This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായേഌം ആബേലും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായേനും ആബേലും

ക്രസ്‌തവഇസ്ലാംജൂത വിശ്വാസങ്ങളനുസരിച്ച്‌ ആദാമിന്റെയും ഹവ്വായുടെയും പുത്രന്മാര്‍. മൂത്തപുത്രനായ കായേന്‍ കൃഷിക്കാരനും ദുഷ്‌കര്‍മിയും രണ്ടാമത്തെ പുത്രനായ ആബേല്‍ ആട്ടിടയനും സത്‌കര്‍മിയും ആയിരുന്നു. ഒരു ദിവസം കായേന്‍ ദൈവത്തിനു വഴിപാടായി തന്റെ പറമ്പില്‍ നിന്നു കിട്ടിയ ഫലങ്ങള്‍ കാഴ്‌ചവച്ചു. ആബേലാകട്ടെ, തന്റെ ആട്ടിന്‍പറ്റത്തില്‍നിന്ന്‌ ഏറ്റവും നല്ല ആടിനെയാണ്‌ സമര്‍പ്പിച്ചത്‌. ദൈവം തന്റെ വഴിപാടില്‍ സന്തുഷ്‌ടനായില്ലെന്ന്‌ മനസ്സിലാക്കിയ കായേന്‍ ആബേലിനോടു തീരാപ്പക വച്ചുപുലര്‍ത്തുകയും ഒരു വയലില്‍വച്ച്‌ ആബേലിനെ വധിക്കുകയും ചെയ്‌തു. കായേന്‍ ദൈവത്തിന്റെ മുമ്പില്‍ കുറ്റം ഏറ്റില്ല എന്നുമാത്രമല്ല, ഒട്ടുംതന്നെ പശ്ചാത്തപിച്ചുമില്ല.

ആബേലിന്റെ വധത്തെത്തുടര്‍ന്ന്‌ കായേന്‍ ഏദനു കിഴക്കുള്ള "നോദ്‌' എന്ന സ്ഥലത്തേക്കു പലായനം ചെയ്യുകയും അവിടെ ഒരു നഗരം സ്ഥാപിക്കുകയും ചെയ്‌തു. കായേന്റെ സന്തതി പരമ്പരകളുടെ ജന്മദേശമായിത്തീര്‍ന്ന ഈ ഹാനോക്കു നഗരം പില്‌ക്കാലത്ത്‌ വിവിധ നിലകളില്‍ പ്രശസ്‌തരായ പലര്‍ക്കും ജന്മം നല്‌കി. ഇവരില്‍ പ്രധാനികളാണ്‌, കൂടാരങ്ങള്‍ നിര്‍മിച്ചു ആടുകളെ വളര്‍ത്തി ജീവിച്ചിരുന്നവരുടെ പൂര്‍വികനായ ജബാല്‍, സംഗീതജ്ഞന്മാരുടെ പൂര്‍വികനായ ജുബാല്‍, ശില്‌പികളുടെ പൂര്‍വികനായ തുബാല്‍കായേന്‍, അക്രമിയായിത്തീര്‍ന്ന ലാമേക്ക്‌ എന്നിവര്‍. നായാട്ടില്‍ ഏര്‍പ്പെട്ടിരുന്ന ലാമേക്ക്‌ വന്യമൃഗമെന്നു തെറ്റിദ്ധരിച്ചയച്ച അസ്‌ത്രമേറ്റ്‌ കായേന്‍ മൃതിയടഞ്ഞു.

ജന്മനാ നീചനായിരുന്നതുകൊണ്ടാണ്‌ കായേന്റെ നേര്‍ച്ചയെ ദൈവം നിരാകരിച്ചത്‌, സത്‌കര്‍മനിരതനായ ആബേല്‍ ദൈവത്തിനു പ്രിയങ്കരനും നീതിമാനുമായിട്ടാണ്‌ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. അര്‍പ്പിക്കപ്പെടുന്ന വസ്‌തുക്കളെയല്ല, അര്‍പ്പിക്കുന്നവരുടെ മനഃസ്ഥിതിയെ ആണ്‌ ദൈവം പരിഗണിക്കാറുള്ളത്‌ എന്ന സിദ്ധാന്തം ഈ കഥ ഉദ്‌ഘോഷിക്കുന്നു. നാടോടികളായ ആട്ടിടയന്മാരും പ്രത്യേകപ്രദേശങ്ങളില്‍ അധിവസിക്കുന്ന കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷത്തെയാണ്‌ ഈ കഥ പ്രതിനിധാനം ചെയ്യുന്നത്‌ എന്നും പണ്ഡിതമതമുണ്ട്‌. ഭ്രാതൃഹത്യയുടെ ആദിമഉദാഹരണമെന്ന നിലയില്‍ നിരവധി സാഹിത്യ/കലാസൃഷ്‌ടികളില്‍ ഈ കഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍