This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായംകുളം കൊച്ചുണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായംകുളം കൊച്ചുണ്ണി

കേരളത്തില്‍ ജീവിച്ചിരുന്ന സാഹസികനും നിരാലംബരോട്‌ കരുണയുള്ളവനും ആയ ഒരു കൊള്ളക്കാരന്‍. ജനോപകാരിയായ കള്ളന്‍ എന്നാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്‌. 1818ല്‍ (കൊ. വ. 939) തിരുവിതാംകൂറിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള കൊറ്റുകുളങ്ങര എന്ന സ്ഥലത്തു ജനിച്ചു. കുടുംബത്തിലെ നിത്യദാരിദ്യ്രം നിമിത്തം കൊച്ചുണ്ണിക്ക്‌ വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാണ്ട്‌ 10 വയസ്സായപ്പോഴേക്കും വീടുവിട്ട്‌ അടുത്തുള്ള ഏവൂര്‍ എന്ന സ്ഥലത്തേക്കു പോയ കൊച്ചുണ്ണി ഒരു ബ്രാഹ്മണന്റെ സഹായത്താല്‍ "വലിയ വീട്ടില്‍പ്പീടിക' എന്ന പ്രസിദ്ധമായ പീടികക്കാരന്റെ സഹായിയായി ജോലിനോക്കി. പീടികയിലെ പ്രവര്‍ത്തനകാലത്ത്‌ തമിഴും മലയാളവും ഒരു വിധം എഴുതാനും വായിക്കാനും കൊച്ചുണ്ണി പഠിച്ചു. ഇക്കാലത്ത്‌, രാത്രികാലങ്ങളില്‍ രഹസ്യമായി ഒരു തങ്ങളുടെ ശിക്ഷണത്തിന്‍ കീഴില്‍ ആയുധാഭ്യാസങ്ങളും കായികാഭ്യാസങ്ങളും ജാലവിദ്യകളും കൊച്ചുണ്ണി അഭ്യസിക്കുന്നുണ്ടെന്നുള്ള വിവരം അറിയാന്‍ ഇടയായ പീടികക്കാരന്‍ ഭയപ്പെട്ട്‌ തന്ത്രപൂര്‍വം കൊച്ചുണ്ണിയെ പീടികയില്‍ നിന്നു പിരിച്ചയച്ചു.

മാതാപിതാക്കളുടെ അടുത്തടുത്തുള്ള ആകസ്‌മിക നിര്യാണം കൊച്ചുണ്ണിയെ ഏകാകിയാക്കിത്തീര്‍ത്തു. പിതൃസമ്പാദ്യമായിട്ടോ സ്വന്തസമ്പാദ്യമായിട്ടോ ഒന്നുമില്ലാതിരുന്നതിനാല്‍ കാലക്ഷേപത്തിനു വകയില്ലാതെ കൊച്ചുണ്ണി വിഷമിച്ചു. വലിയ വീടുകള്‍ കൊള്ളയടിക്കാനും തുടര്‍ന്ന്‌ ദ്രവ്യങ്ങള്‍ കവര്‍ന്നെടുത്ത്‌ സ്വന്തം കാര്യങ്ങള്‍ നിറവേറ്റാനും കൊച്ചുണ്ണി തയ്യാറായിത്തുടങ്ങി. വലിയ ധനികര്‍ക്കുമാത്രമേ കൊച്ചുണ്ണിയുടെ ഉപദ്രവം ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ടവരെയും മര്യാദക്കാരെയും കൊച്ചുണ്ണി ഉപദ്രവിച്ചിരുന്നില്ല. കൊള്ള ചെയ്‌തെടുക്കുന്ന സമ്പത്തില്‍ നിന്ന്‌ ഉപജീവനത്തിനു വേണ്ടുന്നതു മാത്രം എടുത്തശേഷം ബാക്കി ജാതിമതഭേദമെന്യേ തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക്‌ ഇദ്ദേഹം ദാനം ചെയ്‌തിരുന്നതായി പറയപ്പെടുന്നു.

കൊച്ചുണ്ണിക്ക്‌ ഒരു നായര്‍ സ്‌ത്രീയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്‌ നടന്ന വാഗ്വാദത്തില്‍ കൊച്ചുണ്ണിയുടെ അടിയേറ്റ്‌ ഭാര്യയുടെ അമ്മ മരണപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ കൊച്ചുണ്ണിയെ പിടിക്കുന്നതിന്‌ തഹസീല്‍ദാര്‍ പല വിഫലശ്രമങ്ങളും നടത്തി. ഒടുവില്‍ ആ സ്‌ത്രീയെ സ്വാധീനിച്ച്‌ കൊച്ചുണ്ണിക്ക്‌ മയക്കുമരുന്നുകൊടുത്ത്‌ ബോധരഹിതനാക്കി ബന്ധിച്ചു കാര്‍ത്തികപ്പള്ളി ഠാണാവിലാക്കി. ബോധം തിരിച്ചുകിട്ടിയ കൊച്ചുണ്ണി അന്നു രാത്രിതന്നെ രക്ഷപ്പെടുകയും തന്നെ ചതിച്ച സ്‌ത്രീയെയും കൂട്ടാളിയെയും വധിക്കുകയും ചെയ്‌തു. ഈ സംഭവത്തിനുശേഷം കൊച്ചുണ്ണിയെ പിടിക്കുന്നതിനു നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല.

1858ല്‍ തിരുവിതാംകൂര്‍ ദിവാനായി നിയമിക്കപ്പെട്ട സര്‍. ടി. മാധവരായരുടെ ശ്രമഫലമായി കൊച്ചുണ്ണിയെ വീണ്ടും ചതിവില്‍ പിടികൂടി തിരുവനന്തപുരത്തുകൊണ്ടുവന്നു. ദിവാന്‍ കൊച്ചുണ്ണിയെ കച്ചേരിയില്‍ വരുത്തിക്കാണുകയും ഠാണാവില്‍ പ്രത്യേകം സൂക്ഷിച്ച്‌ കേസുകളെല്ലാം മുറയ്‌ക്കു വിസ്‌തരിച്ചു വിധികല്‌പിക്കുന്നതിന്‌ ഏര്‍പ്പാടു ചെയ്യുകയും ചെയ്‌തു. എന്നാല്‍ കേസ്സുകളെല്ലാം വിസ്‌തരിച്ചു തീരുന്നതിനുമുമ്പ്‌ 1034-ാം മാണ്ടു കന്നിമാസത്തില്‍ (1859) 41-ാം വയസ്സില്‍ ഠാണാവില്‍ വച്ചു കൊച്ചുണ്ണി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍