This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരന്ത്‌, കോട്ട രാമകൃഷ്‌ണ (1894-1980)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരന്ത്‌, കോട്ട രാമകൃഷ്‌ണ (1894-1980)

കര്‍ണാടകത്തിലെ സ്വാതന്ത്യ്രസമരനേതാവ്‌. ദക്ഷിണ കാനറയിലെ കോട്ടയില്‍ 1894 മേയ്‌ 1നു കാരന്ത്‌ ജനിച്ചു. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ നിന്ന്‌ ബിരുദവും ബോംബെ ലാ കോളജില്‍ നിന്ന്‌ നിയമബിരുദവും നേടി. 1919ല്‍ മംഗലാപുരത്ത്‌ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളിലാകൃഷ്‌ടനായി ഇദ്ദേഹം നിസ്സഹകരണസമരത്തില്‍ പങ്കെടുത്തു. പിന്നീട്‌ ജില്ലയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ്സ്‌ നേതാവായി ഉയര്‍ന്ന കാരന്ത്‌ 1924 മുതല്‍ 37 വരെ മംഗലാപുരം മുനിസിപ്പാലിറ്റി അംഗമായിരുന്നു. 1926ലാണ്‌ സ്വരാജ്‌കക്ഷി സ്ഥാനാര്‍ഥിയായി ഇദ്ദേഹം മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 1937ല്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കാരന്ത്‌, സി.രാജഗോപാലാചാരിയുടെ മന്ത്രിസഭയില്‍ പാര്‍ലമെന്റ്‌ സെക്രട്ടറിയായി നിയമിതനായി. വ്യക്തി സത്യാഗ്രഹത്തിലും പിന്നീട്‌ ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തതിന്‌ ഇദ്ദേഹത്തിന്‌ 1940ലും, 1942 ആഗ.44 കാലത്തും ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1946ല്‍ വീണ്ടും മദ്രാസ്‌ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കാരന്ത്‌, ടി. പ്രകാശത്തിന്റെ മന്ത്രിസഭയില്‍ റവന്യൂ വകുപ്പു മന്ത്രിയായിരുന്നു. സെമിന്ദാരി സമ്പ്രദായം അവസാനിപ്പിക്കുവാന്‍ ഇദ്ദേഹം ശ്ലാഘനീയമായ പ്രവര്‍ത്തനം നടത്തി. ദക്ഷിണ കാനറയിലെയും മലബാറിലെയും വനം സംരക്ഷണ നിയമനിര്‍മാണത്തിന്‌ മുന്‍കൈയെടുത്തതും കാരന്തായിരുന്നു. 1951ല്‍ ബ്രിട്ടണും യൂറോപ്പിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ച ഇദ്ദേഹം കര്‍ണാടകഭാഷയില്‍ ഒരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്‌. 1951 അവസാനം കോണ്‍ഗ്രസ്സില്‍ നിന്ന്‌ രാജിവച്ച്‌ കെ.എം.പി. പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട്‌ പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിത്തീര്‍ന്ന കാരന്ത്‌ ആ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി നിരവധി വര്‍ഷങ്ങള്‍ സേവനം ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍