This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായംകുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായംകുളം

കായംകുളം കൊട്ടാരം

ആലപ്പുഴ ജില്ലയില്‍പ്പെട്ട ഒരു പട്ടണവും ഇതേപേരിലുണ്ടായിരുന്ന ഒരു പഴയ നാട്ടുരാജ്യവും. ദേശീയപാതയില്‍ കൊല്ലത്തുനിന്ന്‌ 38. കി.മീ. വടക്കും ആലപ്പുഴനിന്ന്‌ 44 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 65,299 (2001). കയര്‍ ഉത്‌പാദനം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ പ്രസിദ്ധി നേടിയ കായംകുളം പ്രദേശത്താണ്‌ ദേശീയ താപഊര്‍ജ കോര്‍പ്പറേഷന്റെ (NTPC) കീഴില്‍ കേരളത്തിലുള്ള താപനിലയം സ്ഥാപിതമായിട്ടുള്ളത്‌. നിരവധി ഹൈന്ദവമുസ്‌ലിംക്രിസ്‌തീയ ദേവാലയങ്ങള്‍ കായംകുളത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നുണ്ട്‌. ഇതില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രം, ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം, ഏവൂര്‍ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, കാട്ടാനത്തെ ക്രിസ്‌തീയ ദേവാലയങ്ങള്‍, കായംകുളം മുസ്‌ലിം ദേവാലയം തുടങ്ങിയവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എരുവയിലെയും പുതിയേടത്തെയും കൃഷ്‌ണക്ഷേത്രങ്ങള്‍ പട്ടണത്തിലെ പ്രധാന ഹൈന്ദവദേവാലയങ്ങളാണ്‌. ഗൗഡസാരസ്വത ബ്രാഹ്‌മണരുടെ ആരാധനാകേന്ദ്രമാണ്‌ ശ്രീ വിഠോബാ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ വിഗ്രഹം പണ്ഡരപുരിയില്‍ നിന്നു കൊണ്ടുവന്നതാണെന്നാണ്‌ ഐതിഹ്യം. തേരോട്ടമാണ്‌ ഇവിടത്തെ പ്രധാന ഉത്സവം. യാക്കോബാ സിറിയന്‍ ക്രിസ്‌ത്യാനികളുടെ വകയായ കാദീശാപ്പള്ളി എ.ഡി. 829ല്‍ നിര്‍മിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. കമ്പോളത്തിനടുത്തുള്ള പഴയ തെരുവില്‍പ്പള്ളി വളരെ പഴക്കമുള്ള മുസ്‌ലീം ദേവാലയമാണ്‌. കൃഷ്‌ണപുരത്തു മാര്‍ത്താണ്ഡവര്‍മ (1729-56) പണികഴിപ്പിച്ച ഒരു കൊട്ടാരമുണ്ട്‌. കേരളീയ വാസ്‌തുവിദ്യയ്‌ക്ക്‌ ഉത്തമമാതൃകയാണത്‌. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളതില്‍ ഏറ്റവും വലിയ ചുവര്‍ചിത്രമുള്ളത്‌ ഈ കൊട്ടാരത്തിലാണ്‌. ഗജേന്ദ്രമോക്ഷം കഥയെ ആസ്‌പദമാക്കിയുള്ള ഈ ചിത്രം ഭിത്തിയില്‍ 154 ചതുരശ്രമീറ്റര്‍ സ്ഥലത്തു നിറഞ്ഞുനില്‌ക്കുന്നു. കൃഷ്‌ണപുരത്തു മുന്‍പ്‌ ഒരു കോട്ടയുണ്ടായിരുന്നു. 1810ല്‍ കേണല്‍ മെക്കാളെ അത്‌ ഇടിച്ചുനിരത്തി. അതിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാം. കായംകുളം പട്ടണം ഒരു മുനിസിപ്പല്‍ നഗരമാണ്‌. കോടതി, പൊലീസ്‌സ്റ്റേഷന്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്‌. ഒരു നെല്ലു ഗവേഷണ കേന്ദ്രവും നാളികേര ഗവേഷണകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഗജേന്ദ്രമോക്ഷം-കൃഷ്‌ണപുരം കൊട്ടാരത്തിലെ ചുവര്‍ചിത്രം

ടൗണിന്‌ പടിഞ്ഞാറുമാറിയാണ്‌ കായംകുളം കായല്‍. ഇതിനു 31 കി.മീ. നീളവും 24 കി.മീ. ശരാശരി വീതിയുമുണ്ട്‌; ആഴം കുറവാണ്‌. കടലുമായി അഴിമുഖേന ബന്ധപ്പെട്ടിട്ടുള്ള ആ കായലില്‍ മുന്‍കാലത്തു ചെറിയ കപ്പലുകള്‍ കടന്നുവന്നിരുന്നു. കായലിന്റെ ഏതാനും ഭാഗം നികത്തി കൃഷി ചെയ്‌തുവരുന്നു.

നാളികേര ഗവേഷണകേന്ദ്രം

കായംകുളം രാജ്യം. ഇപ്പോഴത്തെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു പഴയ കായംകുളം രാജ്യം. ഓടനാട്‌ എന്ന പേരിലാണ്‌ ഈ രാജ്യം അറിയപ്പെട്ടിരുന്നത്‌. ആദ്യം മാവേലിക്കരയ്‌ക്കടുത്തുള്ള കണ്ടിയൂര്‍ മറ്റവും പിന്നീടു കായംകുളത്തെ എരുവയും ആയിരുന്നു ഓടനാടിന്റെ തലസ്ഥാനം (നോ. ഓടനാട്‌). എരുവയിലേക്കു തലസ്ഥാനം മാറ്റിയതു മുതല്‌ക്കാണ്‌ രാജ്യം കായംകുളം എന്നപേരില്‍ അറിയാന്‍ തുടങ്ങിയത്‌. കുരുമുളകു വ്യാപാരത്തിന്റെ ഒരു പ്രധാനകേന്ദ്രമായിരുന്നു കായംകുളം. ഡച്ചുകാര്‍ കേരളത്തില്‍ നിന്നു കയറ്റിയയച്ചിരുന്ന കുരുമുളകിന്റെ അഞ്ചിലൊന്നു കായംകുളത്തു നിന്നായിരുന്നു. വിദേശവ്യാപാരം കൊണ്ടു രാജ്യം അതിവേഗം സമ്പന്നമായി. 18-ാം ശ. ആയപ്പോഴേക്കും കേരളത്തിലെ സുശക്തരാജ്യങ്ങളിലൊന്നായിത്തീര്‍ന്നു കായംകുളം.

13ഉം 14ഉം ശതകങ്ങളില്‍ ഓടനാടു വാണിരുന്ന രാമന്‍കോതവര്‍മ, രാമന്‍ ആതിച്ചവര്‍മ, രവികേരളവര്‍മ മുതലായ രാജാക്കന്മാരെപ്പറ്റി കണ്ടിയൂര്‍ ക്ഷേത്രത്തിലെയും ഹരിപ്പാടു ക്ഷേത്രത്തിലെയും ശാസനങ്ങളില്‍ പറയുന്നുണ്ട്‌. ഒരു ഓടനാടു രാജാവ്‌ വീരരാഘവപ്പട്ടയത്തില്‍ (1225) സാക്ഷിയാണ്‌. ഓടനാടു വാണ ഉണ്ണി രവിവര്‍മയെപ്പറ്റി ഉണ്ണുനീലിസന്ദേശത്തില്‍ വര്‍ണനയുണ്ട്‌. ശിവവിലാസത്തിലും (1400) ഉണ്ണിയാടീചരിതത്തിലും കേരളവര്‍മയെയും അദ്ദേഹത്തിന്റെ രാജധാനിയെയും പറ്റിയുള്ള വര്‍ണനയുണ്ട്‌. ഇരവിവര്‍മയുടെ ഭാഗിനേയനായ കേരളവര്‍മയുടെ മകളാണ്‌ ഉണ്ണിയാടിചരിതത്തിലെ നായികയായ ഉണ്ണിയാടി.

നീണ്ട കടല്‍ത്തീരമുള്ള വിസ്‌തൃതമായ രാജ്യമായിരുന്നു കായംകുളം. ഈ രാജ്യവുമായി പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും അടുത്ത വാണിജ്യബന്ധമുണ്ടായിരുന്നു. 1643ലെ ഒരു ഉടമ്പടിയില്‍ പഞ്ഞി, ഇരുമ്പ്‌, തകരം, കറുപ്പ്‌ മുതലായ സാധനങ്ങള്‍ ഡച്ചുകാരില്‍ നിന്നു വാങ്ങിക്കൊണ്ടു പകരം കുരുമുളക്‌ നല്‌കിക്കൊള്ളാമെന്നും യുറോപ്പിലെ മറ്റു രാജ്യങ്ങളുമായി യാതൊരിടപാടും നടത്തുകയില്ലെന്നും കായംകുളം രാജാവു സമ്മതിക്കുകയുണ്ടായി. 1650ല്‍ കായംകുളത്തു ഒരു പണ്ടകശാല കെട്ടാനും ഡച്ചുകാര്‍ക്ക്‌ അനുവാദം ലഭിച്ചു. 18-ാം ശതകത്തിന്റെ ആദ്യം ഡച്ചുകാര്‍ക്ക്‌ ചേറ്റുവായില്‍വച്ചു സാമൂതിരിയുടെ മേല്‍ നേടാന്‍ കഴിഞ്ഞ വിജയത്തെത്തുടര്‍ന്ന്‌ തങ്ങള്‍ക്കു കൈവന്ന പ്രമുഖപദവി അംഗീകരിപ്പിക്കുവാന്‍ ഡച്ചുകാര്‍ പുറക്കാട്‌, കരപ്പുറം, കൊല്ലം, കായംകുളം എന്നിവിടങ്ങളിലേക്കു ദൗത്യസംഘങ്ങളെ അയച്ചു. ഈ കാലത്തു കൊച്ചിക്കു തെക്കുള്ള ഏറ്റവും പ്രബലമായ രാജ്യം കായംകുളമായിരുന്നു.

ദേശിങ്ങനാടു (കൊല്ലം) ഭരിച്ചിരുന്ന ഉണ്ണിക്കേരളവര്‍മ (മാര്‍ത്താണ്ഡവര്‍മയുടെ ഒരു ബന്ധു) 1731ല്‍ കായംകുളവുമായി ഒരു സഖ്യം ഉണ്ടാക്കി. കായംകുളം രാജകുടുംബത്തില്‍ നിന്ന്‌ ഒരു രാജകുമാരിയെ ദത്തെടുത്ത്‌ ആ സഖ്യം ബലപ്പെടുത്തി. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്‌ (തിരുവിതാംകൂറിനു) അവകാശപ്പെട്ട കല്ലടയുടെ ഒരു ഭാഗം അദ്ദേഹം കൈയടക്കുകയും ചെയ്‌തു. ഈ നടപടികളില്‍ അമര്‍ഷം പൂണ്ട മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ഒരു സൈന്യവുമായി കൊല്ലത്തേക്കു പുറപ്പെടുകയും ഉഗ്രമായ സംഘട്ടനങ്ങള്‍ക്കുശേഷം തലസ്ഥാനനഗരിയിലെത്തുകയും ചെയ്‌തു. എതിര്‍ക്കുന്നതുകൊണ്ട്‌ ഫലമില്ലെന്നുകണ്ട കൊല്ലം രാജാവ്‌ സമാധാനത്തിന്‌ അപേക്ഷിച്ചു. കായംകുളത്തുനിന്ന്‌ എടുത്ത ദത്തു റദ്ദു ചെയ്യണമെന്നും, കായംകുളവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും, ഭരിക്കുന്ന രാജാവിന്റെ മരണശേഷം കൊല്ലം തിരുവിതാംകൂറില്‍ ലയിപ്പിക്കണമെന്നുമുള്ള വ്യവസ്ഥകളിന്മേല്‍ സമാധാനാഭ്യര്‍ഥന സ്വീകരിക്കപ്പെട്ടു. കോട്ടകള്‍ മുഴുവന്‍ ഇടിച്ചുപൊളിച്ച ശേഷം ആറുമുഖംപിള്ളയുടെ നേതൃത്വത്തില്‍ കുറെ സൈന്യത്തെ കൊല്ലത്തു നിര്‍ത്തി. കൊല്ലം രാജാവിനെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ രാജകീയ തടവുകാരനായി പാര്‍പ്പിച്ചു.

മാര്‍ത്താണ്ഡവര്‍മയുടെ ഈ വിജയത്തില്‍ പരിഭ്രാന്തനായ കായംകുളം രാജാവ്‌ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ നിന്ന്‌ തിരുവിതാംകൂറിനെ തടയാന്‍ മാര്‍ഗങ്ങള്‍ ആലോചിച്ചു. വടക്കന്‍ നാടുകളിലെ നാടുവാഴികള്‍ മുഴുവന്‍ കൊച്ചിരാജാവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്‌ ദേശിങ്ങനാട്ടു രാജാവിനെ വീണ്ടും വാഴിക്കാന്‍ തീരുമാനിച്ചു. ഇതു നടപ്പില്‍ വരുത്തുവാന്‍ തിരുവനന്തപുരത്തേക്കു ദൂതന്മാരെ രഹസ്യമായി അയച്ചു. കൊല്ലം രാജാവിനെ സൂത്രത്തില്‍ രക്ഷപ്പെടുത്തി കായംകുളത്തു കൊണ്ടുവന്നു. ഒരു വലിയ സൈന്യത്തിന്റെ അകമ്പടിയോടുകൂടി കൊല്ലത്തെത്തിയ രാജാവ്‌ പുതിയ കോട്ടകള്‍ നിര്‍മിക്കുകയും സൈന്യശക്തി വര്‍ധിപ്പിക്കുകയും ചെയ്‌തു. തടവു ചാടിപ്പോയ കൊല്ലം രാജാവിനെ തിരികെ കൊണ്ടുവരാന്‍ നിയുക്തനായ ദളവയ്‌ക്കു കോട്ട ഭേദിക്കാനും കായംകുളത്തുനിന്നും വന്ന സഖ്യകക്ഷിസേനയോടു എതിര്‍ത്തു നില്‌ക്കാനും കഴിയാതെ പിന്‍വാങ്ങേണ്ടിവന്നു. തുടര്‍ന്നു കൂടുതല്‍ സേനയോടു കൂടി കൊല്ലം വീണ്ടും കീഴടക്കുവാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ തന്നെ പുറപ്പെട്ടെങ്കിലും ആ സംരംഭം സഫലമായില്ല. കൂടുതല്‍ ആള്‍ നഷ്‌ടത്തിനിടയാക്കുന്നതു ബുദ്ധിപൂര്‍വമല്ലെന്നു കണ്ട്‌ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ തിരുവനന്തപുരത്തേക്കു മടങ്ങി. തനിക്കുണ്ടായ വിജയത്തില്‍ മതിമറന്ന കൊല്ലം രാജാവ്‌ കായംകുളം രാജാവിന്റെ സഹായത്തോടെ കല്ലടയ്‌ക്കും മാവേലിക്കരയ്‌ക്കുമിടയ്‌ക്കുള്ള തിരുവിതാംകൂര്‍ പ്രദേശം ആക്രമിച്ചു.

കൊല്ലവും കായംകുളവും ഒരേസമയം ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ 1734ല്‍ സൈന്യാധിപനായ താണുപിള്ളയുടെയും സ്ഥാനപതി കുമാരസ്വാമിപ്പിള്ളയുടെയും രാമയ്യന്‍ദളവയുടെയും സംയുക്തനേതൃത്വത്തില്‍ പ്രബലമായ ഒരു സൈന്യത്തെ നിയോഗിച്ചു. കായംകുളം രാജാവിന്റെ സഹായാഭ്യര്‍ഥന കൊച്ചിയിലെ ഡച്ചുമേധാവി നിരസിച്ചു; എന്നാല്‍ കൊച്ചിരാജാവ്‌ സഹായത്തിനെത്തി. തിരുവിതാംകൂര്‍ സേനയ്‌ക്കെതിരായി സൈനികനേതൃത്വം ഏറ്റെടുത്ത കായംകുളം രാജാവ്‌ യുദ്ധത്തില്‍ വെടിയേറ്റു മൃതിയടഞ്ഞതോടെ മറ്റു സൈനികനേതാക്കള്‍ പിന്‍വലിഞ്ഞു. എന്നാല്‍ കായംകുളം രാജാവിന്റെ സഹോദരന്‍ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു യുദ്ധം തുടര്‍ന്നു. കായംകുളം സൈന്യത്തെ തോല്‌പിക്കാന്‍ വേണ്ട ശക്തി ഇല്ലെന്നു മനസ്സിലാക്കിയ രാമയ്യന്‍ തിരുനെല്‍വേലിയില്‍ നിന്ന്‌ തേവന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ മറവന്മാരുടെ ഒരു സേനാവിഭാഗത്തെയും ആയിരം കുതിരപ്പട്ടാളത്തെയും സമ്പാദിച്ചു. തുടര്‍ന്നു നടന്ന യുദ്ധത്തില്‍ രാമയ്യന്‍ കായംകുളം സേനയെ തോല്‌പിച്ചു. കായംകുളം സൈന്യത്തിന്‌ ആദ്യമുണ്ടായ പരാജയമായിരുന്നു അത്‌. യുദ്ധം പിന്നെയും തുടര്‍ന്നു. സാവധാനത്തിലാണെങ്കിലും രാമയ്യന്‍ കൂടുതല്‍ വിജയം വരിക്കുകയും കായംകുളം പ്രദേശത്തു പ്രവേശിക്കുകയും ചെയ്‌തു. പിടിച്ചു നില്‌ക്കാന്‍ നിര്‍വാഹമില്ലാതെ വന്നപ്പോള്‍ കായംകുളം രാജാവ്‌ ഡച്ചുകാരുടെയും കൊച്ചിയുടെയും സഹായത്തിനു കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ ഇരുകൂട്ടരില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അതിനാല്‍ അദ്ദേഹം സമാധാനത്തിനപേക്ഷിച്ചു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ സമ്മതത്തോടുകൂടി യുദ്ധം നിര്‍ത്തി വയ്‌ക്കുകയും ശത്രുത മതിയാക്കുകയും ചെയ്‌തു.

ഇതിനിടയ്‌ക്കു കൊല്ലം രാജാവ്‌ മൃതിയടഞ്ഞു. 1731ലെ ദത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശം ഉന്നയിച്ച്‌ കായംകുളം രാജാവ്‌ കൊല്ലം കീഴടക്കി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ഇതില്‍ പ്രതിഷേധിച്ചു. 1731ലെ കരാര്‍ അനുസരിച്ച്‌ ദത്ത്‌ ദുര്‍ബലപ്പെടുത്തിയതാണെന്നായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ ന്യായം. കൊച്ചിയുടെയും ഡച്ചുകാരുടെയും പിന്തുണയുണ്ടായിരുന്ന കായംകുളം രാജാവ്‌ ഈ പ്രതിഷേധമൊന്നും വകവച്ചില്ല. അതിനാല്‍ വീണ്ടുമൊരു യുദ്ധപ്രഖ്യാപനം ആവശ്യമായിത്തീര്‍ന്നു.

കായംകുളം ആക്രമിക്കാനുള്ള വമ്പിച്ച ഒരുക്കമാണ്‌ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ പിന്നീട്‌ ചെയ്‌തത്‌. ഒരു വലിയ സേനയെ തിരുവനന്തപുരത്ത്‌ സജ്ജമാക്കുകയും ആവശ്യമുള്ള തോക്കും വെടിമരുന്നും ഉണ്ടയുമെല്ലാം അഞ്ചുതെങ്ങിലുണ്ടായിരുന്ന ഇംഗ്ലീഷ്‌ കച്ചവടക്കാരില്‍നിന്ന്‌ സംഭരിക്കുകയും ചെയ്‌തു. 1739ല്‍ കായംകുളം ആക്രമിക്കുവാന്‍ മാര്‍ത്താണ്ഡവര്‍മ സന്നദ്ധനായി.

ഡച്ചുകമ്പനിയുടെ സിലോണ്‍ ഗവര്‍ണറായിരുന്ന വാന്‍ ഇം ഹോഫ്‌ ഈ അവസരത്തില്‍ കൊച്ചിയില്‍ വന്നു. ഇളയിടത്തുനാടും കൊല്ലവും കീഴടക്കി മാര്‍ത്താണ്ഡവര്‍മ ശക്തി പ്രാപിക്കുന്നതു കമ്പനിയുടെ താത്‌പര്യത്തിനു ഹാനികരമായിത്തീരുമെന്ന്‌ അദ്ദേഹം ഭയപ്പെട്ടു. 1741ല്‍ അദ്ദേഹം ഇളയിടത്തു സ്വരൂപത്തിലെ റാണിയെ കൊല്ലത്തെ റാണിയായി അവരോധിച്ചു. അതിനെതിരായി പടക്കളത്തിലിറങ്ങുവാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ സൈന്യത്തോടു കല്‌പിച്ചു. ഡച്ചുകാരുടെ ഒരു ചെറിയ സൈന്യവിഭാഗവും കായംകുളം, കൊച്ചി തുടങ്ങിയ സഖ്യകക്ഷികളുടെ വലിയ ഒരു സൈന്യവും റാണിയെ സഹായിക്കാനുണ്ടായിരുന്നെങ്കിലും മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം നിര്‍ണായകമായ വിജയം നേടി. ഡച്ചുകാര്‍ കൊച്ചിയിലേക്കു പിന്‍വലിയുകയും മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കായംകുളം വളയുകയും ചെയ്‌തു.

ഈ സന്ദര്‍ഭത്തിലാണു സിലോണില്‍നിന്ന്‌ പുറപ്പെട്ട ഡച്ചുസൈന്യം കുളച്ചലില്‍ ഇറങ്ങി ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും അവിടെ ഉണ്ടായിരുന്ന തിരുവിതാംകൂറിന്റെ ചെറിയ സേനാവിഭാഗത്തെ ആക്രമിക്കുകയും ചെയ്‌തത്‌. രാമയ്യന്‍ ദളവയുടെ കീഴില്‍ കായംകുളത്തു വച്ചുനടന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സൈന്യത്തെ കല്‍ക്കുളത്തേക്കു പിന്‍വലിക്കേണ്ടിവന്നു. 1741 ജൂല. 31നു നടന്ന കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ നിശ്ശേഷം പരാജയപ്പെട്ടു. തടവുകാരനായി പിടിക്കപ്പെട്ടവരില്‍ ഒരാളായ ക്യാപ്‌റ്റന്‍ ഡിലനോയി പിന്നീടുള്ള യുദ്ധങ്ങളില്‍ മാര്‍ത്താണ്ഡവര്‍മയുടെ സഹായിയായിത്തീര്‍ന്നു.

രാമയ്യന്‍ ദളവ പിന്നീട്‌ ഡിലനോയിയോടുകൂടി സൈന്യത്തെ കൊല്ലത്തേക്കു നയിച്ചു. കായംകുളം രാജാവിന്റെയും ഡച്ചുകാരുടെയും സംയുക്ത സൈന്യവുമായി അവര്‍ ഏറ്റുമുട്ടി. 1741 അവസാനം കൊല്ലത്തെ ലന്തക്കോട്ട ആക്രമിക്കുന്ന സന്ദര്‍ഭത്തില്‍ തിരുവിതാംകൂര്‍ സേനയ്‌ക്ക്‌ ആദ്യമായി ഒരു കനത്ത പരാജയം നേരിട്ടു. കോട്ടയുടെ സംരക്ഷണത്തിന്‌ കായംകുളം രാജാവിന്റെ കാര്യക്കാരനായ അച്യുതവാരിയരുടെ നേതൃത്വത്തില്‍ 6,000 ഭടന്മാരുണ്ടായിരുന്നു. അവരുടെ ധീരവും സാഹസികവുമായ പ്രത്യാക്രമണത്തെ ചെറുത്തുനില്‌ക്കുവാന്‍ തിരുവിതാംകൂര്‍ സേനയ്‌ക്കു കഴിഞ്ഞില്ല.

1742 ആദ്യമായപ്പോഴേക്കും കായംകുളം രാജാവിന്റെയും ഡച്ചുകാരുടെയും സഖ്യസൈന്യങ്ങള്‍ പ്രതിരോധശ്രമം കൂടുതല്‍ ശക്തിമത്താക്കി. അവര്‍ കിളിമാനൂര്‍ ആക്രമിക്കുകയും കോട്ട കീഴടക്കുകയും ചെയ്‌തു. ഈ സമയത്ത്‌ ശുചീന്ദ്രത്തായിരുന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ആറ്റിങ്ങലെത്തി. നിര്‍ണായകമായ ഒരു യുദ്ധത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്‌ത മഹാരാജാവ്‌ പട്ടാളത്തിന്റെ സര്‍വസൈന്യാധിപത്യം ഏറ്റെടുക്കുകയും സേനയെ മൂന്നായി വിഭജിച്ച്‌ അവയുടെ നേതൃത്വം അനന്തരാവകാശിയായ രാജകുമാരനും രാമയ്യന്‍ ദളവയ്‌ക്കും ഡിലനോയിക്കുമായി നല്‌കുകയും ചെയ്‌തു. 68 ദിവസത്തെ ഉപരോധത്തിനുശേഷം തിരുവിതാംകൂര്‍ മഹാരാജാവ്‌ കിളിമാനൂര്‍ക്കോട്ട കീഴടക്കി. അവശേഷിച്ച കായംകുളം സൈന്യവും ഡച്ചുകാരും വലിയ നാശനഷ്‌ടങ്ങളോടെ കൊല്ലത്തേക്കു പിന്‍വാങ്ങി.

പിന്നീട്‌ കായംകുളത്തേക്കു നീങ്ങിയ തിരുവിതാംകൂര്‍ സൈന്യത്തെ നേരിടാന്‍ കഴിയാതെ കായംകുളം രാജാവ്‌ സമാധാനത്തിന്‌ അഭ്യര്‍ഥിച്ചു. 1742 ഒടുവില്‍ കായംകുളവും തിരുവിതാംകൂറും തമ്മില്‍ സന്ധി ചെയ്‌തു. അതിന്‍പ്രകാരം കായംകുളം രാജ്യത്തിന്റെ വലിയൊരംശം തിരുവിതാംകൂറില്‍ ലയിപ്പിക്കാമെന്നും വര്‍ഷന്തോറും 1,000 രൂപയും ഒരാനയും കപ്പമായി നല്‌കി തിരുവിതാംകൂറിന്റെ സാമന്തനായി കഴിയാമെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളെ തന്റെ ശത്രുക്കളായി കരുതി പെരുമാറാമെന്നും കായംകുളം രാജാവ്‌ സമ്മതിച്ചു. ഇതാണ്‌ സുപ്രസിദ്ധമായ മാന്നാര്‍ സന്ധി. സന്ധിഒപ്പുവച്ചശേഷവും കായംകുളം രാജാവ്‌ തിരുവിതാംകൂറിന്റെ പരമാധികാരം തട്ടിനീക്കാനുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെടുകയാണുണ്ടായത്‌. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ച സഹായങ്ങള്‍ കൊച്ചിയില്‍ നിന്നോ ഡച്ചുകാരില്‍ നിന്നോ ലഭിച്ചില്ല. ആലപ്പുഴ, ചങ്ങനാശ്ശേരി ഇവമാത്രം സഹകരിക്കുവാന്‍ തയ്യാറായി. ആ ഉറപ്പിന്മേല്‍ അദ്ദേഹം സന്ധിവ്യവസ്ഥാനുസരണം നല്‌കേണ്ട കപ്പത്തുക കൊടുത്തില്ലെന്നു മാത്രമല്ല, അങ്ങനെ കൊടുക്കുന്നതു തന്റെ പദവിക്കു ഹാനികരമാണെന്നു കരുതുകയും ചെയ്‌തു. 1746ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിര്‍ദേശാനുസരണം രാമയ്യന്‍ ദളവ മാവേലിക്കരയിലെത്തി കായംകുളം രാജാവിനോടു കുടിശ്ശിക വരുത്തിയിട്ടുള്ള കപ്പത്തുക ഉടനടി നല്‌കണമെന്ന്‌ ആവശ്യപ്പെട്ടു. നല്‌കുന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച്‌ സന്ധിവ്യവസ്ഥകള്‍ നടപ്പാക്കാനാണ്‌ മഹാരാജാവ്‌ ഉദ്ദേശിക്കുന്നതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കായംകുളം രാജാവാകട്ടെ തന്റെ പദവിക്കുണ്ടാകുന്ന ഈ തകര്‍ച്ചയെക്കാള്‍ നാടുവിടുന്നതാണ്‌ നല്ലതെന്നു തീരുമാനിക്കുകയാണുണ്ടായത്‌. അദ്ദേഹം രാജകുടുംബാംഗങ്ങളെയെല്ലാം രഹസ്യമായി തൃശൂരേക്കയച്ചു. വിലപ്പെട്ട നിക്ഷേപങ്ങള്‍ മുഴുവന്‍ അഷ്‌ടമുടിക്കായലില്‍ കെട്ടിത്താഴ്‌ത്തി; തന്റെ സകല ഔദ്യോഗിക കത്തിടപാടുകളുമടങ്ങുന്ന പ്രമാണങ്ങള്‍ ചങ്ങനാശ്ശേരി (തെക്കുംകൂര്‍), ഏറ്റുമാനൂര്‍ (വടക്കുംകൂര്‍), അമ്പലപ്പുഴ (ചെമ്പകശ്ശേരി) എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ ഏല്‌പിച്ചശേഷം രായ്‌ക്കുരാമാനം വടക്കന്‍ ദിക്കുകളിലേക്ക്‌ പലായനം ചെയ്‌തു. തിരുവിതാംകൂര്‍ സൈന്യം കോട്ടയും കൊട്ടാരവും പിടിച്ചെടുത്തു. എന്നാല്‍ കൊട്ടാരത്തിന്റെ ഉള്ളില്‍ക്കടന്നു പരിശോധിച്ചതില്‍ കാണാന്‍ കഴിഞ്ഞത്‌ "ദേവനാരായണന്‍' എന്നു പേര്‍ കൊത്തിയിട്ടുള്ള ധാരാളം വാളുകള്‍ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നതു മാത്രമായിരുന്നു, അങ്ങനെ 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോടു ചേര്‍ക്കപ്പെട്ടു.

കായംകുളം രാജ്യത്ത്‌ പ്രചാരത്തിലിരുന്ന രണ്ടുവശവും മൂര്‍ച്ചയുള്ള ഒരിനം പ്രത്യേക വാളിന്‌ കായംകുളം വാള്‍ എന്ന പേരുണ്ടായിരുന്നു. മലയാളത്തില്‍ "കായംകുളം വാള്‍' എന്നൊരു ശൈലിയും ഉണ്ട്‌. "തരംനോക്കി രണ്ടുകക്ഷികളിലും ചേരുന്ന ആള്‍' എന്നാണ്‌ ഈ ശൈലിയുടെ അര്‍ഥം. നോ. അമ്പലപ്പുഴ; തിരുവിതാംകൂര്‍; മാര്‍ത്താണ്ഡവര്‍മ; രാമയ്യന്‍ദളവ

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍