This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരന്ത്‌, ബി.വി. (1929-2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരന്ത്‌, ബി.വി. (1929-2002)

ബി.വി. കാരന്ത്‌

പ്രസിദ്ധ കന്നഡ നാടകകൃത്തും സംവിധായകനും ചലച്ചിത്ര നടനും. കാനറാ ഡിസ്റ്റ്രിക്‌റ്റിലെ ബാബുകോടി എന്ന ഗ്രാമത്തില്‍ 1929 സെപ്‌. 19നു കാരന്ത്‌ ജനിച്ചു. ബി. വെങ്കിടരാമന്‍ കാരന്ത്‌ എന്നാണ്‌ പൂര്‍ണനാമം. എട്ടാം ക്ലാസ്സുവരെ പഠനം തുടര്‍ന്നശേഷം സാമ്പത്തിക വൈഷമ്യം കാരണം പഠനം നിര്‍ത്തി. 15-ാമത്തെ വയസ്സില്‍ ഗുബിവീരണ്ണായുടെ നാടകക്കമ്പനിയില്‍ ചേരുകയും കുട്ടിക്കഥാപാത്രങ്ങളുടെ വേഷം അഭിനയിച്ചു വരികയും ചെയ്‌തു. ഈ കാലഘട്ടത്തിനിടയില്‍ ഹിന്ദി ഭാഷാധ്യയനം പ്രവറ്റായി നിര്‍വഹിച്ച ഇദ്ദേഹം തുടര്‍ന്ന്‌ ഒരു മാര്‍വാഡി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട്‌ ബനാറസ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠനം നടത്തി എം.എ. (ഹിന്ദി) ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന്‌ "ഭാരതീയ രംഗവേദിയും ഹിന്ദി നാടകപ്രസ്ഥാനവും' എന്ന വിഷയത്തെ ആസ്‌പദമാക്കി ഗവേഷണം നടത്തി. എന്നാല്‍ ഡോക്‌ടര്‍ ബിരുദം ലഭിക്കയുണ്ടായില്ല. ഇദ്ദേഹം നാഷണല്‍ സ്‌കൂള്‍ ഒഫ്‌ ഡ്രാമയില്‍ച്ചേര്‍ന്നു മൂന്നു വര്‍ഷം പരിശീലനം നേടി. അതിനുശേഷം സര്‍ദാര്‍ പട്ടേല്‍ സ്‌കൂളില്‍ 1973 വരെ അധ്യാപകനായി ജോലി നോക്കി.

സംഗീതത്തിലും കാരന്ത്‌ അതീവ തത്‌പരനായിരുന്നു. പണ്ഡിറ്റ്‌ ഓംകാരനാഥ്‌ ഠാക്കൂറിന്റെ കീഴില്‍ സംഗീതാഭ്യസനം നടത്തി. സംഗീതത്തിലും കാരന്ത്‌ എം.എ. ബിരുദം നേടി. തുടര്‍ന്ന്‌ ഡല്‍ഹി സ്‌കൂള്‍ ഒഫ്‌ ഡ്രാമയില്‍ച്ചേര്‍ന്നു നാടകാഭിനയത്തിലും സംവിധാനത്തിലും രചനയിലും ഉപരിപരിശീലനവും സമ്പാദിച്ചു. "കേലുജനമേജയ' എന്ന കന്നഡ നാടകം ഇദ്ദേഹം ഹിന്ദിയിലേക്കു വിവര്‍ത്തനം ചെയ്‌തു. തുടര്‍ന്ന്‌ ഗിരീഷ്‌ കര്‍ണാടിന്റെ "തുഗ്ലക്ക്‌', "ഹയവദന' എന്നീ നാടകങ്ങളും ഉത്തരരാമചരിതം, സ്വപ്‌നവാസവദത്തം തുടങ്ങിയ സംസ്‌കൃത കൃതികളും ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തി.

ഗിരീഷ്‌ കര്‍ണാടിന്റെ "വംശവൃക്ഷ' (1970) ആണ്‌ കാരന്ത്‌ സംവിധാനം ചെയ്‌ത ആദ്യത്തെ ചലച്ചിത്രം. ഇത്‌ ഇദ്ദേഹത്തിന്‌ ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്തു. 1976ല്‍ ഇദ്ദേഹം സംവിധാനം ചെയ്‌ത "ചോമനദുഡി' പ്രസിഡന്റിന്റെ സുവര്‍ണമുദ്ര നേടി. കുട്ടികള്‍ക്കുവേണ്ടി ഇദ്ദേഹം "ചോര്‍ചോര്‍ഛപ്‌ജി' എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ചലച്ചിത്ര സംവിധാനത്തിനു പുറമേ "വംശവൃക്ഷ', "കാട്‌', "ഋശ്യശൃംഗ', "ഹംസഗീതേ', "കന്നേശ്വരരാമ', "ഘടശ്രാദ്ധ', "വൊക്കവൂരികഥ', "തമ്പലയു നീ നാഡമഗനെ അറിവ്‌' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച്‌ തന്റെ അഭിനയ വൈദഗ്‌ദ്യവും കാരന്ത്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹം സംഗീതസംവിധാനം ചെയ്‌ത "ഋശ്യശൃംഗ' 1976ലെ മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ്‌ കാരന്തിനു നേടിക്കൊടുത്തു.

നാടകചലച്ചിത്രസംവിധാനം, അഭിനയം, സംഗീതസംവിധാനം എന്നിവയ്‌ക്കു പുറമേ സാഹിത്യരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. "ഈഡിപ്പസ്‌ രാജാവ്‌', "ജോകുമാരസ്വാമി', "സത്തവരനെരലു', "ഈവം ഇന്ദ്രജിത്ത്‌' എന്നീ കന്നഡ നാടകങ്ങള്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ കൃതികളാണ്‌.

1983ല്‍ കാരന്ത്‌ ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഒഫ്‌ ഡ്രാമയില്‍ ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചു. ഇദ്ദേഹത്തിന്റെ പത്‌നി പ്രമാകാരന്ത്‌ നാടകചലച്ചിത്ര രംഗങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു പോരുന്നു.

2002 സെപ്‌തംബറില്‍ കാരന്ത്‌ അന്തരിച്ചു.

(എസ്‌. രാമകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍