This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരത്തല്ല്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരത്തല്ല്‌

ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ നടത്താറുള്ള ഒരു നാടന്‍ പന്തുകളി. ഹോക്കിയുടെ നാടന്‍ രൂപമായി കണക്കാക്കാവുന്ന ഈ വിനോദത്തിന്‌ "കാരത്തട്ട്‌' എന്നും പേരുണ്ട്‌. കല്ലന്‍മുളയുടെ മുരടിച്ച കൂമ്പുണങ്ങിയത്‌ എടുത്തു പാറയിലുരച്ച്‌ ഉരുട്ടിയെടുക്കുന്ന കാരമണിയാകുന്നു പന്തായി ഉപയോഗിക്കുന്നത്‌. കാരമണികള്‍ തട്ടിത്തട്ടി കളിക്കുന്നതിനാലാണ്‌ ഈ കളിക്ക്‌ "കാരത്തട്ട്‌, കാരത്തല്ല്‌, കാരകളി' എന്നീ പേരുകള്‍ ഉണ്ടായത്‌. ഈ കളി മധ്യകാലത്തോടുകൂടിയാണ്‌ പ്രചാരത്തില്‍ വന്നതെന്നു കരുതപ്പെടുന്നു.

ഹോക്കിസ്റ്റിക്കിന്റെ മാതൃകയില്‍ 75 സെ.മീ. നീളമുള്ളതും ഒരറ്റം വളഞ്ഞതുമായ മുളന്തണ്ടുകള്‍ പന്തു തട്ടാനുപയോഗിക്കുന്നു. പാടശേഖരങ്ങളാണ്‌ കാരത്തല്ല്‌ നടത്തുന്നതിനുളള കളിസ്ഥലമായി സജ്ജീകരിക്കാറുള്ളത്‌. കളിസ്ഥലം രണ്ടായി പകുത്തിരിക്കും. കളിക്കാര്‍ രണ്ടുചേരിയായി രണ്ടു പകുതികളില്‍ നില്‍ക്കുന്നു. സംഘത്തില്‍ സംഖ്യാബലം തുല്യമായിരിക്കുമെന്നല്ലാതെ എത്രപേര്‍ വേണമെന്നു നിര്‍ബന്ധമില്ല. "കാരവിളി മൂന്നു വിളി വിളിച്ചു' കളി ആരംഭിക്കുന്നു. കളിസ്ഥലത്തിന്റെ മധ്യത്തു വച്ചിരിക്കുന്ന കാരമണി വടികൊണ്ടു തട്ടി എതിരാളിയുടെ കളത്തിന്റെ അതിര്‍ കടത്തിവിടുകയാണ്‌ ഓരോ കക്ഷിയുടെയും ലക്ഷ്യം. ഒരു കളത്തില്‍ നിന്ന്‌ മറുകളത്തിന്റെ അതിരിലേക്കു പന്ത്‌ അടിച്ചുകയറ്റുന്ന കക്ഷിക്ക്‌ ഒരു പോയിന്റ്‌ ലഭിക്കുന്നതാണ്‌. നിശ്ചിതസമയം നടക്കുന്ന കളിയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ ലഭിക്കുന്ന കക്ഷിയില്‍പ്പെട്ടവരെ വിജയികളായി പ്രഖ്യാപിക്കും. കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന ഈ വിനോദത്തിന്‌ ഉത്തരമലബാറില്‍ ഇന്നും നല്ല പ്രചാരമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍