This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരണവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരണവര്‍

മരുമക്കത്തായ ദായക്രമമുള്ള കൂട്ടുകുടുംബത്തിലെ സര്‍വാധികാരിയായ ഭരണകര്‍ത്താവ്‌. മാതാവിന്റെ ഏറ്റവും മൂത്ത സഹോദരനാണ്‌ തറവാട്ടു മൂപ്പനായ കാരണവര്‍. "കാരണവന്‍' എന്ന പദത്തിന്റെ പൂജകബഹുവചനമാകുന്നു കാരണവര്‍. തറവാട്ടു സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കാരണവര്‍ക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ എന്നു മാത്രമല്ല, ഈ അധികാരത്തിന്‌ നിയമ പ്രാബല്യവുമുണ്ടായിരുന്നു. മലബാറിലെ നായര്‍സമുദായത്തിലാണ്‌ ഈ വ്യവസ്ഥ കൂടുതലായും നിലവിലിരുന്നത്‌.

ദായക്രമം തായ്‌വഴിയിലൂടെ മാത്രമായുള്ള കൂട്ടുകുടുംബ സമ്പ്രദായത്തില്‍ സ്വത്തിന്‌ അവകാശികള്‍ സ്‌ത്രീകള്‍ മാത്രമായിരുന്നതിനാല്‍ തറവാട്ടു ഭരണം നടത്തേണ്ട ചുമതല തറവാട്ടിലെ ഏറ്റവും പ്രായംകൂടിയ പുരുഷഅംഗമായ കാരണവരില്‍ നിക്ഷിപ്‌തമായി. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും രക്ഷിതാവായ കാരണവര്‍ സാധാരണഗതിയില്‍ അവിവാഹിതനായി നിലകൊള്ളുകയായിരുന്നു പതിവ്‌. തറവാട്ടുസ്വത്തുക്കള്‍ കാത്തുസൂക്ഷിക്കേണ്ടത്‌ കാരണവരുടെ അവകാശവും ചുമതലയുമാണ്‌. കാരണവര്‍ക്ക്‌ ഒരു ട്രസ്റ്റിയുടെ സ്ഥാനമാണ്‌ ഉള്ളത്‌. തറവാട്ടു സ്വത്തുക്കളുടെ മേല്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കോടതികളില്‍ കേസ്‌ നടത്തുന്നതിനുള്ള അധികാരം കാരണവര്‍ക്കു മാത്രമായതിനാല്‍ "മലബാര്‍ കുടുംബം തറവാട്ടു കാരണവരിലൂടെ കോടതികളില്‍ സംസാരിക്കുന്നു' എന്നൊരു ചൊല്ലുതന്നെ പ്രചാരത്തിലുണ്ട്‌. തറവാട്ടു സ്വത്തിന്റെ വരവുചെലവുകളുടെ കണക്ക്‌ മറ്റ്‌ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ കാരണവര്‍ ബാധ്യസ്ഥനല്ല. ഭൂമി പണയപ്പെടുത്തുന്നതിനോ പാട്ടത്തിനു നല്‌കുന്നതിനോ ഒറ്റി കൊടുക്കുന്നതിനോ കാരണവര്‍ക്ക്‌ അധികാരമുണ്ടെങ്കിലും വില്‍ക്കാന്‍ സാധ്യമല്ല. തറവാട്ടു സ്വത്തുക്കളില്‍ നിന്നുള്ള ആദായം കൊണ്ട്‌ സംരക്ഷണം ലഭിക്കുവാന്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നിയമപരമായ അവകാശമുണ്ട്‌. കളവോ വിശ്വാസവഞ്ചനയോ കാണിച്ചു ദുര്‍ഭരണം നടത്തുന്ന കാരണവര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കാനും കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. തറവാട്ടുസ്വത്തുക്കളുടെ ഭരണം നടത്തുന്നതിന്‌ കാരണവര്‍ക്കുള്ള കഴിവ്‌ ശാരീരികമായോ മാനസികമായോ നഷ്‌ടപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക്‌ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്‌. പ്രായത്തെ അടിസ്ഥാനമാക്കിയാണ്‌ കാരണവരുടെ പിന്തുടര്‍ച്ച നിശ്ചയിച്ചിരുന്നത്‌. തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന അടുത്ത അംഗം കാരണവരാകുന്നു. മരുമക്കത്തായത്തിന്‌ നിയമപ്രാബല്യം ഇല്ലാതായതോടെ കാരണവര്‍സ്ഥാനം ഏതാണ്ട്‌ അപ്രത്യക്ഷമായി. ലക്ഷദ്വീപില്‍ ഭരണാധികാരികളായ ആമീന്മാരെ സഹായിക്കാന്‍ നിയമിക്കുന്ന ചെറുകിട ഉദ്യോഗസ്ഥനെയും "കാരണവര്‍' എന്നാണ്‌ വിളിക്കാറുള്ളത്‌. ബഹുമാന സൂചകമായും ഒരു സ്ഥാനപ്പേരായും "കാരണവര്‍' പ്രയോഗത്തിലുണ്ട്‌. അമ്മാവന്‍ എന്ന അര്‍ഥത്തിലും ഈ പദം വ്യവഹരിച്ചു വരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍