This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായോ, ജോസഫ്‌ (1863-1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായോ, ജോസഫ്‌ (1863-1944)

Caillaux, Joseph

ജോസഫ്‌ കായോ

ഫ്രഞ്ച്‌ രാഷ്‌ട്രീയനേതാവ്‌. ഫ്രാന്‍സിലെ ലീമാന്‍സില്‍ 1863 മാ. 30നു ജനിച്ചു. 1898ല്‍ ഫ്രഞ്ച്‌ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കായോ ധനകാര്യമന്ത്രിയായി (1899-1902) സേവനം അനുഷ്‌ഠിച്ചു. പിന്നീട്‌ പല ഘട്ടങ്ങളിലും ഇദ്ദേഹം ധനകാര്യമന്ത്രിയായിരുന്നിട്ടുണ്ട്‌. ആദായനികുതി ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1911-12 കാലത്ത്‌ കായോ ഫ്രഞ്ച്‌ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ജര്‍മനിയുമായി ഒരു കരാറുണ്ടാക്കിയതും ഫ്രഞ്ച്‌ കോംഗോയുടെ ചില ഭാഗങ്ങള്‍ ജര്‍മനിക്കു വിട്ടുകൊടുത്തതും. മൊറോക്കയില്‍ ഫ്രാന്‍സിനു പ്രാബല്യം കൈവന്നെങ്കിലും ഈ നടപടി ഫ്രഞ്ച്‌ ജനഹിതത്തിനെതിരായിരുന്നു. അതിനാല്‍ കായോയുടെ മന്ത്രിസഭ നിലംപതിച്ചു. 1913ല്‍ വീണ്ടും ധനകാര്യമന്ത്രിയായിത്തീര്‍ന്ന ഇദ്ദേഹത്തെ ലെ ഫിഗറൊ (Le Figaro) എന്ന ദിനപത്രം അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടിരുന്നു; അതിനു പ്രതികാരമെന്നോണം ഇദ്ദേഹത്തിന്റെ പത്‌നി ഈ പത്രത്തിന്റെ എഡിറ്ററായ ഗാസ്റ്റന്‍ കല്‍മെറ്റയെ വെടിവച്ചു കൊന്നു (1914). തുടര്‍ന്ന്‌ ധനകാര്യമന്ത്രിപദം രാജിവച്ച ജോസഫ്‌ കായോ ഈ കേസില്‍ വിജയിച്ചു സ്വതന്ത്രനായി. ഒന്നാം ലോകയുദ്ധകാലത്തു ജര്‍മനിയുമായി സമാധാനസന്ധിയിലേര്‍പ്പെടണം എന്നു വാദിച്ച ഇദ്ദേഹത്തെ 1917ല്‍ അറസ്റ്റു ചെയ്‌തു. 1920ല്‍ കായോയെ വിചാരണ നടത്തി, മൂന്നുവര്‍ഷത്തെ തടവുശിക്ഷയ്‌ക്കു (അപ്പോഴേക്കും 3 വര്‍ഷത്തെ തടവ്‌ അനുഭവിച്ചുകഴിഞ്ഞിരുന്നു.) വിധിക്കുകയും ഇദ്ദേഹത്തിന്‌ ഉണ്ടായിരുന്ന എല്ലാ രാഷ്‌ട്രീയാവകാശങ്ങളും എടുത്തുകളയുകയും ചെയ്‌തു. എന്നാല്‍ 1924ല്‍ അവയൊക്കെ തിരിച്ചെടുക്കുവാന്‍ കായോയ്‌ക്കു സാധിച്ചു. വീണ്ടും ഭരണരംഗത്തേക്കു തിരിച്ചുവന്ന ഇദ്ദേഹം 1924ലും 25ലും ധനകാര്യമന്ത്രിയായി. 1925ല്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കായോ 1932 മുതല്‍ 40 വരെ ഫൈനാന്‍സ്‌ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1944 ന. 22നു മാമേഴ്‌സില്‍ (Mamers) വെച്ച്‌ കായോ അന്തരിച്ചു. ഫ്രാന്‍സ്‌ എവിടേക്ക്‌ (Ou Vala France) യൂറോപ്പ്‌ എവിടേക്ക്‌ (Ou Vala Europe) എന്നിവയാണ്‌ കായോയുടെ മുഖ്യകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍