This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരക്കോറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരക്കോറം

Karakoram

കാരക്കോറം പര്‍വതനിരകള്‍

ഇന്ത്യയില്‍ കാശ്‌മീരിന്റെ വടക്കുഭാഗത്തുള്ള പര്‍വതനിരകള്‍. ശ്യാമശിലാശൈലം എന്നര്‍ഥം വരുന്ന തുര്‍ക്കി പദത്തില്‍ നിന്നാണ്‌ കാരക്കോറം എന്ന പേര്‌ നിഷ്‌പന്നമായിട്ടുള്ളത്‌ (Black rock-Mountain). പൂര്‍വോത്തരഅഫ്‌ഗാനിസ്‌താന്‍ മുതല്‍ തിബത്തിന്റെ പശ്ചിമഭാഗങ്ങള്‍ വരെ 480 കി. മീ. ഓളം കാരക്കോറം നിരകള്‍ നീണ്ടുകിടക്കുന്നു. വടക്കേഇന്ത്യയെയും വടക്കുകിഴക്കന്‍ പാകിസ്‌താനെയും ബന്ധിപ്പിച്ച്‌ ചൈനാ അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്ന ഈ പര്‍വതനിരയിലാണ്‌ സു. 75 കി.മീ. നീളമുള്ള സിയാചിന്‍ മഞ്ഞുമലയും, സു. 57 കി.മീ. ദൈര്‍ഘ്യമുള്ള ബാല്‍ത്തോരോ ഹിമശൃംഗവും, സു.122 കി.മീ. പരപ്പുള്ള ഹിസ്‌പാര്‍ബയാഫോ ഹിമാനിയും സ്ഥിതിചെയ്യുന്നത്‌. ഭൂലോകത്തിന്റെ മുകള്‍ത്തട്ടായി കണക്കാക്കപ്പെടുന്ന പാമീര്‍ ഗിരിസന്ധി (Pamir knot)യില്‍നിന്നു നാനാ ദിശകളിലേക്കു നീണ്ടുപോകുന്ന പര്‍വതനിരകളില്‍ തെക്കുകിഴക്കു ദിക്കിലേക്കുള്ള കാരക്കോറം നിരകളും ഹിമാലയ നിരകളുമാണ്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരകള്‍. തെക്കുള്ള ഹിമാലയ നിരകളില്‍ നിന്ന്‌ സിന്ധുതാഴ്‌വാരവും വടക്കുള്ള കുന്‍ലൂന്‍ നിരകളില്‍ നിന്നു യാര്‍ക്കണ്ട്‌ താഴ്‌വാരവും കാരക്കോറം നിരകളെ വ്യതിരിക്തമാക്കുന്നു. ഇതിനു പടിഞ്ഞാറ്‌ ഹിന്ദുക്കുഷ്‌ നിരകളും കിഴക്ക്‌ തിബത്ത്‌ പീഠഭൂമിയുമാണ്‌. ഉദ്ദേശം 240 കി.മീ. വീതിയില്‍ സമാന്തരമായി നീണ്ടുകിടക്കുന്ന നിരകളിലൊന്നിലാണ്‌ എവറസ്റ്റ്‌ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ K2 അഥവാ ഗോഡ്‌വിന്‍ ഓസ്റ്റന്‍ (8,611 മീ.) സ്ഥിതി ചെയ്യുന്നത്‌; ശരാശരി ഉയരം 6,000 മീറ്ററിലേറെ വരുന്ന കാരക്കോറം നിരകളില്‍ 8,000 മീറ്ററിലധികം ഉയരമുള്ള മൂന്നു ഗിരിശൃംഗങ്ങള്‍ കൂടിയുണ്ട്‌.

കാരക്കോറം ഹൈവേ

കാരക്കോറം നിരകളെ ഭൂമിശാസ്‌ത്രപരമായി രണ്ടു മേഖലകളായി (Greater and lesser Karakorams) വിഭജിക്കാവുന്നതാണ്‌. 7,625 മീറ്ററിലേറെ ഉയരമുള്ള 20 കൊടുമുടികളുള്‍ക്കൊള്ളുന്ന ഈ നിരകള്‍ മിക്കവയും ചെങ്കുത്തായ വശങ്ങളോടുകൂടിയവയാണ്‌. കാശ്‌മീരിലെ തെക്കന്‍ ചരിവുകള്‍ കൂടുതല്‍ അപ്രാപ്യവും നീളമേറിയതുമാകുന്നു. ഹിമാനീകൃതതാഴ്‌വാരങ്ങള്‍ അഗാധവും തൂക്കായി എഴുന്നുനില്‍ക്കുന്ന വശങ്ങളോടുകൂടിയവയുമാണ്‌. ഇന്നും ഒറ്റപ്പെട്ട ഭൂകമ്പനത്തിനു വിധേയമാകാറുള്ള ഈ മേഖല, ഭൂവിജ്ഞാനപരമായി സമീപകാലംവരെ തുടര്‍ന്ന പര്‍വതനത്തിനു വിധേയമായിരുന്നു. 65 ലക്ഷം വര്‍ഷംമുമ്പു ക്രറ്റേഷ്യസ്‌ കല്‌പംവരെ നിക്ഷിപ്‌തമായ അവസാദം, തീവ്രമായ വിവര്‍ത്തനിക പ്രക്രിയകളുടെയും അതോടൊപ്പം സജീവമായിരുന്ന അന്തര്‍വേധന പ്രക്രിയകളുടെയും ഫലമായി തീക്ഷ്‌ണമായി കായാന്തരിതവുമായിട്ടുണ്ട്‌. താഴ്‌വാരങ്ങളിലെ എക്കല്‍ തടങ്ങളില്‍ ടങ്‌സ്റ്റനു പുറമേ അവക്ഷിപ്‌ത സ്വര്‍ണനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. മധ്യനിരകളില്‍ വ്യാപകമായി തരിമയകഠിനശിലകളും തെക്കും വടക്കുമുള്ള ബഹിര്‍നിരകളില്‍ ചുണ്ണാമ്പുകല്ല്‌, സ്ലേറ്റ്‌ തുടങ്ങിയ അവസാദശിലകളും കാണപ്പെടുന്നു.

ധ്രുവമേഖലകളൊഴിച്ചാല്‍ ഭൂമുഖത്ത്‌ ഏറ്റവും തീവ്രമായ ഹിമാതിക്രമം അനുഭവപ്പെടുന്നത്‌ കാരക്കോറം നിരകളിലാണ്‌. ഉയരക്കൂടുതല്‍ കാരണം 17,800 ച.കി.മീ. പ്രദേശത്ത്‌ വ്യാപിച്ചിട്ടുള്ള ഹിമാനികളില്‍ ലോകത്തിലെ നീളമേറിയ ഹിസ്‌പാര്‍ ബയഫോ, ബതൂര (Batura) തുടങ്ങിയ ഹിമാനികള്‍ ഉള്‍പ്പെടുന്നു. ആദ്യത്തേതിനു 122 കി.മീ.ഉം രണ്ടാമത്തേതിനു 75 കി.മീ.ഉം നീളമുണ്ട്‌. തെക്കന്‍ ചരിവില്‍, അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ ആധിക്യംമൂലം ഹിമാനികള്‍ കൂടുതലായുണ്ട്‌. ഗിരിനിരകള്‍ക്കിടയില്‍ നാനാ ദിശകളിലേക്കൊഴുകുന്ന ധാരാളം ഹിമാനീഭവ നദികളുമുണ്ട്‌. ഹിമരേഖ തെക്കന്‍ ചരിവില്‍ 4,700 മീ.ഉം വടക്കന്‍ ചരിവില്‍ 6,920 മീ.ഉം ഉയരത്തിലാണ്‌; ഹിമാനികള്‍ ഉദയംകൊള്ളുന്നത്‌ വടക്കന്‍ ചരിവില്‍ 3,530 മീ.ഉം തെക്കന്‍ ചരിവില്‍ 2,880 മീ.ഉം ഉയരത്തിലും. വടക്ക്‌ താരിംതടത്തിലെ നദികള്‍ക്കും തെക്ക്‌ സിന്ധൂനദിക്കും ഇടയ്‌ക്കായുള്ള നിര്‍ണായകമായ ജലവിഭാജകം കൂടിയായ കാരക്കോറം നിരകളില്‍ ചൂടുറവകളും സാധാരണമാണ്‌.

ഏഷ്യാവന്‍കരയുടെ മധ്യത്തായി സമുദ്രങ്ങളില്‍ നിന്നെല്ലാം വളരെ അകന്നുകിടക്കുന്ന ഈ മേഖല തികച്ചും വന്‍കരാകാലാവസ്ഥയ്‌ക്ക്‌ അധീനമാണ്‌. ദക്ഷിണാര്‍ധത്തില്‍ കാലവര്‍ഷത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിനാല്‍ ഈ ഭാഗത്ത്‌ ഉത്തരാര്‍ധത്തിലേതിനോളം വരള്‍ച്ച അനുഭവപ്പെടുന്നില്ല. 5,000 മീറ്ററിനു മേലുള്ള ഭാഗങ്ങളില്‍ ഹിമപാതവും കീഴ്‌ഭാഗങ്ങളില്‍ വര്‍ഷത്തില്‍ ശരാശരി 100 സെ.മീ.ല്‍ കവിയാത്ത വര്‍ഷപാതവും ലഭിക്കുന്നു. ഉഷ്‌ണകാലത്തും 5,700 മീറ്ററിനു മേലുള്ള ഭാഗങ്ങളില്‍ താപനില 0oC നു താഴെയാണ്‌. വടക്കുഭാഗത്തെ അപേക്ഷിച്ച്‌ തെക്കുഭാഗത്ത്‌ വിപുലവും വൈവിധ്യമാര്‍ന്നതുമായ ഒരു സസ്യമേഖല നിലനില്‍ക്കുന്നു. ഹിമവ്യാഘ്രം, വന്യമായ യാക്ക്‌ എന്നിവയും തിബത്തില്‍ കാണപ്പെടുന്ന ഹരിണവര്‍ഗങ്ങളും ഉള്‍പ്പെടുന്നതാണ്‌ ജന്തുജാലം. ശൈലപാദങ്ങളിലും നദീതടങ്ങളിലും പുല്‍മേടുകള്‍ ധാരാളമായുണ്ട്‌. ഇവിടത്തെ ജനങ്ങളിലധികവും തിബത്തുകാരാണ്‌. കാലിമേയ്‌പും കാര്‍ഷികവൃത്തിയുമാണ്‌ ഉപജീവനമാര്‍ഗം. തെക്കന്‍ താഴ്‌വാരങ്ങളില്‍ ബാര്‍ലി, ഓട്‌സ്‌, ആപ്രിക്കോട്ട്‌ തുടങ്ങിയവ കൃഷി ചെയ്യപ്പെടുന്നു. നാടോടികളായ കാലിമേയ്‌പുകാരും ഇവിടങ്ങളിലുണ്ട്‌. കാരക്കോറം നിരകള്‍ 1885ല്‍ സര്‍ ഫ്രാന്‍സിസ്‌ യങ്‌ ഹസ്‌ബന്‍ഡ്‌ എന്ന ബ്രിട്ടീഷുകാരന്‍ പര്യവേക്ഷണവിധേയമാക്കിയിരുന്നു. K2 കൊടുമുടി ആദ്യമായി 1954ല്‍ ഇറ്റലിക്കാരായ പര്‍വതാരോഹകര്‍ കീഴടക്കിയതിനെത്തുടര്‍ന്ന്‌ മറ്റുള്ള ഉന്നത ശൃംഗങ്ങളൊക്കെയും 1956-58 കാലത്തുതന്നെ കീഴടക്കപ്പെട്ടു.

ഹിമസങ്കേതമാകയാല്‍ അപ്രാപ്യമായ കാരക്കോറം നിരകളില്‍ 5,000 മീ.ല്‍ കവിഞ്ഞ ഉയരത്തിലുള്ള മലമ്പാതകള്‍ ആണ്ടില്‍ ആറുമാസക്കാലമേ ഗതാഗതക്ഷമമായുള്ളൂ. കാരക്കോറം മേഖലയില്‍ രണ്ടു മുഖ്യചുരങ്ങളുണ്ട്‌. ഹുന്‍സാ മലയിടുക്കിലെ പശ്ചിമ ചുരത്തിലൂടെയാണ്‌ ജില്‍ജിറ്റ്‌കാഷ്‌ഗാര്‍ (സിങ്കിയാങ്‌) റോഡ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഉത്തര കാശ്‌മീരിലെ മോര്‍ഖനില്‍ (Morkhun) നിന്നു പിരിഞ്ഞ്‌ സിങ്കിയാങുമായി ബന്ധപ്പെടുന്ന പുതിയൊരു പാത 196971 കാലത്ത്‌ പാകിസ്‌താന്‍ നിര്‍മിക്കുകയുണ്ടായി; ഏതു കാലാവസ്ഥയിലും സുഗമമായ ഗതാഗതബന്ധം സാധ്യമാക്കിത്തീര്‍ക്കുന്ന ഈ പാത "കാരക്കോറം ഹൈവേ' എന്നറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍