This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായകല്‌പചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായകല്‌പചികിത്സ

ഔഷധക്കൂട്ട്‌ തയ്യാറാക്കല്‍

ഔഷധപ്രഭാവവും ശുശ്രൂഷയുംകൊണ്ട്‌ ജര അകറ്റി യൗവനം നിലനിര്‍ത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുള്ള ഒരു ആയുര്‍വേദ ചികിത്സാരീതി. ജരാചികിത്സ, രസായനചികിത്സ എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ഔഷധപ്രയോഗത്തിനു പുറമേ പഥ്യങ്ങളായ ആഹാരവിഹാരങ്ങള്‍, യോഗാസനമുറകള്‍ എന്നിവയ്‌ക്കും കായകല്‌പചികിത്സയില്‍ പ്രാധാന്യമുണ്ട്‌.

എണ്ണത്തോണി

ജര അകറ്റാനുള്ള ഗവേഷണങ്ങള്‍ അതിപ്രാചീനകാലത്തുതന്നെ ഭാരതത്തില്‍ ആരംഭിച്ചിരുന്നുവെന്നു തെളിയിക്കുന്ന പരാമര്‍ശങ്ങള്‍ വേദങ്ങളിലുണ്ട്‌. വാര്‍ധക്യം ബാധിച്ച ച്യവനമഹര്‍ഷിയെ ദേവ വൈദ്യന്മാരായ അശ്വിനീകുമാരന്മാര്‍ രസായന സേവനം കൊണ്ട്‌ യുവാവ്‌ ആക്കി മാറ്റിയെടുത്തുവെന്ന്‌ ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.

പുരുഷാര്‍ഥങ്ങളില്‍ മഹോന്നതമായ മോക്ഷപ്രാപ്‌തിക്കുവേണ്ടി ധര്‍മം ചെയ്യണമെന്നും ധര്‍മം ചെയ്യാന്‍ ആദ്യമായി വേണ്ടത്‌ ശരീരമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ഭാരതീയ ചിന്തയിലുടനീളം ദൃശ്യമാണ്‌. ദേഹം വേഗം ജരാജീര്‍ണമാവുകയാണെങ്കില്‍ ദേഹിക്കു മോക്ഷപ്രാപ്‌തിക്കുവേണ്ടി വേറെ ദേഹം സ്വീകരിക്കേണ്ടിവരുന്നു. ജനനമരണങ്ങള്‍ അനിവാര്യമാണെന്നിരിക്കെ മോക്ഷപ്രാപ്‌തിക്കു കാലതാമസം നേരിടുന്നു. ജരാനര ബാധിക്കാത്തവിധം ശരീരത്തെ സംരക്ഷിക്കുകയാണെങ്കില്‍ പുനര്‍ജന്മങ്ങളുടെ ആവര്‍ത്തന ജടിലത കുറയ്‌ക്കുകയെങ്കിലുമാവാമെന്ന ചിന്താഗതിയായിരിക്കണം വൈദികകാലത്തെ താത്ത്വികന്മാര്‍ക്ക്‌ കായകല്‌പചികിത്സ സംബന്ധിച്ച പഠനങ്ങള്‍ക്കു പ്രചോദനം നല്‌കിയത്‌. വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ആരോഗ്യസംബന്ധമായ ചിന്തകള്‍ പില്‌ക്കാല പ്രതിഭാശാലികളുടെ പഠന പരീക്ഷണങ്ങളിലൂടെ വികാസം പ്രാപിച്ച്‌ സമ്പുഷ്‌ടമായ ആയുര്‍വേദശാസ്‌ത്രമായി രൂപംകൊണ്ടു. ജരാദികളെ ജയിക്കാന്‍ അവര്‍ കണ്ടെത്തിയ ഉപായങ്ങള്‍ പില്‌ക്കാലത്ത്‌ "രസചികിത്സ' എന്ന പേരില്‍ പ്രചാരം നേടുകയും ആയുര്‍വേദത്തിലെ അഷ്‌ടാംഗങ്ങളിലൊന്നിന്റെ പദവിയില്‍ എത്തുകയും ചെയ്‌തു. കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ധ്വാംഗ ചികിത്സ, ശല്യചികിത്സ, വിഷചികിത്സ (ദ്രംഷ്‌ട്രചികിത്സ), വൃഷചികിത്സ എന്നിവ ആണ്‌ മറ്റംഗങ്ങള്‍. നോ. അഷ്‌ടാംഗഹൃദയം; ആയുര്‍വേദം

""ലാഭോപായോ ഹിശസ്‌താനാം രസാദീനാം രസായനം (അഷ്‌ടാംഗഹൃദയംഉത്തരസ്ഥാനം) എന്നതില്‍നിന്ന്‌ രസാദിധാതുക്കളുടെ ലാഭോപായമാണ്‌ "രസായനം' എന്നു സിദ്ധിക്കുന്നു. അതായത്‌ രസം, രക്തം, മാംസം, മേദസ്സ്‌, അസ്ഥി, മജ്ജ, ശുക്ലം എന്നീ സപ്‌തധാതുക്കളും ഇവയുടെ പല ഉപധാതുക്കളുംകൂടിയാണ്‌ മനുഷ്യശരീരത്തിന്റെ നിലനില്‌പിന്‌ നിദാനമായി വര്‍ത്തിക്കുന്നത്‌. ഈ ധാതുക്കളെ പരിപോഷിപ്പിക്കുകയാണ്‌ രസായനത്തിന്റെ ധര്‍മം. ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ശക്തിക്ഷയം, ഓര്‍മക്കുറവ്‌, നര മുതലായ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയെല്ലാം ജരയുടെ നിര്‍വചനത്തില്‍പ്പെടുന്നു. ചര്‍മത്തിന്റെയും രക്തനാളികളുടെയും മാര്‍ദവവും സങ്കോച വികാസ ശക്തിയും വാര്‍ധക്യത്തില്‍ ക്ഷയിച്ചുപോകുന്നു. ഈ ക്ഷയം തടഞ്ഞ്‌ വാര്‍ധക്യലക്ഷണങ്ങള്‍ മാറ്റി യൗവനാവസ്ഥ വീണ്ടെടുക്കുകയാണ്‌ കായകല്‌പചികിത്സയില്‍ ചെയ്യുന്നത്‌.

ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ ദശകള്‍ പിന്നിട്ട്‌ മനുഷ്യജീവിതം മൃത്യുവില്‍ അവസാനിക്കുന്നു. പല തരത്തിലുള്ള കോടാനുകോടി കോശങ്ങള്‍ കൊണ്ട്‌ ഘടിതമാണ്‌ മനുഷ്യശരീരം. സപ്‌തധാതുക്കളുടെ ഘടകങ്ങളും പലതരത്തിലുള്ള ശലക (കോശം)ങ്ങള്‍ തന്നെയാണ്‌. ജീവാണുഘടിതമായ പ്രാട്ടോപ്ലാസ (protoplasm) ത്തിന്റെ പിണ്ഡമാണ്‌ ഓരോ കോശവും. ഈ കോശങ്ങള്‍ പ്രതിക്ഷണം ഉണ്ടാവുകയും നശിക്കുകയും, നശിച്ചുകൊണ്ടിരിക്കുന്നവയുടെ സ്ഥാനത്തു സമകാലത്തുതന്നെ പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഉത്‌പത്തിനാശരൂപമായ ഈ നിരന്തരപ്രക്രിയയെ സംഘടക വിഘടനാത്മക ജീവ്യാണുപാകം (constructive and destructive metabolism)എന്നു പറയുന്നു. ബാല്യകൗമാരയൗവനങ്ങളില്‍ കോശങ്ങളുടെ പ്രത്യുത്‌പാദനപരമായ പ്രവര്‍ത്തനത്തിനാണ്‌ പ്രാമുഖ്യം. എന്നാല്‍ വാര്‍ധക്യത്തില്‍ ഈ പ്രക്രിയ ക്ഷയോന്മുഖമാകും. ജരാവസ്ഥയുടെ പാരമ്യത്തില്‍ മരണം സംഭവിക്കുന്നു. ധാതുശലകങ്ങളുടെ സംഘടകാത്മക (പ്രത്യുത്‌പാദനപര) പ്രവര്‍ത്തനത്തെ സഹായിക്കാനോ വീണ്ടെടുക്കാനോ കഴിയുമെങ്കില്‍ ജരാദികളെ ജയിക്കാമെന്നാണ്‌ ആയുര്‍വേദം സൂചിപ്പിക്കുന്നത്‌. ജര തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന്‌ ആധുനിക ശാസ്‌ത്രഗവേഷണങ്ങളിലൂടെയും കണ്ടെത്തിയിട്ടുണ്ട്‌. അതിസൂക്ഷ്‌മരക്തധമനീ ഭിത്തികളില്‍ക്കൂടി ധാതുക്കള്‍ക്ക്‌ പോഷകാംശങ്ങള്‍ ലഭ്യമാക്കുകയും ധാതുക്കളില്‍നിന്ന്‌ വിസര്‍ജിക്കപ്പെടുന്ന മലിനാംശങ്ങള്‍ രക്തത്തിലേക്ക്‌ തിരിച്ചെടുത്ത്‌ ധാതുശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നതില്‍ ഒരു പ്രധാന പങ്ക്‌ വഹിക്കുന്ന ശ്ലേഷകധാതുകലയുടെ (connective tissue) പ്രവര്‍ത്തനത്തില്‍ വൈകല്യം സംഭവിക്കുമ്പോഴാണ്‌ വാര്‍ധക്യം ആരംഭിക്കുന്നത്‌ എന്ന സിദ്ധാന്തം പ്രബലമായതോടെ അതിനുപരിഹാരം കണ്ടെത്താനുള്ള മാര്‍ഗങ്ങളും പല ശാസ്‌ത്രജ്ഞരും ആലോചിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി 1930കളില്‍ ഡോ. അലക്‌സാണ്ടര്‍ ബോഗമോളറ്റ്‌സ്‌ എന്ന റഷ്യന്‍ ശാസ്‌ത്രജ്ഞന്‍ എ.സി.എസ്‌. സീറം എന്ന പേരില്‍ ഒരു ജരാനിവാരണി കണ്ടുപിടിച്ചു. യൗവനം നിലനിര്‍ത്താനുതകുന്ന ഒരു ദ്രവവിശേഷം (juvenile hormone) മനുഷ്യശരീരത്തിലുണ്ടെന്ന്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ ജീവശാസ്‌ത്രജ്ഞനായ ഡോ. കരോള്‍ വില്യം 1958ല്‍ കണ്ടുപിടിച്ചു. ജരാനരയെ അതിജീവിക്കാനും ഒഴിവാക്കി യൗവനം നിലനിര്‍ത്തി ആയുസ്സു നീട്ടാനും കഴിയുമെന്ന്‌ മനസ്സിലാക്കിക്കഴിഞ്ഞെങ്കിലും ഈ മേഖലയിലുള്ള ആധുനിക വൈദ്യശാസ്‌ത്രഗവേഷണങ്ങള്‍ ഇപ്പോഴും ശൈശവാവസ്ഥയില്‍ത്തന്നെയാണ്‌. ആയുര്‍വേദ ശാസ്‌ത്രത്തില്‍ ജര ഫലപ്രദമായി അകറ്റാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

""ദീര്‍ഘവായുഃ സ്‌മൃതിര്‍മേധാമാരോഗ്യം തരുണം വയഃ
പ്രഭാവര്‍ണ സ്വരൗദാര്യം ദേഹേന്ദ്രിയബലോദയം
വാക്‌സിദ്ധിം വൃഷതാം കാന്തിമവാപ്‌നോതി രസായനാല്‍''
 

ദീര്‍ഘായുസ്സ്‌, ധിഷണാശക്തി, യൗവനത്തിന്റെ ദര്‍പ്പണങ്ങളായ വര്‍ണവും പ്രഭയും; സ്വരമാധുര്യം, ഔദാര്യം, ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബലാധിക്യം, വാക്‌ചാതുര്യം, സ്‌ത്രീഗമനശക്തി, ദേഹകാന്തി ഇവയാണ്‌ കായകല്‌പചികിത്സയുടെ പ്രത്യക്ഷഫലങ്ങളായി പറയപ്പെട്ടിട്ടുള്ളത്‌. ഈ ഗുണഫലങ്ങള്‍ നേടുകയോ നിലനിര്‍ത്തുകയോ ചെയ്യുക എന്നുകൂടിയാണ്‌ ജരയെ ജയിക്കല്‍ എന്നതുകൊണ്ട്‌ അര്‍ഥമാക്കേണ്ടത്‌. ഈ ഗുണങ്ങള്‍ ശരീരം, മനസ്സ്‌ എന്നിവയെ ഒരുപോലെ സമാശ്ലേഷിക്കുന്നവയാണ്‌.

രോഗബാധകൊണ്ട്‌ മേല്‌പറഞ്ഞ ഗുണങ്ങള്‍ നഷ്‌ടപ്പെട്ടുപോയ സന്ദര്‍ഭങ്ങളുമുണ്ടാകാം. രോഗബാധയുള്ളപ്പോള്‍ നിശ്ചിത ചികിത്സാക്രമങ്ങള്‍ അനുഷ്‌ഠിച്ച്‌ ശരീരത്തെ രോഗവിമുക്തമാക്കുകയാണ്‌ രസായനചികിത്സയ്‌ക്കുമുമ്പ്‌ ചെയ്യേണ്ടത്‌. സ്വാഭാവികമായ ജരാബാധകൊണ്ടുമാത്രം മേല്‌പറഞ്ഞ ഗുണങ്ങള്‍ നഷ്‌ടപ്പെടുകയാണെങ്കില്‍ രസായനചികിത്സയാണാവശ്യം. രോഗശുശ്രൂഷയെക്കാള്‍ ഉത്തമം രോഗനിവാരണമാണെന്ന തത്ത്വം ആധാരമാക്കി സ്വാഭാവികമായ ജരാബാധയ്‌ക്കുമുമ്പുതന്നെ കായകല്‌പചികിത്സകൊണ്ട്‌ ശരീരധാതുശലകങ്ങളുടെ പ്രത്യുത്‌പാദന ശക്തിയെ പോഷിപ്പിക്കുകയാണ്‌ ഉത്തമം. രസായന ചികിത്സകൊണ്ട്‌ ജര തടുക്കുവാന്‍ കഴിയുമെന്ന്‌ മാത്രമല്ല, മേല്‌പറഞ്ഞ ഗുണങ്ങള്‍ വര്‍ധിപ്പിക്കുവാനും സാധിക്കുന്നു. രസായനചികിത്സ വാര്‍ധക്യത്തിന്റെ രംഗപ്രവേശത്തിനുമുമ്പ്‌ അതായത്‌, യൗവനാരംഭത്തിലോ യൗവനമധ്യത്തിലോ ചെയ്യുന്നതാണ്‌ അഭികാമ്യം.

രസായനപ്രയോഗത്തെ കുടീപ്രാവേശികം, വാതാതപികം എന്നു രണ്ടായി വിഭജിക്കാം. കാറ്റും വെയിലും മറ്റും നേരിട്ടേല്‌ക്കാത്തവിധം പ്രത്യേക രീതിയില്‍ സംവിധാനം ചെയ്‌ത വാസസ്ഥാനത്തു മാത്രം താമസിച്ചുകൊണ്ടുവേണം മുഖ്യമായ രസായന ചികിത്സയായ കുടീപ്രാവേശികം നടത്തുവാന്‍. എന്നാല്‍ കാറ്റും വെയിലും ഏറ്റുകൊണ്ടും ദിനചര്യകള്‍ സാധാരണപോലെ അനുഷ്‌ഠിച്ചുകൊണ്ടും വാതാതപികം ശീലിക്കാവുന്നതാണ്‌. സമയവും സമ്പന്നതയും സഹിഷ്‌ണുതയും ഇന്ദ്രിയസംയമനവും ഉള്ളവര്‍ക്കു മാത്രമേ കുടീപ്രാവേശികം സാധ്യമാകൂ. കുടീപ്രാവേശികത്തെ അപേക്ഷിച്ച്‌ ഫലം കുറയുമെങ്കിലും സാമ്പത്തിക ക്ലേശം കൂടാതെ സാധാരണ പരിതഃസ്ഥിതികളില്‍ത്തന്നെ ചെയ്യാവുന്നതാണെന്ന മെച്ചം വാതാതപികത്തിനുണ്ട്‌. കുടീപ്രാവേശികത്തിലെ "കുടി' താഴെപ്പറയുന്ന തരത്തിലായിരിക്കണം.

""നിവാതേ നിര്‍ഭയേ ഹര്‍മ്യേ പ്രാപ്യോപകരണേപുരേ
ദിശ്യൈശാന്യാം ശുഭേ ദേശേ ത്രി ഗര്‍ഭാം സൂക്ഷ്‌മലോചനാം
ധൂമാതപരജോ വ്യാളസ്‌ത്രീമൂര്‍ഖാദ്യവിലംഘിതാം
സജ്‌ജവൈദ്യോപകരണം സുമൃഷ്‌ടാംകാരയേത്‌കുടീം''
 

അധികം കാറ്റു കയറാത്ത ഒരു പ്രദേശത്ത്‌, ഈശാനകോണില്‍ വേണ്ട സാമഗ്രികളെല്ലാം സജ്‌ജമാക്കി തികഞ്ഞൊരു മാളികമുകളില്‍, ചുറ്റും മൂന്നുവരാന്തകളും ചെറിയൊരു കിളിവാതിലും ഉള്ള "കുടി' നിര്‍മിക്കണം. സ്‌ത്രീകളും (ലൈംഗിക വികാരമുളവാക്കുന്ന ജനങ്ങള്‍ എന്നര്‍ഥം) ദുര്‍ജനങ്ങളും പുകയും വെയിലും പാമ്പും പൊടിയും കടക്കാത്തതാവണം കുടി. ഔഷധങ്ങളും ആവശ്യമുള്ള മറ്റുപകരണങ്ങളും അവിടെത്തന്നെ സജ്‌ജമാക്കിയിരിക്കണം. കുടി എപ്പോഴും ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്‌.

ചികിത്സയ്‌ക്കു വിധേയനാകുന്നയാള്‍ കുടീപ്രവേശം മുതല്‍ രസായന ചികിത്സയുടെ അവസാനം വരെ ബ്രഹ്മചര്യം അനുഷ്‌ഠിക്കേണ്ടതുണ്ട്‌; സദാചാരതത്‌പരനും ജിതേന്ദ്രിയനും ചികിത്സാകാര്യത്തില്‍ പ്രത്യേക ശ്രദ്ധയുള്ളവനുമായിരിക്കണം.

കുടീപ്രവേശത്തിനുശേഷം, ക്രമത്തില്‍ സ്‌നേഹനം, സ്വേദനം, വമനം, വിരേചനം, രക്ഷമോക്ഷം മുതലായവകൊണ്ട്‌ ശരീരശുദ്ധി വരുത്തേണ്ടതുണ്ട്‌. പേയാദിക്രമംകൊണ്ട്‌ അഗ്നിദീപ്‌തിയും സ്വാസ്ഥ്യവും ബലവും ഉണ്ടാക്കണം; പിന്നെ മൂന്നോ അഞ്ചോ ഏഴോ ദിവസമോ പുരാണമലം ശുദ്ധമാക്കുന്നതുവരെയോ യവാന്നം നെയ്‌കൂട്ടി ഭക്ഷിക്കണം. കോഷ്‌ഠശുദ്ധി കൂടി വരുത്തിയ ശേഷമേ രസായനസേവ തുടങ്ങാവൂ എന്നാണ്‌ വിധി.

ശരീരശുദ്ധി വരുത്തിയശേഷം ശരീരാവസ്ഥകള്‍ക്കനുഗുണമായ രസായനം തിരഞ്ഞെടുത്തു പ്രയോഗിക്കാം. ചികിത്സകന്‌ സന്ദര്‍ഭോചിതമായ രസായനങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌. കായകല്‌പചികിത്സയ്‌ക്കുപയോഗിക്കുന്ന രസായനങ്ങളെ രണ്ടായി വിഭജിക്കാം;

(i) ജരാദികളായ സ്വാഭാവികവ്യാധികളും കാസം, ശ്വാസം, ക്ഷയം മുതലായ രോഗങ്ങളും ഇല്ലാത്ത സ്വസ്ഥന്മാര്‍ക്ക്‌ ബലസംരക്ഷണത്തിനുള്ളത്‌. ഉദാ. ബ്രാഹ്മരസായനം, ആമലകരസായനം, പിപ്പലീരസായനം;

(ii) രോഗാതുരന്മാര്‍ക്ക്‌ രോഗശമനമായിട്ടുള്ളത്‌. ഉദാ. അഗസ്‌ത്യരസായനം, കൂശ്‌മാണ്ഡരസായനം.

"കുടീപ്രാവേശികം' എന്ന രസായന പ്രയോഗത്തിനു ഒരു ഉദാഹരണം താഴെ കൊടുക്കുന്നു. മുരുക്കിന്റെ ക്ഷാരം കലക്കിയ വെള്ളത്തില്‍ നല്ല തിപ്പലി ഇട്ടുവയ്‌ക്കുക. ക്ഷാരം നല്ലവണ്ണം പിടിച്ചശേഷം പശുവിന്‍ നെയ്യില്‍ വറുത്തുപൊടിച്ച്‌ പശുവിന്‍ പാലില്‍ ചേര്‍ത്തു സേവിക്കുക. ആദ്യത്തെ ദിവസം പത്ത്‌, രണ്ടാം ദിവസം ഇരുപത്‌, മൂന്നാം ദിവസം മുപ്പത്‌ ഇങ്ങനെ ഓരോ ദിവസവും പത്തു തിപ്പലി അധികം വരത്തക്കവിധം പത്തുദിവസം കഴിക്കണം. പതിനൊന്നാമത്തെ ദിവസം മുതല്‍ 10 വീതം കുറച്ചുകൊണ്ട്‌ വരികയും ചെയ്യണം. 19 ദിവസമാകുമ്പോള്‍ ആയിരം തിപ്പലി തികയും. മരുന്നു ദഹിച്ചാല്‍ നെയ്യും പാലും മാത്രം ചേര്‍ത്തു നവരച്ചോറു ദഹിക്കുന്നത്ര ഭക്ഷിക്കണം; മറ്റൊന്നും കഴിക്കരുതെന്നത്‌ നിര്‍ബന്ധമാണ്‌. തിപ്പലിയുടെ എണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്നതനുസരിച്ച്‌ പാലിന്റെയും മറ്റും മാത്രകളില്‍ മാറ്റം വരുത്താം. പശുവിന്‍ പാലിനു പകരം ആട്ടിന്‍പാല്‍ ചേര്‍ത്ത്‌ 2,000 തിപ്പലി കഴിക്കാനും വിധിയുണ്ട്‌. ആട്ടിന്‍പാല്‍ ചേര്‍ത്തുള്ള വിധി അനുസരിച്ച്‌ ഔഷധം സേവിച്ചാല്‍ രസായന ചികിത്സയുടെ സാധാരണമായുള്ള ഗുണത്തിനുപുറമേ കാസം, ശ്വാസം, ഗളഗ്രഹം, ക്ഷയം, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകുന്നു. തിപ്പലി പ്രയോഗത്തിനുതന്നെ പല വിധികളുണ്ട്‌. ചില പ്രത്യേക വിധികളനുസരിച്ച്‌ നെല്ലിക്ക തേനും നെയ്യും ചേര്‍ത്ത്‌ സംസ്‌കരിച്ച്‌ മതിയാവോളം ഭക്ഷിക്കുകയും പുറമേ ദഹിക്കുന്നത്ര പാല്‍ മാത്രം കഴിക്കുകയും ചെയ്‌തുകൊണ്ട്‌ ഒരു മാസം നീണ്ടുനില്‌ക്കുന്ന മറ്റൊരു ചികിത്സാക്രമവുമുണ്ട്‌. ഇതിനു പുറമേ ഞെരിഞ്ഞില്‍, ശംഖുപുഷ്‌പം മുതലായവകൊണ്ടുള്ള പ്രയോഗങ്ങളുമുണ്ട്‌. ചുരുങ്ങിയ മാത്രയില്‍ ഇവയൊക്കെ വാതാതപികമായും ശീലിക്കാം.

ബുദ്ധിവികസിക്കുന്നതിനു സഹായിക്കുന്ന ചില രസായനങ്ങളുണ്ട്‌. മേധയെ വര്‍ധിപ്പിക്കുന്നു എന്ന അര്‍ഥത്തില്‍ ഇവ "മേധ്യരസായനങ്ങള്‍' എന്ന്‌ അറിയപ്പെടുന്നു. വയമ്പ്‌, മുത്തിള്‍, ശംഖുപുഷ്‌പം, ശതാവരി, ബ്രഹ്‌മി, കടലാടി, പാല്‍മുതക്ക്‌, തിപ്പലി, നെല്ലിക്ക, കടുക്ക, കയ്യോന്നി, അമുക്കുരം മുതലായ സസ്യൗഷധങ്ങളും; രസം, സുവര്‍ണം, അഭ്രം, അയസ്‌കാന്തം, വംഗം എന്നീ ധാതുക്കളും; മാണിക്യം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം, താര്‍ക്ഷ്യം തുടങ്ങിയ രത്‌നങ്ങളും; ആനക്കൊമ്പ്‌, പശുവിന്‍പാല്‍, വെണ്ണ, നെയ്യ്‌, തേന്‍, കസ്‌തൂരി, പവിഴം, മുത്ത്‌ എന്നീ ജംഗമദ്രവ്യങ്ങളും മേധ്യരസായനങ്ങളാണ്‌.

കായകല്‌പ ചികിത്സ ഇന്ന്‌ ലുപ്‌തപ്രചാരമായിട്ടുണ്ട്‌, പ്രത്യേകിച്ച്‌ കുടീപ്രാവേശികം. അണുപ്രസരംകൊണ്ടുണ്ടാകുന്ന വൈഷമ്യങ്ങള്‍, ആധുനിക ജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍മൂലമുണ്ടാകുന്ന ഞരമ്പുരോഗങ്ങള്‍, രക്തസമ്മര്‍ദം എന്നിവ തടയുന്നതിനു കായകല്‌പചികിത്സ ശ്രഷ്‌ഠമാണ്‌.

(ഡോ. പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍