആയുസ്സ്‌ 1315 വര്‍ഷമായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌.

ചിലയിനം കരടികള്‍ (grizzly bears) കാരബൂക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കാറുണ്ടെങ്കിലും ഇവയുടെ പ്രധാന ശത്രു ചെന്നായ്‌ക്കളാണ്‌. മൊത്തം അംഗസംഖ്യയുടെ 5 ശതമാനത്തോളം ഇപ്രകാരം ചെന്നായ്‌ക്കളുടെ ഭക്ഷണമാകുന്നതായാണ്‌ കരുതപ്പെടുന്നത്‌.

എസ്‌കിമോകളുടെയും "അഥബാസ്‌കന്‍' ഇന്ത്യാക്കാരുടെയും പ്രധാന ജീവനമാര്‍ഗം കാരബൂവേട്ടയാടല്‍ ആണ്‌. ഇതിന്റെ മാംസം സ്വാദേറിയ ഭക്ഷണസാധനമായി കരുതപ്പെടുന്നു. കാരബൂപ്പാല്‍ കൊണ്ട്‌ വിവിധ വിഭവങ്ങള്‍ മാത്രമല്ല പാല്‍ക്കട്ടിയും ഉണ്ടാക്കുന്നുണ്ട്‌. വേനല്‍ക്കാലമാകുന്നതോടെ എസ്‌കിമോകള്‍ സമുദ്രവിഭവങ്ങള്‍ വെടിഞ്ഞ്‌ കാരബൂവേട്ടയാരംഭിക്കുന്നു. കാരബൂ കൂട്ടങ്ങള്‍ വഴി മാറി യാത്രചെയ്യുന്ന വര്‍ഷങ്ങളില്‍ മുന്‍പറഞ്ഞ രണ്ടു ജനവര്‍ഗങ്ങളും പട്ടിണിയെ അഭിമുഖീകരിക്കുകയാണ്‌ പതിവ്‌. കാരബൂവിന്റെ തോല്‍ മുതല്‍ കൊമ്പുവരെയുള്ള എല്ലാ ശരീരഭാഗങ്ങളും ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ധരിക്കുന്നതിനുള്ള വസ്‌ത്രങ്ങള്‍ തുടങ്ങി ഉറങ്ങുന്നതിനുള്ള "സ്ലീപ്പിങ്‌ ബാഗും', ടെന്റുകളുടെ താങ്ങും ആയുധങ്ങളും സ്ലെഡ്‌ജിലെ ബ്രക്കും വരെ കാരബൂവില്‍ നിന്നു ലഭിക്കുന്ന സാധനങ്ങളാണ്‌. കാരബൂവിനെ ഇണക്കി സ്ലെഡ്‌ജ്‌ വലിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌.

ബാരന്‍ ഗ്രൗണ്ട്‌ കാരബൂ, മൗണ്ടന്‍ കാരബൂ, വുഡ്‌ലന്‍ഡ്‌ കാരബൂ എന്നിവയാണ്‌ മറ്റു പ്രധാന ഇനങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0%E0%B4%AC%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍