This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരക, ഡി.എഫ്‌. (1911 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരക, ഡി.എഫ്‌. (1911 - 74)

കാരകയുടെ പുസ്‌തകത്തിന്റെ പുറംചട്ട

പ്രസിദ്ധ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും. ദോസാഭായ്‌ ഫ്രാംജി കാരക എന്നാണ്‌ പൂര്‍ണനാമം. 1911 ഏ. 14നു ബോംബെയിലെ ഒരു സമ്പന്ന പാഴ്‌സി കുടുംബത്തില്‍ ഫ്രാംജി ജഹാംഗീര്‍ കാരകയുടെയും ഹോമ്‌യി ഫ്രാംജി കാരകയുടെയും പുത്രനായി ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പ്രശസ്‌തമായ രീതിയില്‍ നിര്‍വഹിച്ചശേഷം ബോംബെ സര്‍വകലാശാലയില്‍ നിന്നു ബി.എ. ബിരുദം നേടി. ഉപരിപഠനാര്‍ഥം ഇംഗ്ലണ്ടില്‍ എത്തിയ കാരക, ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ നിന്നു ബി.എ. (ഓണേഴ്‌സ്‌) ബിരുദവും ബാര്‍ അറ്റ്‌ ലായും നേടി. കാരകയാണ്‌ ഓക്‌സ്‌ഫഡ്‌ യൂണിയന്റെ പ്രസിഡന്റായി (1934) തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന്‍.

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഇദ്ദേഹം പത്രപ്രവര്‍ത്തനത്തിലും പുസ്‌തകരചനയിലും വ്യാപൃതനായി. 1938-48 കാലഘട്ടത്തില്‍ ബോംബെ ക്രാണിക്കിളിന്റെ പത്രാധിപസമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം. തുടര്‍ന്നു കറന്റ്‌ എന്ന ഇംഗ്ലീഷ്‌ വാരികയുടെ സ്ഥാപകപത്രാധിപരായി. സരളമായ ശൈലിയില്‍ നിശിതവും കുറിക്കുകൊള്ളുന്നതുമായ രീതിയില്‍ എഴുതുന്നതിന്‌ അതിപ്രഗല്‌ഭനാണ്‌ ഇദ്ദേഹം എന്ന്‌ ഈ വാരികകളിലെ ലേഖനങ്ങള്‍ തെളിയിക്കുന്നു. സാമൂഹികശാസ്‌ത്രം, യാത്രാവിവരണം, ജീവചരിത്രം, നോവല്‍ തുടങ്ങിയ വിവിധ ശാഖകളില്‍പ്പെടുന്ന നിരവധി ഗ്രന്ഥങ്ങള്‍ കാരക രചിച്ചിട്ടുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടവ, ഐ ഗോ വെസ്റ്റ്‌ (1941), ഓ യൂ ഇംഗ്ലീഷ്‌ (1941), ഔട്ട്‌ ഒഫ്‌ ഡസ്റ്റ്‌ (1942), ജസ്റ്റ്‌ ഫ്‌ളെഷ്‌ (1943), ദെയര്‍ ലേ ദ്‌ സിറ്റി (1943), ചൂങ്കിങ്‌ ഡയറി (1943), വി നെവര്‍ ഡൈ (1944), ദിസ്‌ ഇന്ത്യ (1945), ന്യൂയോര്‍ക്ക്‌ വിഥ്‌ ഇറ്റ്‌സ്‌ പാന്റ്‌സ്‌ ഡൗണ്‍ (1946), ഐ ഹാവ്‌ ഷെഡ്‌ മൈ റ്റിയേഴ്‌സ്‌ (1947), ബിറ്റ്രയല്‍ ഇന്‍ ഇന്ത്യ (1950), നെഹ്‌റു: ദ്‌ ലോട്ടസ്‌ ഈറ്റര്‍ ഫ്രം കാശ്‌മീര്‍ (1953), ഫാബുലസ്‌ മുഗള്‍ (1955), മൊറാര്‍ജി ദേശായി (1965), ശിവാജി (1969), ദെന്‍ കെയ്‌ം ഹസ്രത്ത്‌ ആലി (1972) എന്നിവയാണ്‌. 1974 ജൂണ്‍ 5നു കാരക അന്തരിച്ചു.

(എന്‍.കെ.ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍